June 04, 2026 |
Share on

‘ആ ജനങ്ങളെ ഇങ്ങനെ കൂട്ടമായി ശിക്ഷിക്കരുത്‌’: ഗാസയ്ക്കായി അപേക്ഷിച്ച് മാര്‍പാപ്പ

ഒരു വശത്ത് കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണി കൊണ്ട് മരിച്ചു വീഴുമ്പോള്‍ മറുവശത്ത് ഇസ്രയേലില്‍ സൈനികമായും പലസ്തീനികളെ കൊല്ലുന്നു

പട്ടിണിയില്‍ മരിക്കുന്ന പലസ്തീനികളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പലസ്തീനികളാണ് ഗാസയില്‍ പട്ടിണി മൂലം മരിച്ചത്. ഗാസയില്‍ യുദ്ധം ആരംഭിക്കുകയും ഇസ്രായേല്‍ പലസ്തീന്‍ പ്രദേശത്തു ഉപരോധം ശക്തമാക്കുകയും ചെയ്തതിനുശേഷം 119 കുട്ടികള്‍ ഉള്‍പ്പെടെ കുറഞ്ഞത് 313 പേര്‍ പട്ടിണി മൂലം ഇതിനകം മരിച്ചിട്ടുണ്ട്. ഗാസ കടുത്ത ഭക്ഷ്യക്ഷാമത്തിലാണെന്നും അടിയന്തര സഹായം ലഭ്യമാക്കിയില്ലെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ ഭക്ഷണമില്ലായ്മ മൂലം സംഭവിക്കുമെന്നും ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഒരു നിരീക്ഷണ സമിതി കഴിഞ്ഞാഴ്ച്ച ലോകത്തോട് പറഞ്ഞിരുന്നു.

ഗാസയിലെ ദുരിതത്തിന് അറുതി വരുത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഗാസയിലെ ജനങ്ങളെ കൂട്ട ശിക്ഷയ്ക്ക് വിധിക്കുന്നതില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്നാണ് മാര്‍പാപ്പ അഭ്യര്‍ത്ഥിക്കുന്നത്. വത്തിക്കാന്‍ ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് വിശ്വസികളെ സാക്ഷിയാക്കിയാണ് അദ്ദേഹം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത്. തുടര്‍ന്നു സദസില്‍ നിന്നുയര്‍ന്ന കരഘോഷം മൂലം പോപ്പിന്റെ പ്രസംഗം രണ്ടുതവണയാണ് തടസപ്പെട്ടത്.

മനുഷ്യരുടെ അവസ്ഥ ഏറ്റവും മോശമായിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധം നിര്‍ത്തിവയ്ക്കണമെന്നും ലിയോ പതിനാലാമന്‍ അപേക്ഷിക്കുന്നുണ്ട്. സ്ഥിരമായ വെടിനിര്‍ത്തല്‍ സാധ്യമാകണമെന്നും ഗാസയില്‍ മാനുഷിക സഹായങ്ങള്‍ സുരക്ഷിതമായി എത്തുന്നത് എളുപ്പമാക്കണമെന്നും, ഒപ്പം മാനുഷിക നിയമം പൂര്‍ണമായി മാനിക്കപ്പെടണമെന്നും ഞാന്‍ അപേക്ഷിക്കുകയാണെന്നു മാര്‍പാപ്പ പറഞ്ഞു. ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നത് ഒഴിവാക്കുന്ന അന്താരാഷ്ട്ര നിയമം ഗാസയില്‍ നടപ്പാക്കപ്പെടണമെന്നാണ് പോപ്പ് ആഗ്രഹിക്കുന്നത്. ഗാസയില്‍ വിവേചനരഹിതമായി നടക്കുന്ന ബലപ്രയോഗവും, പലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നതും പോപ്പ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശ വിഷയങ്ങളാക്കി.

ഗാസയിലെ പട്ടിണി അതിന്റെ ഏറ്റവും മാരകമായ രൂപത്തിലാണെന്നാണ് സേവ് ദി ഡില്‍ഡ്രന്‍ എന്ന സംഘടനയും പറയുന്നത്. അവിടുത്തെ കുഞ്ഞുങ്ങള്‍ പട്ടിണി കൊണ്ട് പൂര്‍ണമായി തളര്‍ന്നു പോയിരിക്കുന്നു. അവര്‍ക്ക് കരയാന്‍ പോലുമുള്ള ശക്തിയില്ല എന്നാണ് സംഘടനയുടെ നേതൃത്വത്തിലുള്ള ഇംഗര്‍ ആഷിംഗ് പറയുന്നത്. ‘ആവശ്യത്തിന് ഭക്ഷണം ഇല്ലാതെ വരുമ്പോള്‍, കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവുള്ളവരാകുന്നു, അതേ തുടര്‍ന്ന് അവര്‍ സാവധാനത്തിലും വേദനാജനകമായും മരിക്കുന്നു. ലളിതമായി പറഞ്ഞാല്‍, ഇതാണ് ക്ഷാമം’ ഐക്യരാഷ്ട്ര സഭ സെക്യൂരിറ്റി കൗണ്‍സിലില്‍ സംസാരിക്കവെ ആഷിംഗ് പറഞ്ഞു. ഗാസയില്‍ നടക്കുന്ന ദുരിതത്തിന് ഈ മുറിയില്‍ ഇരിക്കുന്ന ഓരോരുത്തരും നിയമപരമായും ധാര്‍മികമായും ഉത്തരവാദികളാണെന്നും ആഷിംഗ് ഓര്‍മിപ്പിച്ചു.

ഒരു വശത്ത് പട്ടിണി മൂലം കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചു വീഴുമ്പോഴും മറുവശത്ത് ഇസ്രയേല്‍ സേന പലസ്തീനികളെ കൊന്നൊടുക്കുന്നത് തുടരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 76 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചത്.  Gaza starvation; Pope Leo XIV demand end collective punishment 

Content Summary; Gaza starvation; Pope Leo XIV demand end collective punishment

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×