കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗവും ഉപ്പായി മാപ്ല എന്ന പ്രശസ്ത മലയാള കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ സ്യഷ്ടാവുമായ ജോര്‍ജ് കുമ്പനാട് (94) അന്തരിച്ചു. കുമ്പനാട് മറ്റത്ത് മലയില്‍ കുടുംബാംഗമാണ് ജോര്‍ജ് കുമ്പനാടെന്ന എം. വി. ജോര്‍ജ്. തന്റെ കഥാപാത്രങ്ങളിലൂടെ കേരളീയ സമൂഹത്തില്‍ അറിയപ്പെടുന്ന കാര്‍ട്ടൂണ്‍ പ്രതിഭകള്‍ അധികമില്ല. ഉപ്പായി മാപ്പിളയെ വരച്ച ജോര്‍ജ് കുമ്പനാട് ആ ഗണത്തില്‍ മുന്‍നിരയിലുണ്ട്. കേരളത്തിന്റെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ മായാത്ത കഥാപാത്രമായ ഉപ്പായി മാപ്പിള പിറന്നത് ജോര്‍ജ് കുമ്പനാടിന്റെ പേനത്തുമ്പിലാണ്. അക്കാലത്ത് ഉപ്പായി മാപ്പിളയുടെ രസികന്‍ കാര്‍ട്ടൂണുകള്‍ക്കായി മലയാളികള്‍ കാത്തിരുന്നു.george kumbanad, the creator of uppai mapla passed away
1950 കളുടെ അവസാനം. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ ജോര്‍ജ് പഠിക്കുന്ന കാലം. വരയില്‍ അല്‍പ്പം താത്പര്യമുണ്ടായിരുന്നത് എല്ലാവര്‍ക്കും അറിയാം. പഠനം പൂര്‍ത്തീകരിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ പുത്തന്‍കാവ് മാത്തന്‍ തരകന്‍, ജോര്‍ജിനെ വിളിച്ചിട്ട് പറഞ്ഞു. ഞാന്‍ ഒരു കത്ത് തരും, അതുമായി കോട്ടയത്ത് കെ എം ചെറിയാനെ പോയി കാണണം. പുത്തന്‍കാവ് മാത്തന്‍ തരകന്‍ മാഷിന്റെ കത്തിന്റെ ബലത്തില്‍ മലയാള മനോരമയില്‍ വരയ്ക്കാരനായി ജോലിയില്‍ കയറി. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ പറഞ്ഞു. വരയ്ക്കാന്‍ അറിയാമെന്നല്ലാതെ ആശയം വേണ്ടേ…? കെ.എം. മാത്യു സഹായിയായി. ശങ്കര്‍, ലക്ഷമണ്‍ തുടങ്ങിയവരുടെ കാര്‍ട്ടൂണുകള്‍ അദ്ദേഹം ജോര്‍ജിനെ കാണിച്ചു. ശങ്കറിന്റേയും, ലക്ഷമണന്റേയും കാര്‍ട്ടൂണ്‍ സമാഹാരങ്ങള്‍ കണ്ട് അതുപോലെ കാര്‍ട്ടൂണുകള്‍ വരച്ചു. എഡിറ്റോറിയല്‍ ജീവനക്കാരുടെ സഹായത്താല്‍ കാര്‍ട്ടൂണും ചിത്രീകരണവുമായി മലയാള മനോരമയില്‍ ഒന്നരവര്‍ഷം ജോലി ചെയ്തു.
വിമോചന സമരമായി. സമരത്തിന് പിന്തുണയുമായി അമേരിക്കയില്‍ നിന്നും വന്ന ഡോക്ടര്‍ ജോര്‍ജ് തോമസും, ഭാര്യ റേച്ചല്‍ തോമസും കേരളധ്വനി എന്ന പത്രം തുടങ്ങുവാന്‍ കോട്ടയത്തെത്തി. അമേരിക്കയിലെ പത്രങ്ങളില്‍ കമ്മ്യൂണിസ്റ്റ് വളര്‍ച്ചയെ തടയാന്‍ കേരളത്തില്‍ ഒരു പത്രം തുടങ്ങാന്‍ സഹായം അഭ്യര്‍ത്ഥിച്ച് പരസ്യം ചെയ്തു. കമ്മ്യൂണിസത്തെ തകര്‍ക്കാന്‍ അമേരിക്കയിലെ പലരും സംഭാവനകള്‍ നല്‍കി. സംഭാവന ലഭിച്ച വലിയ തുകയുമായിട്ടാണ് ഇരുവരും പത്രം തുടങ്ങാന്‍ കോട്ടയത്ത് എത്തിയത്. കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ ശമ്പളം നല്‍കി പ്രമുഖ മാധ്യമ പ്രവര്‍ത്തകരെ അവര്‍ കൂടെ ചേര്‍ത്തു. ഒപ്പം വരക്കാരനായി ജോര്‍ജിനേയും. കേരള ധ്വനി എന്ന പത്രം അങ്ങനെ കോട്ടയത്ത് നിന്ന് 1960ല്‍ ആരംഭിച്ചു.
കേരളധ്വനിയില്‍ രണ്ടാം ലക്കം മുതല്‍ ആദ്യ പേജില്‍ ഒരു ബോക്‌സ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. പേര് ഉപ്പായി മാപ്ല. ആദ്യത്തെ നാല് കാര്‍ട്ടൂണില്‍ ജോര്‍ജ് കുമ്പനാട് ഒപ്പിട്ടു. ഇനി കാര്‍ട്ടൂണിന് കീഴില്‍ ഒപ്പിടണ്ട, ധ്വനി എന്ന് എഴുതിയാല്‍ മതിയെന്ന് ഡോക്ടര്‍ ജോര്‍ജ് തോമസ് പറഞ്ഞു. ജോര്‍ജ് പിന്നീട് സ്വന്തം പേരോ, ധ്വനി എന്നോ കാര്‍ട്ടൂണില്‍ എഴുതിയില്ല. ദിവസവും നല്ല തമാശ ഉണ്ടാക്കുക ജോര്‍ജിന് വിഷമമായി. ഡോക്ടര്‍ ജോര്‍ജ് തോമസിനോട് കാര്യം അവതരിപ്പിച്ചു. കാര്‍ട്ടൂണിന് തമാശ ഉണ്ടാക്കാന്‍ ഒരാളെ കൂട്ടിന് ചേര്‍ത്തു. വേളൂര്‍ ക്യഷ്ണന്‍ കുട്ടി. ഇരുവരും ദിവസവും കോട്ടയം പട്ടണത്തിലൂടെ ഉച്ചയ്ക്ക് ശേഷം നടക്കാന്‍ ഇറങ്ങും. മടങ്ങിവരുന്നത് പിറ്റേന്നുള്ള ഉപ്പായി മാപ്ലയ്ക്കുള്ള നല്ല കുറച്ച് കമന്റുകളുമായാണ്. നല്ല ഒരു കമന്റ് തിരഞ്ഞെടുത്ത് ഉപ്പായി മാപ്ല പൂര്‍ത്തിയാക്കും.
ഒരിക്കല്‍ കോട്ടയം ബേക്കറി ജംഗ്ഷനിലൂടെ ജോര്‍ജ് കുമ്പനാടും, വേളൂര്‍ ക്യഷ്ണന്‍ കുട്ടിയും പതിവു പോലെ നടക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ ഇരുവരുടെ അടുത്ത് വന്ന് പൊട്ടിത്തെിച്ചു. അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് ഇവര്‍ക്ക് നേരെ അലറി അടുത്തു. അന്നത്തെ ഉപ്പായി മാപ്ലയില്‍ തലേന്ന് പോലീസുകാരന്‍ ഉള്‍പ്പെട്ട വിഷയമായിരുന്നു പരാമര്‍ശിച്ചിരുന്നത്. കാര്‍ട്ടൂണില്‍ പോലീസുകാരനെ കഥാപാത്രവുമാക്കി. പോലീസുകാരന് പ്രതികളെ പിടികിട്ടി. അയാള്‍ അയാളുടെ ദേഷ്യം പരസ്യമാക്കി.
കേരളധ്വനിയും, ഉപ്പായി മാപ്ലയും പ്രശസ്തമായി. നാട്ടുകാര്‍ ജോര്‍ജിനെ ഉപ്പായി മാപ്ല എന്നായിരുന്നു വിളിച്ചത്. കൂട്ടുകാരും ജോര്‍ജിന്റെ പേര് മാറ്റി. ഉപ്പായി മാപ്ല. ജോര്‍ജ് നല്ല ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്നു. മനോരമയിലും കേരളധ്വനിയിലും ജോര്‍ജിന്റെ ഒട്ടേറെ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഒരു സുഹ്യത്ത് മുഖേന ആഫ്രിക്കയില്‍ സോമാലി ലാന്റില്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടി. ആഫ്രിക്കയുടെ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ ഫോട്ടോഗ്രാഫിയും, ചിത്രകലയും ആയിരുന്നു ജോലി. കേരളധ്വനിയും, ഉപ്പായി മാപ്ലയും ഉപേക്ഷിച്ച് ജോര്‍ജ് ആഫ്രിക്കയിലെത്തി.
ആഫ്രിക്കയിലെ ജോലി അധിക നാള്‍ ഉണ്ടായില്ല. ആഫ്രിക്കന്‍ വിപ്ലവം തുടങ്ങിയതോടെ മറ്റ് രാജ്യങ്ങളിലേയ്ക്ക് ജോലിക്ക് അപേക്ഷിച്ചു. ബഹറിനില്‍ ആഴ്ച്ചയില്‍ ഒരിക്കല്‍ ഇറങ്ങുന്ന അറേബ്യന്‍ പ്രിന്റിങ്ങ് ആന്റ് പബ്ലിഷിങ്ങ് ഹൗസ് പുറത്തിറക്കിയ അറബി പ്രസിദ്ധീകരണത്തില്‍ ജോലി കിട്ടിയപ്പോള്‍ ആഫ്രിക്കയിലെ ജോലി ഉപേക്ഷിച്ചു. മികച്ച ജോലിക്കായി അബുദാബിയിലെത്തി. അന്ന് അബുദാബിയില്‍ ഒന്നുമില്ല. വലിയ ശമ്പളം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അബുദാബിയിലേയ്ക്ക് ജോര്‍ജ് എത്തിയത്. ജോലി ഇല്ലാതെ നാളുകള്‍ കഴിച്ചുകൂട്ടി. തിരിച്ച് നാട്ടിലേയ്ക്ക് പോകാമെന്ന തീരുമാനത്തിലെത്തി. അപ്പോഴാണ് അബുദാബി സര്‍ക്കാര്‍ അബുദാബി ടിവി ആരംഭിക്കുന്ന വിവരം സുഹ്യത്ത് വഴി അറിഞ്ഞത്. അതിന് തുടക്കം കുറിക്കാന്‍ അഞ്ച് ബ്രിട്ടീഷുകാരുടെ സംഘം അബുദാബിയിലെത്തി. അവര്‍ക്ക് ഒരു ഫോട്ടോഗ്രാഫറെ വേണം. 700 രൂപയായിരുന്നു അബുദാബിയിലെ ഏറ്റവും മികച്ച ശമ്പളം. നാട്ടില്‍ മുതിര്‍ന്ന അദ്ധ്യാപകന്റെ ശമ്പളം 40 രൂപയായിരുന്ന കാലമാണ്. നാട്ടില്‍ പോകാന്‍ തീരുമാനിച്ച ജോര്‍ജ് അപേക്ഷയില്‍ പ്രതീക്ഷിക്കുന്ന ശമ്പളം 2,000 രൂപ എന്ന് എഴുതി. ജോര്‍ജിനെ ഞെട്ടിച്ച് ബ്രിട്ടീഷുകാര്‍ അപേക്ഷ സ്വീകരിച്ചു. 1,500 രൂപ ശമ്പളം, 500 രൂപ ഓവര്‍ടൈമും മറ്റ് അലവന്‍സുമായി നല്‍കും.
വലിയ ശമ്പളത്തില്‍ ബ്രിട്ടീഷുകാരോടൊപ്പം അബുദാബി ടിവിയില്‍ ജോലി തുടങ്ങി. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അബുദാബി ടിവി പൂര്‍ണ്ണമായി സര്‍ക്കാരിനെ ഏല്‍പ്പിച്ച് ബ്രിട്ടീഷുകാര്‍ മടങ്ങി. അറബി ഭാഷ അറിയാവുന്നവരെ മാത്രമേ പിന്നീട് അവിടെ ജോലിക്ക് എടുത്തിരുന്നുള്ളൂ. ജോര്‍ജിന് ശരിയായ അറബി ഭാഷ ഇപ്പോഴും അറിയില്ല.
ആധുനിക സാങ്കേതിക വിദ്യകള്‍ പഠിപ്പിക്കാന്‍ ലണ്ടനിലും, ഫ്രാന്‍സിലും അബുദാബി ടിവി മാനേജ്‌മെന്റ് പറഞ്ഞുവിട്ടു. അബുദാബിയുടെ വികസനത്തില്‍ അബുദാബി ടിവിയോടൊപ്പം ജോര്‍ജും പങ്കാളിയായി. റിട്ടയര്‍ ചെയ്തിട്ടും കുറേ നാള്‍ അവിടെ ജോലി ചെയ്യേണ്ടി വന്നു. 1991ല്‍ ജൂലൈ മാസം അബുദാബി ടിവിയിലെ ജോലി ഉപേക്ഷിച്ച് കുമ്പനാട് മടങ്ങി എത്തി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ മരിച്ചു. പെണ്‍മക്കള്‍ വിവാഹം കഴിച്ച് പല വഴിക്കായി. സമയം കളയാന്‍ കുമ്പനാട് ഭാര്യയുടെ ഓര്‍മ്മയ്ക്കായി അവരുടെ പേരില്‍ ജോയ് സ്റ്റുഡിയോ തുടങ്ങി.
ജോര്‍ജ് കേരളധ്വനി ഉപേക്ഷിച്ച് ആഫ്രിക്കയിലേയ്ക്ക് പോയപ്പോള്‍ ഉപ്പായി മാപ്ല അനാഥമായി. പഴയ കാര്‍ട്ടൂണുകള്‍ വെച്ച് കുറച്ച് നാള്‍ തള്ളി നീക്കി. കാര്‍ട്ടൂണിസ്റ്റ് റ്റോംസ് കോട്ടയത്ത് സജീവമായി കാര്‍ട്ടൂണ്‍ രംഗത്ത് തുടക്കം കുറിച്ച കാലം. മലയാള മനോരമയില്‍ ബോബനും മോളിയും മറ്റും ഫ്രീലാന്‍സായി വരച്ചിരുന്ന കാലം. ഡോക്ടര്‍ ജോര്‍ജ് തോമസ് റ്റോംസിന് നല്ല പ്രതിഫലം വാഗ്ദാനം ചെയ്തു. അങ്ങനെ ഉപ്പായി മാപ്ല എന്ന ബോക്‌സ് കാര്‍ട്ടൂണ്‍ കേരളധ്വനിയില്‍ റ്റോംസ് വരയ്ക്കാന്‍ തുടങ്ങി. ഒപ്പിടാന്‍ ഡോക്ടര്‍ ജോര്‍ജ് തോമസ് അനുമതി നല്‍കിയില്ല. ഉപ്പായി മാപ്ലയെ മലയാള മനോരമയിലെ ബോബനും മോളിയിലും റ്റോംസ് അവതരിപ്പിച്ചു. അത് മലയാള മനോരമയിലും, കേരളധ്വനിയിലും പ്രശ്‌നമായി. റ്റോംസ് കേരളധ്വനി വിട്ട് ത്യശ്ശൂരിലെ തൊഴിലാളി പത്രത്തിലേയ്ക്ക് മാറി.
റ്റോംസിന്റെ ഒഴിവില്‍ കാര്‍ട്ടൂണിസ്റ്റ് മന്ത്രിയാണ് എത്തിയത്. മന്ത്രി കേരളധ്വനിയിലെ ബോക്‌സ് കാര്‍ട്ടൂണ്‍ ഉപ്പായി മാപ്ലയെ വരച്ചു തുടങ്ങി. ഫ്രീലാന്‍സായിട്ടായിരുന്നു കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. വേളൂര്‍ ക്യഷ്ണന്‍ കുട്ടി തന്നെയായിരുന്നു കമന്റുകള്‍ നിശ്ചയിച്ചിരുന്നത്. കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാള രാജ്യത്തിലെ പാച്ചുവും കോവാലനും കേരളധ്വനി പുറത്തിറക്കിയ മനോരാജ്യത്തില്‍ മന്ത്രി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. പാച്ചുവും കോവാലനിലും ഉപ്പായി മാപ്ലയെ അവതരിപ്പിക്കാന്‍ ഡോക്ടര്‍ ജോര്‍ജ് തോമസ് ആവശ്യപ്പെട്ടു. അങ്ങനെ പാച്ചുവും കോവാലനിലും കാര്‍ട്ടൂണിസ്റ്റ് മന്ത്രി ഉപ്പായി മാപ്ലയെ വരച്ചു.
ഉപ്പായി മാപ്ല കേരളധ്വനിയുടെ സ്വന്തമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഡോക്ടര്‍ ജോര്‍ജ് തോമസ് ഒരു പ്രയോഗം കൂടി നടത്തി. അവരുടെ കുട്ടികളുടെ മാസികയായ ലാലുലീലയില്‍ ഉപ്പായി മാപ്ലയെ കഥാപാത്രമാക്കി. ലാലുലീല എന്ന ചിത്രകഥയില്‍ ഉപ്പായി മാപ്ലയെ വരച്ചിരുന്നത് കെ എസ് രാജന്‍ എന്ന കാര്‍ട്ടൂണിസ്റ്റായിരുന്നു. കാര്‍ട്ടൂണിസ്റ്റും ഫോട്ടോഗ്രാഫറുമായ കുമ്പനാട്ടെ ജോര്‍ജ് വരച്ച് തുടങ്ങിയ ഉപ്പായി മാപ്ലയെ മൂന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ ഏറ്റെടുത്തു. റ്റോംസ്, മന്ത്രി, കെ.എസ്. രാജന്‍. ലോക കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ ഇത്തരം സമാനമായ ഒരു സംഭവം ഉണ്ടാകാന്‍ ഇടയില്ല.
1962ല്‍ കേരളം വിട്ട ജോര്‍ജ് തന്റെ പ്രവര്‍ത്തന മേഖല ഫോട്ടോഗ്രാഫിയാക്കി. ചിത്രരചന പൂര്‍ണ്ണമായി ഉപേക്ഷിച്ചതുമില്ല. ഉപ്പായി മാപ്ലയെ പലരും ഏറ്റെടുത്തത് അടുത്തകാലത്താണ് ജോര്‍ജ് അറിഞ്ഞത്. എല്ലാവരും ജോര്‍ജ് വരച്ച ഉപ്പായി മാപ്ലയെ തന്നെയാണ് വരച്ചിരിക്കുന്നത്. ആരേയും മാത്യകയാക്കിയല്ല ഉപ്പായി മാപ്ല എന്ന കഥാപാത്രത്തെ സ്യഷ്ടിച്ചത് എന്ന് ജോര്‍ജ് പറയുന്നു. ആര് വേണമെങ്കിലും ഉപ്പായി മാപ്ലയെ വരച്ചോട്ടെ എന്നായിരുന്നു ജോര്‍ജിന്റെ കമന്റ്.george kumbanad, the creator of uppai mapla passed away
Content Summary: george kumbanad, the creator of uppai mapla passed away
george kumbanad uppai mapla latest news passed away cartoonist
This post was last modified on January 3, 2025 3:23 pm
Leave a Comment