June 16, 2026 |
Share on

ഗാസയിലേക്കുള്ള ഫ്‌ളോട്ടില്ലയില്‍ നടന്ന ക്രൂരത; ഇസ്രയേലിനെതിരേ പ്രതിഷേധിച്ച് ലോകം

പീഡനങ്ങളുടെ വീഡിയോ പുറത്തു വിട്ട ഇസ്രയേല്‍ ദേശീയ സുരക്ഷ മന്ത്രിയ്‌ക്കെതിരേ സ്വന്തം രാജ്യത്ത് തന്നെ അമര്‍ഷം പുകയുകയാണ്‌

ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവര്‍ത്തകരെ ഇസ്രയേല്‍ സുരക്ഷാ സേന ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാരനും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍-ഗ്വീര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഇസ്രയേലിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇസ്രായേലിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ കടുത്ത ഭാഷയില്‍ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

‘ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ല’ എന്ന പേരില്‍, ഇസ്രയേലിന്റെ ഗാസ ഉപരോധം മറികടക്കാന്‍ തുര്‍ക്കിയില്‍ നിന്ന് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമായി പുറപ്പെട്ടതായിരുന്നു ഈ സംഘം. 40 രാജ്യങ്ങളില്‍ നിന്നുള്ള നാനൂറിലധികം പ്രവര്‍ത്തകര്‍ 50 ബോട്ടുകളിലായാണ് യാത്ര തിരിച്ചത്. എന്നാല്‍ ചൊവ്വാഴ്ച അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇസ്രയേല്‍ സൈന്യം ഈ ബോട്ടുകള്‍ തടയുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഇസ്രയേലിലേക്ക് കൊണ്ടുവരികയുമായിരുന്നു.

ബെന്‍-ഗ്വീര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍, കസ്റ്റഡിയിലെടുത്ത സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഡസന്‍ കണക്കിന് പ്രവര്‍ത്തകരെ കൈകള്‍ പിന്നിലേക്ക് കെട്ടി, തല നിലത്തു മുട്ടിച്ച് വരിവരിയായി ഇരുത്തിയിരിക്കുന്നത് കാണാം. ഇംഗ്ലീഷില്‍ ‘വെല്‍ക്കം ടു ഇസ്രയേല്‍’ എന്ന അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ ഇസ്രയേല്‍ പതാക വീശി കാണിക്കുന്ന മന്ത്രി, ബന്ധനസ്ഥനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്റെ മുഖത്തുനോക്കി ‘ഇസ്രയേല്‍ ജനത ജീവിക്കുന്നു’ എന്ന് ആക്രോശിച്ചുകൊണ്ട് അവരെ പരിഹസിക്കുകയും തരംതാഴ്ത്തി സംസാരിക്കുകയും ചെയ്യുന്നുണ്ട്.

അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് നേരെ ഇസ്രയേല്‍ അധികൃതര്‍ വ്യാപകമായ ശാരീരിക-മാനസിക പീഡനങ്ങളാണ് അഴിച്ചുവിട്ടതെന്ന് മനുഷ്യാവകാശ സംഘടനയായ ‘അദാല’ വ്യക്തമാക്കി. നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയായിരുന്നു ഈ അതിക്രമം. കപ്പലുകള്‍ തടഞ്ഞതു മുതല്‍ അഷ്‌ദോദിലെ തുറമുഖത്ത് എത്തിക്കുന്നത് വരെ റബ്ബര്‍ ബുള്ളറ്റുകളും ടേസറുകളും ഉപയോഗിച്ച് സൈന്യം ഇവരെ നേരിട്ടു. മണിക്കൂറുകളോളം കഠിനമായ സ്‌ട്രെസ്സ് പൊസിഷനുകളില്‍ മുട്ടുകുത്തി നില്‍ക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി.

ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് പുറമെ ലൈംഗികാതിക്രമങ്ങളും കടുത്ത അപമാനങ്ങളും നേരിടേണ്ടി വന്നതായി തടവിലായവര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി മുസ്ലീം വനിതാ പ്രവര്‍ത്തകരുടെ ഹിജാബുകള്‍ ബലമായി വലിച്ചുകീറിയതായും റിപ്പോര്‍ട്ടുണ്ട്. അതിക്രമങ്ങളില്‍ പരിക്കേറ്റ മൂന്ന് പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്തു. നിരവധി പേര്‍ക്ക് വാരിയെല്ലുകള്‍ക്ക് ഒടിവുണ്ടായതായി സംശയിക്കുന്നു, ഇത് അവര്‍ക്ക് ശ്വാസതടസ്സം സൃഷ്ടിക്കുന്നുണ്ട്.

ബെന്‍-ഗ്വീറിന്റെ വീഡിയോ പുറത്തുവന്നതോടെ തങ്ങളുടെ പൗരന്മാര്‍ ബോട്ടിലുണ്ടായിരുന്ന യുകെ, കാനഡ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണത്തലവന്മാരും വിദേശകാര്യ മന്തിമാരും കടുത്ത അമര്‍ഷം രേഖപ്പെടുത്തി.

ഇസ്രയേലിന്റെ ഏറ്റവും വിശ്വസ്തനായ സഖ്യകക്ഷിയും ഇസ്രായേലിലെ യു.എസ് അംബാസഡറുമായ മൈക്ക് ഹക്കബി, ബെന്‍-ഗ്വീറിന്റെ പെരുമാറ്റത്തെ ‘അങ്ങേയറ്റം അപലപനീയം’ എന്ന് വിശേഷിപ്പിച്ചു. സ്വന്തം രാജ്യത്തിന്റെ അന്തസ്സിനെയാണ് മന്ത്രി വഞ്ചിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി ഈ ദൃശ്യങ്ങള്‍ തികച്ചും ‘അംഗീകരിക്കാനാവാത്തത്’ ആണെന്ന് പ്രഖ്യാപിച്ചു. കസ്റ്റഡിയിലുള്ള എല്ലാ ഇറ്റാലിയന്‍ പൗരന്മാരെയും ഉടന്‍ മോചിപ്പിക്കണമെന്നും, ഇറ്റാലിയന്‍ സര്‍ക്കാരിനോട് കാണിച്ച അനാദരവിനും ക്രൂരതയ്ക്കും ഇസ്രയേല്‍ മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സ്പാനിഷ് വിദേശകാര്യ മന്ത്രി ഈ പ്രവൃത്തിയെ ‘രാക്ഷസീയവും ലജ്ജാകരവും അമാനുഷികവും’ എന്ന് വിളിച്ചപ്പോള്‍, ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി യെവെറ്റ് കൂപ്പര്‍ താന്‍ ഈ ദൃശ്യങ്ങള്‍ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയതായി വ്യക്തമാക്കി.

ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ് ദൃശ്യങ്ങളെ ശക്തമായി അപലപിക്കുകയും ബെന്‍-ഗ്വീറിനെതിരെ ഓസ്ട്രേലിയ ഇതിനകം ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ് വിദേശകാര്യ മന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ് ഇസ്രയേല്‍ അംബാസഡറെ വിളിച്ചുവരുത്തി രാജ്യത്തിന്റെ കടുത്ത ആശങ്ക അറിയിച്ചു. മൂസ താഹെര്‍, ഹമഹോന ഓംസ്ബി, ജൂലിയന്‍ ബ്ലോണ്ടല്‍ എന്നീ മൂന്ന് ന്യൂസിലാന്‍ഡ് പൗരന്മാരാണ് നിലവില്‍ ഇസ്രയേല്‍ കസ്റ്റഡിയിലുള്ളത്. 2025-ല്‍ സമാധാന അന്തരീക്ഷം തകര്‍ത്തതിന് ന്യൂസിലാന്‍ഡ് ബെന്‍-ഗ്വീറിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെ മ്യുങ്, ഇസ്രയേലിന്റെ നടപടികള്‍ എല്ലാ അതിരുകളും ലംഘിക്കുന്നതാണെന്ന് വിമര്‍ശിച്ചു. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ആളുകളെ അറസ്റ്റ് ചെയ്തതിന്റെ നിയമസാധുതയെയും അദ്ദേഹം ചോദ്യം ചെയ്തു.

രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ടതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാറും ബെന്‍-ഗ്വീറിനെ തള്ളിപ്പറഞ്ഞു രംഗത്തെത്തി. ബെന്‍-ഗ്വീറിന്റെ പെരുമാറ്റം ഇസ്രയേലിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ നെതന്യാഹു, തടവിലാക്കപ്പെട്ട പ്രവര്‍ത്തകരെ എത്രയും വേഗം നാടുകടത്താന്‍ ഉത്തരവിട്ടു. വിദേശകാര്യ മന്ത്രി ഗിദിയോന്‍ സാര്‍ ആകട്ടെ, ബെന്‍-ഗ്വീര്‍ രാജ്യത്തിന് മനഃപൂര്‍വ്വം അപമാനം വരുത്തിവെക്കുകയാണെന്നും ‘നിങ്ങള്‍ ഇസ്രയേലിന്റെ മുഖമല്ല’ എന്നും എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എന്നാല്‍, ഇസ്രയേല്‍ ഇനി ആരുടെയും മുന്നില്‍ തലകുനിക്കില്ലെന്ന് മറുപടി നല്‍കി ബെന്‍-ഗ്വീര്‍ ഈ വിമര്‍ശനങ്ങളെ പരിഹസിക്കുകയാണുണ്ടായത്.

ഹമാസ് ആക്രമണത്തെത്തുടര്‍ന്നുണ്ടായ യുദ്ധകാലത്ത് പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ ജയിലുകളില്‍ വ്യവസ്ഥാപിതമായി പീഡിപ്പിക്കുന്നതിന്റെ തുടര്‍ച്ചയാണ് വിദേശ പൗരന്മാര്‍ക്ക് നേരെയുണ്ടായ ഈ ആക്രമണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉന്നത നേതൃത്വത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഇത്തരം അതിക്രമങ്ങള്‍ ഭയമില്ലാതെ ചെയ്യുന്നതെന്ന് ‘പബ്ലിക് കമ്മിറ്റി എഗെയ്ന്‍സ്റ്റ് ടോര്‍ച്ചര്‍ ഇന്‍ ഇസ്രായേല്‍’ ഡയറക്ടര്‍ സാരി ബാഷി പറഞ്ഞു.

ഈ നയതന്ത്ര പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയില്‍, മറ്റൊരു തീവ്ര വലതുപക്ഷ ഇസ്രയേല്‍ മന്ത്രിയായ ധനമന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ ഗ്രാമമായ ഖാന്‍ അല്‍-അഹ്‌മര്‍ വംശീയമായി ശുദ്ധീകരിക്കാന്‍ ഉത്തരവിട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളോടുള്ള പ്രതികാരമായാണ് 700-ലധികം ആളുകള്‍ താമസിക്കുന്ന ഈ ഗ്രാമം ഒഴുപ്പിക്കാന്‍ സ്‌മോട്രിച്ച് ഉത്തരവിട്ടത്. സ്‌മോട്രിച്ച്, ബെന്‍-ഗ്വീര്‍ എന്നിവരുള്‍പ്പെടെയുള്ള ഇസ്രയേല്‍ മന്ത്രിമാര്‍ക്കെതിരെ ഐ.സി.സി പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ മാധ്യമമായ ഹാറെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഏഴ് മാസം പിന്നിട്ടിട്ടും ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ജനങ്ങള്‍ പട്ടിണിയിലും മതിയായ ശുചിത്വമില്ലാത്ത താല്‍ക്കാലിക ടെന്റുകളിലും കഴിയുന്ന സാഹചര്യത്തിലാണ്, അവര്‍ക്ക് സഹായവുമായെത്തിയ അന്താരാഷ്ട്ര സംഘത്തിന് നേരെ ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു ക്രൂരത ഉണ്ടായിരിക്കുന്നത്.

Content Summary: Global outrage erupts after Israeli Minister Itamar Ben-Gvir shares a video showing the abuse of international activists detained from the Gaza aid flotilla

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×