March 26, 2025 |
Share on

ഗാന്ധിജി ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമല്ല, ഹിന്ദുത്വ ഫാഷിസത്തിനെതിരെയും പോരാടി

ആരാണ് ഗാന്ധിയെ കൊന്നത്, എന്തിനാണ് കൊന്നത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്

ഗാന്ധി തന്റെ ജീവിതത്തിന്റെ പ്രധാനപങ്കും പോരാടിയത് സാമ്രാജ്യത്വത്തിന് എതിരെയാണ്. ദക്ഷിണാഫ്രിക്ക മുതല്‍ ആരംഭിച്ച ആ പോരാട്ടം ഇന്ത്യൻ സ്വാതന്ത്ര്യം നേടുന്നത് വരെ നീണ്ടു നിന്നു. പക്ഷെ ഗാന്ധിയെ കൊന്നത് ബ്രിട്ടീഷുകാരായിരുന്നില്ല. ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതം കൊണ്ട് ആര്‍ക്കെതിരെയാണോ പോരാടിയത് അവരല്ല ഗാന്ധിയെ കൊന്നത് എന്നത് തിരിച്ചറിയേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ നോക്കുമ്പോള്‍ ആരാണ് ഗാന്ധിയെ കൊന്നത്, എന്തിനാണ് കൊന്നത് എന്ന ചോദ്യം ഏറെ പ്രസക്തമാണ് . ഏതൊരു സാധാരണ ഒരു കുറ്റകൃത്യം പോലെ മാത്രമേ അതിനെ നമ്മള്‍ മനസിലാക്കിയിട്ടുള്ളു.

നാഥുറാം വിനായക് ഗോഡ്‌സെ 1948 ജനുവരി 30ന് വൈകീട്ട് 5.17ന് ഗാന്ധിയെ വെടിവച്ച് കൊല്ലുന്നു. മറ്റേതൊരു കുറ്റകൃത്യവും പോലെ ഘാതകനെ പിടികൂടുന്നു. ഘാതകന്റെ കൂട്ടാളികളായ കുറച്ചുപേരെക്കൂടി അറസ്റ്റു ചെയ്യുന്നു. പിന്നീട് വിചാരണ നടത്തി ഗോഡ്‌സേയെയും, നാരായണ്‍ ആപ്തയെയും തൂക്കിക്കൊല്ലുകയും വിഷ്ണു കർക്കരേ ,മദൻലാൽ പഹ് വ , ഗോപാൽ ഗോഡ്സേ എന്നിവർക്ക് ജീവപര്യന്തം ശിക്ഷ നല്‍കുകയും ചെയ്യുന്നു. ക്രിമിനൽ ചരിത്രം ഇവിടെ തീരുന്നു.

ഈ കൊലപാതകത്തിന്റെ രാഷ്ട്രീയം എന്തായിരുന്നു എന്ന് മനസിലാകണമെങ്കില്‍ സ്വാതന്ത്ര്യ സമരം എന്തായിരുന്നുവെന്ന ചോദ്യം പുന:പരിശോധിക്കേണ്ടി വരും. അപ്പോൾ എന്തുകൊണ്ടാണ് ഗാന്ധി സ്മരണ പൂര്‍ണമായും ഇന്ത്യാചരിത്രത്തിൽ നിന്ന് മായിച്ചുകളയാന്‍ ഇപ്പോഴത്തെ ഭരണം തത്രപ്പെടുന്നത് എന്ന് മനസ്സിലാകും. എന്തായിരുന്നു സ്വാതന്ത്ര്യ സമരം എന്നുള്ളതിന് ഇന്ന് ലഭ്യമായ ഉത്തരം അത് സാമ്രാജ്യത്തത്തിന് എതിരായിരുന്നു എന്നാ ണ്. സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, സമരത്തിന് രണ്ട് ഭാഗങ്ങളുണ്ട് . അതില്‍ ആദ്യത്തെത് ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് എതിരെയുള്ള വലിയ സമരമാണ്. അതിനെക്കുറിച്ച് എല്ലാവര്‍ക്കും ഏറെക്കുറെ വ്യക്തമായ ധാരണയുണ്ട്. ഈ സമരത്തില്‍ ഗാന്ധിയുടെ പങ്ക് എന്തായിരുന്നുവെന്നും നമുക്ക് അറിയാം. പക്ഷെ യഥാർത്ഥത്തിൽ സ്വാതന്ത്ര്യ സമരം അപ്പോഴും തീരുന്നില്ല. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ഏറ്റവും അവസാനത്തെ പ്രധാനപ്പെട്ട സമരം 1942ലെ ക്വിറ്റ് ഇന്ത്യ സമരം ആയിരുന്നു. അതിന് ശേഷം 1946ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടാന്‍ നിശ്ചയിച്ചിരുന്നു. ഈ കാലഘട്ടം മുതല്‍ ഗാന്ധി കൊല്ലപ്പെടുന്നത് വരെയുള്ള ഗാന്ധിയുടെ സമരം ആരോടായിരുന്നു? ഈ ചോദ്യം ചോദിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തിന് ഒരു ഭാഗം കൂടി ഉണ്ടായിരുന്നുവെന്ന് നമുക്ക് മനസിലാകുക

ബ്രിട്ടീഷുകാര്‍ക്ക് ശേഷം ഗാന്ധി നടത്തിയിരുന്നത് ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള വലിയ പോരാട്ടമായിരുന്നു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകുന്നത് തടയുന്നതിനും, രാജ്യത്തെ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനും വേണ്ടിയുള്ള വലിയ പരിശ്രമങ്ങള്‍ നടന്നിരുന്നു. അതിനെതിരെയുള്ള സമരങ്ങളും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യം ആകുന്നതിലെ വളരെ പ്രധാനപ്പെട്ട ഒരു അധ്യായമായിരുന്നു ഈ സമരം.

സ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഇന്ത്യയില്‍ സംഭവിച്ച മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു വിഭജനം. 1946ലായിരുന്നു വിഭജനം, അന്ന് ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് പാകിസ്ഥാന്‍ എന്ന ആശയം ഉയര്‍ത്തുകയും അത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനുവേണ്ടിയുള്ള സമരം ശക്തമാക്കുന്നതിനായി വിഭജനം ആവശ്യപ്പെടുന്നവര്‍ സമരത്തിലേക്ക് കടക്കുകയുണ്ടായി. ഇതില്‍ പ്രധാനപ്പെട്ട സമരമായി കണക്കാക്കുന്നത് 1946 ഓഗസ്റ്റിലെ നേര്‍പ്രയോഗ ദിനം(Direct action day) എന്ന സമരമാണ്. നേര്‍പ്രയോഗ ദിനം കൊല്‍ക്കത്തയില്‍ അക്രമാസക്തമാവുകയും ഹിന്ദുക്കളും മുസ്ലീങ്ങളും നേരിട്ട് ഏറ്റുമുട്ടാന്‍ തുടങ്ങുകയും ചെയ്തു. ഈ സംഭവത്തില്‍ കുറഞ്ഞത് 5000 പേരെങ്കിലും അവിടെ മരിക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയിലെ അരുംകൊല എന്ന് പില്‍ക്കാലത്ത് അറിയപ്പെട്ട ഒരു സംഭവമായിരുന്നു ഇത്. അക്രമം പെട്ടെന്ന് തന്നെ നവഖാലിയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും 300 ഓളം ആളുകള്‍ അവിടെ കൊല്ലപ്പെടുകയും ചെയ്തു. ജിന്നയുടെ മുസ്ലീം ലീഗ് നടത്തിയ ഈ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ഇതോടൊപ്പം തന്നെ നവഖാലിയിലെ കൊലപാതകങ്ങള്‍ക്ക് തിരിച്ചടിയായി ബീഹാറില്‍ വലിയ അക്രമങ്ങളുണ്ടായി, ഈ ആക്രമണത്തില്‍ മുസ്ലീങ്ങളെ വലിയ തോതില്‍ ആക്രമിക്കുകയാണ് ഹിന്ദുത്വ ശക്തികള്‍ ചെയ്തത്. ചുരുങ്ങിയത് 5000 മുസ്ലീങ്ങളെങ്കിലും അവിടെ മരിച്ചിട്ടുള്ളതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നുവെങ്കിലും അനൗദ്യോഗിക ഏജന്‍സികളുടെ കണക്കുകള്‍ പറയുന്നത് ചുരുങ്ങിയത് 10,000 പേരെങ്കിലും മരിച്ചതായാണ് . ധാരാളം മുസ്ലീങ്ങള്‍ അവിടം വിട്ട് പലായനം ചെയ്തു.

ഇന്ത്യ റിപ്പബ്ലിക് ആകുന്നതിന് ഈ കലാപങ്ങളെക്കൂടി മറികടക്കേണ്ടതുണ്ടായിരുന്നു. ആഭ്യന്തര കലാപം എന്നൊക്കെ വിളിക്കാവുന്ന ഒരു പ്രവണത ഇന്ത്യയിലും ഉണ്ടായിരുന്നു. ഇതിനെതിരെയുള്ള ചെറുത്തു നില്‍പ്പായിരുന്നു 1946 മുതല്‍ മരിച്ച് വീഴുന്നത് വരെ ഗാന്ധി ചെയ്തിരുന്ന പ്രവര്‍ത്തനം. ഗാന്ധിജി കല്‍ക്കട്ട ശാന്തമാക്കുന്നു, നവഖാലി ശാന്തമാക്കുന്നു, ബീഹാറില്‍ സമാധാനം കൊണ്ടുവരുന്നു, തിരിച്ച് ഡെല്‍ഹിയിലെത്തുമ്പോള്‍ കാണുന്ന കാഴ്ച്ച ഇന്നത്തെ പാകിസ്ഥാനിന്റെ ഭാഗങ്ങളില്‍ നിന്ന് വന്ന ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ അവിടെ തമ്പടിച്ചിരിക്കുന്നതാണ്. മുഴുവനായും ഒരു അവ്യവസ്ഥയായിരുന്നു അവിടെ നിലനിന്നിരുന്നത്. ഇന്ത്യയില്‍ അന്ന് കൃത്യമായ ഒരു ഭരണകൂടം ഉണ്ടായിരുന്നില്ല, ഒരു ഇടക്കാല ഗവണ്‍മെന്റായിരുന്നു ഭരിച്ചിരുന്നത്. വിഭജനം സംഭവിച്ചതോടു കൂടെ ഉദ്യോഗസ്ഥ വൃന്ദത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്നു. പോലീസ് സേനയില്‍ വലിയ അവ്യവസ്ഥയുണ്ടാകുന്നു. ഇതിനെല്ലാം ഇടയിലാണ് കറാച്ചിയില്‍ നിന്നും ലാഹോറില്‍ നിന്നുമെല്ലാം അഭയാര്‍ഥികള്‍ ഡല്‍ഹിയില്‍ വന്ന് നില്‍ക്കുന്നത്.

പലയിടങ്ങളില്‍ നിന്നായി ആളുകള്‍ ഡല്‍ഹിയിലേക്ക് കുടിയേറുമ്പോള്‍ അവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്ന സമയത്ത് വളരെ വലിയ ദുരന്തമാണ് അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ചരിത്രം പരിശോധിക്കുമ്പോള്‍ 20 കോടിയോളം ആളുകളാണ് വിഭജന സമയത്ത് പലായനം ചെയ്തത്, അതില്‍ ദുരിതത്തില്‍പ്പെട്ട് മരിച്ചുപോയവരുടെ എണ്ണം 2 കോടിയോളം വരും. ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ ആളുകളെ പലായനത്തിനിടയില്‍ കാണാതായിരുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു അന്നത്തെ വിഭജനം മൂലം ഉണ്ടായത്. അഭയാര്‍ഥികള്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ഹിന്ദുമഹാസഭയിലെ ആളുകള്‍ അതിനിടയില്‍ രാഷ്ട്രീയം കയറ്റുകയാണ് ചെയ്തത്. അവരെ സംബന്ധിച്ച് അന്ന് ലഭിച്ചത് വളരെ വലിയൊരു സുവര്‍ണാവസരമായിരുന്നു. ഹിന്ദു മഹാസഭയോ, ആര്‍എസ്എസ് ആയാലും ഇവരാരും തന്നെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. ഹിന്ദുത്വയുടെ സൈന്യം എന്ന് വിളിക്കാവുന്ന ഒരാളുകളും അന്നത്തെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നില്ല എന്ന് മാത്രമല്ല അവര്‍ സ്വാതന്ത്ര്യ സമരത്തെ എതിര്‍ത്തിരുന്ന ആളുകള്‍ കൂടിയാണ്.

എന്നാല്‍, സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ബലമായി തന്നെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനുശേഷം അവര്‍ക്ക് ലഭിച്ച സുവര്‍ണാവസരമായിരുന്നു വിഭജന സമയത്ത് കുടിയേറി വന്നിരുന്ന ആളുകള്‍. അപ്പുറത്ത് പാകിസ്ഥാന്‍ എന്നൊരു മുസ്ലീം രാജ്യം ഉണ്ടായിരിക്കുമ്പോള്‍ സ്വാഭാവികമായും ബാക്കിയുള്ളത് ഹിന്ദുത്വ രാഷ്ട്രമാണെന്ന് പറയാന്‍ കഴിയുമല്ലോ. ഇത്തരത്തിലുള്ള രാഷ്ട്രീയമാണ് കുടിയേറ്റക്കാരായ ആളുകളെ വച്ചുകൊണ്ട് ഹിന്ദുത്വ കളിച്ചിരുന്നത്.

ഇത്രയൊക്കെ ആയിട്ടും ഇന്ത്യ ഒരു മതേതര രാജ്യമായി നിലനിന്നതിന് പിന്നില്‍ ഗാന്ധി, നെഹറു, മറ്റെല്ലാ നേതാക്കളും കമ്യൂണിസ്റ്റ് പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ ജനാധിപത്യത്തില്‍ വിശ്വസിച്ചിരുന്ന എല്ലാവരും എടുത്ത ഇന്ത്യ മതേതര രാജ്യമാണ് എന്ന നിലപാടായിരുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും പാകിസ്ഥാനിലേക്ക് പോയില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഒരു സമുദായം എന്ന നിലയ്ക്ക് ഏതെങ്കിലുമൊരു കൂട്ടം ദേശാഭിമാനം കാണിച്ചിട്ടുണ്ടെങ്കില്‍ അത് മുസ്ലീങ്ങളാണ്. കാരണം ഒരു മുസ്ലീം രാഷ്ട്രം അപ്പുറത്ത് ഉണ്ടായിരുന്നിട്ടും പോകാതെ ഭൂരിപക്ഷം മുസ്ലീങ്ങളും ഇന്ത്യയില്‍ നിന്നു. അന്ന് ആര്‍എസ്എസിന്റെ മുന്‍പിലുണ്ടായിരുന്ന ഏറ്റവും വലിയ തടസവും ഇവരായിരുന്നു. ഈ മുസ്ലീങ്ങള്‍ ഇവിടെ നില്‍ക്കുന്നിടത്തോളം ഹിന്ദുത്വ രാഷ്ട്രം നിര്‍മിക്കുന്നതില്‍ തടസം വരും. ഈ സമയത്ത് ഹിന്ദു-സിഖുകാരോട് ആര്‍എസ്എസ് പറഞ്ഞ് പരത്തിയത് ഡല്‍ഹിയിലെ മുസ്ലീങ്ങളുടെ വീടും, പള്ളികളും, കച്ചവട സ്ഥാപനങ്ങളുമെല്ലാം പിടിച്ചെടുക്കാനായിരുന്നു. ഇത് സംഭവിച്ച് കഴിഞ്ഞാല്‍ ഇന്ത്യയില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് മനസിലാക്കുന്ന മുസ്ലീങ്ങളെല്ലാം പാകിസ്ഥാനിലേക്ക് പോകുമെന്ന ധാരണയിലായിരുന്നു ആര്‍എസ്എസ്.

ഹിന്ദു മഹാസഭയുടെ ആസൂത്രണ പ്രകാരം ഡല്‍ഹിയിലെ മുസ്ലീങ്ങളുടെ സ്ഥാപനങ്ങളും വീടുകളുമടക്കം പിടിച്ചെടുക്കുന്ന സമയത്താണ് ഗാന്ധി കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്നത്. ഈ സ്ഥിതിയില്‍ ഗാന്ധിയെ ആരും തന്നെ പരിഗണിക്കാന്‍ തയ്യാറാകുന്നില്ല. അഭയാര്‍ഥികള്‍ക്ക് അവരുടേതായ പ്രശ്‌നങ്ങള്‍, ഹിന്ദു സിഖ് അഭയാര്‍ഥികള്‍ക്ക് തിരികെ വന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു പോയതിന്റെ പ്രശ്‌നങ്ങള്‍. ഈ സമയത്താണ് ഗാന്ധിയുടെ ഐതിഹാസികമായ രണ്ടാമത്തെ നിരാഹാര സമരം. 1947ല്‍ ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ഗാന്ധി രണ്ട് നിരാഹാര സമരങ്ങള്‍ അനുഷ്ഠിക്കുന്നുണ്ട്. ഒന്ന് കൊല്‍ക്കത്ത ശാന്തമാകുന്നതിനും രണ്ടാമത്തേത്, ഡല്‍ഹി ശാന്തമാകുന്നതിനും ജനുവരി 13 മുതല്‍ 18 വരെ 5 ദിവസം ഗാന്ധി നിരാഹാരമിരുന്നു. ഈ നിരാഹാര സമരമാണ് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തെ രാഷ്ട്രീയമായി തകര്‍ത്തത്. ഈ നിരാഹാര സമരത്തോടെ ഡല്‍ഹി ശാന്തമാവുകയും ഇന്ത്യന്‍ കോണ്‍സ്റ്റിറ്റിയൂഷന്റെ അസംബ്ലിക്ക് ഇന്ത്യ എന്താണെന്ന് കൂടുതല്‍ പഠിക്കുന്നതിനുള്ള അവസരവും ലഭിച്ചു.

ഈ കാര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ ഗാന്ധി ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഗാന്ധി ഒരു വലിയ തടസമായി നിന്നതിനാലാണ് ഗാന്ധിയെ വധിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഗാന്ധി ഇല്ലാതായാല്‍ തങ്ങളുടെ ആശയങ്ങള്‍ നടപ്പിലാകും എന്ന ചിന്തയിലാണ് സവര്‍ക്കറും സവര്‍ക്കറേറ്റുകളും ചേര്‍ന്ന് ഗാന്ധിയെ കൊല്ലുന്നത്. ഗാന്ധിയുടെ മരണത്തിന് നേതൃത്വം കൊടുത്ത ഗോഡ്‌സേ, ആപ്‌തേ, വിഷ്ണു കര്‍ക്കരെ എന്നീ മൂന്ന് പേരും സവര്‍ക്കറുടെ ഉറ്റ അനുയായികളായിരുന്നു. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും ഗാന്ധിയന്‍ സമരരീതിയുടെ ഏറ്റവും ഉന്നത രീതിയായ നിരാഹാര സമരം ഗാന്ധി അനുഷ്ഠിച്ചത് എന്തിനായിരുന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിന്റെ ഉത്തരം പരിശോധിച്ചാല്‍ നമുക്ക് മനസിലാകും മതാധിഷ്ഠിത ശക്തികള്‍ക്ക് ഇന്ത്യ കീഴ്‌പ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു സമരമെന്ന്. ഈ രക്തസാക്ഷി ദിനത്തില്‍ നാം ഏറ്റവുമധികം മനസിലാക്കേണ്ട സത്യവും ഇതുതന്നെയാണ്.

(കവിയും എഴുത്തുകാരനുമായ പി എന്‍ ഗോപീകൃഷ്ണനുമായി അഴിമുഖം പ്രതിനിധി അതുല്യ മുരളി സംസാരിച്ചു തയ്യാറാക്കിയത്‌)

Content summary; Gandhiji fought not only against the British but also against Hindutva fascism

അതുല്യ മുരളി

അതുല്യ മുരളി

സബ് എഡിറ്റർ

More Posts

×