April 27, 2025 |

ജഡ്ജിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; അഞ്ച് പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫോൺ പരിശോധിക്കും

ന്യൂ ഡൽഹി ജില്ലാ പൊലീസ് സംഭവത്തിൽ നിലവിൽ രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വ‌‍ർമ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ പൊലീസ്
ഉദ്യോ​ഗസ്ഥരുടെ ഫോൺ പരിശോധിക്കും. സംഭവസ്ഥലത്തുണ്ടായിരുന്ന അഞ്ച് പൊലീസ് ഉദ്യോ​ഗസ്ഥ‍രും പരിശോധയ്ക്ക് വേണ്ടി ഫോണുകൾ പൊലീസ് കമ്മീഷണ‍ർക്ക് കൈമാറിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോ​ഗിച്ച മൂന്നം​ഗ അന്വേഷണ സമിതി ആയിരിക്കും ഫോൺ പരിശോധന നടത്തുക. ഡൽഹി പൊലീസ് കമ്മീഷണർ സ‍ഞ്ജയ് അറോറയുടെ നിർദ്ദേശ പ്രകാരമാണ് ഫോൺ പരിശോധനയ്ക്ക് അയച്ചത്. എസ്എച്ച്ഒ, സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിളുമാർ, കോൺസ്റ്റബിൾ എന്നീ റാങ്കിലുള്ള ഉദ്യോ​ഗസ്ഥരായിരിക്കും അന്വേഷണം നേരിടുക. തീപിടുത്തത്തെ സംബന്ധിച്ച വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് സ്റ്റേഷൻ ഫയർ ഫോഴ്സ് ഓഫീസിലേക്ക് കത്തയച്ചിരുന്നു. ന്യൂ ഡൽഹി ജില്ലാ പൊലീസ് സംഭവത്തിൽ നിലവിൽ രണ്ട് റിപ്പോർട്ടുകൾ തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്.

ജസ്റ്റിസ് യശ്വന്ത് ശ‍‌ർമ്മയുടെ ഔദ്യോ​ഗിക വസതിയിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് ഫയ‌‌ർ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ പണം കണക്കിൽ പെടാത്തത് ആണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെ തുട‌‌ർന്ന് ജസ്റ്റിസ് യശ്വന്ത് ശർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്രം ഉടൻ തീരുമാനമെടുക്കും എന്നാണ് റിപ്പോർട്ട്. ജസ്റ്റിസ് യശ്വന്ത് വ‍ർമ്മയെ സ്ഥലം മാറ്റുന്നത് ദില്ലി ഹൈക്കോടതിയിൽ ഭരണ പ്രതിസന്ധി ഒഴിവാക്കാനാണെന്നാണ് വിശദീകരണം. സാധാരണ ജഡ്ജിമാർക്കെതിരെയുള്ള അന്വേഷണത്തിന് രഹസ്യ വിവരം സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലാ രേഖകളും പ്രസിദ്ധീകരിച്ചതിൽ കൊളീജിയത്തിലെ രണ്ട് ജഡ്ജിമാർക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. പാർലമെന്റിലെ ഇരുസഭകളിലെയും മറ്റു നടപടികൾ നിർത്തി വച്ച് ഇക്കാര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ എംപിമാർ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കൊളീജിയത്തിന്റെ ശുപാർശയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ നടത്തുന്നത്. കോടതി നടപടികൾ ബഹിഷ്കരിച്ചുള്ള സമരത്തിനാണ് അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ജഡ്ജിയെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തും നൽകിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ നിലവില്‍ സുപ്രീംകോടതി ആഭ്യന്തര സമിതിയുടെ അന്വേഷണം തുടരുകയാണ്.

ജസ്റ്റിസ് വർമ്മയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി സമിതി സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ദൃശ്യത്തിലുള്ളത് വർമ്മയുടെ വീട്ടിലെ സ്റ്റോർ റൂമാണോ എന്നും വിദഗ്ധർ പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. ഫയർഫോഴ്സ് മേധാവി അതുൽ ഗാർഗിന്‍റെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയെന്നാണ് വിവരം. മാര്‍ച്ച് 14-ന് രാത്രി 11.35നാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. ഈ സമയം യശ്വന്ത് വര്‍മ വീട്ടിലുണ്ടായിരുന്നില്ല. കണക്കില്‍പ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

content summary: Five police officers who were the first to respond to the fire at the residence of Delhi High Court Judge Justice Yashwant Varma have handed over their phones for investigation.

Leave a Reply

Your email address will not be published. Required fields are marked *

×