ഗുജറാത്തിലെ വഡോദരയില്‍ പാലം തകര്‍ന്ന് ഒമ്പത് മരണം. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് പദ്ര താലൂക്കില്‍ മുജ്പൂരില്‍ മഹിസാഗര്‍ നദിയില്‍ പണിതിരുന്ന ‘ ഗംഭീര’ പാല തകര്‍ന്നത്. നിരവധി വാഹനങ്ങള്‍ നദിയില്‍ വീണു. ഒമ്പത് പേരേ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പല വാഹനങ്ങളും നദിയില്‍ കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. നദിയുടെ ആഴം കുറഞ്ഞ ഭാഗത്താണ് അപകടം ഉണ്ടായതെന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പാലം തകര്‍ന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തകര്‍ന്ന പാലത്തില്‍ നിന്ന് ഒരു ടാങ്കര്‍ ലോറി അപകടകരമായി തൂങ്ങിക്കിടക്കുന്ന ദൃശ്യം പേടിപ്പെടുത്തുന്നതായിരുന്നു. അതുപോലെ നദിയില്‍ വീണുപോയ ഒരു സ്ത്രീ, വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഈക്കോ വാനിനുള്ളില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒരു പിക്കപ്പ് വാനും, ഒരു ഇക്കോ വാനും ഒരു ഓട്ടോറിക്ഷയും നദിയില്‍ വീണെന്നാണ് വഡോദര ജില്ല കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചത്. പ്രാരംഭ വിവരമായി കളക്ടര്‍ അറിയിച്ചത്, അഞ്ചു പേരെ രക്ഷപ്പെടുത്തിയെന്നും, രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്നുമാണ്. വഡോദര അഗ്നിശമന സേനാവിഭാഗവും, ദേശീയ ദുരന്തര നിവാരണ സേനാംഗങ്ങളുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അപകട സമയത്ത് രണ്ട് ബൈക്കുകളും പാലത്തിലുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും അവ നദിയില്‍ വീണതായി സൂചനയില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. നദിക്ക് ഇവിടെ ആഴം കുറവായത് സഹായകമായി.
43 വര്‍ഷം പഴക്കുമുള്ള പാലമാണ് തകര്‍ന്നത്. കഴിഞ്ഞ വര്‍ഷം പാലത്തില്‍ അറ്റകുറ്റ പണികള്‍ നടത്തിയിരുന്നുവെന്നാണ് കളക്ടര്‍ പറയുന്നത്. വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം അംഗ്ലാവില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ അമിത് ചവ്ദ പറയുന്നത്, നിരവധി വാഹനങ്ങള്‍ നദിയില്‍ വീണിട്ടുണ്ടെന്നും അപകടത്തിന്റെ വ്യാപ്തി വലുതായിരിക്കുമെന്നുമാണ്. Gambhira Bridge collapses in Gujarat Vadodara 9 killed
Content Summary; Gambhira Bridge collapses in Gujarat Vadodara 9 killed
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.