തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ മറുചേരിയിലേക്ക് പോകുന്ന പ്രവണത കൂടി വരികയാണ്. ഇത്തവണ നമ്മളത് ധാരാളം കണ്ടതാണ്. ഈ ഒരു അവസരത്തില്‍ കെ.പി.സി.സി നേതൃനിരയില്‍ നിന്ന് ഇടതുപക്ഷത്തേക്ക് മാറിയ ഒരു വ്യക്തിയെ ഇവിടെ പരാമര്‍ശിക്കേണ്ടത് ആവശ്യമാണ്. ടി കെ ഹംസ എന്ന തീപ്പൊരി പ്രാസംഗികനാണ് കോണ്‍ഗ്രസ് വിട്ട് കമ്മ്യൂണിസ്റ്റ് ചേരിയിലേക്ക് ചേക്കേറിയത്. മലപ്പുറം ഡി.സി.സി പ്രസിഡന്റായി നാല് വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച ചരിത്രം ടി. കെ. ഹംസയ്ക്കുണ്ട്.
18 വര്‍ഷം കെപിസിസി അംഗമാവുകയും നാലുവര്‍ഷം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആവുകയും ചെയ്ത ടി.കെ ഹംസ ഇടതുപക്ഷത്ത് സ്വതന്ത്രനായി മത്സരിച്ച് ഒന്നാംവര്‍ഷം പാര്‍ട്ടി മെമ്പര്‍ഷിപ്പ് നേടുകയും ചെയ്ത വ്യക്തിയാണ്. പടിപടിയായി ഓരോ ഘടകങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി വരെ എത്തുകയും ചെയ്ത ഒരു വ്യക്തിയാണ് ടി.കെ ഹംസ. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ എംഎല്‍എയും എംപിയും മന്ത്രിയും ആക്കി. ഞാന്‍ എങ്ങനെ കമ്മ്യൂണിസ്റ്റ് ആയി എന്ന് തന്നെയാണ് ടി.കെ ഹംസയുടെ ആത്മകഥയുടെ പേര്.
കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ അപമര്യാദയായി പെരുമറി അവഗണിച്ചതില്‍ മനം നൊന്താണ് ടി.കെ. ഹംസ തന്റെ തട്ടകമായ നിലമ്പൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ആര്യാടന്‍ മുഹമ്മദിനെതിരെ സ്വതന്ത്രനായി മത്സര രംഗത്ത് ഇറങ്ങിയത്. ആര്യാടന്‍ മുഹമ്മദിനോട് യാതൊരു വ്യക്തിവൈരാഗ്യവും ടി.കെ ഹംസയ്ക്ക് ഇല്ല. പക്ഷേ ഇടതുപക്ഷ മുന്നണിക്ക് ആര്യാടനോട് നല്ല വിരോധം തന്നെ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാവായ കുഞ്ഞാലി കൊല്ലപ്പെട്ട കൊലക്കേസില്‍ ഒന്നാം പ്രതിയായിരുന്നു ആര്യാടന്‍ മുഹമ്മദ്.
അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിരാ ഗാന്ധിയും കേണ്‍ഗ്രസും പരാജയപ്പെട്ടപ്പോള്‍ മറുകണ്ടം ചാടി ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുന്നതില്‍ പങ്കുവഹിച്ച ആളാണ് ആര്യാടന്‍ മുഹമ്മദ്. ഇടത് മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ അതില്‍ എം എല്‍ എ പോലും അല്ലാതിരുന്ന ആര്യാടനെ മന്ത്രിയാക്കി. മന്ത്രിസ്ഥാനം ഉറപ്പിക്കാന്‍ 1981ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 19,800 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചു. ഇതിന്റെയെല്ലാം പിന്നിലെ പ്രധാന ശക്തി മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു.
എന്നാല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തില്‍ തിരിച്ചുവരികയും കോണ്‍ഗ്രസ് (ഐ) വീണ്ടും ശക്തിയാര്‍ജിക്കുകയും ചെയ്തപ്പോള്‍ ആര്യാടന്‍ മുന്‍കൈയെടുത്ത് ഇടതുപക്ഷമുന്നണി ഗവണ്‍മെന്റിനെ താഴെ ഇറക്കി തിരികെ കോണ്‍ഗ്രസിലേയ്ക്ക് പോയി. ആര്യാടന്റെ നടപടിയില്‍ ഇടതുപക്ഷ മുന്നണിക്കും പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ആര്യാടനോട് കടുത്ത വിരോധംതന്നെ ഉണ്ടായി.
അടിയന്തരാവസ്ഥയ്ക്കു ശേഷം കോണ്‍ഗ്രസും ഇന്ദിരാ ഗാന്ധിയും ഇന്ത്യയിലാകെ പരാജയപ്പെട്ട സന്ദര്‍ഭത്തില്‍ ഇന്ദിരാ കോണ്‍ഗ്രസിന്റ തിരിച്ചുവരവിന് വേണ്ടിയുള്ള പോരാട്ടത്തിന് മലപ്പുറം ജില്ലയില്‍ നേതൃത്വംകൊടുത്ത ജില്ലാ പ്രസിഡന്റായിരുന്നു ടി.കെ. ഹംസ.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ആര്യാടനോടുള്ള വിരോധവും കോണ്‍ഗ്രസ് (ഐ) പ്രവര്‍ത്തകര്‍ക്ക് ടി.കെ. ഹംസയോടുള്ള അനുകമ്പയും കൂടി യോജിച്ചപ്പോള്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ പിന്തുണയില്‍ സ്വതന്ത്രനായി മത്സരിച്ച ടി.കെ. ഹംസ ആര്യാടന്‍ മുഹമ്മദിനെ തോല്‍പ്പിച്ചു.
Content Summary: From KPCC to communist stalwart: the incredible political journey of T.K. Hamza