ഫ്രാൻസിസ് ഫോർഡ് കൊപ്പോളയുടെ ഇതിഹാസ ചിത്രമായ ‘മെഗലോപോളിസിൻ്റെ’ ഏറ്റവും പുതിയ ട്രെയിലർ പിൻവലിച്ച് വിനോദ വ്യവസായ കമ്പനിയായ ലയൺസ്ഗേറ്റ്. ബുധനാഴ്ച പുറത്തിറങ്ങിയ ട്രെയിലറിൽ പ്രശസ്ത സിനിമാ നിരൂപകരിൽ നിന്നുള്ള നിരവധി ഉദ്ധരണികൾ വ്യാജമായി ഉൾപ്പെടുത്തിയെന്ന ആരോപണം ഉന്നയിക്കപ്പെട്ടതോടെയാണ് നീക്കം. കൊപ്പോളയുടെ പ്രശസ്ത ചിത്രങ്ങളായ ദ ഗോഡ്ഫാദർ, അപ്പോക്കലിപ്സ് നൗ എന്നിവ പ്രശസ്ത നിരൂപകരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയതായാണ്, ട്രെയിലറിന്റെ തുടക്കത്തിൽ പറയുന്നത്. നിരൂപകർ സിനിമയെ വിമർശിച്ചിട്ടില്ലെന്ന വാദം ശക്തമായതോടെ നിർമ്മാതാക്കൾ പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. Coppolas Megalopolis trailer withdrawn
ലയൺസ്ഗേറ്റ് സിനിമയുടെ ട്രെയിലർ പിൻവലിക്കുന്നതായി പ്രസ്താവന ഇറക്കിയിരുന്നു. ട്രെയിലറിൽ വ്യാജ ഉദ്ധരണികൾ ഉൾപ്പെടുത്തിയതിന് വിമർശകരോടും ഫ്രാൻസിസ് ഫോർഡ് കൊപ്പോളയോടും അമേരിക്കൻ സോട്രോപ്പിനോടും അവർ ക്ഷമാപണം നടത്തി. ലയൺസ്ഗേറ്റ്സ് വക്താവ് തങ്ങൾക്ക് തെറ്റ് പറ്റിയതായും സമ്മതിച്ചു, തെറ്റിൽ ഖേദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോയിലെ പല ഉദ്ധരണികളും സൃഷ്ടിച്ചെടുത്തതാണെന്നും ഒറിജിനൽ റിവ്യൂകളിൽ ഇത്തരമൊരു കാര്യം പരാമർശിച്ചിട്ടില്ലെന്നും അമേരിക്കൻ പോപ്പ് കൾച്ചർ വെബ്സൈറ്റ് ആയ വൾച്ചർ പറയുന്നു. പ്രശസ്ത സിനിമ വിമർശകയായ പോളിൻ കെയ്ലിൻ്റെതെന്ന് ട്രെയിലറിൽ പറയുന്ന ഒരു വാചകവും ട്രെയിലറിൽ കെട്ടിച്ചമച്ചതായി കണ്ടെത്തിയിട്ടുണ്ട് .
ബുധനാഴ്ച രാവിലെ പുറത്തിറങ്ങിയ ട്രെയിലർ, കൊപ്പോളയുടെ ഏറ്റവും പുതിയ ചിത്രത്തെ അദ്ദേഹത്തിൻ്റെ മുൻ മാസ്റ്റർപീസുകളായ ദി ഗോഡ്ഫാദർ, അപ്പോക്കലിപ്സ് നൗ എന്നിവയ്ക്ക് സമാനമായ കാലാതീത സൃഷ്ടിയായാണ് അവതരിപ്പിക്കുന്നത്. കൊപ്പോളയുടെ മുൻ കൃതികളെ വിമർശിക്കുന്ന വിമർശകരിൽ നിന്നുള്ള ഒന്നിലധികം ഉദ്ധരണികൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നാൽ റോജർ എബർട്ട്, പോളിൻ കെയ്ൽ എന്നി സിനിമ നിരൂപകർ പറഞ്ഞുവെന്ന് അണിയറ പ്രവർത്തകർ വാദിക്കുന്ന വാചകങ്ങൾ ഒന്നും അവരുടെ ഒരു അവലോകനത്തിലും കണ്ടെത്താനായില്ല. മെഗലോപോളിസിൻ്റെ ട്രെയിലറിൽ, 1992-ൽ പുറത്തിറങ്ങിയ ‘ബ്രാം സ്റ്റോക്കേഴ്‌സ് ഡ്രാക്കുള’ എന്ന ചിത്രത്തെ, ഓവൻ ഗ്ലീബർമാൻ “മനോഹരമായ ഒരു കുഴപ്പം” എന്ന് വിളിക്കുകയും എൻ്റർടൈൻമെൻ്റ് വീക്ക്‌ലിയുടെ അവലോകനത്തിൽ “അസംബന്ധം” പരാമർശിക്കുകയും ചെയ്തുവെന്ന് തെറ്റായി അവകാശപ്പെടുന്നുണ്ട്.
ആളുകൾ എപ്പോഴും നിരൂപകരെ ഇഷ്ടപ്പെടുന്നില്ലെങ്കിലും, അവരുടെ വാക്കുകൾ വളച്ചൊടിക്കാൻ ആർക്കും അർഹതയില്ലെന്ന് ഓവൻ ഗ്ലീബർമാൻ സംഭവത്തോട് പ്രതികരിച്ചു കൊണ്ട് വ്യക്തമാക്കി. കൊപ്പോളയുടെ സിനിമകൾ നിരൂപകർ ഇഷ്ടപ്പെട്ടില്ല എന്ന സൂചന നൽകുന്നതാണ് മെഗലോപോളിസ് ട്രെയിലർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.” നിരൂപകർ ഗോഡ്ഫാദറിനെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അപ്പോക്കലിപ്‌സ് നൗ വിനെ കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ്. പക്ഷെ സിനിമക്ക് വലിയ പിന്തുണ ലഭിച്ചിട്ടുണ്ടെന്നത് നിസംശയം പറയാൻ കഴിയും.” അദ്ദേഹം പറയുന്നു. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെ താൻ “മനോഹരമായ ഒരു കുഴപ്പം” എന്ന് വിളിച്ചിരുന്നെങ്കിൽ അത് യഥാർത്ഥത്തിൽ ഒരു അഭിനന്ദനമായിരിക്കുമെന്ന് ഓവൻ ഗ്ലീബർമാൻ പറയുന്നു.
ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ മാസം സിനിമയുടെ സെറ്റിൽവച്ച് കൊപ്പോള ഒരു ജൂനിയർ നടിയെ ചുംബിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നത് വിവാദമായിരുന്നു. 85 കാരനായ കൊപ്പോളയുടെ ഏറ്റവും പുതിയ ചിത്രമാണ് മെഗലോപോളിസ്. തന്റെ സ്വപ്ന ചിത്രമെന്ന് കപ്പോള വിശേഷിപ്പിച്ച സിനിമ. ഏകദേശം 40 വർഷത്തോളം മനസിൽ കൊണ്ടുനടന്ന പ്രമേയം. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച സിനിമ ഈ വർഷം സെപ്തംബർ 27 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. Coppolas Megalopolis trailer withdrawn
Content summary; Francis Ford Coppola’s Megalopolis trailer withdrawn over fake quotes