ഫ്രാന്‍സിന്റെ രാഷ്ട്രീയകാലവസ്ഥയെ കലുഷിതമാക്കി പ്രധാനമന്ത്രിയുടെ സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു. പ്രധാനമന്ത്രിയുടെ രാജി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു.
മാക്രോണിന്റെ അടുത്ത അനുയായിരുന്ന ലെകോര്‍ണു പ്രധാനമന്ത്രി സ്ഥാനത്തെത്തി ഒരു മാസം തികയും മുന്നേയാണ് രാജിവയ്ക്കുന്നത്. തിങ്കളാഴ്ച്ച രാവിലെയാണ് പ്രധാനമന്ത്രി രാജി സമര്‍പ്പിച്ചതെന്നാണ് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചത്.
വലതുപക്ഷ സഖ്യം ലെകോര്‍ണു മന്ത്രിസഭയില്‍ നിന്നും പിന്മാറുമെന്ന സൂചന വന്നതിനു പിന്നാലെയാണ് പ്രധാനമനന്ത്രിയുടെ രാജി. തന്റെ മന്ത്രിസഭയിലേക്കുള്ള അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് ലെകോര്‍ണുവിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.
മുന്‍ സര്‍ക്കാരുകളുടെ പോരായ്മകളില്‍ നിന്നും നയങ്ങളില്‍ നിന്നും മാറി പുതിയ സമീപനമായിരിക്കും തന്റെ മന്ത്രിസഭയുടെതെന്നായിരുന്നു ലെകോര്‍ണുവിന്റെ പ്രഖ്യാപനം. എന്നാല്‍ ഞായറാഴ്ച്ച രാത്രിയോടെ പ്രഖ്യാപിച്ച മന്ത്രിസഭയില്‍ പഴയ മന്ത്രിമാരെ പലരെയും നിലനിര്‍ത്തിയിരുന്നു. രാജ്യത്ത് ഒരു വലിയ രാഷ്ട്രീയ പ്രതിസന്ധിയും അസ്വസ്ഥതകളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ജനങ്ങളും പ്രതിപക്ഷവും വലിയ മാറ്റങ്ങളും പുതിയ മുഖങ്ങളെയുമായിരുന്നു പുതിയ മന്ത്രിസഭയില്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ അദ്ദേഹം പ്രഖ്യാപിച്ച പുതിയ മന്ത്രിസഭയില്‍ തന്റെ മുന്‍ഗാമിയായിരുന്ന ഫ്രാന്‍സ്വാ ബെയ്റൂവിന്റെ കാബിനറ്റില്‍ ഉണ്ടായിരുന്ന മന്ത്രിമാരെയും, പ്രസിഡന്റ് മാക്രോണിന്റെ അതിനും മുന്‍പുള്ള ഭരണകൂടങ്ങളില്‍ ഉണ്ടായിരുന്ന മന്ത്രിമാരെയുമാണ് കൂടുതലായും ഉള്‍പ്പെടുത്തിയത്.
സെബാസ്റ്റ്യന്‍ ലെകോര്‍ണുവിനെ പ്രധാനമന്ത്രിയായി നിയോഗിച്ച് ഏകദേശം ഒരു മാസം എടുത്താണ് പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചത് എന്നത് തന്നെ ഫ്രാന്‍സിലെ രാഷ്ട്രീയ സങ്കീര്‍ണതയുടെ ഉദ്ദാഹരണമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ നേടുക എന്നതായിരുന്നു ലെകോര്‍ണുവിന് തന്റെ ഭരണം മുന്നോട്ടു കൊണ്ടു പോകാനുള്ള ഏകമാര്‍ഗം. മാക്രോണിന്റെ പാര്‍ട്ടിയുടെ അംഗബലം മാത്രം പോരായിരുന്നു. പാര്‍ലമെന്റില്‍ ആര്‍ക്കും വ്യക്തിപരമായ ഭൂരിപക്ഷം ഇല്ലായിരുന്നു. എന്നാല്‍ മന്ത്രിസഭ രൂപകരിച്ചതോടെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത് നിശിതമായ വിമര്‍ശനവും പ്രതിഷേധവുമായിരുന്നു. രാജിയല്ലാതെ പിന്നെ അദ്ദേഹത്തിന് മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു.