January 19, 2025 |

20ാം വയസില്‍ കൈയിലെടുത്ത താമരക്കൊടി: ബിജെപിയുടെ ക്രിസ്ത്യന്‍ മുഖമായ ജോര്‍ജ് കുര്യന്‍

80ല്‍ ബിജെപിയിലേക്ക് ചുവട് മാറ്റി

ശാന്തന്‍, സൗമ്യന്‍! ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനിധീകരിക്കുന്ന വ്യക്തി, ദേശീയ നേതാക്കളെത്തിയാല്‍ പ്രസംഗ വിവര്‍ത്തകന്‍…ഇന്നലെ വരെ ജോര്‍ജ്ജ് കുര്യനെന്ന കോട്ടയംകാരനെ മലയാളി അറിഞ്ഞിരുന്നത് ഇങ്ങനൊണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം രാജ്യത്തിന്റെ കേന്ദ്രമന്ത്രിസഭാംഗമാണ്. കുര്യന്‍ മന്ത്രിസഭയില്‍ എന്നത് കേട്ടവരെയൊക്കെ അമ്പരിപ്പിച്ച ഒന്നായിരുന്നു. ആ കോട്ടയംകാരനെ ശരിയായ അറിയാത്തതാണ് അതിന് കാരണം. അധികാരവും വളര്‍ച്ചയും ലക്ഷ്യമിട്ട് മറുകണ്ടം ചാടുന്ന നേതാക്കളുള്ള മുഖ്യധാര രാഷ്ട്രീയത്തില്‍, അധികം കാണാന്‍ സാധിക്കാത്ത ഉറച്ച മനോഭാവമുള്ള ഒരാളാണ് ജോര്‍ജ്ജ് കുര്യന്‍. അതറിയാന്‍ നാലരപതിറ്റാണ്ടോളം പിന്നോട്ട് പോകണം. George Kurian.

രാഷ്ട്രീയയാത്ര George Kurian

കുര്യന് 15 വയസുള്ളപ്പോഴാണ് അടിയന്തരാവസ്ഥ കാലം. അതായത് പത്താം ക്ലാസ് കഴിഞ്ഞ കാലം. അക്കാലത്ത് തന്നെ ജനതാപാര്‍ട്ടിയില്‍ ആകൃഷ്ടനായി. കേന്ദ്രഭരണം ജനതാപാര്‍ട്ടി പിടിച്ചപ്പോള്‍ കൂടെയുള്ള ജനസംഘവും ശ്രദ്ധയില്‍ വന്നു. അന്ന് മുതലാണേ്രത ആര്‍എസ്എസുകാരുടെ പ്രവര്‍ത്തനങ്ങള്‍ കുര്യന്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. 1980ല്‍ ബിജെപി രൂപികരിക്കപ്പെട്ടതോടെ പാര്‍ട്ടി പ്രവര്‍ത്തകനായി. സ്വസമുദായത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്ന് പോലും പരിഹാസം കേള്‍ക്കേണ്ടി വന്നെങ്കിലും രാഷ്ട്രീയയാത്ര ബിജെപിക്കൊപ്പം തന്നെ തുടരാന്‍ കുര്യന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ മന്ത്രി സ്ഥാനം ഉറപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ അന്നമ്മയും രാഷ്ട്രീയ യാത്രയില്‍ അനുഭവിച്ച അവഗണനകള്‍ തന്റെ പ്രതികരണത്തിലൂടെ പരോക്ഷമായി സൂചിപ്പിച്ചിരുന്നു. ആ യാത്ര 45 വര്‍ഷം പിന്നിട്ട് 2024ല്‍ എത്തിനില്‍ക്കുന്നു.നാലര പതിറ്റാണ്ടിലെ വിശ്വാസ്തതയ്ക്കുള്ള അംഗീകാരം തന്നെയാണ് കുര്യനെ തേടിയെത്തിയ പദവി എന്ന് നിസ്സംശയം പറയാം.

അലങ്കരിച്ച പദവികള്‍

കുര്യന്‍-അന്നമ്മ ദമ്പതികളുടെ മകനായി കോട്ടയത്തെ കാണക്കാരിക്കടുത്ത് നമ്പ്യാകുളത്ത് പൊയ്ക്കാരന്‍കാലായിലാണ് ജോര്‍ജ്ജ് കുര്യന്റെ ജനനം. മാന്നാനം കെ.ഇ കോളേജ്, നാട്ടകം ഗവ. കോളേജ്, പാലാ സെന്റ്. തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാട്ടകം കോളജിലായിരിക്കെ ജനതാപാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു. 80ല്‍ ബിജെപിയിലേക്ക് ചുവട് മാറ്റി. 81ല്‍ ജില്ല പ്രസിഡന്റ് പദവിയില്‍ വിദ്യാര്‍ത്ഥി മോര്‍ച്ചയിലെത്തിയ അദ്ദേഹം രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ യുവമോര്‍ച്ചാംഗമായി. പിന്നീടുള്ള കാലം ജില്ല പ്രസിഡന്റ് മുതല്‍ ദേശീയ വൈസ് പ്രസിഡന്റ് വരെയുള്ള സംഘടനാപദവികളില്‍ തിളങ്ങി. 1999 മുതല്‍ പ്രവര്‍ത്തനം ദേശീയ രാഷ്ട്രിയത്തിലായി. ഇക്കാലത്ത് ഡല്‍ഹി കോടതിയില്‍ അഡ്വക്കറ്റായും സേവനം അനുഷ്ഠിച്ചിരുന്നു.

കേന്ദ്രമന്ത്രി പദവിയില്‍ ഒ. രാജഗോപാല്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി പ്രവര്‍ത്തിച്ചു. ന്യൂനപക്ഷമോര്‍ച്ച ഓള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്നു 2007ല്‍. ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. 2010ല്‍ പാര്‍ട്ടി വക്താവും 2015ല്‍ പാര്‍ട്ടി വൈസ് പ്രസിഡന്റുമായി. പദവിയിലിരിക്കെ തന്നെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉപാധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. 1991 ലും 1998 ലുംകോട്ടയത്തുനിന്ന് ലോകസഭയിലേയക്കും 2016ല്‍ പുതുപ്പള്ളിയില്‍നിന്നും ഉമ്മന്‍ചാണ്ടിക്കെതിരെയും നിയമസഭയിലേയ്ക്കും മല്‍സരിച്ചിട്ടുണ്ട്. ഭാര്യ: ഒ.ടി.അന്നമ്മ. മക്കള്‍: ആദര്‍ശ് (കാനഡ),ആകാശ് (ജോര്‍ജിയ).

Post Thumbnail
വിയറ്റ്നാം കണ്ട ഏറ്റവും വലിയ ബാങ്ക് കൊള്ളയുടെ സൂത്രധാരയ്ക്ക് വധശിക്ഷവായിക്കുക

 

English Summary: BJP’s Christian face in Kerala: Who is George Kurian, second minister from the state in Modi govt?

 

×