February 08, 2025 |

പ്രണയം, പോരാട്ടം, പുഞ്ചിരി… കാണും തോറും അത്ഭുതമാവുന്ന ഫോറസ്റ്റ് ഗമ്പ്

ടോം ഹാങ്ക് ചിത്രത്തിന് 30 വയസ്‌

ജോര്‍ജിയയിലെ ഒരു ബസ് സ്‌റ്റോപ്പിലെ ബെഞ്ചില്‍ ഇരിക്കുകയാണ് ഫോറസ്റ്റ് ഗമ്പ് എന്ന വ്യക്തി. അയാളുടെ സംസാരം ശ്രവിച്ച് കൂടെയുള്ളത് അപരിചിതനായ വ്യക്തിയാണ്. ഗമ്പ് പറയുന്നത് തന്റെ ജീവിത കഥയാണ്. വളഞ്ഞ നട്ടെല്ലുമായി ദുരിതം പേറിയ ബാല്യത്തില്‍ ദൈവം കാണിച്ച അത്ഭുതം കൊണ്ട് ഫുട്‌ബോള്‍ താരമായി മാറിയത്. കാലിന് സ്വാധീനമില്ലാത്ത ഗമ്പിനെ അമ്മ സാധാരണകുട്ടിയാണെന്നും മറ്റാരെയും പോലെ തന്നെയാണെന്നും പഠിപ്പിക്കുന്നുണ്ട്. മനക്കട്ടിയുള്ള അമ്മയാണ് സാലി ഫീല്‍ഡ് എന്ന് ഗമ്പ് തന്നെ പറയുന്നു. ബുദ്ധികുറവുമുണ്ടായിട്ടും അക്കാലത്തെ ക്രഷ് ആയ ജെന്നി എന്ന സുന്ദരി പെണ്‍കുട്ടിയുമായി ഉടലെടുക്കുന്ന സൗഹൃദം. പിന്നാലെ ജിവിതത്തിലുണ്ടാവുന്ന ഉയര്‍ച്ചകളുടെ കാലം. പഠനം, ഫുട്‌ബോള്‍ താരം, യുഎസ് സൈനിക സേവനകാലം അങ്ങനെ അത് നീണ്ടു പോവുന്നു. പക്ഷെ എല്ലാത്തിനുമിടയില്‍ പ്രതിബന്ധങ്ങളും മുന്നിലെത്തുന്നുണ്ട്. ഒടുവില്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ടീമില്‍ പേര് വരുന്ന അദ്ദേഹം പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുമായി കൂടികാഴ്ച വരെ നടത്തുന്നുണ്ട്.
അപ്പോഴെല്ലാം പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നത് ജെന്നി എന്ന പെണ്‍കുട്ടി എവിടെ എന്നതാണ്.

സൈനികകാലത്ത് ഗമ്പിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ബുഫോര്‍ഡ് ബ്ലൂവിന്റെ ആക്‌സിമികമായ വേര്‍പാടിലൂടെ യുദ്ധകാലത്തെയും ചിത്രം പ്രേക്ഷകനില്‍ എത്തിക്കുന്നുണ്ട്. പിന്നാലെ ചെമ്മീന്‍ ബിസിനസിലേക്ക് പോവുന്ന ഫോറസ്റ്റ് ഗമ്പ് ജെന്നിയെ വീണ്ടും കണ്ടുമുട്ടുന്നു. പിന്നാലെ തന്നെ ഇരുവരും പിരിയുകയും ചെയ്യുന്നു. കാലങ്ങള്‍ക്ക് ശേഷം വീണ്ടും ജെന്നി ഫോറസ്റ്റിന്റെ വീട്ടിലെത്തുന്നു. അവന്റെ വീട്ടില്‍ താമസിക്കാനവള്‍ തീരുമാനിക്കുന്നു. അന്ന് ഫോറസറ്റ് അവളെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നറിയിക്കുന്നു. പക്ഷേ അതവള്‍ ആദ്യം നിരാകരിക്കുന്നു. പിറ്റേന്ന് തന്നെയവള്‍ ഫോറസ്റ്റിനെ വിട്ട് പോകുന്നു. രണ്ട് വര്‍ഷത്തോളമായി അവളെ കുറിച്ച് അറിയാതെ അവന്‍ അലഞ്ഞ് നടന്നു.

അവസാനം ആ കത്ത് ഫോറസ്റ്റ് ഗമ്പിനെ തേടിയെത്തുന്നു. ജെന്നി വരുന്നു, അവള്‍ എന്തിന് വരുന്നു, എവിടെ നിന്ന് വരുന്നു, ഒന്നും അയാള്‍ക്ക് അറിയില്ല. ഈ കത്താണ് ബസ്സ് സ്റ്റോപ്പിലേക്ക് ഫോറസ്റ്റിനെയെത്തിക്കുന്നത്. ഒടുവില്‍ ജെന്നി എത്തുമ്പോള്‍ അവള്‍ക്കൊപ്പം ഒരു കുഞ്ഞ് കൂടിയുണ്ട്. വീണ്ടും പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനകളിലേക്ക് കൊണ്ടുപോവുന്ന ചിത്രം. ഒടുവില്‍ ജെന്നിയും ഗമ്പും ഒന്നിക്കുമോ ? തുടങ്ങിയ ഇടത്ത് തന്നെ കഥ വീണ്ടും തിരികെ എത്തുന്നു. ആ ഉത്തരം ലഭിക്കുന്നതോടെ ചിത്രം അവസാനിക്കും. ഇങ്ങനെ ഫോറസ്റ്റ് ഗമ്പ് എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമ.

1994ല്‍ പുറത്തിറങ്ങി ബോക്സ് ഓഫീസ് പ്രതിഭാസമായി മാറിയ ചിത്രത്തിന് ഇക്കൊല്ലം 30 വയസ്സ് പിന്നിട്ടു. മികച്ച ചിത്രം, സംവിധായകന്‍, നടന്‍, തിരക്കഥ എന്നിവയുള്‍പ്പെടെ ആറ് ഓസ്‌കാറുകള്‍ നേടി കൊണ്ട് വന്ന ചിത്രം ഇന്നും അതേ വൈബ് നിലനിര്‍ത്തുന്നു. എത്രകണ്ടാലും മതിവരാത്ത ഹോളിവുഡ് ചിത്രങ്ങളിലൊന്നായി അത് മാറിയിരിക്കുന്നു.നാഷണല്‍ ഫിലിം രജിസ്ട്രിയില്‍ അടക്കം ഇടം പിടിച്ച സിനിമ കൂടിയാണിത്.വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ പികാരെസ്‌ക് നോവലില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉണ്ടാക്കിയ കഥയാണ് സിനിമയുടെ ഇതിവൃത്തം.റോബര്‍ട്ട് സെമെക്കിസ് സംവിധാനം ചെയ്ത് എറിക് റോത്ത് എഴുതിയ ചിത്രത്തില്‍ ടോം ഹാങ്ക്‌സ്, റോബിന്‍ റൈറ്റ്, ഗാരി സിനിസ്, മൈകെല്‍റ്റി വില്യംസണ്‍, സാലി ഫീല്‍ഡ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.അഭിനയ മികവുകൊണ്ടും കഥപറച്ചിലിലെ വൈദഗ്ദ്ധ്യം കൊണ്ടും ചിത്രം മികച്ച കാഴ്ചാനുഭവമാണ് നല്‍കുന്നത്.

English Summary: Forrest Gump at 30: a wildly popular movie that remains as light as a feather

×