തന്റെ കുടുംബ ജീവിതത്തിലേക്കും ഇടിച്ചു കയറിയ അമേരിക്കന്‍ പ്രസിഡന്റിനെതിരേ രൂക്ഷമായ പ്രത്യാക്രമണവുമായി ഫ്രഞ്ച് പ്രസിഡന്റ്. തന്റെ ദാമ്പത്യജീവിതത്തെ പരിഹസിച്ചതിലാണ് ഡൊണാള്‍ഡ് ട്രംപിനെതിരേ രൂക്ഷമായ ഭാഷയില്‍ ഇമ്മാനുവല്‍ മാക്രോണ്‍ തിരിച്ചു പ്രതികരിച്ചത്. ട്രംപിന്റെ പരാമര്‍ശങ്ങള്‍ മാന്യതയില്ലാത്തതും നിലവാരമില്ലാത്തതുമാണെന്നാണ് ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനിടയില്‍ മാക്രോണ്‍ വാര്‍ത്താമാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം തരംതാഴ്ന്ന പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവ മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാഷിംഗ്ടണില്‍ നടന്ന ഒരു സ്വകാര്യ വിരുന്നിനിടയിലായിരുന്നു വിവാദപരമായ പരാമര്‍ശങ്ങള്‍ അരങ്ങേറിയത്. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലില്‍ അല്പനേരം പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ്, മാക്രോണിനെയും ഭാര്യ ബ്രിജിറ്റിനെയും ട്രംപ് പരിഹസിക്കുന്നത്. ഇറാനെതിരെയുള്ള നീക്കങ്ങളില്‍ നാറ്റോ സഖ്യകക്ഷികള്‍ സഹകരിക്കാത്തതിനെ വിമര്‍ശിക്കുന്നതിനിടയിലാണ് ട്രംപ് ഫ്രഞ്ച് പ്രസിഡന്റിനെ ലക്ഷ്യമിട്ടത്. മാക്രോണിന്റെ ശൈലി അനുകരിച്ചുകൊണ്ട്, ബ്രിജിറ്റ് തന്റെ ഭര്‍ത്താവിനോട് വളരെ മോശമായാണ് പെരുമാറുന്നതെന്ന് ട്രംപ് വിരുന്നില്‍ പങ്കെടുത്തവരോട് പറഞ്ഞു.
2025 മെയ് മാസത്തില്‍ വിയറ്റ്നാം സന്ദര്‍ശന വേളയില്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ തുടങ്ങുമ്പോഴുള്ള ഒരു ദൃശ്യത്തെ ആസ്പദമാക്കിയാണ് ട്രംപ് ഈ പരിഹാസം ഉന്നയിച്ചത്. അന്ന് ബ്രിജിറ്റ് മാക്രോണിന്റെ മുഖത്ത് തള്ളുന്നതായി തോന്നിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ അത് ദാമ്പത്യപ്രശ്‌നമല്ലെന്നും തങ്ങള്‍ക്കിടയിലെ തമാശ മാത്രമാണെന്നും അന്ന് മാക്രോണ്‍ വിശദീകരിച്ചിരുന്നു. ഗള്‍ഫ് മേഖലയില്‍ സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ മാക്രോണ്‍ അത് നിരസിച്ചതായും ട്രംപ് പരിഹാസരൂപേണ സദസ്സിനോട് പങ്കുവെച്ചു.
സംഭവത്തില്‍ ഫ്രാന്‍സിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ലോകം വലിയൊരു യുദ്ധഭീതിയില്‍ നില്‍ക്കുമ്പോള്‍ ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് പകരം വ്യക്തിപരമായ പരിഹാസങ്ങളില്‍ ഏര്‍പ്പെടുന്നത് ഒരു രാഷ്ട്രത്തലവന് ചേര്‍ന്നതല്ലെന്ന് ഫ്രഞ്ച് പാര്‍ലമെന്റ് സ്പീക്കര്‍ യായല്‍ ബ്രൗണ്‍-പിവെറ്റ് വിമര്‍ശിച്ചു. മാക്രോണിന്റെ രാഷ്ട്രീയ എതിരാളികള്‍ പോലും ട്രംപിന്റെ നടപടിയെ അപലപിച്ചു. ഒരു വിദേശ നേതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചും ഇത്തരം മോശം ഭാഷയില്‍ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് തീവ്ര ഇടതുപക്ഷ നേതാവ് മാനുവല്‍ ബോംപാര്‍ഡ് പ്രതികരിച്ചു. ഫ്രഞ്ച് മാധ്യമങ്ങളും ട്രംപിന്റെ ഈ നടപടിയെ ‘വിവാദപരമായ പൊട്ടിത്തെറി’ എന്നാണ് വിശേഷിപ്പിച്ചത്.
Content Summary: French President Emmanuel Macron hits out at the US President Donald Trump for mocking his marriage life
This post was last modified on April 3, 2026 10:23 am
Leave a Comment