മോഗ ജില്ലയിലെ ധരംകോട്ടയിൽ നിന്നുള്ള 21കാരനായ ജസ്വീന്ദർ സിംഗ് തന്റെ കുടുംബത്തിന്റെ ഒരേക്കർ ഭൂമി വിറ്റും രണ്ടു മുറി വീട് പണയം വെച്ചുമാണ് അമേരിക്കയിലേക്കുള്ള തന്റെ സ്വപ്ന യാത്ര ആരംഭിച്ചത്. ജസ്വീന്ദറിന് യുഎസിലെത്താൻ ഏജന്റിന് നൽകാൻ 44 ലക്ഷം രൂപയോളം കണ്ടെത്താൻ കുടുംബത്തിന് ആകെയുണ്ടായിരുന്ന കന്നുകാലികളെയും വിൽക്കേണ്ടി വന്നു. അമേരിക്കയിൽ നിന്ന് നാടുകത്തിയ ഇന്ത്യൻ പൌരന്മാരുടെ രണ്ടാം ബാച്ചിൽ ജസ്വീന്ദറും ഉൾപ്പെട്ടിരുന്നു.
അമേരിക്കയിൽ നിന്ന് ഏകദേശം ഇരുപത് ദിവസങ്ങൾക്ക് ശേഷം അമൃത്സർ എയർപ്പോർട്ടിൽ എത്തിയപ്പോൾ മാത്രമാണ് ജസ്വീന്ദറിന് തന്റെ ടർബൻ ധരിക്കാൻ സാധിച്ചത്. ജനുവരി 27 നാണ് അവരെ പിടികൂടുന്നത്. അതിന് ശേഷം തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയ ഉടനെ ടര്‍ബന്‍ മറ്റു വസ്ത്രങ്ങളും അഴിക്കാൻ ആവശ്യപ്പെട്ടു . ഒരു ടീഷർട്ടും, അടിവസ്ത്രവും, സോക്സും ധരിക്കാൻ മാത്രമാണ് തങ്ങൾക്ക് അനുമതിയുണ്ടായിരുന്നതെന്ന് ജസ്വീന്ദർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. താനും കൂടെയുണ്ടായിരുന്ന മറ്റ് സിക്ക് യുവാക്കളും തങ്ങളുടെ ടർബനെങ്കിലും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ലെന്ന് ജസ്വീന്ദർ പറഞ്ഞു. നിങ്ങളിൽ ആരെങ്കിലും തൂങ്ങി മരിച്ചാൽ ആരാണ് ഉത്തരവാദിത്തം പറയുകയെന്ന് തിരികെ ചോദിച്ചു. തടങ്കൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ദിവസങ്ങളിലെല്ലാം തങ്ങളെ തലപ്പാവ് ധരിക്കാൻ സമ്മതിച്ചിരുന്നില്ലെന്നും അമൃത്സർ എയർപ്പോർട്ടിൽ എത്തിയതിന് ശേഷം ലഗേജ് കിട്ടിയപ്പോൾ മാത്രമാണ് ടർബൻ ധരിക്കാൻ സാധിച്ചതെന്ന് ജസ്വീന്ദർ കൂട്ടിച്ചേർത്തു.
അച്ഛൻ ഹൃദ്രോഗിയായതിനാൽ ജോലികളൊന്നും ചെയ്യാൻ സാധിക്കില്ല കുടുംബം പുലർത്താൻ ഒരു നല്ല ജോലിയും മെച്ചപ്പെട്ട ജീവിതവുമായിരുന്നു ജസ്വീന്ദറിന്റെ മനസ് നിറയെ, എന്നാൽ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും വിള്ളലേറ്റിരിക്കുകയാണ് ഇപ്പോൾ. ”ഞങ്ങൾക്ക് 44 ലക്ഷം രൂപയുടെ കടമുണ്ട്, അത് എങ്ങനെ തിരിച്ചടയ്ക്കുമെന്ന് അറിയില്ല. ഞങ്ങളുടെ വീട് പോലും പണയപ്പെടുത്തി,” ജസ്വീന്ദർ പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ജസ്വീന്ദർ വീട് വിട്ടിറങ്ങിയത് ഡൽഹിയിൽ നിന്ന് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ എത്തി, തുടർന്ന് സ്പെയിൻ, എൽ സാൽവഡോർ, ഗ്വാട്ടിമാല, മെക്സിക്കോ വഴിയാണ് യുഎസ്-മെക്സിക്കോ അതിർത്തിയിലെത്തിയത്
ജനുവരി 26നാണ് ജസ്വീന്ദർ അതിർത്തിയിലെത്തിയത് എന്നാൽ കനത്ത മഴ മൂലം ഏജന്റിന്റെ നിർദ്ദേശപ്രകാരം ജനുവരി 27നാണ് ജസ്വീന്ദറിന് അതിർത്തി കടക്കാൻ സാധിച്ചത്. അതിർത്തി കടന്ന് മിനിറ്റുകൾക്കകം തന്നെ ജസ്വീന്ദർ പിടിക്കപ്പെട്ടു. താൻ പിടിക്കപ്പെട്ടാൽ തടങ്കൽ കേന്ദ്രത്തിൽ നിന്ന് ജാമ്യത്തിലിറക്കാമെന്ന് തന്റെ ഏജന്റ് വാഗ്ദാനം ചെയ്തിരുന്നതായി ജസ്വീന്ദർ പറഞ്ഞു എന്നാൽ ആ വാഗ്ദാനം പാലിക്കപ്പെട്ടില്ല.
തടങ്കൽ കേന്ദ്രത്തിലും തങ്ങളെ അമൃത്സറിലേക്ക് തിരികെ കൊണ്ടുപോയ യുഎസ് സൈനിക വിമാനത്തിലും “മാനസിക പീഡനം” അനുഭവിക്കേണ്ടി വന്നിരുന്നുവെന്ന് ജസ്വീന്ദർ പറഞ്ഞു, “വിമാനത്തിൽ ഞങ്ങളുടെ കൈകളും കാലുകളും ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. ജനുവരി 13ന് ഞങ്ങൾ വിമാനത്തിൽ കയറി, ഏകദേശം മൂന്ന് ദിവസത്തേക്ക്, ഞങ്ങളെ എവിടേക്ക് കൊണ്ടുപോകുന്നു എന്നറിയില്ലായിരുന്നു. ആരെങ്കിലും ഒരു മിനിറ്റ് പോലും എഴുന്നേറ്റു നിന്നാൽ, വിമാനത്തിലുണ്ടായിരുന്ന യുഎസ് അധികാരികൾ ഞങ്ങളെ ശാസിക്കുകയും ഇരിക്കാൻ ആജ്ഞാപിക്കുകയും ചെയ്യും. കൊടും തണുപ്പിൽ പ്ലാസ്റ്റിക് ഷീറ്റുകൾ മാത്രമാണ് ഞങ്ങൾക്ക് പുതയ്ക്കാൻ നൽകിയത് ” ജസ്വീന്ദർ പറഞ്ഞു.
വിദേശത്തേക്ക് തിരികെ പോകണമെന്ന് കരുതിയാൽ കൈവശം മതിയായ പണമില്ല. ഏജന്റിൽ നിന്ന് തന്റെ പണം തിരികെ കിട്ടുമെന്ന പ്രതീക്ഷയിലാണ്, ആ പണമായിരിക്കും ജസ്വീന്ദറിന്റെയും നാല് സഹോദരങ്ങളുടെയും ഇനിയങ്ങോട്ടുള്ള ഭാവി നിർണ്ണയിക്കുക. Forced to remove Turbans deported Indians were subjected to severe mental torture by US authorities
കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്
Content Summary; Forced to remove Turbans deported Indians were subjected to severe mental torture by US authorities