ജനുവരി 15നാണ് മിഹിർ അഹമ്മദ് എന്ന ഒൻപതാം ക്ലാസുകാരൻ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്റെ മകൻ ക്രൂരമായ റാഗിങ്ങിനും മാനസിക പീഡനങ്ങൾക്കും ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മിഹിറിന്റെ അമ്മ രംഗത്തെത്തിയിരുന്നു. മിഹിറിന്റെ സുഹൃത്തുക്കളും സഹപാഠികളും നടത്തിയ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടായിരുന്നു മിഹിറിന്റെ നീതിക്കായി അമ്മ കേരള സമൂഹത്തിന് മുന്നിലെത്തിയത്.
എന്തിനാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്ന് അറിയാനായി നടത്തിയ അന്വേഷണത്തിലാണ് ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഈ അമ്മക്ക് ലഭിച്ചത്. വിവരങ്ങളെല്ലാം നിരത്തി മിഹിറിന്റെ നീതിക്ക് വേണ്ടി മുന്നോട്ടിറങ്ങിയ കുടുംബത്തെ അപകീർത്തിപ്പെടുത്താനാണ് തുടക്കം മുതൽ സ്കൂൾ അധികൃതർ ശ്രമിച്ചത്.
അതിന്റെ ഭാഗമായാണ് കുടംബം നൽകിയ തെളിവുകളെ അസ്ഥാനത്തിലാക്കി മിഹിറിനെതിരായ വാർത്താക്കുറിപ്പ് ഇപ്പോൾ ഗ്ലോബൽ പബ്ലിക് സ്കൂൾ പുറത്തിറക്കിയിരിക്കുന്നത്. മിഹിറിന്റെ മരണത്തിന് കാരണക്കാരായ സ്കൂൾ അധികൃതരുടെ ഇരുണ്ട വശം മറച്ച് പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ വാർത്താക്കുറിപ്പ്. മിഹിറിനെയും കുടംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മിഹിർ സ്കൂളിലെ സ്ഥിരം പ്രശ്നക്കാരനായ വിദ്യാർത്ഥിയായിരുന്നുവെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയാണ് സ്കൂൾ അധികൃതർ. മിഹിർ ക്രൂരറാഗിങ്ങിന് ഇരയായെന്നതിന് തെളിവുകളുൾപ്പെടെ അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടും ആരോപണ വിധേയരായ വിദ്യാർത്ഥികൾക്കെതിരെ തെളിവുകളില്ലെന്ന വാദമാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്.
മുമ്പ് പഠിച്ചിരുന്ന സ്കൂളിൽ മിഹിർ ഒരു വിദ്യാർത്ഥിനിയെ ഉപദ്രവിച്ചുവെന്നും അതിന്റെ പേരിൽ ടി.സി നൽകിയെന്നുമാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. മിഹിർ സുഹൃത്തുക്കളോടൊപ്പം ചേർന്ന് മറ്റൊരു സഹപാഠിയെ മർദിച്ചുവെന്നും പറയുന്നു. രണ്ടാമതൊരു അവസരം എന്ന നിലയിലാണ് അക്കാദമിക് വർഷത്തിന്റെ പകുതിയായിട്ട് പോലും മിഹിറിന് അഡ്മിഷൻ നൽകിയതെന്നും ഗ്ലോബൽ സ്കൂൾ അധികൃതർ വാദിക്കുന്നു.
മിഹിർ സ്കൂളിൽ റാഗിങ്ങിന് ഇരയായിട്ടുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മിഹിർ നേരത്തെ പഠിച്ച കാക്കനാട് ജെംസ് സ്കൂളിലെ പ്രിൻസിപ്പൽ മിഹിറിനെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗ്ലോബൽ പബ്ലിക് സ്കൂളിൽ വെച്ച് പലപ്പോഴും നിറത്തിന്റെ പേരിൽ മിഹിറിനെ വിദ്യാർത്ഥികൾ കളിയാക്കാറുണ്ടായിരുന്നു. ടോയ്ലെറ്റിൽ വെച്ച് മർദിക്കുകയും ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വെച്ച് ഫ്‌ളഷ് ചെയ്യുകയും ടോയ്‌ലറ്റില്‍ നക്കിക്കുകയും ചെയ്തുവെന്നുള്ള ഗുരുതര ആരോപണങ്ങളാണ് മിഹിറിന്റെ കുടുംബം ഉയർത്തിയത്.
മിഹിറിന്റെ മരണശേഷവും അപകീർത്തിപ്പെടുത്തുന്ന വീഡിയോകളും മറ്റും വിദ്യാർത്ഥികൾ പ്രചരിപ്പിച്ചതിന്റെ ദൃശ്യങ്ങളും അമ്മ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അവയെല്ലാം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് അന്വേഷണ സംഘവും അറിയിച്ചിട്ടുള്ളത്.
മിഹിർ പഠിച്ച ഇൻ്റർനാഷണൽ സ്കൂളിന് എൻഒസി ഇല്ല എന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വിവരം. സ്കൂൾ അധികൃതർ തന്നെ ഇക്കാര്യം വാർത്തകുറിപ്പിൽ സമ്മതിക്കുന്നു. സ്കൂൾ പ്രവർത്തനം ആരംഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും എൻഒസി ലഭിച്ചിട്ടില്ല. എൻഒസിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
അധ്യാപക യോഗ്യതയില്ലാത്തവരാണ് ജെംസ്, ഗ്ലോബൽ സ്കൂളുകളിൽ പഠിപ്പിക്കുന്നതെന്നും പലരും എഞ്ചിനീയറിങ്ങ് പഠിച്ചവരും ഫുഡ് ആന്റ് സേഫ്റ്റി പഠിച്ചവരുമൊക്കെയാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്കൂളിലെ അധികൃതരുടെയും സഹപാഠികളുടെയും മാനസിക പീഡനം മൂലമുണ്ടായ ഒരു ദുരന്തത്തിനെ ന്യായീകരിക്കാനാണ് നിലവിൽ സ്കൂൾ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമെന്നോണം പുറത്തുവിടുന്ന വിവരങ്ങൾ ഒന്നും വിദ്യാർത്ഥിയുടെ മരണത്തിൽ സ്കൂളിന്റെയും കാരണക്കാരായ സഹപാഠികളുടെയും പങ്കിനെ മായ്ച്ചുകളയുന്നതല്ല.
Content Summary: Global public school avoided responsibility even after evidence was presented, Trying to defame Mihir
Mihir tripunitura suicide