June 26, 2026 |

‘ആത്മഹത്യയല്ലാതെ മറ്റൊരു മാർ​ഗമില്ല’ ; ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കൾക്കും അവ​ഗണന

മക്കൾക്കായി ജീവനും ജീവിതവും
ബലിയർപ്പിക്കുന്ന കുടുബങ്ങൾ

‘ഉറങ്ങിയിട്ട് ദിവസം എത്ര ആയെന്നോ. മകനെയോർത്ത് ആശങ്കയാണ്. ആത്മഹത്യ അല്ലാതെ ഇനി എനിക്കും ഭാര്യയ്ക്കും മുന്നിൽ മറ്റു വഴികളില്ല’ ഇത്രയും പറ‍ഞ്ഞു തീരുമ്പോഴേക്കും ആലപ്പുഴ സ്വദേശിയായ മുജീബിന്റെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. 23 വയസാണ് മുജീബിന്റെ മകൻ സുഹൈലിന്. ബൗദ്ധികമായി വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയാണ് സുഹൈൽ.

ആറുമാസം പ്രായമുള്ളപ്പോഴാണ് സുഹൈലിന് ആദ്യമായി അപസ്മാരമുണ്ടാവുന്നത്. അന്ന് കൃത്യമായ ചികിത്സകൾ നൽകിയെ​ങ്കിലും വിധി മുജീബിനും കുടുംബത്തിനും കാത്തുവച്ചത് മറ്റൊന്നായിരുന്നു. ജീവൻ കൊടുത്തും മകനെ സംരക്ഷിക്കാൻ മുജീബും ഭാര്യയും തയ്യാറാണ്. എന്നാൽ സമൂഹം ഇവർക്ക് മുന്നിൽ ഒരു വെല്ലുവിളിയാണ്. ഇത് മുജീബിന്റെയും സുഹൈലിന്റെയും മാത്രം അനുഭവമല്ല. ​ഗർഭസ്ഥ അവസ്ഥയിലുണ്ടാവുന്ന നൂനതകൾ മൂലം ഭിന്നശേഷിക്കാരായ തീർന്ന മക്കൾക്ക് വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയർപ്പിക്കേണ്ടി വന്ന നിരവധി മാതാപിതാക്കളുണ്ട് കേരളത്തിൽ.

വാടകയ്ക്കാണ് ‍ഞാനും ഭാ​ര്യയും താമസിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന ഒരു മകനുണ്ടെന്ന കാരണം മുൻനിർത്തി ഞങ്ങൾക്ക് വീട് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംസാരിക്കാനോ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യാനോ അവന് കഴിയില്ല. ഭക്ഷണം നൽകുന്നതും, മറ്റു കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നതുമെല്ലാം ഞാൻ തന്നെയാണ്. അവൻ വളരെ ഹൈപ്പറായിട്ടുള്ള ഒരു കുട്ടിയാണ്. അതുകൊണ്ട് തന്നെ പൊതുസ്ഥലങ്ങളിൽ ഇവനെ കൊണ്ടുപോകാൻ ഞങ്ങൾക്ക് പലപ്പോഴും സാധിക്കാറില്ല. ഞാനും ഭാ​ര്യയും എന്തെങ്കിലും പരിപാടികളിൽ പങ്കെടുക്കാൻ ഒരുമിച്ച് പോയിട്ട് കാലങ്ങളായി. ഇക്കഴിഞ്ഞ ദിവസം അവന് ഒരു അപകടമുണ്ടാവുകയും കൈയുടെ ജോയിന്റ് രണ്ടായി ഊരിപോയി ചെയ്തു. ഇവന് അടിയന്തിര ചികിത്സ നൽകാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഡോക്ടറെ കാണിച്ചപ്പോൾ എക്സ് റേ എടുക്കാൻ നിർദേശിച്ചെങ്കിലും നാല് സ്കാനിം​ഗ് സെന്ററുകളിൽ എത്തിച്ചതിന് ശേഷമാണ് എക്സ് റേ എടുക്കാൻ സാധിച്ചതെന്നും ‘ ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന സേവ് ഫാമിലി എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയായ മൂജീബ് പറയുന്നു.

മക്കളെയോർത്ത് പരിതപിക്കുന്ന ഈ മാതാപിതാക്കൾക്ക് പലപ്പോഴും ആവശ്യമായ മാനസിക പിന്തുണ ലഭിക്കുന്നില്ലായെന്നത് വേദനാജനകമാണ്. ഈ ഒരു കാരണം കൊണ്ട് മാത്രം 27 ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. പല തരത്തിലുള്ള പരിവർത്തനങ്ങൾ സംഭവിച്ചുവെന്ന് പറയുമ്പോഴും ഇപ്പോഴും സമൂഹത്തിന് ഇത്തരം ആളുകളെ ഉൾക്കൊള്ളാൻ മടിയുണ്ട്. ഇത്തരം അവ​ഗണനകളെത്തി നിൽക്കുന്നത് ആത്മഹത്യകളിലാണ്.

സേവ് ഫാമിലി എന്ന സംഘടനയിലെ തന്നെ അം​ഗം ആയിരുന്നു പ്രസന്നകുമാരി അമ്മ ഭിന്നശേഷിക്കാരായ തന്റെ മക്കളെയും കൂട്ടി തീകൊളുത്തി മരിക്കുകയായിരുന്നു. കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു പ്രസന്നകുമാരി. ഭർത്താവും രോ​ഗബാധിതൻ. ആരോ​ഗ്യപരമായ പ്രശ്നങ്ങൾ കാരണം പ്രസന്നകുമാരിയ്ക്ക് കാഴ്ച നഷ്ടപ്പെടാൻ തുടങ്ങി. തനിക്ക് മറ്റു ജോലികൾക്കൊന്നും ഇനി പോകാൻ സാധിക്കില്ലെന്ന് മനസിലാക്കിയ പ്രസന്നകുമാരി മക്കളെയും കൂട്ടി ആത്മഹത്യ ചെയ്തു. ജോലിയെടുത്ത് ജീവിക്കുന്നതിനും മക്കളെ നോക്കുന്നതിനും തനിക്ക് മുന്നിൽ മറ്റു വഴികളില്ലെന്ന് മനസിലാക്കിയ പ്രസന്നകുമാരിയ്ക്ക് മുന്നിൽ ആത്മഹത്യ അല്ലാതെ മറ്റൊരു മാർ​ഗവുമില്ലായിരുന്നു. ഈ മരണങ്ങൾ ചർച്ച ചെയ്യപ്പെട്ടില്ല. ഇനിയൊരു ജീവനും പൊലിയാതിരിക്കാൻ ആരും ഇതുവരെ നടപടികളൊന്നും സ്വീകരിച്ചില്ല. ഭിന്നശേഷിക്കാർ അം​ഗങ്ങളായുള്ള കുടുംബങ്ങളിലെ ആത്മഹത്യകൾ തുടർക്കഥയാവുകയാണ്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നേരെയുള്ള ലൈം​ഗികാതിക്രമങ്ങളും വർദ്ധിക്കുന്നുണ്ട്. അഭിമാനമോർത്ത് നിശബ്ദരായിരിക്കുന്നവരാണ് പലരും.

2022 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ആത്മഹത്യയും കൊലപാതകവുമായി ഏകദേശം 27 മരണങ്ങളാണ് ഭിന്നശേഷി കുട്ടികളുള്ള കുടുംബങ്ങളിൽ സംഭവിച്ചിട്ടുണ്ട്. സേവ് ഫാമിലിയെന്ന ഭിന്നശേഷിക്കാരുടെ സംഘടനയിലെ അം​ഗമാണ് ഞാൻ. ഇതേ അനുഭവത്തിലൂടെ കടന്നു പോകുന്നുവെന്ന കാരണത്തിലാണ് ഇത്തരത്തിലുള്ള മാതാപിതാക്കൾക്ക് വേണ്ടി നിലകൊള്ളണമെന്ന തീരുമാനത്തിലേക്ക് ഞാനെത്തുന്നത്. ശാരീരികമായ വെല്ലുവിളികൾ നേരിടുന്ന ആളുകൾക്ക് അവരുടെ പ്രശ്നങ്ങൾ പറയാൻ സാധിക്കുന്നുണ്ട്. എന്നാൽ ബൗദ്ധികമായ വെല്ലുവിളികൾ നേരിടുന്ന ആളുകൾ രക്ഷകർത്താക്കളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. വർഷങ്ങൾ കഴിയുമ്പോൾ മാതാപിതാക്കൾക്ക് പ്രായം കൂടും അതോടെ തങ്ങളുടെ മരണശേഷം മക്കളെ ആരു നോക്കുമെന്ന ആശങ്ക അവിടെ ഉടലെടുക്കുന്നുവെന്നും മുജീബ് വ്യക്തമാക്കി.

2024 ഡിസംബറിലാണ് കോഴിക്കോട് ജില്ലയിൽ കാട്ടാങ്ങൾ സ്വദേശിയായ സുഹാസിനി ചെറുമകളും ഭിന്നശേഷിക്കാരിയുമായ 12 വയസ്സുകാരിയായ ശ്രീനന്ദയും ചേർന്ന് ആത്മഹത്യ ചെയ്യുന്നത്. 2025 ഫെബ്രുവരിയിൽ മലപ്പുറം കൽപകഞ്ചേരി കാവുപുരയിൽ കടുത്ത മാനസിക സംഘർഷത്തിൽ അകപ്പെട്ട മാനസിക വെല്ലുവിളികൾ നേരിടുന്ന യുവാവ് സ്വന്തം മാതാവിനെ ക്രൂരമായി മർദ്ദിക്കുകയും ശേഷം ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തുകയും ചെയ്തിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റത്ത് ഭിന്നശേഷിക്കാരനായ മകൻ മൂന്നര വയസ്സുകാരൻ ദേവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിനു ശേഷം പിതാവ് ഉമേഷ് തൂങ്ങി മരിച്ചത് 2025 ജൂലൈ 12നായിരുന്നു. ഇക്കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ ചുരുക്കം ചിലത് മാത്രമാണിവ. എണ്ണപ്പെടാതെ പോകുന്ന, കാരണം തിരക്കാതെ പോകുന്ന നിരവധി മരണങ്ങളുണ്ട് ഇനിയും. ഇവരെ പൊതു സ്ഥലങ്ങളിലോ ആളുകൾ കൂടുന്ന ചടങ്ങുകളിലോ കൊണ്ടു പോകുവാൻ കഴിയാതെ ഓരോ മാതാപിതാക്കളും അനുഭവിക്കുന്ന വേദനകൾ ചെറുതൊന്നുമല്ല.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരാളാണ് ഹരികൃഷ്ണൻ. ബൗദ്ധികമായും മാനസികമായും വെല്ലുവിളി നേരിടുന്ന മക്കളുള്ള മാതാപിതാക്കൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. മാതാപിതാക്കൾക്ക് പ്രായമാവുന്നതോടെ കുട്ടികളെ എന്തു ചെയ്യുമെന്ന കാര്യത്തിൽ അവർക്ക് ആശങ്കയുണ്ടാവുന്നു. പെൺകുട്ടികളുള്ള അമ്മമാർ നേരിടുന്ന വെല്ലുവിളി വളരെ വലുതാണ്. നമുക്ക് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം കൂടിയാണ്. അത്തരത്തിലുള്ള പല സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇവർക്ക് സഹായകമാകുന്ന രീതിയിൽ പല നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന് ഹരികൃഷ്ണൻ വ്യക്തമാക്കുന്നു.

രക്ഷകർത്താക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്ന് ഇവർക്ക് ലഭിക്കുന്ന പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നതാണ്. 20കളും 30കളും കഴിയുമ്പോൾ തന്നെ ഇവർക്ക് പല ജീവിതശൈലി രോ​ഗങ്ങളും പിടിപെടുന്നു. അതുകൊണ്ട് തന്നെ ഇവരുടെ ചികിത്സയ്ക്കായി ഒരു വലിയ തുക തന്നെ ചിലവാകുന്നുണ്ട്. സാധാരണക്കാരായ ആളുകൾക്ക് ഈ ചിലവുകൾ വഹിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് പലരുടെയും അനുഭവങ്ങൾ വ്യക്തമാക്കുന്നത്. ഭിന്നശേഷിക്കാരായ ആളുകൾക്ക് ഡയപ്പർ ഉൾപ്പെടെ വിതരണം ചെയ്യണമെന്ന് തദ്ദേശ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെ​ങ്കിലും അത് പല സ്ഥലങ്ങളിലും ഇതുവരെ നടപ്പിലായിട്ടില്ല. ഡയപ്പറുകൾ സ്ഥിരമായി ഉപയോ​ഗിക്കേണ്ടതായി വരുന്നത് കൊണ്ട് തന്നെ അതിലേക്കായി നല്ല ഒരു ശതമാനം കാശ് ചിലവാകുന്നുണ്ട്. അവയുടെ നിർമാർജ്ജനവുമായി ബന്ധപ്പെട്ടും പ്രശ്നങ്ങൾ നേരിടുന്നുണ്ട്.

അമ്മമാരെ സംബന്ധിച്ച് കുഞ്ഞിന്റെ ശാരീരിക മാനസിക വെല്ലുവിളികളൊക്കെ മുൻനിർത്തി അവർക്ക് കുഞ്ഞുങ്ങളെ ഒഴിവാക്കാൻ പറ്റില്ല. എന്നാൽ അച്ഛന്മാരുടെ കാര്യം നേരെ തിരിച്ചാണ്. ദാമ്പത്യ ജീവിതത്തിലെ മറ്റു ആവശ്യങ്ങൾ നടക്കാതെയാകുമ്പോൾ ഇവർക്കിടയിലെ ബന്ധത്തിന് വിള്ളലുണ്ടാവുന്നു.

തണ്ണീർമുക്കത്ത് സെറിബ്രൽ പാഴ്സിയുള്ള ഒരു കുട്ടിയുണ്ടായിരുന്നു. രണ്ട് വർഷം മുമ്പ് ആ കുട്ടി മരണപ്പെട്ടു. പതിനാല് വയസുള്ള ഈ കുട്ടിയെ മരണപ്പെടുന്നത് വരെ അച്ഛനാണ് നോക്കിയിരുന്നത്. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഈ കുട്ടിയേയും അമ്മയേയും ഉപേക്ഷിച്ച് പിതാവ് മറ്റൊരു ബന്ധത്തിലേക്ക് നീങ്ങി. ഇതിന്റെ കാരണം മാതാപിതാക്കൾക്ക് ഇടയിലുണ്ടായ മാനസികവും ശാരീരികവുമായി അകൽച്ചയാണെന്ന് ആ അമ്മയോട് സംസാരിച്ചതിൽ നിന്ന് തനിക്ക് മനസിലായതായി ഹരികൃഷ്ണൻ പറയുന്നു

ചേർത്തലയിൽ നിന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവമുണ്ട്. പതിനാല് വയസുള്ള ഈ പെൺകുട്ടി കിടപ്പു രോ​ഗിയാണ്. ഈ കുഞ്ഞിനേയും അമ്മയേയും ഉപേക്ഷിച്ച് ഭർത്താവ് പോയതോടെ കുഞ്ഞിനെ നോക്കേണ്ടത് ഈ അമ്മയുടെ മാത്രം ഉത്തരവാ​ദിത്തമായി മാറി. ഇവർക്ക് ഒരു മകൻ കൂടിയുണ്ട് അവന് ഈ അനിയത്തിയെ നോക്കുന്ന കാര്യത്തിൽ താത്പര്യമില്ല. ഭർത്താവിന്റെ ഭാ​ഗത്ത് നിന്നും മകന്റെ ഭാ​ഗത്ത് നിന്നും ഇത്തരം പ്രശ്നങ്ങളുണ്ടായതോടെ ആത്മഹത്യയെന്ന ഒരു തീരുമാനത്തിലേക്ക് അവരെത്തിയിരുന്നു. എന്നാൽ കൗൺസിലിം​ഗ് മറ്റും കൊടുത്ത് അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചത്.

കിടക്കരപ്പള്ളി പഞ്ചായത്തിൽ 43 വയസുള്ള ഇന്റീജ്വൽ ഡിസബിലിറ്റിയുള്ള ഒരാളുണ്ട്. കുറച്ച് വർഷം മുമ്പ് അച്ഛൻ മരിച്ചുപോയ ഈ വ്യക്തി അമ്മയുടെ രക്ഷകർതൃത്വത്തിലാണ് വളരുന്നത്. രണ്ട് സഹോദരിമാരുണ്ടെങ്കിലും അവർക്ക് ഇങ്ങനൊരാളെ നോക്കുന്നതിനോട് താത്പര്യമില്ല. വിവാഹം കഴിച്ചതോടെ അവരിപ്പോൾ ഈ വീട്ടിലേക്ക് വരാറില്ല. ഏകദേശം 70 വയസിന് മുകളിൽ പ്രായമുള്ള ഈ അമ്മ തൊഴിലുറപ്പിന് പോയാണ് മകനെ നോക്കുന്നത്.

മക്കൾക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഇത്തരം അമ്മമാർക്ക് മാനസികമായ പിന്തുണ നൽകാൻ കുടുംബശ്രീ വഴിയെല്ലാം ഓരോ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അതത്ര ഫലപ്രദമായല്ല പ്രവർത്തിക്കുന്നത്. പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇതിലേക്ക് എത്തിച്ചേരാത്ത പല കുടുംബങ്ങളുമുണ്ട് ഇപ്പോഴും. ഇവരുടെ ചികിത്സയുടെ കാര്യത്തിലാണ് പ്രാഥമികമായ പരി​ഗണന നൽകേണ്ടത്. മെഡിക്കൽ കോളേജുകളിലടക്കം ഇതിനുള്ള സംവിധാനങ്ങളൊരുക്കിയാൽ തങ്ങൾക്ക് സഹായകമാവുമെന്നാണ് പലരും പറയുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൾ, സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാത്ത സ്ഥാപനങ്ങളിലെ അപര്യാപ്തത, സർക്കാർ സ്പെഷ്യൽ സ്ഥാപനങ്ങളുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങൾ എന്നിവ മൂലം ഭിന്നശേഷിക്കാർക്ക് ദൈനംദിനം ലഭിക്കേണ്ട വിവിധ തരം തെറാപ്പികൾ നഷ്ടപ്പെടുന്നുണ്ട്. ധാരാളം രക്ഷിതാക്കൾ ഇത്തരം കുട്ടികൾ ജനിച്ചു എന്ന കാരണത്താൽ തൊഴിലിന് പോകുവാൻ കഴിയാതെ ബുദ്ധിമുട്ടുകൾ നേരിടുന്നു. ഇതിനാൽ തൊഴിലിൽ ഇവർക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്നതും ഇവരുയത്തുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ്.

സമൂഹത്തിൽ എല്ലാവരെയും പോലെ നല്ലൊരു ജീവിതം നയിക്കാൻ അവകാശങ്ങളുള്ള സാമൂഹ്യ ജീവികളാണ് ഈ മനുഷ്യരും. അവ​ഗണനയ്ക്കും കുത്തുവാക്കുകൾക്കും പകരം ഇവരെ ചേർത്തു നിർത്താൻ നമുക്ക് സാധിച്ചാൽ എത്ര ജീവിതങ്ങളാവും നമുക്ക് രക്ഷിക്കാൻ കഴിയുക.

content summary: Parents of differently abled children face neglect, with rising concerns over increasing suicides in these families

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×