കപില്‍ ശര്‍മ കാനഡയില്‍ പുതിയതായി തുടങ്ങിയ കഫേയില്‍ വെടിവയ്പ്പ്

ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാന്‍ തീവ്രവാദി

കോമേഡിയനും അവതാരകനുമായ കപില്‍ ശര്‍മയുടെ കാനഡയിലെ കഫേയ്ക്ക് നേരെ ഖാലിസ്താന്‍ തീവ്രവാദിയുടെ വെടിവയ്പ്പ്. ബ്രിട്ടീഷ് കൊളമ്പിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന kap’s cafe യ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. എട്ടു തവണ വെടിയുതിര്‍ത്തുവെന്നാണ് വിവരം. ഹര്‍ജിത് സിംഗ് ലഡ്ഡി എന്നയാള്‍ വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

കഫേ കഴിഞ്ഞ ദിവസമായിരുന്നു ഉത്ഘാടനം ചെയ്തത്. റസ്റ്ററന്റ് വ്യവസായത്തിലേക്ക് കപിലിന്റെ കടന്നു വരവാണിത്. അദ്ദേഹത്തിന്റെ ഭാര്യ ഗിന്നി ഛത്രാത്തും പങ്കാളിയാണ്.

റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) പറയുന്നതനുസരിച്ച്, സറേയുടെയും നോര്‍ത്ത് ഡെല്‍റ്റയുടെയും അതിര്‍ത്തിയിലുള്ള 120 സ്ട്രീറ്റിലെ 8400 ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കഫേയിലേക്ക് കുറഞ്ഞത് എട്ടു തവണ വെടിവയ്പ്പ് നടന്നുവെന്നാണ്. പുലര്‍ച്ചെ 1:50 ഓടെയാണ് വെടിവയ്പ്പ് നടന്നതായി പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചത്, അവര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

വെടിവയ്പ്പ് നടക്കുമ്പോള്‍ കഫേ ജീവനക്കാര്‍ ഉള്ളില്‍ ഉണ്ടായിരുന്നു. കഫേയ്ക്ക് നാശനഷ്ടം ഉണ്ടായിട്ടുണ്ടെങ്കിലും ആര്‍ക്കും വെടിവയ്പ്പില്‍ പരിക്കേറ്റിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്താണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

എന്നാല്‍ ഹര്‍ജിത് സിംഗ് ലഡ്ഡി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്. നിരോധിത സംഘടനയായ ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണലുമായി(ബികെഐ) ബന്ധമുള്ള ഹര്‍ജിത് സിംഗ് ലഡ്ഡി, ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പട്ടികയില്‍ എന്‍ഐ ഉള്‍പ്പെടുത്തിയിട്ടുള്ളയാളാണ്. കപില്‍ ശര്‍മ തന്നെക്കുറിച്ച് പറഞ്ഞ അധിക്ഷേപകരമായ പരാമര്‍ശത്തിന്റെ പ്രതികാരമാണ് ചെയ്തതെന്നാണ് വെടിവയ്പ്പിനുള്ള കാരണമായി ലഡ്ഡി പറയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിശ്വഹിന്ദു പരിഷദ് നേതാവായിരുന്ന വികാസ് പ്രഭാകര്‍ എന്ന വികാസ് ഭഗ്ഗയെ, 20024 ഏപ്രിലില്‍ പഞ്ചാബിലെ രൂപ്‌നഗറിലുള്ള അദ്ദേഹത്തിന്റെ ഷോപ്പില്‍ വച്ച് വെടിവച്ചു കൊന്ന കേസില്‍ പ്രതിയാണ് ഹര്‍ജിത് ലഡ്ഡി. ഈ കേസില്‍ എന്‍ ഐ എ ഇയാളെ തേടിക്കൊണ്ടിരിക്കുകയാണ്.

ഖാലിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യക്കെതിരേ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ മാസം കാനേഡിയന്‍ സെക്യൂരിറ്റി സര്‍വീസ് വിവരം നല്‍കിയിരുന്നതായി പറയുന്നു. ഖാലിസ്താന്‍ തീവ്രവാദികള്‍ കാനഡയില്‍ നിന്നുകൊണ്ട് ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നുവെന്നത് ഇന്ത്യയുടെ വലിയ ആരോപണമാണ്. അതേസമയം, ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാക്കിയിരുന്നു.  Firing at Kapil sharma’s new Cafe in Canada

 

 

Content Summary; Firing at Kapil sharma’s new Cafe in Canada

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment