ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ലീഡര്‍ രാഘവ് ചദ്ദ ഉള്‍പ്പെടെ ഏഴ് രാജ്യസഭാ അംഗങ്ങള്‍ വെള്ളിയാഴ്ച ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എഎപിയെ സംബന്ധിച്ചിടത്തോളം നിലവില്‍ ഡല്‍ഹിയില്‍ തങ്ങളുടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്തുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഈ കൂറുമാറ്റം ഡല്‍ഹി നിയമസഭയിലെ പാര്‍ട്ടിയുടെ 22 എംഎല്‍എമാരില്‍ അഞ്ചു മുതല്‍ ഏഴു പേരെ വരെ സ്വാധീനിച്ചേക്കുമെന്നും, അവര്‍ കൂടി മറുകണ്ടം ചാടിയേക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആശങ്കപ്പെടുന്നു.
2015-ല്‍ 67 സീറ്റുകളുമായി മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന എഎപിക്ക് നിലവില്‍ ഡല്‍ഹിയില്‍ 22 എംഎല്‍എമാര്‍ മാത്രമാണുള്ളത്. 2013-ല്‍ പാര്‍ട്ടി ഡല്‍ഹിയില്‍ സാന്നിധ്യം അറിയിച്ചപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞ അംഗബലമാണിത്. 2015-ലും 2020-ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം 67, 62 സീറ്റുകള്‍ പാര്‍ട്ടി നേടിയിരുന്നു. ഇനിയും ഏഴു പേര്‍ കൂടി വിട്ടുപോയാല്‍ എഎപിയുടെ അംഗബലം വെറും 15 ആയി ചുരുങ്ങും. അതേസമയം, കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷനേടാന്‍ പാര്‍ട്ടിയിലെ 15 എംഎല്‍എമാര്‍ ഒന്നിച്ച് മറുകണ്ടം ചാടേണ്ടതുണ്ട്.
വരാനിരിക്കുന്ന 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭഗവന്ത് മന്‍ സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മുന്‍ എഎപി നേതാക്കളെ ഉപയോഗിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കൂറുമാറിയവരില്‍ രാഘവ് ചദ്ദയെ മാത്രമാണ് ബിജെപി ഒരു ജനശ്രദ്ധ ആകര്‍ഷിക്കുന്ന നേതാവായി കണക്കാക്കുന്നത്. മറ്റ് കൂറുമാറിയ നേതാക്കള്‍ക്ക് അത്തരം സ്വാധീനമില്ലെന്നും ബിജെപി അവരെ വെറും കരുക്കളായി മാത്രമേ കാണുന്നുള്ളൂ എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചദ്ദ, അശോക് മിത്തല്‍, സന്ദീപ് പാഠക് എന്നിവര്‍ വെള്ളിയാഴ്ച ബിജെപി ആസ്ഥാനത്ത് വെച്ച് പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ നബിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ ഏഴ് പേരുടെ പുറത്തുപോക്കോടെ എഎപിക്ക് ഇനി അവശേഷിക്കുന്നത് മൂന്ന് രാജ്യസഭാ അംഗങ്ങള്‍ മാത്രമാണ്: സഞ്ജയ് സിംഗ്, എന്‍.ഡി. ഗുപ്ത (ഡല്‍ഹി), ബല്‍ബീര്‍ സിംഗ് സീച്ചേവാള്‍ (പഞ്ചാബ്). പാര്‍ട്ടിയുടെ നേതാക്കളെ ബിജെപി അടര്‍ത്തിമാറ്റുന്നു എന്നതിനെ സൂചിപ്പിക്കാന്‍ എഎപി നേതാക്കള്‍ നേരത്തെ തന്നെ ‘ഓപ്പറേഷന്‍ താമര’ എന്ന പ്രയോഗം നടത്തിയിട്ടുണ്ട്. 2023 മാര്‍ച്ചില്‍ ‘ഓപ്പറേഷന്‍ താമര 2.0’ വഴി ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും, ഇഡി/സിബിഐ കേസുകള്‍ കാണിച്ച് എംഎല്‍എമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അന്ന് രാഘവ് ചദ്ദ ആരോപിച്ചിരുന്നു.
ഇത്തരം ആരോപണങ്ങള്‍ ആദ്യമായല്ല എഎപി ഉന്നയിക്കുന്നത്. 2022 ഓഗസ്റ്റില്‍, ഓരോ എംഎല്‍എയ്ക്കും 20 കോടി രൂപ വീതം ബിജെപി വാഗ്ദാനം ചെയ്തതായും, മറ്റൊരു എംഎല്‍എയെ കൂടി കൂടെ കൊണ്ടുവന്നാല്‍ അധികമായി 25 കോടി രൂപ നല്‍കാമെന്ന് പറഞ്ഞതായും അന്നത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ 2025 ഫെബ്രുവരിയില്‍, തങ്ങളുടെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ക്ക് 15 കോടി രൂപ വീതം ബിജെപി വാഗ്ദാനം ചെയ്തതായി സഞ്ജയ് സിംഗും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍, ഇപ്പോള്‍ നടന്ന കൂറുമാറ്റം ആസൂത്രിതമായ നീക്കമാണെന്നാണ് എഎപി വിലയിരുത്തുന്നത്.
Content Summary: The Aam Aadmi Party fears that its MLAs in the Delhi Assembly might also join BJP. Raghav Chadha and six rajya sabha mp’s join bjp
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.