ഇസ്രയേലിന്റെ ഇറാൻ ആക്രമണത്തെ തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർദ്ധിച്ചതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡിന്റെ വില പത്ത് ശതമാനത്തിലധികം ഉയർന്നു. ജനുവരി മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇറാൻ- ഇസ്രായേൽ സംഘർഷം ഈ പ്രദേശത്ത് നിന്നുള്ള എണ്ണ വിതരണത്തെ കാര്യമായി തന്നെ ബാധിക്കും. ഊർജ്ജ സമ്പന്നമായ ഈ പ്രദേശത്ത് നിന്നുള്ള എണ്ണ വിതരണം പരിമിതപ്പെടുത്തുന്നതിൽ വ്യാപാരികളും ആശങ്കാകുലരാണ്.
എണ്ണവില ആദ്യ ഘട്ടത്തിൽ ഉയർന്നെങ്കിലും രണ്ടാം ഘട്ടമായപ്പോഴേക്കും നേരിയ ഇടിവുണ്ടായതാണ് റിപ്പോർട്ട്. എന്നാൽ ബ്രെന്റ് ഓയിൽ വില മാത്രം വീണ്ടും ഏഴ് ശതമാനത്തോളം ഉയർന്ന് ബാരലിന് 74.23 ഡോളറെന്ന നിലയിൽ എത്തിയിരുന്നു. റഷ്യ-യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് 2022ലും എണ്ണവില വലിയ തോതിൽ വർദ്ധിച്ചിരുന്നു. ബാരലിന് 100 ഡോളറായിരുന്നു അന്ന് റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ നിരക്ക്. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യയിലും യൂറോപ്പിലും ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലെ നിക്കി ഓഹരി സൂചിക അനുസരിച്ച് വിപണിയിൽ 0.9 ശതമാനം ഇടിവും യുകെയിലെ എഫ്‌ടിഎസ്‌ഇ സൂചിക അനുസരിച്ച് വിപണിയിൽ 0.39 ശതമാനം ഇടിവുമാണ് രേഖപ്പെടുത്തിയത്. യുഎസിലെ ഓഹരി വിപണികളും വൻ നഷ്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്. യുഎസിലെ സ്റ്റോക്ക് മാർക്കറ്റ് സൂചികയായ ഡൗ ജോൺസ് 1.79 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എസ് ആന്റ് പി 500 0.69 ശതമാനം ഇടിവും രേഖപ്പെടുത്തി. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇറാൻ ഇസ്രായേലിലേക്ക് നൂറിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. സംഘർഷത്തിന്റെ തീവ്രതയെക്കുറിച്ച് വ്യാപാരികൾ നിരീക്ഷിക്കുന്നതായി നിരീക്ഷകർ വ്യക്തമാക്കി. ഇതൊരു നിർണ്ണായക സാഹചര്യമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ- ഒക്ടോബർ മാസങ്ങളിലായി നടന്ന സംഘർഷം പോലെ ഇത് അതിവേഗം പരിഹരിക്കപ്പെടുമെന്ന് കരുതാമെന്ന് ആഗോള വിപണി നിരീക്ഷകർ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിലെ എണ്ണ വിതരണത്തെ തടസപ്പെടുത്തുന്ന തരത്തിലേക്ക് ഈ സംഘർഷം വഴിമാറിയേക്കാമെന്നും നിരീക്ഷകർ വ്യക്തമാക്കി.
ഇസ്രായേൽ ഇനിയും ഇറാന്റെ എണ്ണ ഉത്പാദന വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 80 മുതൽ 100 ഡോളർ എന്ന നിലയിലേക്ക് എത്തിയേക്കാം. വില വർദ്ധനവുണ്ടായാൽ അത് മറ്റു ഉത്പാദകരെ ഉത്പാദനം വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്നും ഇത് പണപെരുപ്പത്തെയും വിലക്കയറ്റത്തെയും പരിമിതപ്പെടുത്തുമെന്നും നിരീക്ഷകർ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ അടിസ്ഥാന സൗകര്യങ്ങളെയോ ഷിപ്പിംഗിനെയോ ഇസ്രായേൽ ലക്ഷ്യമിട്ടാൽ ഇറാൻ പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണ വിതരണം തടസ്സപ്പെടുത്തിയേക്കാം. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഇതിലൂടെയാണ് കടന്നുപോകുന്നത്. ഇറാനും ഒമാനും യുണൈറ്റഡ് അറബ് ഇമിറേറ്റ്സും അതിർത്തി പങ്കിടുന്ന ഹോർമുസ് കടലിടുക്ക് ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.
content summary: Global Oil Prices Surge Following Israeli Strike on Iran