July 26, 2026 |
Share on

തുര്‍ക്കിയില്‍ നിന്ന് മടങ്ങവെ ട്രംപ് ‘എയര്‍ഫോഴ്‌സ് വണ്‍’ വിമാനം മാറ്റാന്‍ കാരണം ഇറാന്‍ ഭീഷണി

നാറ്റോ ഉച്ചകോടിക്കായി അങ്കാറയിലെത്തിയ ട്രംപ്, ഖത്തര്‍ സമ്മാനിച്ച ബോയിംഗ് 747-8 വിമാനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്

തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും വിമാനത്തിനും നേരെ ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളുടെ ആക്രമണ ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച ഈ സുരക്ഷാ ഭീഷണി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, സീക്രട്ട് സര്‍വീസിന്റെ നിര്‍ദേശപ്രകാരം ട്രംപ് തന്റെ യാത്രാ വിമാനം അടിയന്തരമായി മാറ്റുകയായിരുന്നു.

നാറ്റോ ഉച്ചകോടിക്കായി അങ്കാറയിലെത്തിയ ട്രംപ്, ഖത്തര്‍ സമ്മാനിച്ച ബോയിംഗ് 747-8 വിമാനത്തിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍ വര്‍ഷങ്ങളായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലുള്ളതുപോലെയുള്ള അത്യാധുനിക മിസൈല്‍ വിരുദ്ധ പ്രതിരോധ സംവിധാനങ്ങള്‍ ഈ പുതിയ വിമാനത്തില്‍ ലഭ്യമായിരുന്നില്ല. ഇറാനിയന്‍ ഭീഷണിയെക്കുറിച്ച് യുഎസ് സര്‍ക്കാരിന് രഹസ്യവിവരം ലഭിച്ച ഉടന്‍ തന്നെ വിമാനം മാറാന്‍ സീക്രട്ട് സര്‍വീസ് പ്രസിഡന്റിനോട് ആവശ്യപ്പെടുകയും പഴയ വിമാനത്തില്‍ അദ്ദേഹം യാത്ര തിരിക്കുകയുമായിരുന്നു.

പ്രത്യേകിച്ച് ഖത്തര്‍ നല്‍കിയ പുതിയ വിമാനത്തെ മാത്രം ലക്ഷ്യമിട്ടല്ല, മറിച്ച് ട്രംപിനെയും അദ്ദേഹം സഞ്ചരിക്കുന്ന ഏത് വിമാനത്തെയും ആക്രമിക്കാനാണ് ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങള്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സുരക്ഷാ കാരണങ്ങളാലാണ് വിമാനം മാറ്റിയതെന്ന കാര്യം ട്രംപ് നിഷേധിച്ചിരുന്നു. ബ്രിട്ടനിലെ അമേരിക്കന്‍ സേനാംഗങ്ങള്‍ക്ക് പുതിയ വിമാനം കാണാനുള്ള അവസരമൊരുക്കാനാണ് ഈ മാറ്റമെന്നായിരുന്നു പകര പറഞ്ഞത്. എന്നാല്‍ പിന്നീട് തനിക്ക് കിട്ടിയ പുതിയ വിമാനത്തില്‍ ചില അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ കുറവുണ്ടെന്ന് ട്രംപ് പരോക്ഷമായി സമ്മതിക്കുകയുണ്ടായി.

ഇസ്രയേല്‍ നേരത്തെ പങ്കുവെച്ച രഹസ്യാന്വേഷണ വിവരങ്ങളില്‍ നിന്ന് വേറിട്ടതാണ് ഈ അടിയന്തര ഭീഷണിയെന്ന് വിഷയം പരിശോധിച്ച ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങള്‍ തീവ്രമാക്കാന്‍ ട്രംപിനെ പ്രകോപിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇസ്രയേല്‍ വിവരങ്ങള്‍ നല്‍കിയതെന്ന സംശയത്തിലായിരുന്നു പല യുഎസ് ഉദ്യോഗസ്ഥരും. എന്നാല്‍ അങ്കാറയില്‍ വെച്ച് തന്നെ ഇറാനെതിരെ യുഎസ് ആക്രമണങ്ങള്‍ പുനരാരംഭിച്ചിരുന്നു. ‘അവര്‍ അമേരിക്കന്‍ നേതാവിനെ – എന്നെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ കൊലപാതക പട്ടികയിലും ഞാനുണ്ട്,’ എന്ന് ഉച്ചകോടിക്കിടെ ട്രംപ് മാധ്യമങ്ങളോട് തുറന്നുപറയുകയും ചെയ്തിരുന്നു.

2020-ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇറാന്റെ മുന്‍നിര ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചതുമുതല്‍ ട്രംപിനെ വധിക്കാന്‍ ഇറാന്‍ ബന്ധമുള്ള ഗ്രൂപ്പുകള്‍ ശ്രമിച്ചുവരികയാണ്. 1990 മുതല്‍ ഉപയോഗിക്കുന്ന പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ക്ക് മതിയായ പ്രൗഢിയില്ലെന്ന് ട്രംപ് മുന്‍പും പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഖത്തര്‍ നല്‍കിയ ബോയിംഗ് 747-8 വിമാനം താത്കാലികമായി സ്വീകരിച്ചത്. എന്നാല്‍ വരും മാസങ്ങളില്‍ ഈ പുതിയ വിമാനം കൂടുതല്‍ അത്യാധുനിക മാറ്റങ്ങള്‍ വരുത്തുന്നതിനായി ഒരു മാസത്തേക്ക് സര്‍വീസില്‍ നിന്ന് മാറ്റുമെന്നും ആ സമയത്ത് പഴയ എയര്‍ഫോഴ്‌സ് വണ്‍ തന്നെ ട്രംപ് ഉപയോഗിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.

നിലവില്‍ അമേരിക്കയിലെ ഉന്നത വ്യക്തികള്‍ക്ക് നേരെയുള്ള സുരക്ഷാ ഭീഷണി ചരിത്രത്തിലെ ഇതുവരെ ഇല്ലാത്ത വിധം കൂടിയിട്ടുണ്ടെന്നാണ് സീക്രട്ട് സര്‍വീസ് ഡയറക്ടര്‍ സീന്‍ കറന്‍ പ്രസ്താവിച്ചത്. 2024 ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ വെച്ച് ട്രംപിന് നേരെ വധശ്രമമുണ്ടായപ്പോഴും സീന്‍ കറന്‍ അദ്ദേഹത്തിന്റെ സംരക്ഷകനായി ഒപ്പമുണ്ടായിരുന്നു. നിലവിലെ ആഗോള സുരക്ഷാ അന്തരീക്ഷം വളരെ സ്‌ഫോടനാത്മകമാണെന്നാണ് സീക്രട്ട് സര്‍വീസിന്റെ വിലയിരുത്തല്‍.

Content Summary; President Donald Trump abruptly switched Air Force One planes leaving Turkey following credible intelligence of targeted threats from Iranian proxy forces, according to officials

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×