UPDATES

വായിച്ചോ‌

“അവളെ വിവാഹം കഴിച്ചത് എന്റെ വലിയ പിഴ”: മുന്‍ ഭാര്യ റെഹമിനെതിരെ ഇമ്രാന്‍ ഖാന്‍

“ഞാന്‍ സാധാരണ റെഹമിനെക്കുറിച്ച് അങ്ങനെ ഒന്നും പറയാറില്ല. എന്നാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്റെ രണ്ടാം വിവാഹം”

                       

തന്റെ രണ്ടാം ഭാര്യയായിരുന്ന റെഹം ഖാനെ വിവാഹം കഴിക്കാനുള്ള തീരുമാനം തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്ന് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍. പാകിസ്ഥാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന അഭിപ്രായ സര്‍വേകള്‍ വരുന്നുണ്ട്. ജൂലായ് 25നാണ് വോട്ടെടുപ്പ്. ഏറെക്കാലമായി പ്രധാനമന്ത്രി പദ മോഹവുമായി നടക്കുന്ന ഇമ്രാന്‍ ഖാന്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ശ്രദ്ധേയമാണ്.

പരാജയപ്പെട്ട രണ്ട് വിവാഹബന്ധങ്ങള്‍ക്ക് ശേഷമാണ് സൂഫി പണ്ഡിതയായ ബുഷറ മനേകയെ ഇമ്രാന്‍ ഖാന്‍ വിവാഹം കഴിച്ചത്. വിവാഹ ചടങ്ങിന് മുമ്പ് വരെ താന്‍ ബുഷറയെ കണ്ടിട്ടില്ലെന്ന്് ഇമ്രാന്‍ പറഞ്ഞതായി ഡെയ്‌ലി മെയ്ല്‍ പറയുന്നു. അവര്‍ എപ്പോഴും എന്നെ കാണാന്‍ വരുമ്പോള്‍ മുഖം മറച്ചിരുന്നു. അവളുടെ മുഖം കാണാതെയാണ് ഞാന്‍ വിവാഹം കഴിക്കാനുള്ള താല്‍പര്യമറിയിച്ചത്. അവളുടെ മുഖം എങ്ങനെയായിരിക്കും എന്നത് സംബന്ധിച്ച് എനിക്കൊരു ഏകദേശ ധാരണ കിട്ടിയത് അവളുടെ വീട്ടില്‍ കണ്ട ഒരു പഴയ ഫോട്ടോയില്‍ നിന്നാണ്.

മുഖം മറക്കാതെ ഭര്‍ത്താവല്ലാത്ത പുരുഷന്മാരെ കാണാനോ വീടിന് പുറത്തിറങ്ങാനോ ബുഷറയ്ക്ക് അനുവാദമുണ്ടായിരുന്നില്ല. 2015ല്‍ ഇമ്രാന്‍ ഖാനെ ആദ്യമായി കാണുമ്പോള്‍ 39കാരിയായ ബുഷറ ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം പിരിഞ്ഞിരുന്നില്ല. അഞ്ച് കുട്ടികളുടെ അമ്മയുമായിരുന്നു അവര്‍. കസ്റ്റംസില്‍ ഉന്നത ഉദ്യോഗസ്ഥവായിരുന്ന ഖവാര്‍ ഫരീദ് മനേകയായിരുന്നു അവരുടെ ആദ്യ ഭര്‍ത്താവ്.

ബ്രിട്ടീഷ് ഹെയറസ് ജമീമ ഗോള്‍ഡ്‌സ്മിത്ത് ആണ് ഇമ്രാന്‍ ഖാന്റെ ആദ്യ ഭാര്യ. 1995 മുതല്‍ 2004 വരെ ഈ ബന്ധം തുടര്‍ന്നു. ഇതില്‍ രണ്ട് മക്കളുമുണ്ട്. പിന്നീട് ബിബിസി അവതാരകയായ മാധ്യമപ്രവര്‍ത്തക റെഹം ഖാനെ ഇമ്രാന്‍ വിവാഹം കഴിച്ചു. എന്നാല്‍ 10 മാസം മാത്രമേ ഇവരുടെ വിവാഹബന്ധം നീണ്ടുള്ളൂ. ഇമ്രാന്‍ ഖാന്‍ ബൈ സെക്ഷ്വലും അമിതമായ മയക്ക് മരുന്ന് ഉപയോഗത്തിന് അടിമയും ലൈംഗിക അരാജകത്വ ജീവിതമുള്ളയാളുമാണെന്ന് തന്റെ പുസ്തകത്തില്‍ റെഹം പറയുന്നു. “ഞാന്‍ സാധാരണ റെഹമിനെക്കുറിച്ച് അങ്ങനെ ഒന്നും പറയാറില്ല. എന്നാല്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു എന്റെ രണ്ടാം വിവാഹം” – ഇമ്രാന്‍ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/UWneEc

Share on

മറ്റുവാര്‍ത്തകള്‍