June 03, 2026 |
Share on

പുരുഷനില്‍ നിന്നും സ്ത്രീയായ കൊലയാളി, അമ്മയെയും സഹോദരനെയും കൊന്നശേഷം സ്‌കൂളിലെ കൂട്ടക്കൊല

കാനഡയെ നടുക്കി സ്‌കൂളില്‍ വെടിവയ്പ്പ്; 10 മരണം

ബ്രിട്ടീഷ് കൊളംബിയയിലെ ഗ്രാമീണ മേഖലയായ ടംബ്ലര്‍ റിഡ്ജിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള 18 വയസ്സുകാരിയായ ജെസ്സി വാന്‍ റൂട്ട്സെലാര്‍ നടത്തിയ ആക്രമണത്തില്‍ സ്‌കൂളിലെ അധ്യാപകനും അഞ്ച് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പ്രതി സ്വയം വെടിവെച്ച് മരിച്ചു.

റോക്കി മലനിരകളുടെ താഴ്വരയിലുള്ള ടംബ്ലര്‍ റിഡ്ജ് സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് വെടിവെപ്പുണ്ടായത്. അത്യാധുനിക തോക്കുകളുമായി എത്തിയ ജെസ്സി, വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. 12-നും 13-നും ഇടയില്‍ പ്രായമുള്ള അഞ്ച് വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമാണ് സ്‌കൂളില്‍ വെച്ച് കൊല്ലപ്പെട്ടത്.

വിവരമറിഞ്ഞ് വെറും രണ്ട് മിനിറ്റിനുള്ളില്‍ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിന് നേരെയും വെടിവെപ്പുണ്ടായി. തുടര്‍ന്ന് പോലീസ് അകത്തു കടന്നപ്പോള്‍ സ്‌കൂളിലെ ഗോവണിപ്പടിയിലും ക്ലാസ് മുറിയിലുമായി മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ജെസിയും അവിടെത്തന്നെ വെടിയേറ്റ് മരിച്ച നിലയില്‍ ഉണ്ടായിരുന്നു.

സ്‌കൂളിലെ ആക്രമണത്തിന് മുന്‍പ് തന്നെ ജെസ്സി തന്റെ വീട്ടിലും കൊലപാതകങ്ങള്‍ നടത്തിയിരുന്നതായി പോലീസ് കണ്ടെത്തി. 39 വയസ്സുള്ള അമ്മയെയും 11 വയസ്സുള്ള വളര്‍ത്തുമകനെയുമാണ് വീട്ടില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ആദ്യം മരണസംഖ്യ 10 ആണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പരിക്കേറ്റവരില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതോടെ മരിച്ചവരുടെ എണ്ണം ഒമ്പത് ആണെന്നു പോലീസ് പിന്നീട് അറിയിച്ചു.

പ്രതി ജെസ്സിയെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജെസ്സിയുടെ മാനസികനിലയുമായി ബന്ധപ്പെട്ട് നിരവധി തവണ പോലീസ് ഇവരുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. തോക്കുകള്‍ കൈവശം വെച്ചതുമായി ബന്ധപ്പെട്ടും പരാതികള്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ പിടിച്ചെടുത്ത തോക്കുകള്‍ നിയമപരമായ ഉടമസ്ഥന്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് തിരികെ നല്‍കുകയായിരുന്നു. ജെസ്സി ആറ് വര്‍ഷം മുന്‍പ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനില്‍ നിന്ന് സ്ത്രീയായി മാറിയ വ്യക്തിയാണെന്നും പോലീസ് സ്ഥിരീകരിച്ചു.

ഏകദേശം 2500 മാത്രം ജനസംഖ്യയുള്ള ടംബ്ലര്‍ റിഡ്ജ് ഒരു വലിയ കുടുംബം പോലെയാണെന്നാണ് മേയര്‍ ഡാരില്‍ ക്രാക്കോവ്ക മാധ്യമങ്ങളോടു പറഞ്ഞത്. ‘ഞാന്‍ തകര്‍ന്നുപോയി, മരിച്ച എല്ലാവരെയും എനിക്ക് നേരിട്ട് അറിയാമായിരുന്നു,’ അദ്ദേഹം വികാരാധീനനായി പറഞ്ഞു. പരിക്കേറ്റ 25-ഓളം പേര്‍ ചികിത്സയിലാണ്. തലയ്ക്ക് വെടിയേറ്റ 12 വയസ്സുകാരി വാന്‍കൂവര്‍ ആശുപത്രിയില്‍ മരണത്തോട് പോരാടുകയാണ്.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കാനഡയുടെ പാര്‍ലമെന്റില്‍ അനുശോചനം നടത്തിയിരുന്നു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പിന്നീട് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ‘നമ്മുടെ രാജ്യം മുഴുവന്‍ ഈ വേദനയില്‍ പങ്കുചേരുന്നു,’ അദ്ദേഹം പറഞ്ഞു. ദേശീയ പതാകകള്‍ ഏഴ് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി ഈ സംഭവത്തെ അതിദാരുണമെന്നാണ് വിശേഷിപ്പിച്ചത്.

160 വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള സ്‌കൂള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1989-ലെ മോണ്‍ട്രിയല്‍ കൂട്ടക്കൊലയ്ക്ക് ശേഷം കാനഡ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്‌കൂള്‍ വെടിവെപ്പാണിത്.



Content Summary; Canada’s Tumbler Ridge school massacre 10 killed, killer is an 18-year old woman with mental health problems

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×