UPDATES

സിനിമ

കോട്ടയത്തിന്റെ സൂക്ഷ്മതകളായിരിക്കും ഏദന്‍: സഞ്ജു സുരേന്ദ്രന്‍/ അഭിമുഖം

സൂപ്പർസ്റ്റാർഡം ഉള്ള നായകനെ വച്ച് ചെയ്യേണ്ട ഒരു സിനിമയാണ് ഇതെന്ന് എനിക്ക് തോന്നിയിരുന്നില്ല.

അപര്‍ണ്ണ

അപര്‍ണ്ണ

                       

പ്രശസ്ത കൂടിയാട്ടം കലാകാരി കപിലാ വേണുവിനെപ്പറ്റി ഒരു ഡോക്യുമെന്ററിയുണ്ട്, കപില എന്ന പേരിൽ. ദേശീയ പുരസ്‌കാരം വരെ നേടിയ  ഒരു ഡോക്യുമെന്ററി എന്ന് അതിനെ വളരെ സാങ്കേതികമായി പുകഴ്ത്താം. എന്നാൽ ആ നിർവികാരതക്കപ്പുറം കലയുടെയും കലാകാരിയുടെയും പൂർണതകളെ, അവർ ഒന്നാകുമിടത്തെ ബാഹ്യമായ ഇടപെടൽ ഇല്ലാതെ വരച്ചു വെച്ചു തന്ന ഒരു അനുഭവമായിരുന്നു അത്. സംവിധായകന്റെ മാത്രം സൃഷ്ടി എന്നടയാളപ്പെടുത്താവുന്ന കപിലയ്ക്കു ശേഷം സഞ്ജു സുരേന്ദ്രൻ ഒരു മുഴുനീള ഫീച്ചർ സിനിമയുമായി വരുന്നു. ”ഏദൻ‘ എന്ന് പേരിട്ട ഈ സിനിമക്ക് എസ് ഹരീഷിന്റെ മൂന്നു കഥകളാണ് സഞ്ജുവിന്റെ സങ്കേതം. അപര്‍ണയുമായി സഞ്ജു സുരേന്ദ്രന്‍ സംസാരിക്കുന്നു…

അപര്‍ണ: ‘കപില’യിലൂടെയാണ് സഞ്ജുവിന്റെ പേര് ആദ്യമായി കേൾക്കുന്നത്. ഒരു സിനിമാപ്രേമിയെ എന്ന പോലെ നൃത്ത, സംഗീത പ്രേമികളെ കൂടി തൃപ്തിപ്പെടുത്തുന്ന ഒരു അനുഭവമായിരുന്നു അത്. ഒരു ഡോക്യുമെന്ററി കാവ്യാത്മകമായി വരച്ചിടുന്ന രീതി മലയാളത്തിന് അത്ര പരിചയമില്ലല്ലോ...

സഞ്ജു: നാടകത്തിന്റെയും കൂടിയാട്ടത്തിന്റെയും ദൃശ്യമായ അനുഭവവും സിനിമയുടെ കാഴ്ചയും ചേർന്ന ഒരു അനുഭവവുമാണ് കപില എന്ന് നാടക മേഖലയിൽ നിന്നുള്ള ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു.. ഗൊദാർദ് പറഞ്ഞിട്ടുണ്ട്, ”when you try to make  a documentary, do it like a fiction and when you try to make a fiction, do it like a documentary എന്ന്. ഞങ്ങളുടെ ടീം മുഴുവനും നടനകൈരളിയും കൊച്ചി പരിസരവും മുഴുവൻ പരിചിതമാക്കി. ആ ഇടങ്ങളെ കപിലയെ എന്ന പോലെ സ്വാഭാവികതയിലേക്കു പൂർണമായും സ്വതന്ത്രമായി വിട്ടു. ഒരു പൂച്ച കുട്ടിയുടെ കുറുകൽ മുതൽ അവിടത്തെ പുക മൂടിയ ഇടങ്ങളെ വരെ സ്വാഭാവികമായി ക്യാമറയിൽ പകർത്തി. അവിടെയുള്ള ജീവിതത്തിന്റെ താളം സിനിമയിലേക്ക് പരിഭാഷപ്പെടുത്തും പോലെ ആയിരുന്നു അത്. ജീവിതത്തിലെ സ്വാഭാവികതകളിൽ നിന്നും ഞങ്ങൾക്ക് വേണ്ട അപൂർവതകൾ കിട്ടും വരെയുള്ള കാത്തിരിപ്പായിരുന്നു അത്. ആ കാത്തിരിപ്പുമായാണ് ഞങ്ങൾ ഒരു കാപ്പി കപ്പിനെ, അവിടെ ഓടി നടന്ന പൂച്ചക്കുട്ടിയെ, പകൽ വെളിച്ചത്തെ അങ്ങനെ കുഞ്ഞു കാര്യങ്ങൾ മുതൽ എല്ലാത്തിനെയും നോക്കിയിരുന്നത്. ഒരു കൂടിയാട്ടം പെർഫോമൻസ് പോലെയായിരുന്നു ഞങ്ങളുടെ സിനിമ. ഞങ്ങൾ പോയി ഷൂട്ട് ചെയ്യും, റഷസ് കാണും കട്ട് ചെയ്യും, പിന്നെയും ആദ്യം മുതല്‍ ഇതേ പ്രവർത്തികൾ തുടരും. ഒരുപാട് സ്നേഹവും ക്ഷമയും കെയറും ഇതിനു പിന്നിലുണ്ട്.

അപര്‍ണ: ഒരു യഥാർത്ഥ ജീവിതത്തെ ഈ വിധത്തിൽ പകർത്തിയെടുക്കുക ബുദ്ധിമുട്ടല്ലേ?

സഞ്ജു: തീർച്ചയായായും. അടുത്ത ഷോട്ടായി, പോയി അഭിനയിക്കൂ എന്നൊന്നും പറയാൻ പറ്റില്ലല്ലോ. അത്തരത്തിൽ ചെയ്യേണ്ട ഒന്നും ആയിരുന്നില്ല അത്. ഡിസ്ക്രിപ്റ്റീവ് ആയി പറഞ്ഞു പോയാൽ വിക്കിപീഡിയ എൻട്രി മാത്രമായി മാറും അത്. ഡയലോഗ് വേണ്ട എന്ന എന്റെ തീരുമാനവും പ്രായോഗികമായി ചിലപ്പോൾ ബുദ്ധിമുട്ട്  ഉണ്ടാക്കി. ശരിക്കുമുള്ള നിമിഷം വരെ കാത്തുനില്‍ക്കണം. അങ്ങനെ കാത്തു നിൽക്കുക എന്നാൽ ഓരോ നിമിഷവും ഒബ്സർവ് ചെയുക എന്നും ആണ് അർഥം. പിന്നീട് ഷൂട്ട് ചെയ്ത സംഭവങ്ങളുടെ എസ്സൻസ് പ്രേക്ഷകരിലേക്ക് എത്തിക്കണം. അതിസൂക്ഷ്മമായി നല്ല സമയമെടുത്തു ചെയ്യേണ്ട ഒരു പ്രക്രിയ ആണത്. ഏതാണ്ട് മൂന്നു വര്‍ഷങ്ങളെടുത്താണ് ഞങ്ങൾ അത് പൂർത്തിയാക്കിയത്. ആ ഒഴുക്ക് കൃത്യമായി നടക്കാൻ സമയം ആവശ്യമായിരുന്നു. കപിലയുടെ ജീവിതത്തിലെ ചില സംഭവങ്ങൾ, ചില പെർഫോമൻസുകൾ ഒക്കെ ഈ രീതിയിൽ ആകുക എന്നത് ക്ഷമയോടെ കാത്തിരുന്നു നിർമിക്കേണ്ട ഒന്നായിരുന്നു. അപൂർവമായി ഹാപ്പി ആക്സിഡന്റ് എന്ന പോലെ പെട്ടന്ന് ചിലത് ഓക്കേ ആവും, ചിലപ്പോൾ കാലങ്ങളെടുക്കും. അത് കൃത്യമായി ഗണിക്കാനോ പറയാനോ ആവില്ല. ഒന്നുമില്ലായ്മയിൽ നിന്നാണ് ആ നരേറ്റീവ്‌ ഉണ്ടാക്കിയത്. നവരസങ്ങൾ പരസ്പരം മാറി വരുന്ന മുഹൂർത്തങ്ങളും സിനിമയുടെ വെല്ലുവിളി ആയിരുന്നു എന്ന് പറയാം

അപര്‍ണ: ഡോക്യുമെന്ററിയിൽ നിന്നും ഫീച്ചർ സിനിമയിലേക്കെത്തുന്നത്..

സഞ്ജു: കപില വിജയകരമായി പൂർത്തിയാക്കിയ ശേഷം ഞങ്ങളുടെ ടീം മുഴുവൻ ഒരു സിനിമ എടുക്കാം എന്നൊരു ചിന്തയിലായിരുന്നു. എന്ത്, എങ്ങനെ എന്നൊന്നും ആദ്യം അറിയില്ലായിരുന്നു. എന്റെ അടുത്ത സുഹൃത്ത് കൂടിയായ രേഖ രാജ് ആണ് ഹരീഷിന്റെ കഥകൾ സജസ്റ്റ് ചെയ്യുന്നത്‌. അതെന്നെ ഒരു പുതിയ ദിശയിലേക്കു കൊണ്ടു പോയി. ഹരീഷ് വല്ലാത്തൊരു കണ്ടുപിടിത്തമായിരുന്നു. ഇന്ത്യയിൽ തന്നെ ഏറ്റവും ഒറിജിനൽ ആയി കഥ പറയുന്നവരിൽ ഒരാൾ. ഓരോ തവണ കഥകൾ വായിക്കുമ്പോളും സിനിമ ആക്കാനുള്ള തീരുമാനം കൂടുതൽ ഉറച്ചു. എന്റെ സുഹൃത്ത് ജീബ വഴിയാണ് മുരളിയേട്ടൻ എന്ന നിർമാതാവിൽ എത്തുന്നത്. അദ്ദേഹം എനിക്ക് തന്ന പൂർണമായ വിശ്വാസമായിരുന്നു ഈ സിനിമക്ക് പിന്നിലെ മറ്റൊരു പ്രചോദനം. പിന്നെ എന്റെ സിനിമ എന്നതിനേക്കാൾ ഇത് ഞങ്ങളുടെ ഒരു ടീം വർക്ക് ആയാണ് മുന്നോട്ട് പോകുന്നത്. ആ ടീം അംഗങ്ങളിൽ പലരും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ സുഹൃത്തുക്കൾ ആണ്. നീണ്ടൂരിലെ സുഹൃത്തുക്കളുടെ പങ്കാളിത്തവും സഹായവും മറക്കാനാവില്ല. പൂനെയിലെ സാങ്കേതിക പ്രവർത്തകർ, സതീശേട്ടൻ, അസ്സോസിയേറ്റ് ഡയറക്ടർ അഭിലാഷ് വിജയൻറെ കാര്യക്ഷമമായ നേതൃപാടവം ഇങ്ങനെ പലരുടെയും നിസ്വാർഥമായ സ്നേഹമാണ് ഏദനിലേക്കുള്ള വഴി.

അപര്‍ണ: സിനിമാറ്റിക് സാധ്യതകൾ കുറവാണോ ഹരീഷിന്റെ കഥകൾക്ക്?

സഞ്ജു: വളരെ പ്രാദേശികമാണ് ഹരീഷിന്റെ കഥാപരിസരം. കോട്ടയത്തെ ഗ്രാമങ്ങളിൽ ആണ് അത് വളർന്നു വികസിക്കുന്നത്. പക്ഷെ അതിസൂക്ഷമമായ അനുഭവമാണത്. ഓരോ സന്ദർഭവും മനുഷ്യ മനസിന്റെ നിത്യമായ ചലനങ്ങളിലൂടെ തീവ്രമായി കടന്നു പോകുന്നുണ്ട്. കോട്ടയത്തെ ഒരു നഴ്‌സിനെയോ വൃദ്ധനെയോ കുറിച്ച് മാത്രമാവില്ല അത്. അങ്ങനെ ഒരു ഗ്ലോബൽ അന്തരീക്ഷം ആ കഥകളിൽ ഉണ്ട്. അത് മനുഷ്യരുടെ സ്നേഹത്തെയും കാമത്തെയും പകയേയും അസൂയയെയും പറ്റി സംസാരിക്കുന്നു. മനുഷ്യ മനസുകളുടെ ഒരു മൈക്രോസ്കോപിക് വിശകലനം എന്നൊക്കെ വേണമെങ്കിൽ പറയാം. അത് സിനിമയാക്കുക തീർച്ചയായും വെല്ലുവിളിയാണ്. പക്ഷെ വായിക്കുംതോറും അടുപ്പിക്കുന്ന ആ കാറ്റലിസ്റ്റ് പവറില്‍ എനിക്ക് വിശ്വാസമുണ്ട്‌.

അപര്‍ണ: കഥകളിലെ പോലെ കോട്ടയത്തിന്റെ ലാൻഡ്‌സ്‌കേപ്പിങ്ങിനു സിനിമയിൽ വലിയ പ്രാധാന്യമില്ലേ?

സഞ്ജു: ഉണ്ട്. കോട്ടയത്തെ അതിന്റെ സൂക്ഷ്മതകളോടു കൂടി എക്‌സ്‌പ്ലോർ ചെയ്യാൻ ശ്രമിക്കുന്നുണ്ട് സിനിമയിൽ. മേലെ കുട്ടനാട്ടിലെ നെൽപ്പാടങ്ങളും ഹൈറേഞ്ചും റബ്ബർ എസ്റ്റേറ്റും. സിനിമയുടെ നരേറ്റീവിനിടക്ക് ഓരോ പ്രദേശവും ക്യാമറയിലൂടെ സിനിമയിലേക്ക് വരുന്നുണ്ട്. സിനിമയിൽ ഞങ്ങൾ കാണിക്കുന്ന ഹൈവേ നാടിനെയും നഗരത്തെയും ബന്ധിപ്പിക്കുന്ന ഒന്നാണ്. ഓരോ കുഞ്ഞിടങ്ങളെയും കണ്ടെത്തി അതിനെ ഉൾച്ചേർത്ത് കോട്ടയത്തിന് ഒരു ട്രിബ്യൂട്ടായിരിക്കും ഏദൻ. സുഹൃത്തായ രേഖ രാജിന്റെ സഹായം ഏറ്റവും കൂടുതൽ ലഭിച്ച മേഖലയും അതാണ്. അവർക്ക് കോട്ടയത്തെ കുറിച്ച് ഒരു എൻസൈക്ലോപീഡിയ എന്ന പോലെ ഒരു അറിവുണ്ട്. അവിടത്തെ സ്ഥലങ്ങളെ പറ്റി, ഭൂപ്രകൃതിയെ പറ്റി, സംസ്കാരത്തെ പറ്റി, ആളുകളെ പറ്റി, വിശ്വാസങ്ങളെ പറ്റി, സങ്കല്പങ്ങളെ പറ്റി ഒക്കെയുള്ള ആ അറിവുകൾ ഈ സിനിമയുടെ മുന്നോട്ടുള്ള പോക്കിൽ ഒരുപാട് സഹായിച്ചിട്ടുണ്ട്. കോട്ടയത്തിന്റെ ആ സൂക്ഷ്മതകൾ ഇല്ലാതെ, ആ കഥകൾ എന്ന പോലെ ഈ സിനിമയും പൂർത്തിയാക്കാൻ കഴിയില്ല.

ഐ എഫ് എഫ് കെ മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും രണ്ടുപേരും

മഴയുള്ള കോട്ടയത്ത് മാത്രം ചിത്രീകരിക്കാൻ ആവുന്നത് എന്ന് കരുതിയ ചില രംഗങ്ങൾ ഉണ്ട് ഞങ്ങളുടെ സ്ക്രിപ്റ്റിൽ. അതിനു വേണ്ടി മഴക്കാലം കാത്തിരിക്കുന്നുണ്ട് ഞങ്ങൾ. അതിന്റെ മുഴുവൻ സ്വാഭാവികതയോടെയും കോട്ടയത്തെ പകർത്താൻ ആണത്. പക്ഷെ കഴിഞ്ഞ വർഷം  മഴ വളരെ കുറവായിരുന്നു. കേരളത്തിൽ ഉടനീളം അങ്ങനെ ആയിരുന്നു. ഇത്തവണയും അങ്ങനെ ആകുമോ എന്നറിയില്ല. സിനിമയുടെ നിർണായകമായ ചർച്ചയിൽ അങ്ങനെ മഴയില്ലാത്ത മഴക്കാലത്തിന്റെ നിരാശയിൽ നിൽക്കുമ്പോൾ ഞങ്ങൾക്കിടയിലേക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു ചാറ്റൽ മഴ പെയ്തു. ഇത്തരം കാലാവസ്ഥാ മാറ്റങ്ങളെ എല്ലാം അതായിത്തന്നെ സിനിമയിൽ ഉപയോഗിക്കാൻ ആണ് ആഗ്രഹം. ഇങ്ങനെ അവിടത്തെ മഴയും വെയിലും എല്ലാം കൂടി ചേർന്ന അനുഭവം കൂടിയാണ് ഞങ്ങളുടെ സിനിമ. ഇത്തരം അനുഭവങ്ങൾ ഓർക്കുമ്പോൾ നിറഞ്ഞ സാഹോദര്യത്തോടെയും സൗഹൃദത്തോടെയും ഓർക്കുന്ന പേരാണ് ഞങ്ങളുടെ സിനിമാട്ടോഗ്രാഫർ മനേഷ്  മാധവന്റേത്. ഈ സിനിമയുടെ യാത്രയിൽ ഉടനീളം എന്റെ സഹയാത്രികനാണ് മനേഷ്. കോട്ടയത്തിന്റെ ലാൻഡ്‌സ്‌കേപ്പിനെ ഇങ്ങനെ ഉൾക്കൊള്ളാൻ സാധിച്ചത് മനേഷ്  കാരണമാണ്.

അപര്‍ണ: കഥകളെ കൂട്ടിയിണക്കുന്ന നരേറ്റീവ്‌ സ്റ്റൈൽ ഏതാണ്…

സഞ്ജു: ഏറിയും കുറഞ്ഞും ഏദൻ ഒരു നാടോടി കഥ പോലെ ആണെന്ന് പറയാം. സിനിമയുടെ പ്രാഥമികമായ കഥാപരിസരവും കഥാപാത്രങ്ങളും ഒക്കെ ആ നാടോടിക്കഥാ രീതിയിൽ സഞ്ചരിക്കുന്നവർ ആണ്. കഥക്കുള്ളിൽ ഒരു കഥ എന്ന രീതിയിൽ ആണ് സിനിമയുടെ ഘടന എന്ന് പറയാം. സത്യം പറഞ്ഞാൽ അത് വളരെ പുതിയ ഒരു സങ്കേതം അല്ല. ഇന്ത്യൻ എപിക്കുകൾ ആ രീതിയിലാണ് കഥ പറയുന്നത്. ഇവിടത്തെ സിനിമകളിൽ അത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നത് കുറവാണെന്നു മാത്രം. ഹരീഷിന്റെ കഥകളെ സിനിമ എന്ന തികച്ചും വ്യത്യസ്തമായ സങ്കേതത്തിൽ കൂട്ടി യോജിപ്പിക്കാനും പറഞ്ഞു ഫലിപ്പിച്ചു പൂർത്തിയാക്കാനും ഏറ്റവും നല്ല മാർഗം അതാണെന്ന് തോന്നി.

അപര്‍ണ: ഒരുപാട് വൈകാരിക തലങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നുണ്ട് ആദം പോലെ ഒക്കെ ഉള്ള കഥകളിലെ കഥാപാത്രങ്ങൾക്ക്. സിനിമയിൽ ഏതാണ്ട് പൂർണമായും പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വലിയ തോതിൽ കാസ്റ്റിംഗ് കോളുകളും കണ്ടിരുന്നു. ഈ തീരുമാനത്തിന് പിന്നിൽ...

സഞ്ജു: കഥ വായിച്ചപ്പോൾ മനസ്സിൽ പെട്ടെന്നു വന്ന മുഖങ്ങളെ വച്ചാണ് സിനിമ എടുക്കാൻ തോന്നിയത്. അത് തീവ്രമായി തന്നെ തോന്നിയ ഒരു കാര്യമാണ്. അഭിലാഷ് നായർ ആണ് ഹരി ആവുന്നത്. ഹരിക്ക് ആദ്യം മുതൽ തെളിഞ്ഞു വന്നത് അഭിലാഷിന്റെ മുഖമായിരുന്നു. കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ അധ്യാപകനാണ് അഭിലാഷ്. എന്റെ സുഹൃത്താണ്. ഞാൻ കണ്ടതിൽ വച്ച് മികച്ച നടനാണ് അഭിലാഷ്. പ്രശാന്ത് എന്ന പുതുമുഖമാണ് മറ്റൊരു കഥാപാത്രമാവുന്നത്. ഇയാൾ എന്റെ വിദ്യാർത്ഥി ആയിരുന്നു. അവതാരക എന്ന നിലയിൽ പ്രശസ്തയായ നന്ദിനി ശ്രീ ആണ് നീതു ആവുന്നത്. ജോജോ, ദിലീപ്, സണ്ണി എന്നിവരും സിനിമയിൽ ഉണ്ട്. അതുപോലെ കഥാപാത്രങ്ങൾക്ക് യോജിച്ചവരെ കണ്ടു പിടിക്കാൻ വേണ്ടിയായിരുന്നു കാസ്റ്റിംഗ് കോളുകൾ നടത്തിയത്. അവർക്കായി പ്രത്യേക വർക്ഷോപ്പുകളും ട്രെയിനിങ്ങും ഒക്കെ നടത്തി. മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമാണ് ഇവർ അഭിനയിച്ചത്. കണ്ടെത്തിയ ആ അഭിനേതാക്കളിലൂടെയാണ് ഏദൻ പൂർണമാകുന്നത്. ഞങ്ങൾക്ക് 50 കഥാപാത്രങ്ങളെ വേണമായിരുന്നു. ഇവയിൽ ഓരോരുത്തർക്കും യോജിച്ചവരെ കണ്ടെത്തിയാണ് മുന്നോട്ടു പോയത്.

അപര്‍ണ: ഏത് കഥാപാത്രത്തിന് വേണ്ട അഭിനേതാവിനെ കണ്ടെത്താനായിരുന്നു ബുദ്ധിമുട്ട്?

സഞ്ജു: നീതുവായ നന്ദിനിയിലേക്ക് ഉള്ള യാത്ര തന്നെയായിരുന്നു. എസ്റ്റാബ്ലിഷ്ഡ് ആയ ചില യുവനടിമാരെ സമീപിച്ചിരുന്നു നന്ദിനിയെ കാണുന്നതിന് മുന്നേ. മുഴുനീള വേഷമായിട്ടും അവർക്ക് ആരാണ് നായകൻ എന്നത് വലിയ പ്രശ്നമായിരുന്നു. സൂപ്പർസ്റ്റാർഡം ഉള്ള നായകനെ വച്ച് ചെയ്യേണ്ട ഒരു സിനിമയാണ് ഇതെന്ന് എനിക്ക് തോന്നിയിരുന്നില്ല. പക്ഷെ പലർക്കും അവരുടെ കഥാപാത്രത്തേക്കാൾ നായകൻ ആയിരുന്നു വിഷയം. പിന്നീട് തിരഞ്ഞെടുക്കപ്പെട്ട പല കുട്ടികളും പല കാരണങ്ങൾ പറഞ്ഞു കൊഴിഞ്ഞു പോയി. സിനിമയുടെ വ്യവസ്ഥാപിത രീതികൾ പിന്തുടരുന്ന ചിത്രമല്ല ഏദൻ എന്നത് അവരുടെ തീരുമാനത്തെ ബാധിച്ചോ എന്നറിയില്ല. എന്തായാലും സിനിമ തീരുമാനിച്ച് മറ്റെല്ലാം കഴിഞ്ഞാണ് നന്ദിനി ഞങ്ങളുടെ കൂടെ വരുന്നത്. അവർ വളരെ താരപദവി ഉള്ള ആങ്കർ ആണ് എന്നു ഞാൻ പിന്നീടാണറിയുന്നത്. അവരെ കാസ്റ്റ് ചെയ്യാനുള്ള തീരുമാനം ശരിയാണെന്നു പിന്നീട് തോന്നി. പീറ്റർ സർ എന്ന കഥാപാത്രത്തെ കണ്ടെത്താനും പ്രയാസമായിരുന്നു. കുറച്ചു വാർധക്യത്തിലുള്ള ആളാണ്. പിന്നെ, ഹരീഷിന് നേരിട്ടറിയുന്ന കഥാപാത്രം ആയിരുന്നു. കുറെ ശ്രമങ്ങൾക്ക് ശേഷമാണ് ജോര്‍ജ് കുര്യൻ എന്ന നടനെ കിട്ടുന്നത്. അദ്ദേഹത്തിനും ഈ റിയൽ ലൈഫ് കഥാപാത്രത്തെ അറിയാമായിരുന്നു എന്നത് യാദൃശ്ചികത ആയി.

അപര്‍ണ: വലിയ താരങ്ങളും വൻകിട സംവിധായകരും ബോക്സ് ഓഫീസും ഒക്കെയാണ് ഇവിടത്തെ തീയറ്ററുകളുടെ പ്രശ്നം. ഏദൻ പോലൊരു പരീക്ഷണ സിനിമയെ തീയറ്ററുകൾ എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക ഉണ്ടോ?

സഞ്ജു: എന്തായാലും തീയറ്റർ റിലീസ് ഉദ്ദേശിക്കുന്നുണ്ട്. തീയറ്ററിലെ വലിയ സ്‌ക്രീനിൽ ഇരുന്നാൽ മാത്രമേ ഏദൻ അതിന്റെ പൂർണമായ അർത്ഥത്തിൽ അനുഭവിക്കാനാവൂ എന്ന് സംവിധായകൻ എന്ന നിലയിൽ ഉറപ്പാണ്. സിനിമ കാണാൻ വരുന്നവരോട് ചെയ്യുന്ന നീതി കൂടിയാണത്. മറ്റു കാര്യങ്ങൾ അറിയാം. അത്തരം പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്ന കൂടിയാലോചനയും  ഞങ്ങൾക്കിടയിൽ നടക്കുന്നുണ്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നതോടൊപ്പം അതിനും തീരുമാനം ആവും എന്നാണ് പ്രതീക്ഷ. എന്തായാലും തീയറ്ററുകളിൽ കൂടി തന്നെ ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും.

 

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

Share on

മറ്റുവാര്‍ത്തകള്‍