ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിൽ യുദ്ധം അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചുവെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളുമായുള്ള ഒരു അത്താഴവിരുന്നിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശമെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
അമേരിക്ക ധാരാളം യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് അവകാശപ്പെട്ട ട്രംപ്, രണ്ട് ആണവായുധ രാജ്യങ്ങൾ പരസ്പരം ആക്രമിക്കുകയായിരുന്നുവെന്നും വ്യാപാര ബന്ധങ്ങൾ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പ് നൽകിയതോടെ യുദ്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഘർഷം രൂക്ഷമായതോടെ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് അറിയിച്ചു. ഇതിന് മുൻപും പല തവണ ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിട്ടുള്ളതാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം യുദ്ധത്തിലേക്ക് പോകുന്നത് തടയുന്നതിനായി വ്യാപാര ചർച്ചകൾ എങ്ങനെ ഉപയോഗിച്ചുവെന്നതിനെക്കുറിച്ചും ട്രംപ് വിശദീകരിച്ചു. നിങ്ങൾ അമേരിക്കയുമായി വ്യാപാര കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇരുവരും പ്രയോഗിക്കാനിരിക്കുന്ന ആണവായുധങ്ങൾ ഉപേക്ഷിക്കണം, ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തന്റെ നേതൃത്വത്തിൽ അമേരിക്ക ഇറാന്റെ ആണവ പദ്ധതി പൊളിച്ചുമാറ്റിയതായും അദ്ദേഹം അവകാശപ്പെട്ടു.
റുവാണ്ട, കോംഗോ തുടങ്ങിയ മറ്റ് സംഘർഷങ്ങളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഇവിടങ്ങളിലെല്ലാം യുഎസ് സമാധാന ശ്രമങ്ങളിൽ പങ്കുവഹിച്ചുവെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യ – പാക് സംഘർഷത്തിലെ മധ്യസ്ഥതയെക്കുറിച്ച് 24ാം തവണയാണ് താൻ പറയുന്നതെന്നും ട്രംപ് അറിയിച്ചു.
അതേസമയം, കര, വ്യോമ, കടൽ മേഖലകളിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ഇന്ത്യൻ സഹമന്ത്രിയെ സമീപിച്ചതോടെയാണ് യഥാർത്ഥ സമാധാന ശ്രമങ്ങൾ ആരംഭിച്ചതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നടന്ന മാരകമായ ഭീകരാക്രമണത്തെത്തുടർന്നാണ് സംഘർഷം രൂക്ഷമായത്. പാകിസ്ഥാൻ തീവ്രവാദികൾ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. ഇതിന് മറുപടിയായി മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ വ്യോമസേന പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് പ്രധാന ഭീകര ക്യാമ്പുകൾ ആക്രമിച്ചു.
ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് പാകിസ്ഥാൻ തിരിച്ചടിക്കാൻ ശ്രമിച്ചു, പക്ഷേ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ എല്ലാ ആക്രമണങ്ങളെയും വിജയകരമായി തടഞ്ഞു. സംഘർഷം രൂക്ഷമായതോടെ, നൂർ ഖാൻ, റഹിം യാർ ഖാൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ 11 പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തി.
ഇന്ത്യയിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ തെളിവ് പുറത്തുവിട്ടിരുന്നു.
Content Summary: Five jets shot down;Trump makes another claim in India-Pakistan conflict
Leave a Comment