അഹമ്മദാബാദിൽ വിമാനം തകർന്നുണ്ടായ അപകടത്തിന് പിന്നാലെ എയർ ഇന്ത്യ ജീവനക്കാരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും പരസ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും വിലക്കിയിരുന്നതായി റിപ്പോർട്ട്. ഔദ്യോഗിക ഡാറ്റകളുടെയോ ആശയവിനിമയങ്ങളുടെയോ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിൽ നിന്നും എയർ ഇന്ത്യ ജീവനക്കാരെ വിലക്കിയിരുന്നതായി എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച ഔദ്യോഗിക സന്ദേശത്തിൽ നിന്ന് വ്യക്തമായത്.
ജീവനക്കാരോട് പതിവുപോലെ തങ്ങളുടെ ജോലിയിൽ പ്രവേശിക്കാനും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്നോ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിൽ നിന്നോ വിട്ടുനിൽക്കണമെന്ന് കമ്പനിയുടെ ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് ലഭ്യമായ മെസേജിൽ പറയുന്നു. അപകടത്തിന് പിന്നാലെ എയർ ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻ ആന്റ് സെക്യൂരിറ്റി ടീമാണ് ജീവനക്കാർക്ക് മെസേജിലൂടെ നിർദേശം നൽകിയത്. അപകടത്തിന് തൊട്ടുപിന്നാലെ അപകട വിവരം ധരിപ്പിച്ച് കൊണ്ട് എയർ ഇന്ത്യ ജീവനക്കാർക്ക് സന്ദേശം അയച്ചിട്ടുണ്ട്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എഐ171 വിമാനം പറന്നുയർന്ന് നിമിഷനേരങ്ങൾക്കുള്ളിൽ അപകടത്തിൽപ്പെട്ടു. അഹമ്മദാബാദിൽ നിന്ന് ഉച്ചയ്ക്ക് 1.38ന് പുറപ്പെട്ട വിമാനത്തിൽ ജീവനക്കാരും യാത്രക്കാരുമുൾപ്പെടെ 242 പേരാണുണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും 1 കനേഡിയൻ പൗരനുമാണ് ഉണ്ടായിരുന്നതെന്ന് എയർ ഇന്ത്യ ജീവനക്കാർക്ക് നൽകിയ ഔദ്യോഗിക സന്ദേശത്തിൽ പറയുന്നു. ഇതേ സന്ദേശത്തിൽ തന്നെയാണ് മാധ്യമങ്ങൾക്ക് സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിയത്. എല്ലാ ജീവനക്കാരും മാധ്യമ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ നിന്നോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമായേക്കാവുന്ന പ്രസ്താവനകൾ നടത്തുന്നതിൽ നിന്നോ വിട്ടുനിൽക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നുവെന്ന് സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഇമെയിലുകൾ രേഖകൾ എന്നിവ പകർത്തുന്നതും സോഷ്യൽമീഡിയ വഴിയും അല്ലാതെയും പങ്കുവയ്ക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നുവെന്നും ഇമെയിലിൽ പറയുന്നുണ്ട്. ഇത് എയർ ഇന്ത്യയുടെ സൈബർ സുരക്ഷാ നയങ്ങൾക്ക് വിരുദ്ധമാണെന്നും ഇമെയിലിൽ പറയുന്നു.
2025 ജൂൺ 12നാണ്, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ഫ്ലൈറ്റ് AI171, ബോയിംഗ് 787-8 ഡ്രീംലൈനർ, തകർന്നുവീണത്. ലണ്ടൻ ഗാറ്റ്‌വിക്കിലേക്ക് പോയ വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നു. പറന്നുയർന്ന് ഏകദേശം 30 സെക്കൻഡുകൾക്ക് ശേഷമാണ് വിമാനം മേഘാനിനഗർ പരിസരത്തുള്ള ബിജെ മെഡിക്കൽ കോളേജിന് സമീപമുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലേക്ക് ഇടിച്ചുകയറിയത്. ആഘാതത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 241 പേർ മരിച്ചു. രക്ഷപ്പെട്ട ഏക വ്യക്തി, ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ നിരവധി പരിക്കുകളോടെ നിലവിൽ ചികിത്സയിലാണ്. അപകട കാരണത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിമാനം പറന്നുയർന്ന് അൽപസമയത്തിനു ശേഷം മെയ്ഡേ കോൾ ലഭിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവശിഷ്ടങ്ങളിൽ നിന്ന് ഒരു ബ്ലാക്ക് ബോക്സ് കണ്ടെടുത്തത് അന്വേഷണത്തിൽ നിർണായകമാവും.
content summary: Following the AI171 crash, Air India has prohibited its employees from speaking to the media