2026-ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിനു പിന്നാലെ ഗുരുതരമായൊരു ആരോപണം ഉന്നയിച്ചിരിക്കുകയാണ് നൈജീരിയ ടീം. ആരോപണം അവരെ തോല്‍പ്പിച്ച കോംഗോ ടീമിനെതിരേയാണ്, അത് പ്‌റഞ്ഞതാകട്ടെ അവരുടെ കോച്ചും.
പെനാല്‍റ്റി ഷൂട്ട് ഔട്ടിലാണ് കോംഗോ നൈജീരിയയുടെ ലോകകപ്പ് മോഹങ്ങള്‍ തകര്‍ത്തത്. എന്നാല്‍ നൈജീരിയന്‍ കോച്ച് എറികെ ചെല്ലെ പറയുന്നത്, തോല്‍വിക്ക് കാരണം എതിരാളികള്‍ നടത്തിയ ചില അസാധാരണ തന്ത്രങ്ങള്‍ ആണെന്നാണ്. പെനാല്‍റ്റി ഷൂട്ടൗട്ടിനിടെ കോംഗോ ടീം സ്റ്റാഫിലെ ഒരാള്‍ മന്ത്രാവാദം(വൂഡൂ) പ്രയോഗിച്ചതു കൊണ്ടാണ് തങ്ങള്‍ തോറ്റതെന്നാണ് ചെല്ലെയുടെ ആരോപണം.
പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ അവസാന നിമിഷങ്ങളിലെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ദൃശ്യങ്ങളില്‍ കോംഗോ സ്റ്റാഫ് അംഗത്തിന് നേരെ ദേഷ്യത്തോടെ പാഞ്ഞടുക്കാന്‍ ശ്രമിക്കുന്ന നൈജീരിയന്‍ പരിശീലകനെ മറ്റുളളവര്‍ പിടിച്ചുമാറ്റുന്നത് കാണാം.
‘കോംഗോ ടീമിലെ ചിലര്‍ വൂഡൂ പ്രയോഗിച്ചു എന്നാണ്, മാലി മുന്‍ അന്താരാഷ്ട്രതാരം കൂടിയായ എറിക് ചെല്ലെ മത്സരശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എല്ലാ തവണയും, എല്ലാ തവണയും, എല്ലാ തവണയും അയാള്‍ അത് ചെയ്യുന്നുണ്ടായിരുന്നു, അതുകൊണ്ടാണ് ഞാന്‍ അല്‍പ്പം പരിഭ്രാന്തനായത്.’; നിരാശയും ദേഷ്യവും മാറാതെ ചെല്ലെ പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍, ചെല്ലെ ഒരു വാട്ടര്‍ ബോട്ടില്‍ കുലുക്കുന്നതുപോലെ ആംഗ്യം കാണിക്കുകയാണ് ചെയ്തത്.
ഞായറാഴ്ച നടന്ന പ്ലേഓഫ് ഫൈനലില്‍ കോംഗോ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയം നേടിയത്. രണ്ട് ടീമും 1-1 ന് സമനിലയില്‍ എത്തിയതോടെയാണ്, പെനാല്‍ട്ടി ഷൂട്ട് ഔട്ടിലേക്ക് കളി നീങ്ങിയത്. പെനാല്‍റ്റി സമയത്ത് വല കാക്കാന്‍ കോംഗോ അവരുടെ സബ്സ്റ്റിറ്റിയൂട്ട് ഗോള്‍കീപ്പര്‍ തിമോത്തി ഫയൂലുവിനെ ഇറക്കി. നൈജീരിയയുടെ രണ്ട് കിക്കുകള്‍ തടഞ്ഞാണ് ഫയലൂ തന്റെ മികവ് പ്രകടമാക്കിയത്. റെഗുലര്‍ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസിക്ക് പകരമാണ് ഫയൂലു ഇറങ്ങിയത്. ഇതോടെ കോംഗോ മാര്‍ച്ച് മാസത്തില്‍ നടക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു.
മത്സരത്തിന്റെ 119-ാം മിനിറ്റില്‍ കോംഗോ കോച്ച് സെബാസ്റ്റ്യന്‍ ദെസാബ്രെ ഗോള്‍കീപ്പറെ മാറ്റാനുള്ള തന്ത്രമാണ് കോംഗോയെ രക്ഷപ്പെടുത്തിയത്. നൈജീരിയ എടുത്ത ആറ് കിക്കുകളില്‍ മോസസ് സൈമണിന്റെയും സെമി അജയിയുടെയും കിക്കുകളാണ് ഫയൂലു തടഞ്ഞത്. കോംഗോയുടെ ചാന്‍സല്‍ എംബെംബ പന്ത് വലയിലാക്കിയതോടെ അവര്‍ വിജയം ഉറപ്പിച്ചു.
Content Summary: Nigeria football coach allegation against Congo team after World cup qualifying game lost
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.