ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ബോർഡിൽ നിന്നും 500,000 വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയതായും, തെരഞ്ഞെടുപ്പ് നടത്തുന്ന തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുടെ പാസ്വേഡുകൾ മോഷ്ടിക്കാൻ ശ്രമിച്ചതായും കുറ്റപത്രം പറയുന്നു.
2016-ലെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യന്‍ ഇടപെടൽ ഉണ്ടായെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക സംഘം, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലാരി ക്ലിന്‍റന്‍റെ പ്രചാരണം അട്ടിമറിച്ചെന്ന് ആരോപിച്ച് 12 റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഫിൻലൻഡിലെ ഹെൽസിങ്കിയിൽ വച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും യു എസ് പ്രസിഡന്‍റ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിന് കേവലം മൂന്നു ദിവസം മുൻപാണ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2016ലെ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് യുഎസ് ഗവണ്മെന്റ് സമര്‍പ്പിക്കുന്ന 29 പേജുള്ള കുറ്റപത്രം, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിശദമായ ആരോപണമാണ്. ഇന്റര്‍നെറ്റ് വഴി സ്വകാര്യ – സാമ്പത്തിക വിവരങ്ങള്‍ തട്ടിയെടുത്തു എന്നതു മുതല്‍ കള്ളപ്പണം വെളുപ്പിക്കൽ, തിരഞ്ഞെടുപ്പ് കമ്മീഷനെ തകർക്കാൻ ശ്രമിച്ചു തുടങ്ങി ട്രംപിന്‍റെ എതിരാളിയായിരുന്ന ഹിലരി ക്ലിന്‍റന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ റഷ്യയിലെ ഉന്നത സൈനിക ഇന്റലിജൻസ് ഉദ്യോഗസ്ഥര്‍ നടത്തിയ വളരെ സങ്കീർണമായ പരിശ്രമങ്ങള്‍ വിശദമായി തന്നെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
സ്പെഷല്‍ കോണ്‍സൽ റോബർട്ട് മുള്ളർ കുറ്റപത്രം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുത്ത സമയം ഇതിനകം തന്നെ ആശങ്കാജനകമായ സാഹചര്യത്തെ കൂടുതല്‍ പിരിമുറുക്കങ്ങളിലേക്ക് കൊണ്ടെത്തിച്ചിട്ടുണ്ട്. റഷ്യയുമായി സന്തുലിതമായ ബന്ധം സ്ഥാപിക്കുന്നതിനായുള്ള ട്രംപിന്‍റെ ശ്രമങ്ങളെ അട്ടിമറിക്കാൻ മുള്ളറും സംഘവും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് എന്നുള്ള ട്രംപിന്‍റെയും അദ്ദേഹത്തിന്‍റെ കൂട്ടാളികളുടേയും ആരോപണത്തിന് കൂടുതല്‍ ശക്തി പകരുന്ന സംഭവമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
റഷ്യൻ സൈന്യത്തിന്‍റെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിലുള്ള രണ്ട് യൂണിറ്റുകളിലെ അംഗങ്ങള്‍ക്കെതിരെയാണ് പ്രധാനമായും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ റോസൻസ്റ്റീൻ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. ഒരു യൂണിറ്റ് ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയേയും ഡെമോക്രാറ്റിക് കോൺഗ്രഷണൽ കാമ്പയിൻ കമ്മിറ്റിയേയും ഹാക്ക് ചെയ്തു, മറ്റൊരു യൂണിറ്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ വിതരണം ചെയ്തു, ഗൂഗിളിന്‍റെ സുരക്ഷാ മുന്നറിയിപ്പാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഇമെയിൽ അയച്ചുകൊണ്ട് ഹാക്കർമാർ ക്ലിന്‍റന്‍റെ കാമ്പയിൻ ചെയർമാൻ ജോൺ പോഡസ്റ്റയുടെ അക്കൗണ്ട് വിവരങ്ങൾ മോഷ്ടിച്ചു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് കുറ്റപത്രത്തില്‍ ഉള്ളത്.
ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ബോർഡിൽ നിന്നും 500,000 വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയതായും, തെരഞ്ഞെടുപ്പ് നടത്തുന്ന തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുടെ പാസ്വേഡുകൾ മോഷ്ടിക്കാൻ ശ്രമിച്ചതായും കുറ്റപത്രം പറയുന്നു. എന്നാല്‍ വോട്ടുകള്‍ മാറ്റിമറിക്കപ്പെട്ടു എന്ന ആരോപണം കുറ്റപത്രത്തില്‍ ഇല്ലെന്ന് റോസൻസ്റ്റീൻ പറഞ്ഞു. പണത്തിനു പകരമായി കൈമാറ്റം ചെയ്യാൻ പറ്റുന്ന മൂല്യമുള്ള കൃത്രിമമായ ഇലക്ട്രോണിക് നാണയം ഉപയോഗിച്ചും ആഗോള കമ്പ്യൂട്ടർ ശൃംഖല ഉപയോഗിച്ചുമാണ് റഷ്യൻ സൈനിക ഓഫീസർമാര്‍ അവരുടെ ഐഡൻറിറ്റികള്‍ മറച്ചുവച്ചത് എന്നും, റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവരാണ് ഡെമോക്രാറ്റുകളുടെ ഹാക്കുചെയ്ത ഇമെയിലുകൾ വിതരണം ചെയ്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഹാക്ക് ചെയ്യപ്പെട്ടതില്‍ തങ്ങളുടെ ഗവണ്മെന്റിന് യാതൊരു പങ്കുമില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യക്കെതിരേയുള്ള ആരോപണം പുടിനുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് തടസ്സമാണെന്ന് താന്‍ കരുതുന്നതായി ട്രംപും നേരത്തേ വ്യക്തമാക്കിയിരുന്നു.