June 04, 2026 |
Share on

മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഇനി ‘സീനിയർ അഡ്വൈസർ’; ജോലിയിൽ തിരികെ പ്രവേശിച്ച് ഋഷി സുനക്

ഗോൾഡ്മൻ സാക്സിൽ അനലിസ്റ്റായി സേവനമുഷ്ഠിച്ചിരുന്നു

നിക്ഷേപ – ധനകാര്യസ്ഥാപനമായ ഗോൾഡ്മൻ സാക്സിൽ തിരികെയെത്തി ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. സീനിയർ അഡ്വൈസർ ആയാണ് അദ്ദേഹത്തിന്റെ മടങ്ങി വരവ്. രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് 2001–2004 കാലഘട്ടത്തിൽ ഗോൾഡ്മൻ സാക്സിൽ അനലിസ്റ്റായി അദ്ദേഹം സേവനമുഷ്ഠിച്ചിരുന്നു. 2015 ൽ ആദ്യമായി എംപിയായി തിരഞ്ഞെടുക്കപ്പെട്ട സുനക്, കോവിഡ് പാൻഡെമിക് സമയത്ത് ബോറിസ് ജോൺസന്റെ ചാൻസലറായും സേവനമനുഷ്ഠിച്ചു.

നിലവിൽ യോർക്ക്ഷെയറിലെ റിച്ച്മണ്ടിലെയും നോർത്തല്ലെർട്ടണിലെയും കൺസർവേറ്റീവ് എംപിയാണ് അദ്ദേഹം. എംപിയാകുന്നതിന് മുമ്പ് 14 വർഷം ധനകാര്യ സേവന മേഖലയിൽ സുനക് പ്രവർത്തിച്ചിരുന്നു. 2022 ഒക്ടോബർ മുതൽ 2024 ജൂലൈ വരെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്നത്. 2024 ജൂലൈയിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ശേഷം സുനക് ഏറ്റെടുത്ത ഏറ്റവും പുതിയ റോളാണ് ഗോൾഡ്മാൻ സാക്‌സിലെ ഉപദേശക സ്ഥാനം. ഗോൾഡ്മൻ സാക്സിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവിൽ ഏറെ സന്തോഷമുണ്ടെന്ന് കമ്പനി സിഇഒ ഡേവിഡ് സോളമൻ അറിയിച്ചു.

”അദ്ദേഹത്തെ തിരികെ കമ്പനിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ താൻ ആവേശഭരിതനാണ്. ആഗോള രാഷ്ട്രീയത്തെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള തന്റെ വൈവിധ്യമാർന്ന അനുഭവസമ്പത്ത് ലോകമെമ്പാടുമുള്ള നമ്മുടെ ഉപഭോക്താക്കളുമായി പങ്കുവെക്കുകയും, പഠനത്തിന്റെയും വികസനത്തിന്റെയും നമ്മുടെ സംസ്കാരത്തിന് അദ്ദേഹം സംഭാവന നൽകുകയും ചെയ്യും”, സോളമൻ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുശേഷം 2025 ജനുവരിയിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ബ്ലാവത്നിക് സ്കൂൾ ഓഫ് ഗവൺമെന്റിൽ അതിന്റെ വേൾഡ് ലീഡേഴ്‌സ് സർക്കിളിലെ അംഗമായും ഡിസ്റ്റിംഗ്വിഷ്ഡ് ഫെലോയായും, സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിൽ വില്യം സി. എഡ്വേർഡ്സ് ഡിസ്റ്റിംഗ്വിഷ്ഡ് വിസിറ്റിംഗ് ഫെലോ ആയും അദ്ദേഹം ചേർന്നിരുന്നു. ഇവയ്ക്ക് തനിക്ക് പ്രതിഫലം ലഭിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഹൂവർ ഇൻസ്റ്റിറ്റ്യൂഷനിലെ അദ്ദേഹത്തിന്റെ ചെലവുകൾ സ്റ്റാൻഫോർഡ് സർവകലാശാലയാണ് വഹിക്കുന്നത്.

മുൻ പ്രധാനമന്ത്രിമാർക്കും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കൾക്കും അവരുടെ അനുഭവപരിചയവും പ്രൊഫൈലും പ്രയോജനപ്പെടുത്തുന്നതിന് സ്പീക്കറുകളുടെ ഏജൻസികളിൽ ചേരുന്നത് സാധാരണമാണ്. കോർപ്പറേറ്റ് പരിപാടികളിലും കോൺഫറൻസുകളിലും സ്വകാര്യ അത്താഴ വിരുന്നിലും ഈ ഏജൻസികൾ പ്രതിഫലം ഈടാക്കി ഇവരുടെ പ്രസംഗങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലിസ് ട്രസിന്റെ കാലാവധിക്ക് ശേഷം 2022 ഒക്ടോബറിൽ ഋഷി സുനക് പ്രധാനമന്ത്രിയായി. തുടർന്ന് അദ്ദേഹം 2024 ജൂലൈയിൽ പൊതുതെരഞ്ഞെടുപ്പിലേക്ക് കൺസർവേറ്റീവ് പാർട്ടിയെ നയിച്ചെങ്കിലും ലേബർ പാർട്ടിയോട് കാര്യമായ പരാജയം ഏറ്റുവാങ്ങി, 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിപ്പിച്ചു.

കൺസർവേറ്റീവുകളുടെ  ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയമായാണ് ഇതിനെ കണക്കാക്കുന്നത്. ഗോൾഡ്മാൻ സാക്‌സിൽ നിന്നുള്ള വരുമാനം യുകെയിൽ സംഖ്യാ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹവും ഭാര്യ അക്ഷത മൂർത്തിയും ചേർന്ന് ഒരുക്കുന്ന റിച്ച്മണ്ട് ചാരിറ്റി പ്രോജക്റ്റിലേക്കായിരിക്കും സംഭാവന ചെയ്യുക എന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 2025 മാർച്ചിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം.

content summary: Former PM Rishi Sunak takes job at Goldman Sachs

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×