July 12, 2025 |

വെടിനിര്‍ത്തല്‍ കരാറിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സ്, ഒരു മാസത്തിനുള്ളില്‍ പുടിന്റെ നയം വ്യക്തമാകും

ദീർഘകാല സമാധാന കരാറിന് പുടിൻ തയ്യാറാണോയെന്ന് ഈ ഉടമ്പടി കാലയളവിൽ വ്യക്തമാകും

റഷ്യയ്ക്കും യുക്രെയ്നും തമ്മിൽ ഒരുമാസത്തെ സമാധാന ഉടമ്പടി നിർദ്ദേശിച്ച് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ ജോയൽ ബാരറ്റ്. സമാധാനത്തിനായി റഷ്യ സത്യസന്ധമായി ആ​ഗ്രഹിക്കുന്നുണ്ടോ എന്ന് ഈ ഒരു മാസക്കാലം കൊണ്ട് വ്യക്തമാകുമെന്ന് ബാരറ്റ് പറഞ്ഞു. വായു, കടൽ , നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും ഒഴിവാക്കിയുള്ള വെടിനിർത്തൽ കരാറിനാണ് ഫ്രാൻസ് ആഹ്വാനം ചെയ്തത്. ദീർഘകാല സമാധാന കരാറിന് പുടിൻ തയ്യാറാണോയെന്ന് ഈ ഉടമ്പടി കാലയളവിൽ വ്യക്തമാകുമെന്ന് ജീൻ ജോയൽ ബാരറ്റ് പറഞ്ഞു. ആർഎൽറ്റി റോഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബാരറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലൻസ്കിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഇനിയും കൂടിക്കാഴ്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് താൻ കരുതുന്നുവെന്ന് ബാരറ്റ് പറഞ്ഞു.

റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രെയ്ന് കൂടുതൽ പിന്തുണ ആവശ്യമാണെന്ന് വ്ളോദിമർ സെലൻസ്കി വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള ആക്രമണത്തിൽ തകർന്ന യുക്രെയ്ന്റെ ദൃശ്യങ്ങൾ കാണിച്ച് കൊണ്ടാണ് സെലൻസ്കി പിന്തുണ ആവശ്യപ്പെട്ടത്. വിദേശകാര്യ മന്ത്രി ജീൻ ജോയൽ ബാരറ്റ് വെടിനിർത്തൽ ഉടമ്പടിയ്ക്ക് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് സെലൻസ്കി റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രെയ്ന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യത്തിൽ പങ്കുവച്ചത്. സാധാരണവും സുരക്ഷിതവുമായ ജീവിതത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് യുക്രെയ്ൻ. സമാധാനപൂർണ്ണമായ ഒരു ജീവിതത്തിനായി ഈ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ ആ​ഗ്രഹിക്കുന്നുവെന്ന് സെലൻസ്കി കുറിച്ചു. വെടിനിർത്തൽ കരാറിനും സന്ധി ചർച്ചയ്ക്കും തയ്യാറാണെന്ന് പറയുമ്പോഴും റഷ്യ വ്യോമാക്രമണം തുടരുകയാണ്.

ഉക്രെയ്നിൽ 1,050ലധികം ഡ്രോണുകൾ, 1,300 വ്യോമ ബോംബുകൾ, 20ലധികം മിസൈലുകൾ എന്നിവ വിക്ഷേപിച്ചുള്ള ആക്രമണങ്ങൾക്ക് ആണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റഷ്യ നേതൃത്വം നൽകിയത്. സമാധാനം ആ​ഗ്രഹിക്കുന്നവർ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് സാധാരണക്കാരെ മനഃപൂർവ്വം ആക്രമിക്കില്ലെന്ന് സെലൻസ്കി വ്യക്തമാക്കി. യുക്രെയ്ന് എതിരെയുള്ള റഷ്യൻ ആക്രമണങ്ങൾ നിർത്താൻ വിവിധ രാജ്യങ്ങളുടെ കൂട്ടായ പിന്തുണ യുക്രെയ്ന് ആവശ്യമാണെന്ന് സെലൻസ്കി പറഞ്ഞു. വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുക, സൈന്യത്തെ പിന്തുണയ്ക്കുക, റഷ്യൻ ആക്രമണം തടുക്കാൻ ഫലപ്രദമായ സുരക്ഷാ ഗ്യാരണ്ടികൾ ഉറപ്പാക്കുക എന്നിവയിലാണ് യുക്രെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് സെലൻസ്കി പറഞ്ഞു. നീതി വിജയിക്കണം. ഐക്യത്തിന്റെ ശക്തിയിൽ ഞങ്ങൾ വിശ്വസിക്കുന്നു, തീർച്ചയായും ശാശ്വത സമാധാനം പുനഃസ്ഥാപിക്കപ്പെടും സെലൻസ്കി കൂട്ടിച്ചേർത്തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി സെലൻസ്കി നടത്തിയ ചർച്ച തർക്കത്തിൽ ആയിരുന്നു കലാശിച്ചത്. ബൈഡന്റെ ഭരണകാലത്ത് യുക്രെയ്ന് അമേരിക്ക നൽകിയ സഹായത്തിന് പകരമായി യുക്രെയ്ന്റെ അപൂർവ്വ ധാതുക്കൾ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ചർച്ച പരാജയപ്പെട്ടതോടെ യുഎസിന്റെ ധാതു സ്വപ്നത്തിനാണ് വിള്ളലേറ്റത്. ട്രംപ് സെലൻസ്കി ചർച്ച അലസിപിരിഞ്ഞതിന് പിന്നാലെ യു​ക്രൈന് നേരെ റഷ്യ ആക്രമണം കടുപ്പിച്ചു. കിഴക്കൻ യുക്രെയ്നിലെ ഡോണെസ്റ്റിക് മേഖലയിലെ ജനവാസ കേന്ദ്രങ്ങളായ ബർലാറ്റ്സ്കെയും സ്കുഡ്നെയും റഷ്യൻ സൈന്യം കീഴടക്കിയതായി റിപ്പോർട്ടുകളുണ്ട്. 154 ഡ്രോണുകൾ വിക്ഷേപിച്ച ആക്രമണത്തിൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

content summary: France proposes a one-month partial truce between Russia and Ukraine.

Leave a Reply

Your email address will not be published. Required fields are marked *

×