ഇന്ത്യന്‍ ക്രിക്കറ്റ് കാലമേറെയായി ചുമലിലേറ്റുന്നത് ബാറ്റര്‍മാരാണ്. അവരാണ് തുറപ്പു ചീട്ടുകള്‍, കളിയുടെ ഗതി മാറ്റുന്നവരും അവര്‍ തന്നെ. ആരാധകരെ ആകര്‍ഷിക്കാനും അവര്‍ക്കാണ് കഴിയുന്നത്. നമ്മുടെ ജോലികള്‍ വൈകിപ്പിച്ചതും, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ മടിയുണ്ടാക്കിയതും ഇന്ത്യന്‍ ബാറ്റര്‍മാരായിരുന്നു. എന്നാല്‍ അവരിപ്പോള്‍ ബുദ്ധിമുട്ടുകയാണ്. Indian batsmen collapsing in the first innings
നടന്നു വരുന്ന ഓസ്‌ട്രേലിയന്‍ പര്യടനം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എതിര്‍ ടീമിന്റെ ഫാസ്റ്റ് ബൗളര്‍മാര്‍ എപ്പോഴും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. എതിരാളികളുടെ വേഗത കാര്യമായ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. പക്ഷേ ഈ പ്രശ്‌നം കളിയിലെ മാത്രമല്ല, കളത്തിനു പുറത്തേതുകൂടിയാണ്. ഏറ്റവും പ്രധാനപ്പെട്ട ആശങ്ക, ആദ്യ ഇന്നിംഗ്സിലെ പ്രകടനത്തിലാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി, സന്ദര്‍ശക ബാറ്റര്‍മാരെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ വേദിയാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ 24 ടെസ്റ്റുകളില്‍, സന്ദര്‍ശകരുടെ ഭാഗത്ത് നിന്ന് ആദ്യ ഇന്നിംഗ്‌സില്‍ വെറും 21.75 ശരാശരിയില്‍, രണ്ട് സെഞ്ച്വറികള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നത്. 2021-22 ആഷസില്‍ സിഡ്‌നിയില്‍ ജോണി ബെയര്‍സ്റ്റോയുടെ 113 ഉം, 2020-21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ മെല്‍ബണില്‍ അജിങ്ക്യ രഹാനെ നേടിയ 112 ഉം. ഇത്തവണ പെര്‍ത്തില്‍ ഇന്ത്യ ഭേദപ്പെട്ട പ്രകടനം നടത്തതിയെങ്കിലും അഡ്‌ലെയ്ഡില്‍ തകര്‍ന്നു വീണു.
പരമ്പര ഇപ്പോള്‍ 1-1 ന് സമനിലയിലാണ്. മുന്നിലെത്തണമെങ്കില്‍, ഒന്നാം ഇന്നിംഗ്സ് പ്രകടനം മെച്ചപ്പെടുത്തുക എന്നതിന് ഇന്ത്യ മുന്‍ഗണന കൊടുക്കണം. ചെന്നൈയില്‍ ബംഗ്ലാദേശിനെതിരെ ആര്‍. അശ്വിന്റെ ഒരു സെഞ്ച്വറി മാത്രമാണ് ഈ സീസണില്‍ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ വനേടിയ ഏക സെഞ്ച്വറി. 16 പേരാണ് ഈ കാലയളവില്‍ ഡക്ക് ആയി പുറത്തു പോയത്.
കാലാവസ്ഥയടക്കമുള്ള സാഹചര്യങ്ങള്‍ തീര്‍ച്ചയായും പ്രകടനത്തെ ബാധിക്കും. അതിന് ഉദ്ദാഹരണമായിരുന്നു ബെംഗളൂരുവില്‍ ന്യൂസിലാന്‍ഡിനെതിരേ സംഭവിച്ച ഒന്നാം ഇന്നിംഗ്‌സ് ദുരന്തം. ക്യാപ്റ്റന്‍ രോഹിത്, ടീമിന്റെ മോശം പ്രകടനങ്ങള്‍ക്ക് സാഹചര്യങ്ങള്‍ ഒരു കാരണമാക്കി പറയാറുണ്ട്. ടീമിന്റെ ഫോമിനെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നാണ് വിശദീകരിക്കുമ്പോള്‍ ക്യാപ്റ്റന്‍, ഓരോരോ സാഹചര്യങ്ങളെയാണ് കൂട്ടുപിടിക്കുന്നത്. രോഹിത് ശുഭാപ്തി വിശ്വാസത്തിലാണ്. ഇത്തരം തകര്‍ച്ചകള്‍ ടീമിന്റെ മൊത്തത്തിലുള്ള മാനസികനിലയെ ബാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്.
പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ അഡ്‌ലെയ്ഡില്‍ പങ്കുചേരാന്‍ വരുമ്പോള്‍ ഏതു പൊസിഷനില്‍ ഇറങ്ങണമെന്നതിലായിരുന്നു ആദ്യ ചര്‍ച്ച. ഒടുവില്‍ അദ്ദേഹം തന്റെ സ്ഥാനം സ്വയം താഴേയ്ക്കിറക്കി. എന്നാല്‍, ഇന്ത്യ അപൂര്‍വമായി കളിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റില്‍ രോഹിത് കാര്യമായി ഒന്നും ചെയ്യാനായില്ല, രണ്ട് ഇന്നിംഗ്‌സിലും ഒറ്റയക്കത്തിനാണ് അദ്ദേഹം പുറത്തായത്. മധ്യനിരയിലേക്കുള്ള മാറ്റം ക്യാപ്റ്റനും ടീമിനും ഒരുപോലെ ശരിയായ നീക്കമായി തോന്നിയെങ്കിലും പ്രതീക്ഷിച്ച നേട്ടം ഉണ്ടായില്ല. ഹോം സീസണിലെ (10 ഇന്നിംഗ്‌സുകളില്‍ ഒരു ഫിഫ്റ്റി മാത്രം) ക്യാപ്റ്റന്റെ മോശം കളിയുടെ തുടര്‍ച്ചയായിരുന്നു അഡ്‌ലെയ്ഡിലും കണ്ടത്. രണ്ട് ഇന്നിംഗ്‌സിലും പുറത്തായ രീതി ഭയപ്പെടുത്തുന്നത്, രോഹിതിന്റെ പ്രതാപകാലം അസ്തമിച്ചോ എന്നതാണ്. 2021ല്‍, ഇംഗ്ലണ്ടിലെ ബൗളര്‍മാരെ തുണയ്ക്കുന്ന സാഹചര്യങ്ങളെ രോഹിത് നേരിട്ടതിന്റെ ഓര്‍മകളുള്ളവര്‍ക്ക്, ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍, സ്വതസിദ്ധമായ ആ കളി മികവില്‍ എന്തൊക്കെയോ നഷ്ടപ്പെട്ടതായി തോന്നും. പക്ഷേ രോഹിതിനെ പോലൊരു പ്രതിഭയ്ക്ക് ഏത് മോശം അവസ്ഥയില്‍ നിന്നും തിരിച്ചു വരാവുന്നതേയുള്ളൂ.
ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായ വിരാട് കോഹ്‌ലിയും ബുദ്ധിമുട്ടുകയാണ്. 2024-25 സീസണിലെ ഏഴ് മത്സരങ്ങളിലെ ആദ്യ ഇന്നിംഗ്‌സ് നോക്കുകയാണെങ്കില്‍, 10 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. വ്യക്തിഗതമായി ഏറ്റവും മോശം അവസ്ഥ. ആറ് മത്സരങ്ങളില്‍ നിന്ന് 8.66 ശരാശരിയുള്ള രോഹിതും സമാനമായ പ്രതിസന്ധിയിലാണ്. 2015-16 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളില്‍ സ്പിന്നിന് അനുകൂലമായ പിച്ചുകളായിട്ടുപോലും വെറും മൂന്ന് റണ്‍സ് നേടിയതായിരുന്നു രോഹിതിന്റെ ഏറ്റവും കുറഞ്ഞ മുന്‍ ആദ്യ ഇന്നിംഗ്‌സ് ശരാശരി.
സമ്മര്‍ദത്തില്‍ തന്റെ കളി മികവ് പ്രകടിപ്പിക്കാനുള്ള കോഹ്‌ലിയുടെ കഴിവ് ഐതിഹാസികമാണ്. കഴിഞ്ഞ വര്‍ഷത്തെ, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍, വേഗതയും ബൗണ്‍സും കൊണ്ട് ബാറ്റര്‍മാരുടെ പേടി സ്വപ്‌നമായി മാറിയ ട്രാക്കുകളില്‍പ്പോലും തന്റെ നിയന്ത്രണത്തില്‍ പന്തിനെ കൊണ്ടു വരാന്‍ കോഹ്‌ലിക്ക് കഴിഞ്ഞിരുന്നു. കാഗിസോ റബാഡയുടെ തീയുണ്ടകളെ പോലും അനായാസമായി നേരിട്ടു. എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയിലും നേരത്തെ സ്വന്തം നാട്ടില്‍ ന്യൂസിലന്‍ഡിനെതിരെയും അദ്ദേഹം തന്റെ പ്രതാപത്തിന്റെ നിഴലിലായി. പെര്‍ത്തില്‍ സെഞ്ച്വറി നേടിയെങ്കിലും തളര്‍ന്ന ബൗളര്‍മാര്‍ക്കെതിരായി ഒരു ഫ്ലാറ്റ് പിച്ചിലായിരുന്നു അത്. മാത്രമല്ല, ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലായിരുന്നു ആ സെഞ്ച്വറി. ഇന്ത്യ വിജയം നേടുമ്പോഴും ടോപ്പ് ഓര്‍ഡറിന്റെ സംഭാവനകള്‍ കുറവായിരുന്നു. ഓള്‍റൗണ്ടര്‍മാരായിരുന്നു പലപ്പോഴും രക്ഷകരായത്. ഓസീസ് പര്യടനത്തില്‍ ആ സേവനങ്ങളും കൃത്യമായി കിട്ടുന്നില്ല.
പെര്‍ത്തില്‍ യശസ്വി ജയ്‌സ്വാള്‍ നേടിയ 161 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്ന. എന്നാല്‍ ഈ പരമ്പരയിലെ ഇതുവരെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും ആദ്യ ഇന്നിംഗ്‌സില്‍ അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. കാന്‍ബറയിലും അഡ്‌ലെയ്ഡിലും നടന്ന പരിശീലന മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ പ്രതീക്ഷ നല്‍കിയിരുന്നുവെങ്കിലും, രണ്ടാം ടെസ്റ്റില്‍ കാര്യമായ റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. ബ്രിസ്ബേനില്‍ വീണ്ടും ചുവന്ന പന്തിനെയാണ് നേരിടേണ്ടതെന്നത് ഇന്ത്യക്ക് ആശ്വസിക്കാവുന്ന കാര്യമാണ്. തങ്ങള്‍ക്ക് പരിചിതമായ സാഹചര്യത്തിലേക്ക് അവരെത്തുന്നു. എന്നിരുന്നാലും, ബാറ്റര്‍മാര്‍ ആദ്യ ഇന്നിംഗ്‌സില്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍, ഈ പരമ്പര ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടത്തിന് പകരം ജസ്പ്രീത് ബുംറയും ഓസ്‌ട്രേലിയയും തമ്മിലുള്ള പോരാട്ടമായി അവസാനിക്കും. Indian batsmen collapsing in the first innings.
Content Summary; First innings collapse, Indian batters performance on the Australian tour