ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ്. കൗമാരക്കാരിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗവും അതിലൂടെയുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും ആഗോളതലത്തില്‍ ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ ഈ നിര്‍ണ്ണായക തീരുമാനം.
15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കാന്‍ ഒരുങ്ങുകയാണ് ഫ്രാന്‍സ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരത്തിലൊരു നിരോധനം കൊണ്ട് വരുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യ രാജ്യമായിരുക്കും ഫ്രാന്‍സ്. സുപ്രധാന നിയമനിര്‍മ്മാണത്തിന് ഫ്രഞ്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറിലെ പുതിയ അധ്യയന വര്‍ഷാരംഭത്തോടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കി.
ഓസ്ട്രേലിയക്ക് പിന്നാലെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ കര്‍ശന നടപടിയുമായി രംഗത്ത് വരുന്ന രാജ്യമാണ് ഫ്രാന്‍സ്. ടിക് ടോക്, യൂട്യൂബ്, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ നിന്ന് 16 വയസ്സില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്നും, വീഴ്ച വരുത്തിയാല്‍ കനത്ത പിഴ ഈടാക്കുമെന്നും നിഷ്‌കര്‍ഷിക്കുന്ന നിയമം മുന്‍പ് ഓസ്ട്രേലിയ നടപ്പിലാക്കിയിരുന്നു.
‘ഞാന്‍ നല്‍കിയ ഉറപ്പ് ഇപ്പോള്‍ പാര്‍ലമെന്റ് വോട്ട് ചെയ്ത് പാസ്സാക്കിയിരിക്കുകയാണ്. അടുത്ത അധ്യയന വര്‍ഷം മുതല്‍ 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ സാധിക്കില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നന്ദി. ഇനി ഭരണഘടനാ കൗണ്‍സിലിന്റെ വിധിയാണ് വരാനുള്ളത്. നമ്മുടെ കുട്ടികളെ ഓണ്‍ലൈനിലെ ചതിക്കുഴികളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള ഈ നടപടി യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി ഞങ്ങള്‍ക്ക് മുന്നില്‍.
സെനറ്റിന്റെ അനുമതിക്ക് ശേഷം നാഷണല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ 81-നെതിരെ 279 വോട്ടുകള്‍ക്കാണ് പ്രമേയം അന്തിമ അംഗീകാരം നേടിയത്. ഫ്രഞ്ച് പാര്‍ലമെന്റ് നിയമത്തിന് അംഗീകാരം നല്‍കിയെങ്കിലും, ഘട്ടം ഘട്ടമായാണ് നിയന്ത്രണം നടപ്പിലാക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങാന്‍ അനുവാദമുണ്ടാകില്ല. നിലവില്‍ 15 വയസ്സോ അതില്‍ താഴെയോ പ്രായമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 2027 ജനുവരി മുതല്‍ ബ്ലോക്ക് ചെയ്യുന്നതാണ്.
പ്രായപരിശോധനയ്ക്കുള്ള സാങ്കേതികവിദ്യകള്‍ (Age verification technology) നിലവില്‍ ലഭ്യമാണെന്നും കൂടുതല്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും നിശ്ചയിച്ചിട്ടുള്ള സമയപരിധി പ്രായോഗികമായിരിക്കുമെന്നും ഫ്രാന്‍സിന്റെ ഡിജിറ്റല്‍ മന്ത്രി ആന്‍ ലെ ഹെനാഫ് പറഞ്ഞു. പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. നിയമം പ്രാബല്യത്തില്‍ വരുന്ന ആദ്യ നാല് മാസങ്ങളില്‍ ഫ്രാന്‍സിലെ എല്ലാവരും തങ്ങളുടെ പ്രായം തെളിയിക്കേണ്ടതുണ്ട്. പുതിയ സംവിധാനമനുസരിച്ച് 15 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യും. പ്രായ പരിശോധനയ്ക്കിടെ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു.
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യമെങ്കിലും, ഹൈസ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നതിനുള്ള വകുപ്പും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷാരംഭത്തോടെ തന്നെ ഹൈസ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാനാണ് ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ടിക് ടോക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ കൗമാരക്കാരെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്ന് ഫ്രാന്‍സിലെ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി കഴിഞ്ഞ വര്‍ഷം വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, യുവാക്കളുടെ മാനസികാരോഗ്യം വഷളാകുന്നതിന് സോഷ്യല്‍ മീഡിയയെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സ്വല വോണ്‍ ഡെര്‍ ലെയ്ന്‍ കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉപയോഗം ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കാവൂ എന്ന് പറഞ്ഞിരുന്നു. ഇതിനായി കമ്മീഷന്‍ പ്രായപരിശോധന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ചില യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത് പരീക്ഷിച്ചു വരികയാണ്.
France bans social media for under-15s: When it starts, who it affects, how it will work