വലിയ കപ്പലുകള്‍ കത്തുകയും മറയുകയും ചെയ്യുന്നതിലെ ആശങ്കകള്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഗാസയിലേക്ക് നീങ്ങിയ ഒരു കുഞ്ഞ് കപ്പലിനെ തടയുകയും, അതിലെ യാത്രക്കാരെ തടവിലാക്കുകയും ചെയ്ത ഇസ്രയേല്‍ കാടത്തത്തിന്റെ വാര്‍ത്ത നാം കാണാതെ പോകരുത്. വിശന്നു കരയുന്ന ഒരു ജനതയെ ബോംബുകള്‍ വന്നു വിഴുങ്ങുന്ന പലസ്തീനിലേക്ക് നീങ്ങിയ ഒരു സ്‌നേഹം നൗകയെ കാത്തിരുന്ന കുരുന്നുകള്‍ക്കിപ്പോള്‍ കരയാന്‍ കണ്ണീരുപോലും ബാക്കിയുണ്ടാവില്ല. പട്ടിണികിടക്കുന്ന ഗാസയിലെ സാധാരണക്കാര്‍ക്ക് ഭക്ഷ്യസഹായവുമായി ഗാസാ മുനമ്പിലേക്ക് പുറപ്പെട്ട മെഡ്ലീന്‍ കപ്പല്‍ ഇസ്രായേല്‍/ പിടിച്ചെടുത്തിരിക്കുകയാണ്. വിഷമം നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് ഓടിയെത്താന്‍ നെഞ്ചു കലങ്ങിയോ നെഞ്ചളവിന്റെ ബലത്തിലോ ആരുമെത്തിയില്ല. ഭൂമിക്കായി ലോകരാഷ്ട്ര നേതാക്കളോട് വിരല്‍ ചൂണ്ടിയ പരിസ്ഥിതി പോരാളിയായ കുട്ടി ഗ്രെറ്റ തുംബര്‍ഗിന്റെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ പാര്‍ലമെന്റംഗം റിമ ഹസ്സ എന്നിവരടക്കമുള്ള പന്ത്രണ്ട് മനുഷ്യര്‍ ഗാസയിലേക്ക് തുഴഞ്ഞ സ്‌നേഹ യാനമാണ് മനുഷ്യത്വ വിരുദ്ധതയുടെ കിരാതന രൂപവും കുറ്റവാളി രാഷ്ട്രവുമായ ഇസ്രായേല്‍ തടഞ്ഞത്. മെഡ്ലീന്‍ കപ്പല്‍ കടല്‍ ഉപരോധം ലംഘിക്കരുതെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെ ഇസ്രയേല്‍ നാവികസേന തടയുകയും യാത്ര സംഘത്തെ പിടിച്ചെടുത്ത് നാടുകടത്തുകയും ചെയ്തു. 2007 മുതല്‍ ആരംഭിച്ച കര കടല്‍ വ്യോമ ഉപരോധത്തിലൂടെ ഗാസയെ വളഞ്ഞ ഇസ്രയേല്‍ 2023 ഒക്ടോബര്‍ 7 തുടങ്ങിയ ഈ കൂട്ടക്കുരുതിയില്‍ ഇതുവരെ 54 927 മനുഷ്യരെയാണ് കൊലപ്പെടുത്തിയത്. ഓരോ 20 മിനിറ്റിലും ഒരു കുഞ്ഞു വീതം മരിക്കുന്ന ലോക ഭൂപടത്തില്‍ ഒരു സങ്കടപ്പൊട്ടാണ് ഇന്ന് ഗാസ.
ഗ്രെറ്റ തുംബര്‍ഗ്
ഏതു നിമിഷവും വന്നുവീഴുന്ന ഒരു ബോംബിനാല്‍ ചിതറി തെറിക്കപ്പെടുമ്പോള്‍ തിരിച്ചറിയുന്നതിനായി ഓരോ കുട്ടിയുടെയും ശരീരത്തില്‍ പേരെഴുതി വെക്കുന്നവരുടെ നാടാണ് പലസ്തീന്‍. ഇസ്രയേല്‍ എന്ന കുറ്റവാളി രാഷ്ട്രം ഒരു നരഭോജിയെ പോലെ ഒരു പലസ്തീനെ കൊന്നുതിന്ന് ഗാസാ മുനമ്പിലെ കുറച്ചു മനുഷ്യരെ മാത്രമാണ് ബാക്കി വെച്ചിട്ടുള്ളത്. പട്ടിണികൊണ്ട് മരിക്കുകയും വിശന്നു നിലവിളിക്കുകയും ചെയ്യുന്ന ഈ മനുഷ്യര്‍ക്കിടയിലേക്കുള്ള ഭക്ഷണവും മരുന്നും തടഞ്ഞുവയ്ക്കുക കൂടിയാണ് ഇപ്പോള്‍ ഇസ്രയേല്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഗാസയില്‍ അടിയന്തരമായി ഭക്ഷണസാധനങ്ങളും മരുന്നും എത്തിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ പതിനാലായിരം കുട്ടികള്‍ മരിച്ചു വീഴുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷിക സഹായം വിഭാഗം മേധാവി ടോം ക്ലേച്ചര്‍ പങ്കുവെച്ച് ഈ വാര്‍ത്ത മനുഷ്യവംശത്തെയാകെ ഞെട്ടിപ്പിക്കുന്നതാണ്. നാമറിഞ്ഞിട്ടും ഈ കൂട്ടക്കുരുതി നടക്കുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭൂമിയിലെ ഓരോ മനുഷ്യനുമുണ്ട്. പുതിയൊരു തലമുറ വളര്‍ന്നു വരാതിരിക്കാനായി പലസ്തീനിലെ കുഞ്ഞുങ്ങളെ പ്രത്യേകമായി ലക്ഷ്യംവയ്ക്കുന്നത് ഇസ്രയേല്‍ നടത്തുന്ന വംശഹത്യയുടെ അടിസ്ഥാന ലക്ഷ്യമാണ്. ഈ സന്ദര്‍ഭത്തിലാണ് ഫ്രീഡം ഫ്‌ലോട്ടില്ലയുടെ പ്രവര്‍ത്തകര്‍ ജീവന്‍ നില നിലനിര്‍ത്താനുള്ള അവശ്യസാധനങ്ങളുമായി ഒരു കപ്പലില്‍ ഇറങ്ങിത്തിരിച്ചത്.
വിശന്നിരിക്കുന്ന മനുഷ്യര്‍ക്കുനേരെ പോലും ബോംബിടുമ്പോള്‍ ഇതിനെതിരെ ശബ്ദിക്കാന്‍ കഴിയാത്ത മനുഷ്യരുടെ നിസംഗത തിരുത്തപ്പെടേണ്ടതാണെന്ന് സന്ദേശം കൂടിയാണ് ഈ കപ്പല്‍ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിലും മനുഷ്യരാശിക്ക് നല്‍കുന്ന സന്ദേശം. പലസ്തീനും ഇസ്രായേലും എന്നീ രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് അവിടെ നിരന്തരമായ കലാപങ്ങളും സംഘര്‍ഷങ്ങളുമൊക്കെ തുടര്‍ച്ചയായി സൃഷ്ടിക്കുന്നത്. ഗാസാ മുനമ്പിലെ അവസാനത്തെ മനുഷ്യനെയും കൊലപ്പെടുത്തി ഇതൊരു ടൂറിസ്റ്റ് സ്‌പോട്ടാക്കി മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ ആഗ്രഹത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടാവും. പക്ഷേ എന്താണ് യഥാര്‍ത്ഥ പാലസ്തീന്‍ പ്രശ്‌നമെന്ന് അറിയാതെയും, രണ്ടു രാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കം മാത്രമാണെന്ന് കരുതുകയും ചെയ്യുന്ന ഒരു ജനത വളര്‍ന്നുവരികയാണ്. ആ തര്‍ക്കത്തിന്റെ ചരിത്രത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിയാനുള്ള അവസരമാണ് ഇപ്പോള്‍ നാം ഒരുക്കേണ്ടത്. പലസ്തീനിലുള്ള ജൂതന്‍മാര്‍ക്കിടയിലേക്ക് ലോകത്തിന്റെ പലയിടത്തു നിന്നുമായി കുടിയേറിയെത്തിയ ജൂതന്‍മാര്‍ അവര്‍ക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന് വാശിപിടിച്ചു. ഐക്യരാഷ്ട്ര സംഘടന ഇടപെട്ട് പലസ്തീനില്‍ അവര്‍ക്കായി ഇസ്രയേല്‍ എന്ന രാഷ്ട്രം രൂപീകരിച്ചു. പലസ്തീന് 45 ശതമാനവും, ഇസ്രയേലിന് 55 ശതമാനവും ഭൂമി എന്നാണ് വിഭജിച്ചു നല്‍കിയത്. അതിലൊരു ശരികേട് ഉണ്ട്, എന്നിട്ടും മതിയാകാതെ ഇസ്രയേല്‍, യുദ്ധം നടത്തി വീണ്ടും പലസ്തീന്‍ ഭൂമി കയ്യടക്കുകയും ചെയ്തു. ഈ പ്രശ്‌നം പരിഹരിക്കാനായി യുദ്ധത്തിലൂടെ ഇസ്രയേല്‍ പിടിച്ചെടുത്ത പാലസ്തീന്‍ ഭൂപ്രദേശം തിരിച്ച് വിട്ടുകൊടുക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് പാസ്സാക്കിയ പ്രമേയം ഇതുവരെയും ഇസ്രയേല്‍ അനുസരിച്ചിട്ടില്ല. ക്ലാസ് മുറിയില്‍ ഇരുന്നു പഠിക്കുന്ന ഓരോ പിരീഡിലും രണ്ടു കുട്ടികള്‍ വീതം ഗാസയില്‍ കൊല്ലപ്പെടാനുള്ള കാരണം അന്വേഷിക്കാനും, കുട്ടികളെ കൊലപ്പെടുത്തുന്ന വംശഹത്യയ്‌ക്കെതിരെ പ്രതികരിക്കാനും കഴിയുന്ന സാഹചര്യങ്ങള്‍ നമ്മുടെ സ്‌കൂളുകളില്‍ ഉണ്ടാവേണ്ടതുണ്ട്.
പലസ്തീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കാന്‍ അവിടുത്തെ കുട്ടികളെ കൊല്ലാന്‍ ഇടക്കിടക്ക് ബോംബുകളും മിസൈലുകളും അയക്കുകയായിരുന്നു ഇസ്രയേല്‍ ചെയ്തു കൊണ്ടിരുന്നത്. കളിസ്ഥലങ്ങളില്‍, അവര്‍ ബോംബിട്ടു. ഇവിടെയൊക്കെ ആണല്ലോ കുട്ടികള്‍ കൂടുതലായി ഉള്ളത്. മിസൈലിനു നേരെ കുട്ടികള്‍ കല്ലെറിഞ്ഞു എന്ന കുറ്റം ചുമത്തി പോലും അവര്‍ ബോംബിംഗ് നടത്തി. ഇങ്ങനെ നിരന്തരം പതിറ്റാണ്ടുകളായി കലാപങ്ങള്‍ നടക്കുന്നതിനിടയിലാണ് പലസ്തീനിലെ ‘ഹമാസ്’ എന്ന സംഘടന ഇസ്രയേലില്‍ അക്രമണം നടത്തിയത്. ‘ഇതു തന്നെ നല്ല അവസരം’ എന്നു പറഞ്ഞു കൊണ്ട് ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിക്കുകയും, പലസ്തീനെ മുഴുവനായി പിടിച്ചടക്കാന്‍ ലക്ഷ്യം വെക്കുകയും ചെയ്യുന്നത്. ഈ യുദ്ധത്തിനിടയില്‍ ആശുപത്രികളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും നവജാത ശിശുക്കളെ കൊല്ലുന്നവരായി മാറിയ ഇസ്രയേലിനെ നാം കണ്ടു. ഓരോ 15 മിനിറ്റിലും ഒരു കുഞ്ഞു വീതം കൊല്ലപ്പെടുന്നവരുടെ ദുരന്തഭൂമിയായി പലസ്തീന്‍ യുദ്ധകാലത്ത് മാറിയിരുന്നു. ഇപ്പോള്‍ ഓരോ 20 മിനിറ്റിലും ഒരു കുഞ്ഞു വീതം പട്ടിണി കൊണ്ടും പോഷകാഹാരക്കുറവുകൊണ്ടും മരിക്കുന്ന പ്രദേശമാണ് ലോക ഭൂപടത്തില്‍ ഗാസ. മനുഷ്യനിര്‍മ്മിതമായ പട്ടിണിയും, ദുരിതവും അനുഭവിക്കുന്ന ഗാസയില്‍ അവശേഷിക്കുന്ന മനുഷ്യര്‍ക്കും നേരെ കൈ നീട്ടി കൊണ്ട് കടന്നുചെന്ന കപ്പലിനെയാണ് ഇപ്പോള്‍ ഇസ്രായേല്‍ തടഞ്ഞത്.
അസ്ഥികള്‍വരെ ഉരുകാന്‍ ഇടയാക്കുകയും, പൊള്ളലേറ്റവരില്‍ പോലും വിഷാംശം മൂലം അവയവങ്ങള്‍ തകരാറിലാക്കാനും ശേഷിയുള്ള വൈറ്റ് ഫോസ്ഫറസ് ഗാസയില്‍ ഇസ്രമേല്‍ നടത്തിയ എയര്‍സ്‌ട്രൈക്കുകളില്‍ ഉപയോഗിച്ചതായാണ് യുദ്ധകാലത്തെ വാര്‍ത്തകളില്‍ നാം കേട്ടത്. 2008-2009 കാലയളവിലും ഇസ്രയേല്‍ ഇത് ഗാസയില്‍ പ്രയോഗിച്ചിരുന്നു. യുക്രെയ്നില്‍ റഷ്യ നടത്തിയ യുദ്ധത്തിലും വൈറ്റ് ഫോസ്ഫറസ് രാസായുധം പ്രയോഗിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. വൈറ്റ് ഫോസ്ഫറസ് ജനവാസമേഖലയില്‍ പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇതു യുദ്ധ കുറ്റകൃത്യമാണെന്നും അന്ന് യുക്രെയ്ന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ ചില പേരുകള്‍ കേള്‍ക്കുമ്പോള്‍ ‘ഹിരോഷിമകള്‍ ഇനി വേണ്ട’ എന്നു പാടിയവരില്‍ ചിലരെങ്കിലും എന്തുകൊണ്ടാവും ആണവായുധം ഉപയാഗിക്കാത്തത് എന്നു കരുതുന്നുണ്ടാവും. ‘ഭൂമി പിടിച്ചെടുക്കാനുള്ള ഈ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കപ്പെടാന്‍ ആ സ്ഥലം പിന്നീടെന്തിന് കൊള്ളാം എന്നതിനാലാണ് ഇസ്രയേല്‍ അതിനു തുനിയാത്തത്. അത് ഇസ്രയേലിന്റെ ഒരു ദയയല്ലെന്നും, ആണവായുധം പ്രയോഗിക്കാത്തതിനാല്‍ ഇവിടെ ആരും വിശുദ്ധരാകുന്നില്ലയെന്നും, ഇതിലൂടെ നാം തിരിച്ചറിയേണ്ടതുണ്ട്. അമേരിക്കയ്ക്ക് വേണ്ടി ഗാസാ മുനമ്പിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് ഇസ്രയേല്‍ ഭക്ഷണവും മരുന്നുമായത്തുന്ന ട്രക്കുകള്‍ക്ക് പോലും ഉപരോധം ഏര്‍പ്പെടുത്തി വംശഹത്യ പൂര്‍ത്തിയാക്കാന്‍ തിടുക്കം കൂട്ടുന്നത്. ഗാസയിലേക്ക് നീങ്ങുന്ന ഓരോ സഹായങ്ങളെയും ഇല്ലാതാക്കും എന്ന പ്രഖ്യാപനം കൂടിയാണ് കുഞ്ഞുങ്ങള്‍ക്കുള്ള അരിയും പാല്‍പ്പൊടിയുമായെത്തിയ മഡ്‌ലിന്‍ കപ്പലിനെതിരെ ഇസ്രയേല്‍ നടത്തിയ കടന്നാക്രമണം.
പണ്ടു മുതലേ ഒരു കുറ്റവാളി രാഷ്ട്രമായ ഇസ്രയേലിനോട് ഇന്ത്യക്ക് കൂട്ടുണ്ടായിരുന്നില്ല. പലസ്തീന്‍ ജനതയുടെ സ്വാതന്ത്രത്തിനും, അവകാശ പോരാട്ടത്തിനുമൊപ്പവുമായിരുന്നു നമ്മുടെ രാജ്യം. ഇന്ത്യയുടെ ചേരിചേരാ നയവും, യുദ്ധവിരുദ്ധ സ്വഭാവവും നമുക്കെന്നും ഉയര്‍ത്തിപ്പിടിക്കാനാവണം. ഐക്യരാഷ്ട്ര സംഘടനയുടെ ഇസ്രയേല്‍ ഉപരോധത്തിന്റെ വാര്‍ത്ത പുറത്തുവന്നിട്ടും പലസ്തീനിലെ മനുഷ്യര്‍ക്കെതിരായ ഈ മരണക്കെണിക്കെതിരെ ഇന്ത്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സഹായഹസ്തവുമായി എത്തിയ കപ്പലില്‍ രാസവസ്തുക്കള്‍ വിതറി കഞ്ഞിയില്‍ മണ്ണുവാരി ഇടുന്നവരായി മാറുകയായിരുന്നു ഇസ്രയേല്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫ്രീഡം ഫ്‌ലോട്ടിലയുടെ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ക്രമണത്തിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയില്ല. ലോകത്തെമ്പാടുമുള്ള മാനവ സമൂഹം ശബ്ദം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത് കേരളത്തിലെ മുഖ്യമന്ത്രി മാത്രമാണ്. പലസ്തിനിലെ കുട്ടികള്‍ക്കും ഇസ്രയേലിലെ കുട്ടികള്‍ക്കും സന്തോഷവും സമാധാനവും വേണം. അതിനെന്താണ് വഴി എന്നല്ലേ, കൊളംബിയയുടെ പ്രസിഡന്റ് പറഞ്ഞത് ഇങ്ങനെയാണ് – ‘ഇസ്രായേലി കുട്ടികള്‍ക്ക് സമാധാനത്തോടെ ഉറങ്ങാനുള്ള ഏക മാര്‍ഗം പാലസ്തീന്‍ കുട്ടികള്‍ സമാധാനത്തോടെ ഉറങ്ങുക എന്നതാണ്.’ ‘ആയുധക്കച്ചവടക്കാരാണ്’ ലോകത്ത് എല്ലായിടത്തുമുള്ള കലാപങ്ങളും യുദ്ധങ്ങളും സൃഷ്ടിക്കുന്നതെന്നും, കുട്ടികളെ പോലും കൊന്നൊടുക്കാന്‍ മടിയില്ലാത്തവരായി മാറുന്നതെന്നും ഈ പശ്ചാത്തത്തില്‍ എങ്കിലും പുതിയ തലമുറയെ പഠിപ്പിക്കാന്‍ നമുക്കാവണം.
ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാതിരുന്നുകൊണ്ടുള്ള പട്ടിണി അറിയാത്ത കുട്ടികളുള്ള നാടാണ് നമ്മുടേത്. ലോകത്ത് പട്ടിണി കിടക്കുന്നവരും, ഭക്ഷണം തടഞ്ഞുവെക്കുന്നവരുമുണ്ടെന്ന കാര്യം നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത്. മാസങ്ങളോളമായി ഒന്നും കഴിക്കാതെ പട്ടിണി കിടക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ നിലവിളികള്‍ ചെവിയില്‍ വന്നലയ്ക്കുമ്പോള്‍ നമുക്കെങ്ങനെ ഉറങ്ങാന്‍ കഴിയും. ഗാസയില്‍ അടിയന്തരമായി ഭക്ഷണസാധനങ്ങളും എത്തിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ 14000 കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുമെന്ന വാര്‍ത്ത ഉറക്കം കെടുത്തുന്നതാണ്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഭക്ഷണം വാങ്ങാന്‍ എത്തുന്നവര്‍ക്ക് നേരെ പോലും നടത്തുന്ന ബോംബാക്രമണവും, ഭക്ഷണവും സഹായവും നല്‍കാന്‍ എത്തുന്നവരെ തടയുകയും ചെയ്യുന്ന കാടത്തമവസാനിപ്പിക്കാന്‍ ഗ്രേറ്റയെ പോലൊരു കുട്ടി കാണിച്ച ധൈര്യം എല്ലാ മനുഷ്യര്‍ക്കും ഉള്ള പാഠമാണ്. ഐക്യരാഷ്ട്ര സംഘടനയുടെ മാനുഷിക സഹായവിഭാഗം മേധാവി ടോം ക്ലേച്ചര്‍ ഈ ദുരവസ്ഥ പറഞ്ഞത് എന്നോട് കൂടിയാണെന്ന് തോന്നുമ്പോഴാണ് നാമൊരു മനുഷ്യനാവുക. ഭക്ഷണത്തിനും അടിയന്തര സഹായങ്ങള്‍ക്കുമായി ഗാസയിലെ മനുഷ്യര്‍ ഈ രാത്രിയില്‍ എന്റെ വാതിലില്‍ ഒരു വറ്റിനായി വന്നു മുട്ടുമെന്ന തോന്നലുണ്ടാവുമ്പോഴാണ് ഗാസയിലെ മനുഷ്യര്‍ നമ്മുടെ അയല്‍ക്കാരും സഹോദരങ്ങളും കൂടിയാവുക. അതിര്‍ത്തിയില്‍ ട്രക്കുകളില്‍ വന്നു നില്‍ക്കുന്ന ഭക്ഷണവും, മരുന്നും പോലും തടഞ്ഞുവെക്കുന്ന ഇസ്രയേലിനെ കുറിച്ചോര്‍ക്കുമ്പോള്‍ അപ്പോള്‍ നമ്മുടെയെല്ലാം പല്ലിറുമ്പും. മനുഷ്യര്‍ മൃഗങ്ങള്‍ക്കായുള്ള തീറ്റ വാരി തിന്നുമ്പോള്‍ ഇന്നു കഴിച്ച ഭക്ഷണം നമുക്കെല്ലാം ഛര്‍ദിക്കാന്‍ വരും. കൊന്നു, കൊന്ന് ഗാസയില്‍ അവശേഷിക്കുന്ന ഇരുപത്തിയൊന്ന് ലക്ഷം മനുഷ്യരുടെ കൂട്ടക്കരച്ചില്‍ ഈ ലോകത്തെയാകെ അസ്വസ്ഥപ്പെടുത്താന്‍ പോന്നതാണ്. മനുഷ്യവംശമേ ഇപ്പോള്‍ നിങ്ങളുടെ ഉത്തരവാദിത്വം ഗാസക്കൊപ്പം നിലകൊള്ളുക എന്നതാണ്. അതെ വലിയ കപ്പലുകള്‍ കത്തുമ്പോള്‍ മാത്രമല്ല, കുഞ്ഞു കപ്പല്‍ തടഞ്ഞു വയ്ക്കുമ്പോഴും മനുഷ്യരെ നമുക്ക് അസ്വസ്ഥരാവാം. Gaza War; Israel’s goal is to exterminate the children of Palestine
Content Summary: Gaza War; Israel’s goal is to exterminate the children of Palestine