ലോകാരോഗ്യ സംഘടന മെക്‌സിക്കോയിലാണ് ആദ്യം മരണം സ്ഥിരീകരിച്ചത്
മനുഷ്യരില്‍ എച്ച്5എന്‍2 വൈറസ് ബാധിച്ചുള്ള ആദ്യ പക്ഷിപ്പനി മരണം മെക്‌സിക്കോയില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എങ്ങനെയാണ് വൈറസ് മരിച്ചയാള്‍ക്ക് ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് ബുധനാഴ്ച്ച ഇറക്കിയ പ്രസ്താവനയില്‍ ഡബ്ല്യുഎച്ച്ഒ പറയുന്നത്. എച്ച്5എന്‍2 വൈറസിന്റെ ഉറവിടം ഇപ്പോഴും അജ്ഞാതമാണെങ്കിലും മെക്‌സിക്കോയിലെ കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. First human death case of bird flu strain h5n2 mexico man dies, who confirmed
നിലവിലെ സാഹചര്യങ്ങള്‍ പ്രകാരം പക്ഷിപ്പനി മെക്‌സിക്കോയില്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ ബുധനാഴ്ച്ചത്തെ പ്രസ്താവനയില്‍ പറയുന്നത്. എങ്കിലും മനുഷ്യരിലേക്ക് എളുപ്പത്തില്‍ പകരാവുന്ന തരത്തില്‍ പക്ഷിപ്പനിയ്ക്ക് കാരണമാകുന്ന വൈറസുകള്‍ക്കുണ്ടാകുന്ന മാറ്റങ്ങളില്‍ ശാസ്ത്രജ്ഞര്‍ അതീവ ജാഗ്രതയിലാണ്.
മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 59 കാരനാണ് പക്ഷിപ്പനി ബാധിതനായി മരിച്ചതെന്നാണ് വിവരം. വിട്ടുമാറാത്ത പനി, ശ്വാസതടസം, വയറിളക്കം, ഛര്‍ദ്ദി തുടങ്ങി അസ്വസ്ഥകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ഏപ്രില്‍ 24 ന് മരിച്ചു എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നത്.
മരിച്ച വ്യക്തിക്ക് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്നും ഇയാളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നിട്ടില്ലെന്നുമാണ് മെക്‌സിക്കോ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നുവെന്നും, അവരുടെയെല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെന്നുമാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്.
കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ രാജ്യത്തെ പടിഞ്ഞാറന്‍ സംസ്ഥാനമായ മിചോകാനില്‍ ഒരു കുടുംബം എച്ച്5എന്‍2 ബാധിതരായെന്ന് ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് മനുഷ്യരിലേക്ക് പടര്‍ന്നു പിടിക്കുന്നതിനോ, മറ്റിടങ്ങളിലുള്ള കോഴി ഫാമുകള്‍ പൂട്ടുന്നതിനോ കാരണമാകില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഏപ്രിലില്‍ നടന്ന മരണത്തിന് ശേഷം രാജ്യത്ത് വൈറസിന്റെ സാന്നിധ്യം സര്‍ക്കാര്‍ സ്ഥിരീകരിക്കുകയും കേസ് ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ മൂന്ന് കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ എച്ച്5എന്‍2 വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും ഇവ തമ്മില്‍ ബന്ധം കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. അതേസമയം അമേരിക്കയില്‍ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലെ മൂന്നു ജീവനക്കാര്‍ക്ക് പിടിപ്പെട്ട എച്ച്5എന്‍1 വൈറസ് ബാധയ്ക്ക് മെക്‌സിക്കോയിലെ കേസുമായി ബന്ധമില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
മെക്‌സിക്കോയില്‍ നിന്ന് വ്യത്യസ്തമായ പക്ഷിപ്പനി കേസുകളില്‍ ഇതിനു മുമ്പും ലോകത്ത് മനുഷ്യര്‍ മരിച്ചിട്ടുണ്ട്. 2021 ല്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത എച്ച്5എന്‍6 മൂലം 18 മനുഷ്യരാണ് മരണപ്പെട്ടത്. 1997 മുതല്‍ മറ്റേത് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളെക്കാളും തുടര്‍ച്ചയായി എച്ച് 5 വൈറസുകള്‍ സസ്തനികളില്‍ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യരിലേക്ക് പടരാന്‍ സാധ്യത ഏറെയുള്ളതിനാല്‍ ഈയൊരു പ്രവണ വലിയൊരു ഭീഷണിയായി കണ്ടുകൊണ്ട് തന്നെ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ലോകം തയ്യാറാകണമെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കടല്‍ സസ്തനികളായ സീലുകള്‍, കരടികള്‍, റാക്കൂണ്‍, കന്നുകാലികള്‍ എന്നിവയിലാണ് ഇപ്പോള്‍ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. രോഗം ബാധിച്ച പക്ഷികളുമായുള്ള പ്രാഥമിക സമ്പര്‍ക്കത്തിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. ഓസ്‌ട്രേലിയയില്‍ മേയ് മാസത്തില്‍ മനുഷ്യരില്‍ എച്ച്5എന്‍1 ബാധിച്ചതിന്റെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗം പകര്‍ന്നതായുള്ള സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. അതേസമയം വികോടറിയയിലെ കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ എച്ച്7 പക്ഷിപ്പനിയുടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
Content Summary; First human death case of bird flu strain h5n2 virus, mexico man dies, who confirmed