June 18, 2025 |
Share on

ലോകത്തെ വേദനയിലാഴ്ത്തിയ ചിത്രം; ഗാസയിലെ കുട്ടികളുടെ നോവുന്ന മുഖമായി സിവാര്‍ അഷോര്‍

കഴിഞ്ഞ വർഷം നവംബർ 20 ന് ജനിക്കുമ്പോൾ സിവാറിന്റെ ഭാരം വെറും 2.5 കിലോഗ്രാം മാത്രമായിരുന്നു

ഇസ്രയേൽ ആക്രമണത്തിൽ ഇരകളാകുന്ന ​ഗാസയിലെ നിരപരാധികളായ നിരവധി കുഞ്ഞുങ്ങളുടെ ദുരിതമുഖങ്ങൾ പലയാവർത്തി വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്. അവരുടെയെല്ലാം മുന്നിൽ ലോകത്തിന് നിസഹായതയോടെ തലതാഴ്ത്തുകയാണ് ചെയ്യേണ്ടി വന്നതും. അവരിലൊരാളായി, ​ഗാസയിൽ നടക്കുന്ന ക്രൂരതയുടെ നോവുന്ന മുഖമായി മാറിയിരിക്കുകയാണ് സിവാർ അഷോർ എന്ന് ആറ് മാസം പ്രായമുള്ള പെൺകുഞ്ഞ്.

ജനിച്ച ദിവസം മുതൽ സമാധാനമോ സന്തോഷമോ അറിയാതെ പട്ടിണിയിലാണ് സിവാർ അഷോർ കഴിയുന്നത്. ​ഗാസയിൽ രൂക്ഷമാകുന്ന പട്ടിണിയെക്കുറിച്ചുള്ള ബിബിസിയുടെ റിപ്പോർട്ടിൽ പോഷകാഹാരക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കുഞ്ഞ് സിവാറിന്റെ ചിത്രവും വന്നതോടെയാണ് അവളെക്കുറിച്ച് ലോകം അറിയുന്നത്. കഴിഞ്ഞ വർഷം നവംബർ 20 ന് ജനിക്കുമ്പോൾ സിവാറിന്റെ ഭാരം വെറും 2.5 കിലോഗ്രാം മാത്രമായിരുന്നുവെന്നാണ് ദി ​ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നത്. ജനനസമയത്ത് തന്നെ അന്നനാളത്തിന് പ്രശ്നം കണ്ടെത്തിയതിനാൽ മുലപ്പാൽ കുടിക്കാൻ സിവാറിന് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ അവസ്ഥയെ അതിജീവിക്കാൻ പ്രത്യേകമായ ചികിത്സ ആവശ്യമാണ്. എന്നാൽ നിലവിലെ ഗാസയിൽ അത് കണ്ടെത്തുക അസാധ്യമാണ്.

2023 ഒക്ടോബറിൽ ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചപ്പോൾ അൽ-നുസൈറത്തിലായിരുന്ന സിവാറിന്റെ കുടുംബവും ആക്രമിക്കപ്പെട്ടിരുന്നു. തുടർന്ന് കൃത്യമായ ഭക്ഷണം പോലും ലഭിക്കാതെ ഒരു ടെന്റിൽ സിവാറിന്റെ കുടുംബത്തിന് കഴിയേണ്ടി വന്നു. അവിടെ വെച്ചാണ് സിവാർ ജനിച്ചത്.

​ഗർഭിണിയായിരുന്ന സമയത്ത് തനിക്ക് വിശ്രമിക്കാൻ പോലും കഴിഞ്ഞില്ലെന്നും ശരിയായ പോഷകാഹാരമോ ഭക്ഷണമോ ലഭിച്ചില്ലെന്നും സിവാറിന്റെ അമ്മയായ 23 കാരിയായ നജ്‌വ അരാം പറഞ്ഞതായി ദി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

ജനിച്ചപ്പോൾ തന്നെ സിവാർ ദുർബലയായി കാണപ്പെട്ടിരുന്നു. ഇപ്പോഴും സിവാറിൻ്റെ ഭാരം 2 നും 4 നും ഇടയിൽ മാത്രമാണ്. പ്രസവസമത്ത് തന്നെ സിവാർ മരിച്ചുപോകുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്ന് നജ്‌വ അരാം പറഞ്ഞു. കഴിഞ്ഞ മാസം നജ്‌വ വീണ്ടും ഗർഭിണിയായി. തന്റെ രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നതിന് മുൻപ് സിവാർ മരിച്ചുപോകുമോയെന്ന് താൻ ഭയക്കുന്നുവെന്ന് നജ്‌വ അറിയിച്ചു. അതിനാൽ സിവാറിനെ പരിചരിക്കുന്നതിനായി കൂടുതൽ സമയവും നജ്‌വ ആശുപത്രിയിലാണ് ഇപ്പോൾ ചിലവഴിക്കുന്നത്. യുദ്ധം രൂക്ഷമായിരിക്കുന്നതിനാൽ അന്ധനായ നജ്‌വയുടെ ഭർത്താവ് സാലിഹിന് തന്റെ മകളോടൊപ്പവും ഭാര്യയോടൊപ്പവും ഒരുമിച്ച് താമസിക്കാനും കഴിയുന്നില്ല. ബോംബാക്രമണം കാരണം പല തവണ നജ്‌വക്കും സാലിഹിനും പലയിടങ്ങളിൽ കഴിയേണ്ടി വന്നിട്ടുണ്ട്.

​ഗാസയിൽ മാനുഷികസഹായം ലഭിക്കുന്നതിന് ഇസ്രയേൽ വിലക്കേർപ്പെടുത്തിയതോടെ സിവാറിന്റെ അവസ്ഥ കൂടുതൽ മോശമാവുകയാണ് ചെയ്തതെന്ന് നജ്‌വ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിവാറിന് മുലപ്പാൽ നൽകാൻ ശ്രമിക്കാറുണ്ടെങ്കിലും അവൾക്കത് സ്വീകരിക്കാൻ കഴിയില്ല. പ്രത്യേക ഫോർമുലയുള്ള പാൽ ക്യാനിൽ സൂക്ഷിച്ച് വെച്ചാണ് സിവാറിന്റെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. എന്നാൽ ഇനി അങ്ങനെ നൽകാൻ കഴിയാത്ത രീതിയിലേക്ക് പട്ടിണി ​ഗാസയിൽ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

മാർച്ചിൽ, നജ്‌വയും സിവാറും ദെയ്ർ അൽ-ബലാഹിലെ ഒരു ആശുപത്രിയിൽ ആണ് കഴിഞ്ഞിരുന്നത്. അവിടെ വെച്ചാണ് പ്രത്യേക ഫോർമുലയുള്ള പാൽ നൽകി തുടങ്ങിയത്. തുടർന്ന് സിവാറിന്റെ ഭാരം വർദ്ധിക്കുകയും 4 കിലോഗ്രാം ആവുകയും ചെയ്തിരുന്നു.
എന്നാൽ ആശുപത്രി വിട്ടതിനുശേഷം സിവാറിന്റെ ഭാരം വീണ്ടും കുറയാൻ തുടങ്ങി. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലാണ് ഇപ്പോൾ സിവാറുമൊത്ത് നജ്‌വ കഴിയുന്നത്. അവിടെയുള്ള ഡോക്ടർമാർ അവരുടെ കഴിവിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും എന്നാൽ സിവാറിന് ഇവിടെയുള്ള ഫോർമുല കൈകാര്യം ചെയ്യാൻ കഴിയുന്നില്ലായെന്നാണ് ഡോക്ടർമാർ പറയുന്നതെന്നും നജ്‌വ പറഞ്ഞു.

ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ അവസ്ഥ സിവാറിനേക്കാൾ മോശമാണ്. ഓരോ ദിവസവും 5 മുതൽ 10 വരെ പുതിയ പോഷകാഹാരക്കുറവുള്ള കേസുകൾ കാണുന്നുണ്ടെന്നും ചില കേസുകൾ വളരെ ഗുരുതരമാണെന്നും നാസർ ആശുപത്രിയിലെ കുട്ടികളുടെയും പ്രസവചികിത്സയുടെയും തലവനായ ഡോ. അഹമ്മദ് അൽ-ഫറഹ് പറഞ്ഞതായി ​ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇത് ഹൃദയഭേദകമാണ്. ഈ കുട്ടികൾക്ക് പോഷകാഹാരം ആവശ്യമാണ്. പക്ഷേ ഞങ്ങൾക്ക് ഒന്നുമില്ല, ഡോ. അഹമ്മദ് അൽ-ഫറഹ് പറഞ്ഞു. ​ഗാസയിൽ ഓരോ ദിവസവും പോഷകാഹാര കുറവ് മൂലം നിരവധി കുഞ്ഞുങ്ങളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളെയും ലോകം മനുഷ്യരായി കണക്കാക്കണമെന്ന് ​ഗാസയിലെ ജനങ്ങൾ അഭ്യർത്ഥിക്കുന്നതായി ​ഗാർഡിയന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Content Summary: gaza children starvation; Siwar Ashour, the Heartbreaking Symbol of Gaza’s Children

Leave a Reply

Your email address will not be published. Required fields are marked *

×