June 04, 2026 |
Avatar
അമർനാഥ്‌
Share on

കണ്ണാടിക്കു പിന്നിൽ മറഞ്ഞിരുന്ന ചരിത്രം! 

ഇന്ന് എവിടെയും കാണാൻ കഴിയാത്ത ‘ഗോമതി’ എന്ന പത്രത്തിന്റെ ചരിത്രം ചുരുളഴിക്കുകയായിരുന്നു ബാലഗോപാൽ എന്നയാളുടെ വീട്ടിലുള്ള കണ്ണാടിക്ക് പിന്നിൽ ഒളിച്ചിരുന്ന പത്രക്കോപ്പിയുടെ ആകസ്മികമായ കണ്ടെത്തൽ.

വർത്തമാന പത്രങ്ങൾ സമൂഹത്തിൻ്റെ കണ്ണാടിയാണെന്ന് ഒരു ആപ്തവാക്യമുണ്ട്. എന്നാൽ ഒരു കണ്ണാടിക്കു പിന്നിൽ വർഷങ്ങളോളം ഒരു പഴയ ദിനപത്രമൊളിച്ചിരുന്നാലോ? അത് ചരിത്രമാണ്. ആ രസകരമായ ചരിത്ര സംഭവം മൂന്ന് വർഷം മുൻപ് തൃപ്പൂണിത്തുറയിലെ ഒരു വീട്ടിലാണ് നടന്നത്. അതൊരു ആകസ്മികമായ കണ്ടെത്തലായിരുന്നു. 87 വർഷം പഴക്കമുള്ള ‘ഗോമതി’ എന്ന പത്രം പൊടുന്നനെ പ്രത്യക്ഷമായ കഥ. ബാലഗോപാൽ എന്നയാളുടെ വീട്ടിലുള്ള കണ്ണാടിക്ക് പിന്നിൽ ഒളിച്ചിരുന്ന പത്രക്കോപ്പിയുടെ ആകസ്മികമായ ആ കണ്ടെത്തൽ, ഇന്ന് എവിടെയും കാണാൻ കഴിയാത്ത ‘ഗോമതി’ പത്രത്തിന്റെ ചരിത്രം ചുരുളഴിക്കുകയായിരുന്നു. 2023 സെപ്റ്റംബർ 30-നായിരുന്നു ആ ചരിത്രസംഭവം.

സംഭവം ഇതാണ്, വീട്ടുകാർക്ക് പരമ്പരാഗതമായി ലഭിച്ച, തടിയിൽ ഉറപ്പിച്ചൊരു പഴയ കണ്ണാടി കേടുപാടുകൾ തീർക്കാനായി ഒരു മരപ്പണിക്കാരനെ ഏൽപ്പിച്ചു. അയാൾ കണ്ണാടിക്ക് പിറകിലെ തടിയുടെ പാളി മാറ്റിയപ്പോൾ ഒരു കടലാസ് അതിനിടയിൽ നിന്ന് പുറത്തേക്ക് വീണു. അത് വെറും കടലാസായിരുന്നില്ല. പഴയ ഒരു ദിനപത്രമായിരുന്നു. സാധാരണ ദിനപത്രമല്ല. 87 വർഷം മുൻപത്തെ ഒരു  മലയാള വർത്തമാന ദിനപത്രം! 1936 നവംബർ 23-ന് തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ച ‘ഗോമതി’ ആയിരുന്നു അത്. അനുദിനപത്രം എന്ന് മുൻപേജിൽ (എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നത്) രേഖപ്പെടുത്തിയ ആ ലക്കം ‘ഗോമതി’യിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കകളാണ് മുൻപേജിൽ പ്രകടിപ്പിച്ചിക്കുന്നത്. പിന്നീട്  മൂന്ന് വർഷങ്ങൾക്ക് ശേഷം രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. അന്നത്തെ പണ വിനിമയമായിരുന്ന അര ചക്രമാണ്(3.5 പൈസ) ഈ പത്രത്തിൻ്റെ വില(അന്ന് 28 ചക്രം ഒരു രൂപ വരും).  

‘ഗോമതി’ ദിനപത്രം

കേരള പത്രപവർത്തനചരിത്രത്തിൽ അപൂർവ്വസ്ഥാനമുള്ള ഒന്നാണ് തങ്ങൾക്ക് ലഭിച്ച പത്രകടലാസ് എന്ന് ആ വീട്ടുകാർ അറിഞ്ഞിരിക്കില്ല. എന്നാൽ, ആ കണ്ണാടിക്കും ഒരു ചരിത്ര പശ്ചാത്തലമുണ്ട്. പ്രശസ്ത കർണാടക ശാസ്ത്രീയ സംഗീതജ്ഞയും കൊച്ചി രാജകുടുംബാംഗവുമായ പരേതയായ രത്നം തമ്പുരാൻ്റെതായിരുന്നു (കൊച്ചി രാജവംശത്തിൽ സ്ത്രീകൾക്ക് ഈ പദവി ഉണ്ട്) ആ പുരാതന കണ്ണാടി. കേരള സംസ്ഥാനം നിലവിൽ വരും മുൻപ് തൃശ്ശൂരിന്റെ സമകാലീന-രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ സംഭവങ്ങൾ മൂന്ന് പതിറ്റാണ്ടുകളോളം  പ്രതിഫലിപ്പിച്ച ‘ഗോമതി’ ദിനപത്രത്തിൻ്റെ എവിടെയും കാണാത്ത ചരിത്രം ഇനി അഴിമുഖത്തിലുടെ വായിക്കുക.

ചരിത്രം മറഞ്ഞിരുന്ന കണ്ണാടി

90 വർഷങ്ങൾക്ക് മുൻപ്, 1936- ൽ  തൃശ്ശൂർ നഗരത്തിൽ ഒരു ഹർത്താൽ നടന്നു. അക്കാലത്തെ കൊച്ചി ദിവാനായിരുന്ന സർ പി.കെ. ഷൺമുഖം ചെട്ടി തൃശ്ശൂർ പട്ടണത്തിലെ വൈദ്യുതി വിതരണാവകാശം തൻ്റെ അഭ്യുദയകാംക്ഷികളായിരുന്ന കോയമ്പത്തൂരിലെ ചാന്ദ്രി കമ്പനിക്ക് നൽകി. അതിനെത്തുടർന്ന്, വിതരണാവകാശം നൽകിയതിനെ എതിർത്ത ജനങ്ങളുടെ ശക്തമായ പ്രതിഷധമായിരുന്നു ഹർത്താലായി തൃശ്ശൂരിൽ അന്ന് നടന്നത്. ഡോക്ടർ എ. ആർ. മേനോൻ, സി. ആർ. ഈയ്യുണ്ണി, ഇക്കണ്ടവാര്യർ, പുത്തേഴത്ത് രാമമേനോൻ എന്നീ തൃശ്ശൂരിലെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ ഇതിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. 1931- ൽ തൃശ്ശൂർ പട്ടണത്തിൽ വൈദ്യുതി വിതരണത്തിനായി കൊച്ചി സർക്കാർ നിയോഗിച്ച തൃശ്ശിവപേരൂർ ഇലക്ട്രിക്കൽ ക്ലിപ്തം എന്ന കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമല്ല എന്ന കാരണം പറഞ്ഞ് ലൈസൻസ് റദ്ദാക്കി. പിന്നീടാണ് ദിവാൻ തൻ്റെ ഇഷ്ടക്കാരായ കോയമ്പത്തൂരിലെ  ചാന്ദ്രി കമ്പനിക്ക് വൈദ്യുത വിതരണാവകാശം നൽകിയത്.

കൊച്ചി ദിവാനായിരുന്ന സർ ഷൺമുഖം ചെട്ടി

ചാന്ദ്രി കമ്പനിയുടെ തൃശ്ശൂരിലെ പുതിയ ഓഫീസിൻ്റെ ഉത്‌ഘാടന ദിവസം കടകമ്പോളങ്ങൾ അടച്ച് തൃശ്ശൂർ നഗരവാസികൾ ഹർത്താൽ ആചരിച്ചു. പിറ്റേന്നാൾ, കൊച്ചി രാജ്യത്തെ ഏറ്റവും പ്രചാരമുള്ള ഒരു ദിനപത്രത്തിൽ വന്ന പ്രധാന വാർത്ത ഹർത്താലിനെ കുറിച്ചായിരുന്നു. പക്ഷേ, ശൈലി വേറിട്ടതും. ആ വാർത്തയുടെ തുടക്കം ഇങ്ങനെയായിരുന്നു- ‘തൃശ്ശൂരിലെ ജനങ്ങൾ ചിരകാലമായി പ്രതീക്ഷിച്ചിരുന്ന വിദ്യുത്ച്ഛക്തി വിതരണത്തിൻ്റെ ഉത്‌ഘാടനം വിശ്വവിശ്രുതനായ സർ. എ. രാമസ്വാമി മുതലിയാർ നിർവ്വഹിച്ചു. അതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഇവിടുത്തെ കടകമ്പോളങ്ങൾ അടച്ച് അവരെല്ലാം ആ മഹാമഹത്തിൽ പങ്കു കൊണ്ടു’. തൃശ്ശൂരിലെ ജനങ്ങൾ ഒന്നടങ്കം ഒരു സർക്കാർ പദ്ധതിയെ എതിർത്ത് ഹർത്താൽ നടത്തിയ വാർത്ത, തൃശ്ശൂരിൽ നിന്നിറക്കുന്ന ഒരു പത്രം എഴുതിവെച്ചത് അങ്ങിനെയായിരുന്നു. ‘ഗോമതി’ എന്നായിരുന്നു ആ ദിനപത്രത്തിൻ്റെ പേര്. ഒരു ദിനപത്രമായിരുന്ന ഗോമതിക്ക് അന്നത്തെ സർക്കാരിനോടുണ്ടായിരുന്ന വിധേയത്വത്തിൻറ വിശ്വരൂപം ഇത് വ്യക്‌തമാക്കുന്നു. എങ്കിലും, ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുൻപ്, കേരള സംസ്ഥാനം രൂപം കൊള്ളുന്നതിന് മുൻപ്, മൂന്ന് പതിറ്റാണ്ടോളം തൃശ്ശൂരുകാർക്ക് വർത്തമാനപത്രമെന്നാൽ ഈ ‘ഗോമതി’ മാത്രമായിരുന്നു.  

മിഥുനം എന്ന സിനിമയിൽ ശിവശങ്കരൻ എന്ന കഥാപാത്രം നായകനായ സേതുവിനോട് പരിഹാസത്തോടെ ചോദിക്കുന്നുണ്ട്, “ഒരു ബിസ്‌ക്കറ്റ് കമ്പനിക്ക് ആരെങ്കിലും ‘ദാക്ഷായണി’ എന്ന് പേരിടുമോ?” എന്നാൽ, മിഥുനം സിനിമ പുറത്ത് വരുന്നതിന് അറുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് തൃശ്ശൂരിൽ നിന്ന് പുറത്ത് വന്നിരുന്ന ദിനപത്രത്തിൻ്റെ പേര് ‘ഗോമതി’ എന്നായിരുന്നു. ബിസ്‌ക്കറ്റിന് ‘ദാക്ഷായണി’ എന്ന് പേരിട്ട നാട്ടിൽ(സിനിമയിലാണെങ്കിൽ പോലും) ഒരു ദിനപത്രത്തിന് ‘ഗോമതി’യെന്ന പേര് ഇടുമോ എന്ന ചോദ്യം ചോദിക്കേണ്ട. എന്തെന്നാൽ, അതിന് തക്കതായ കാരണമുണ്ട്.

തൃശൂർ സ്വരാജ് റൗണ്ട് 1940 കളിൽ

ഐക്യ കേരളം പിറക്കുന്നതിന് മുൻപ് കേരളത്തിലെ മൂന്ന് നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ചിരുന്ന പേരാണ്, തൃശ്ശൂരിൽ നിന്ന് ആരംഭിച്ച ദിനപത്രത്തിൻ്റെ ‘ഗോമതി’ എന്ന പേര്. ഗോശ്രീ- മലബാർ- തിരുവിതാംകൂർ എന്നീ കേരളത്തിലെ അന്നത്തെ നാട്ടുരാജ്യങ്ങളുടെ പേരിൻ്റെ ആദ്യാക്ഷരങ്ങൾ ചേർന്നാണ് അർത്ഥവത്തായ ഈ പേരുണ്ടായത് (ഗോശ്രീ’ എന്നത് പഴയ കൊച്ചി രാജ്യത്തിന്റെ സംസ്കൃതത്തിലുള്ള പേരാണ്. ‘ഗോ’ (പശു), ‘ശ്രീ’ (ഐശ്വര്യം / ലക്ഷ്മി) എന്നീ വാക്കുകളിൽ നിന്നാണ് ഈ പേരുണ്ടായത്). തൃശ്ശൂരിലെ വിദ്യാവിനോദിനി പ്രെസ്സുകാർ ആരംഭിച്ച ആഴ്ചപത്രം പിന്നീട് ഒരു ദിനപത്രമാക്കി മാറ്റുകയായിരുന്നു. മലയാളത്തിലെ ആദ്യത്തെ കാലണ പത്രം എന്നറിയപ്പെട്ട ഗോമതി പത്രത്തിൻ്റെ ആദ്യത്തെ എഡിറ്റർ കണ്ണൻ ജനാർദ്ദനൻ എന്ന പ്രഗൽഭനായ എഴുത്തുകാരനായിരുന്നു. മലയാള പത്രപ്രവർത്തന ചരിത്രത്തിൽ വിസ്മരിക്കപ്പെട്ട പേരാണ് കണ്ണൻ ജനാർദ്ദനന്റേത്. ഇരുപത്തിമൂന്ന് നോവലുകൾ, പത്ത് ജീവചരിത്രങ്ങൾ, ആറ് സമാഹാരങ്ങൾ, അഞ്ച് ഇതിഹാസപുരാണങ്ങൾ, മൂന്ന് കഥാസമാഹാരങ്ങൾ, നാല് നാടകങ്ങൾ, ലോകമഹായുദ്ധത്തെക്കുറിച്ചൊരു ചരിത്രപുസ്തകം, പൈലോ പോളിൻ്റെ പുരാണ നിഘണ്ടുവിൻ്റെ മലയാള പരിഭാഷ ഇവയൊക്കെ കുന്നത്ത് ജനാർദ്ദന മേനോൻ എന്ന പേരിൽ കണ്ണൻ ജനാർദ്ദനൻ എഴുതിയവയാണ്. പിന്നീട് അദ്ദേഹം കെ. കൃഷ്ണൻ സ്ഥാപിച്ച തൃശ്ശൂരിലെ ‘എക്സ്പ്രസ്സ്’ ദിനപത്രത്തിൻ്റെ ആദ്യത്തെ എഡിറ്ററായി. എക്സ്പ്രസ്സിലെ അദ്ദേഹത്തിൻ്റെ ‘കാര്യവിചാരം കാവിൽ പാട്’ എന്ന പംക്തി അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

തൃശ്ശൂരിൻ്റെ ഒരു പഴയ രേഖാചിത്രം

തൃശ്ശൂരിലെ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖനും അക്കാലത്ത് അഭിഭാഷകനുമായിരുന്ന പുത്തേഴത്ത് രാമ മേനോന്റെ ശ്രമഫലമായാണ് അക്കാലത്തെ മാസികയായ ‘കൈരളി’യിൽ പ്രവർത്തിച്ചിരുന്ന കെ.വി. രാഘവൻ നായർ എന്ന യുവപത്രപ്രവർത്തകൻ കണ്ണൻ ജനാർദ്ദനന് ശേഷം ‘ഗോമതി’യുടെ എഡിറ്ററായത്. അക്കാലത്ത്  ‘ഗോമതി’യുടെ പ്രാചാരം വർധിച്ചു. കൊച്ചിയിൽ അന്ന് രണ്ട് ദിനപത്രങ്ങളാണ് പ്രചാരത്തിൽ ഉണ്ടായിരുന്നത്. ‘ഗോമതി’യും 1931- ൽ എറണാകുളത്ത് നിന്ന് ആരംഭിച്ച ‘ദീപം’ എന്ന പത്രവും. പുരോഗമനാശയങ്ങളോട് ആഭിമുഖ്യം പുലർത്തി പോന്ന ‘ദീപം’, ദേശീയപ്രസ്ഥാനത്തിന് പിന്തുണ നൽകിയിരുന്നു. ഉത്തരവാദഭരണപ്രക്ഷോഭകാലത്ത് തിരുവിതാംകൂറിൽ ‘ദീപം’ നിരോധിക്കപ്പെടുകയുണ്ടായി. എന്നാൽ, ‘ഗോമതി’ കൈക്കൊണ്ടത് വിരുദ്ധ നിലപാടായായിരുന്നു. അവർ എല്ലായ്പ്പോഴും ഭരണകൂടത്തിൻ്റെ ഒപ്പമായിരുന്നു. സായാഹ്നത്തിൽ പുറത്തിറക്കുന്ന പത്രം ഇന്നത്തെ‘ഗോമതി’യെന്നും നാളത്തെ ‘ഗോമതി’യെന്നും അറിയപ്പെട്ടു . തൃശ്ശൂർ പട്ടണത്തിൽ വൈകീട്ട് പത്രവിതരണക്കാർ ചെന്ന് ഇന്നത്തെ ‘ഗോമതി’ എന്ന്  പറഞ്ഞുവിൽക്കും. ഇതേ പത്രക്കെട്ടുകൾ നാളത്തെ ‘ഗോമതി’ എന്ന പേരിൽ ബസ്സുകളിൽ തൃശ്ശൂരിന് പുറത്ത്  വിതരണം ചെയ്യേണ്ട ദേശങ്ങളിലേക്ക് കയറ്റി അയക്കും. പിറ്റേന്നാൾ, അത് ഇന്നത്തെ ‘ഗോമതി’യായി ആ നാടുകളിൽ വിതരണം ചെയ്യപ്പെടുന്ന വിചിത്ര സംവിധാനമായിരുന്നു ഈ പത്രത്തിന്റേത്.

കൊച്ചി രാജാവായിരുന്ന രാമവർമ്മ തമ്പുരാൻ്റെ തൃശ്ശൂരിലെ പ്രതിമ

സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളും അവയെ സമാന്തരമായി പിന്തുണച്ച ‘ദീനബന്ധു’, ‘പ്രഭാതം’ തുടങ്ങിയ പത്രങ്ങളും സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത് തുടർന്നപ്പോൾ ‘ഗോമതി’ ദിവാനെയും രാജഭരണത്തേയും പിന്തുണച്ചു. അതിനാൽ ‘കൊട്ടാര വൃത്താന്ത പത്രം’ എന്ന് പരിഹാസത്തോടെ ഈ പത്രം അറിയപ്പെടാൻ തുടങ്ങി.

ജോസഫ് മുണ്ടശ്ശേരി തൻ്റെ ആത്മകഥയിൽ ‘ഗോമതി’യെക്കുറിച്ച് എഴുതി- “മദിരാശിയിൽ തീപ്പെട്ട തമ്പുരാൻ്റെ ദശ അവസാനിക്കും വരെ അന്തഃപ്പുരവാഴ്ചക്കെതിരായി ഡോ. എ. ആർ. മേനോൻ നടത്തിയ നിരന്തരസമരത്തിന്റെ വാലിൽ കിളിർത്തതാണ് ഷൺമുഖത്തിനെതിരായുള്ള സമരം. ഈ സമരങ്ങളുടെ കാലത്തെല്ലാം കൊട്ടാരത്തിൻ്റെ നാവായി നിന്ന ഒരു പത്രമുണ്ട്; ‘ഗോമതി’. ശ്രീ കെ. വി. രാഘവൻ നായരായിരുന്നു അതിൻ്റെ പത്രാധിപർ. ആ മനുഷ്യൻ്റെ നേതൃത്വത്തിൽ, ജനകീയ സ്വാതന്ത്ര്യത്തിനുവേണ്ടി കൊച്ചി രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങളുടെ വേരിൽ കത്തിവെക്കാൻ, ‘ഗോമതി’ മറക്കാൻ കഴിയാത്ത സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്. കാലാന്തരത്തിൽ ദിവാൻ ഭരണം അവസാനിച്ച് ജനപ്രതിനിധികളുടെ ഭരണം വന്നപ്പോഴേക്കും, ഓന്തിനെപ്പോലെ നിറം മാറി പുതിയ ഭരണകർത്താക്കളുടെ പാദസേവയേറ്റെടുക്കാനും ‘ഗോമതി’ മടിച്ചില്ല. ‘ഗോമതി’ പത്രാധിപരുടെ പിന്നാലെ അന്ന് സാഹിത്യകാരന്മാരുമുണ്ടായിരുന്നു. ഗവണ്മെൻറിൽനിന്ന് കൈവരാവുന്ന നേട്ടങ്ങളെച്ചൊല്ലിയായിരുന്നിരിക്കാം, സാഹിത്യകാരന്മാരിൽ പലരും രാഘവൻ നായരുമായി സൗഹാർദം ദീക്ഷിച്ചുപോന്നിരുന്നത്” (‘കൊഴിഞ്ഞ ഇലകൾ’, പേജ് 78, 1982).

ഇന്നത്തെ തൃശ്ശൂർ നഗരത്തിന്റെ ആകാശക്കാഴ്ച്ച

സർക്കാരിലും കൊച്ചി ദിവാനിലും ഏറെ സ്വാധീനമുണ്ടായിരുന്ന ‘ഗോമതി’ ദിനപത്രത്തിൻ്റെ ഉടമസ്ഥർ അന്നത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ സേവ പിടിച്ച്‌ ധാരാളം പാഠപുസ്തകങ്ങൾ അച്ചടിക്കാനുള്ള അവകാശം കരസ്ഥമാക്കി. അതിനാൽ, സർക്കാരിനെതിരെ ‘ഗോമതി’ ഒരു വരിപോലും എഴുതിയിരുന്നില്ല. പയ്യന്നൂർകാരനായ കുഞ്ഞിരാമ പൊതുവാൾ നാട്ടിൽ വക്കീലായി പ്രാക്‌ടീസ് ചെയ്‌തുവരുന്നതിനിടക്കാണ്  ജോലിയുപേക്ഷിക്കാനും സ്വാതന്ത്ര്യപ്പോരാട്ടത്തിൽ പങ്കുചേരാനും തീരുമാനിക്കുന്നത്. പയ്യന്നൂർ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കെ.വി. കുഞ്ഞിരാമ പൊതുവാൾ നേരെ ചെന്നത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ്. സ്വാതന്ത്ര്യസമരത്തിൽ അതുവരെ പയ്യന്നൂരായിരുന്നു പൊതുവാളിൻ്റെ തട്ടകം. പിന്നീടത് തൃശ്ശൂരായി. അക്കാലത്ത് തൃശ്ശൂരിലെ തേക്കിൻ കാട് മൈതാനത്തെ മണികണ്ഠനാൽത്തറ സ്ഥിരം രാഷ്ട്രീയ പ്രസംഗങ്ങൾക്ക് വേദിയായിരുന്നു. ഈ ആൽത്തറയിൽ കുഞ്ഞിരാമ പൊതുവാൾ എല്ലാ ഞായറാഴ്‌ചകളിലും സമൂഹത്തിലെ അയിത്തമുൾപ്പെടെയുള്ള അനാചാരങ്ങൾക്കെതിരായും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായും മൈക്ക്‌ കെട്ടി പ്രസംഗിച്ചു. ഓരോ ഞായറാഴ്‌ചകൾ കഴിയുംതോറും തേക്കിൻകാട്ടിലെ ഈ ആൽത്തറ ഒരു പ്രക്ഷോഭത്തറയായി രൂപപ്പെട്ടുവന്നു. പൊതുജനങ്ങളെ ഉൾപ്പെടുത്തി പൊതുവാൾ ഇവിടെ സംവാദങ്ങൾ സംഘടിപ്പിച്ചു.

മലബാറിലും കൊച്ചിരാജ്യത്തും പൊതുവാളിൻ്റെ ജീവിതത്തിന് ഒരു സമാനതയുണ്ടായിരുന്നു. രണ്ടിടത്തും പോലീസുകാരുടെ കൊടിയ മർദ്ദനം. പ്രസംഗം മാത്രമായിരുന്നില്ല സമരരീതി. സാമ്രാജ്യത്വവിരുദ്ധസമരത്തിൽ പത്രങ്ങൾ നല്ലൊരു സമരായുധമായി പോരടിച്ചു നിൽക്കുന്ന സമയം. 1940-ൽ പൊതുവാൾ ജന്മഭൂമി എന്നൊരു പത്രം തുടങ്ങി. ജനകീയ പ്രശ്ന‌ങ്ങൾ ഉയർത്തിപ്പിടിച്ച കോൺഗ്രസ്സുകാരനായിരുന്നു പൊതുവാൾ. രാജാവിനെതിരായി പട്ടിണികിടന്നും പത്രം നടത്തിയ പൊതുവാൾ തൃശ്ശൂരിലെ അന്നത്തെ എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും മുന്നിൽ നിന്നു. പോലീസുകാർ സ്ഥിരമായി പിടികൂടി പൊതുവാളിനെ തല്ലിച്ചതക്കും. ഇത് കണ്ട് തൃശ്ശൂരിലെ ജനങ്ങൾ അവേശത്തോടെ ഒരു പേരും അദ്ദേഹത്തിന് നൽകി. ‘തല്ലുകൊള്ളി പൊതുവാൾ’. ഇദ്ദേഹത്തിൻ്റെ മകനാണ് നവാബ് രാജേന്ദ്രൻ; ’തിരിയിൽ നിന്ന് കൊളുത്തിയ പന്തം!’ 

തൃശ്ശൂരിലെ പ്രശസ്തമായ അച്ചടി ശാലയാണ് ബി.വി. ബുക്ക് ഡിപ്പോ. തൃശ്ശൂർ പൂരത്തിന്റെ സ്മരണിക അച്ചടിക്കുന്നത് അവിടെയാണ്. ആ വർഷത്തെ പൂരം സ്‌മരണികയുടെ ചുമതല കുഞ്ഞിരാമ പൊതുവാളിനായിരുന്നു. സ്മരണികയുടെ പിന്നിലെ പുറംചട്ടയിൽ ഒരു കാർട്ടൂൺ കൊടുത്തത് ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. ഒരു ചിത്രം കൊടുത്തിട്ട് അടിക്കുറിപ്പായി- “പുസ്തക വ്യാപാരിയായ അമ്മ്യാർ ലാളിച്ച് വളർത്തുന്ന നത്ത്” എന്നും എഴുതി. സർക്കാരിന് ദാസ്യവേല ചെയ്യുന്ന പത്രമായ “ഗോമതി” അച്ചടിക്കുന്നത് തൃശ്ശൂർ ടൗണിലെ തെക്കെ പ്രദക്ഷിണവഴിയിൽ പത്തൻസ് ഹോട്ടലിനു സമീപമുണ്ടായിരുന്ന വിശ്വനാഥ് പ്രസ്സിലായിരുന്നു. വിശ്വനാഥയ്യർ ആൻഡ് സൺസ് ആയിരുന്നു ഇതിന്റെ ഉടമസ്ഥ‌ർ. ‘ഗോമതി’യുടെ പത്രാധിപരാകട്ടെ കെ. വി. രാഘവൻനായരും. പൊതുവാളിൻ്റെ  കാർട്ടൂണിൽ “അമ്മ്യാർ” എന്നു പറഞ്ഞിരിക്കുന്നത് വിശ്വനാഥയ്യർ ആൻഡ് സൺസിനെ ഉദ്ദേശിച്ചാണ്; “നത്ത്” എന്നത് രാഘവൻ നായരേയും, അക്കാലത്ത് ജനങ്ങൾക്കിടയിൽ രാഘവൻനായർക്ക് “നത്ത്” എന്നൊരു വിളിപ്പേരുണ്ടായിരുന്നു. ചിത്രം കാണുന്ന ആർക്കും അതിൻ്റെ അർത്ഥം എളുപ്പത്തിൽ മനസ്സിലാകുമായിരുന്നു.

സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ പ്രതീകാത്മക ചിത്രം

പൂരം സോവനീർ ഇറങ്ങി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ഇന്നസെൻ്റ് പാപ്പാളിയെന്ന അക്കാലത്തെ കൊടും ക്രൂരനായ പോലീസ് ഇൻസ്പെക്‌ടർ ഒരു പോലീസുകാരനോടൊപ്പം പ്രസ്സിൽ കയറിവന്നു. പാപ്പാളി എന്നു കേട്ടാൽ അക്കാലത്ത് ആരും വിറച്ചുപോകും. അദ്ദേഹത്തിന്റെ മുന്നിൽ ചെന്നുപെട്ട അക്രമികളാരും ആ കൈപ്പത്തിയുടെ ചൂടറിയാതെ പോയിട്ടില്ല എന്നാണ് പറയാറ്. കുററവാളികളുടെ കാര്യം മാത്രമല്ല ഇത്. കൊച്ചിയിലെ അക്കാലത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയക്കാരും ഈ ഉദ്യോഗസ്ഥൻ്റെ കൊടും മർദ്ദനത്തിന്ന് ഇരയായിട്ടുണ്ട്. ഇ. ഗോപാലകൃഷ്ണ മേനോൻ, സി. ജനാർദ്ദനൻ, കെ. കെ. വാരിയർ, എ. വി. ആര്യൻ, തുടങ്ങി കുഞ്ഞിരാമ പൊതുവാൾ വരെ എത്രയോ പേരെ അദ്ദേഹം ഇഞ്ചി ചതക്കും പോലെ തല്ലിച്ചതച്ചിട്ടുണ്ട്. ഇൻസ്പെക്ടർ പാപ്പാളി പൂരം സ്മരണിക എടുത്തുകാണിച്ച്, പ്രസ്സിൻ്റെ ചുമതലക്കാരനായ മാനേജർ തേമ്പാട്ട് ശങ്കരൻ നായരോട് ചോദിച്ചു, “ഇതിന്റെ മാററർ എവിടെ? ഭാഗ്യവശാൽ മാറററെല്ലാം പ്രസ്സിൽ തന്നെയുണ്ടായിരുന്നു. അതെല്ലാം അദ്ദേഹം വാങ്ങി പരിശോധിച്ചു. എന്നാൽ അദ്ദേഹം തിരയുന്നതു മാത്രം കണ്ടുകിട്ടിയില്ല, സ്മരണികയുടെ പുറം ചട്ടയുടെ കീഴ് ഭാഗത്ത് ചേർത്തിട്ടുള്ള- “printed and published by…” എന്നു തുടങ്ങുന്ന സ്‌റേറററ്‌മെൻറാണ് അദ്ദേഹത്തിന്നാവശ്യം. സോവനീർ പുറത്തിറക്കിയതൻ്റെ  തലേന്നാൾ രാത്രി ഒരു തുണ്ടുകടലാസിൽ കുഞ്ഞിരാമ പൊതുവാൾ എഴുതിത്തന്നതാണത്. അതെവിടേയോ പറന്നുപോയി. ഇൻസ്പെക്ടർ പാപ്പാളിക്കു വേണ്ടത് അതു മാത്രമാണുതാനും. വിറച്ച് പോയ ശങ്കരൻ നായർ പറഞ്ഞു, “കുഞ്ഞിരാമ പൊതുവാളിൽനിന്ന് അതെഴുതി വാങ്ങിച്ചു തരാം”. പാപ്പാളി അതു സമ്മതിച്ച് തിരിച്ചു പോയപ്പോഴേ ശങ്കരൻ നായർക്ക് ശ്വാസം നേരെ വീണുള്ളൂ.

കൊച്ചി രാജ്യത്തെ പോലീസിലെ കുപ്രസിദ്ധ മർദ്ദകനായിരുന്ന
ഇൻസ്പെക്ടർ ഇന്നസെൻ്റ് പാപ്പാളി

കുഞ്ഞിരാമ പൊതുവാളുമായി ശങ്കരൻ നായർ വളരെ സൗഹൃദത്തിലായിരുന്നു. നേരിട്ടു ചെന്നു പറഞ്ഞാൽ അദ്ദേഹം ആ സ്‌റേററ്റുമെൻറ് എഴുതിത്തരുമെന്നാണ് ശങ്കരൻ നായർ കരുതിയത്. പക്ഷേ പൊതുവാൾ പറഞ്ഞത് മറെറാരു കാര്യമായിരുന്നു. “ശരി, ഞാൻ നേരിട്ടുവന്ന് എഴുതിക്കൊടുക്കാം. ഇൻസ്പെക്ടറ്റർ പാപ്പാളിയോട് നാളെ ഉച്ചതിരിഞ്ഞ് പ്രസ്സിൽ വരാൻ പറയൂ. ഒരു റൂൾതടി മേശപ്പുറത്ത് വെച്ചിരിക്കണം. ഞാനതെടുത്ത് ഒരൊറ്റ അടിക്ക് അവൻ്റെ കഥ കഴിക്കാം”. ഇതു കേട്ടപ്പോൾ ശങ്കരൻ നായർ വിറച്ചുപോയി. ഈ പറഞ്ഞതൊക്കെ ചെയ്യാൻ മനക്കരുത്തുള്ള ആളാണ് പൊതുവാളെന്ന് എനിക്ക് നന്നായറിയാം. സംഭവം കുഴയും. ആ സ്റേറററ്‌മെൻറ് പാപ്പാളിക്ക് നൽകാൻ മറ്റെന്താണ് വഴി? അദ്ദേഹം പരുങ്ങലിലായി. ഭാഗ്യവശാൽ ഇൻസ്പെക്ടർ പാപ്പാളി പിന്നെ പ്രസ്സിൽ വന്നില്ല. അതോടെ സംഭവം തീർന്നു. പക്ഷേ, ‘ഗോമതി’ എഡിറ്റർ കെ.വി. രാഘവൻ നായരുടെ “നത്ത്” എന്ന പേരും കഥയും തൃശ്ശൂരിൽ കൂടുതൽ പ്രസിദ്ധമായി.

‘ഗോമതി’ പത്രത്തിലൂടെയാണ് ആർ. എം മനയ്ക്കലാത്ത് (രാമൻ മനയ്ക്കലാത്ത്) തൻ്റെ പത്രപ്രവർത്തനവും പൊതു ജീവിതവും ആരംഭിച്ചത്. തൃശ്ശൂർ തലപ്പിള്ളി താലൂക്കിലെ മച്ചാട് ജനിച്ച മനക്കലാത്ത് ചേർപ്പ് ഗ്രാമോദ്ധാരണ കേന്ദ്രത്തിൽ 6 മാസം പരിശീലനം കഴിഞ്ഞ ശേഷമാണ് പത്രപ്രവർത്തകനാകാൻ ‘ഗോമതി’യിൽ എത്തുന്നത്. പിന്നീട് സ്വാതന്ത്ര്യസമര സേനാനി, സോഷ്യലിസ്‌റ്റ്, എഴുത്തുകാരൻ, പ്രാസംഗികൻ എന്നീ നിലകളിൽ കേരളീയ സമൂഹത്തിൽ തിളങ്ങിയ ആർ. എം. മനയ്ക്കലാത്ത് ‘ഗോമതി’യിൽ സബ് എഡിറ്ററായും റിപ്പോർട്ടറായും പ്രവർത്തിച്ചു. ‘ഗോമതി’യുടെ തൃശ്ശൂർ ടൗൺ റിപ്പോർട്ടറായി ജോലി ചെയ്‌ത കാലത്ത്, കൂടുതൽക്കൂടുതൽ ആളുകളുമായി വ്യക്തിബന്ധം സ്ഥാപിക്കാൻ മനയ്ക്കലാത്തിന് അവസരം കിട്ടി. അന്ന് ടെലിഫോൺ സൗകര്യം പരിമിതമായതിനിൽ നേരിട്ടു പോയി വാർത്തകൾ ശേഖരിക്കുകയായിരുന്നു പതിവ്.

വാർത്താ ഉറവിടങ്ങൾ തേടി പോലീസ് സ്റ്റേഷൻ, കോടതികൾ, ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള അലച്ചിലുകൾ മനയ്ക്കലാത്തിനെ വല്ലാതെ ഹരംകൊള്ളിച്ചിരുന്നു. ‘ഗോമതി’യിൽ റിപ്പോർട്ടറായിരിക്കേ മനക്കലാത്ത് എഴുതിയ ലേഖനങ്ങളിലൂടെ അദ്ദേഹത്തിന് സാഹിത്യാഭിരുചി വളർത്താനും പ്രകടിപ്പിക്കാനും ധാരാളം അവസരങ്ങൾ ലഭിച്ചു. പത്രപ്രവർത്തകൻ എന്ന നിലയിൽ ഏറെ മികവ് പ്രകടിപ്പിച്ച ഒരു ലേഖനം അദ്ദേഹം അക്കാലത്ത്  ‘ഗോമതി’ പത്രത്തിലെഴുതി. തിരുവിതാംകൂർ കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള ലേഖനമായിരുന്നു അത്. അത് പുറത്തുവന്നതോടെ ദിവാനായ സർ സി. പി രാമസ്വാമി അയ്യർ തിരുവിതാംകൂറിൽ ‘ഗോമതി’ പത്രം നിരോധിച്ചു. അതോടെ ‘ഗോമതി’ രഹസ്യമായി കൂടുതൽ  പ്രചരിച്ചു. അതേസമയത്തുതന്നെ ജവാഹർലാൽ നെഹ്രുവിനെക്കുറിച്ചും സാഹിത്യവും രാഷ്ട്രീയവും പോരാതെ സയൻസും റിപ്പോർട്ട് ചെയ്യുന്നതിൽ മനയ്ക്കലാത്ത് അതിവിദഗ്ധനായിരുന്നു.

കൊച്ചി രാജ്യത്ത് ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതിന്റെ ശതാബ്ദി ആഘോഷിക്കുന്ന അവസരം. ദിവാൻ ഷണ്മുഖം ചെട്ടിയുടെ പ്രത്യേക മേൽനോട്ടത്തിൽ തൃശ്ശൂർ ടൗൺഹാളിൽ ഒരു സമ്മേളനം നടത്തി. അവിടെ വച്ചുനടത്തിയ, “ഡോ. സി.വി. രാമൻ- ‘ബ്ലൂയിഷ്‌നെസ് ഓഫ് ദി സി'”എന്ന വിഷയത്തെ കുറിച്ചുള്ള പ്രസംഗം “നീരാഴിയുടെ നീലിമ” എന്ന ശീർഷകത്തിൽ ‘ഗോമതി’യിൽ തർജ്ജമ ചെയ്തു. അതിൻ്റെ ഭാഷാശൈലിയുടെയും  സാഹിത്യഗുണത്തിന്റെയും മേന്മയെ പ്രശംസിച്ച്‌ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയടക്കമുള്ളവരുടെ പ്രശംസ മനയ്ക്കലാത്തിനെ തേടിയെത്തി. മുണ്ടശ്ശേരിയുമായുണ്ടായ അടുപ്പം സാഹിത്യരംഗത്ത് കുറെക്കൂടി ശ്രദ്ധ പതിപ്പിക്കാൻ മനയ്ക്കലാത്തിനു സഹായകമായി. ഗോമതി പത്രത്തിന്റെ ഓഫീസിൽ വന്നിരുന്ന് ലേഖനങ്ങൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന പതിവുണ്ടായിരുന്നു മുണ്ടശ്ശേരിക്ക്.  പലപ്പോഴും മനയ്ക്കലാത്തിനെയാണ് അത് എഴുതിയെടുക്കാൻ എഡിറ്റർ  കെ.വി. രാഘവൻ നായർ  ചുമതലപ്പെടുത്തുക. ഭാഷയിലും ശൈലിയിലും സാഹിത്യത്തിലും പ്രഗൽഭനായ  മുണ്ടശ്ശേരിയുമായിയുണ്ടായ അടുത്ത സമ്പർക്കം പിന്നീട് മനയ്ക്കലാത്തിന് ഏറെ ഗുണം ചെയ്തു. ഒന്നാം തരം വാഗ്മിയായ ജോസഫ്  മുണ്ടശ്ശേരിയെന്ന ശൈലീവല്ലഭൻ്റെ കൂടെ പ്രവർത്തിച്ചത് മനയ്ക്കലാത്തിനെ  പിൽക്കാലത്ത് ഒന്നാന്തരം പ്രാസംഗികനാവാൻ സഹായിച്ചു. ‘ഗോമതി’യുടെ റിപ്പോർട്ടറായതിനാൽ പല നേതാക്കളുടെയും പ്രസംഗങ്ങൾ നേരിട്ട് കേൾക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും സ്വന്തം പ്രസംഗങ്ങളെ മികച്ചതാക്കാൻ സഹായിച്ചു.

മനയ്ക്കലാത്തിന്റെ പ്രസംഗവും എഴുത്തും അധികാര കേന്ദ്രങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. ഇടക്കാലത്ത്, മനയ്ക്കലാത്ത് കൊച്ചിരാജ്യത്തെ പ്രശസ്തനായ നേതാവ് വി. ആർ. കൃഷ്ണനെഴുത്തച്ഛനുമായി അടുപ്പം പുലർത്തുകയും അദ്ദേഹത്തിൻ്റെ ‘പ്രജാമണ്ഡലം’ പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ, മനയ്ക്കലാത്തിനെ രാജവാഴ്ച‌യുടെ നിതാന്തശത്രുവാക്കിയ ഒരു സംഭവം അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി. ‘ഗോമതി’ പത്രമാഫീസിലേക്ക് വന്ന ഒരു ടെലഗ്രാമിനെ തർജ്ജമ  ചെയ്തുണ്ടാക്കിയ മനയ്ക്കലാത്തിന്റെ  ഒരു റിപ്പോർട്ടായിരുന്നു അതിനു കാരണം. സംഭവം ഇങ്ങനെയാണ്: അന്ന് ‘ഗോമതി’ പത്രത്തിൽ മനയ്ക്കലാത്ത് റിപ്പോർട്ട് ചെയ്‌ത തൃപ്പൂണിത്തുറ കൊട്ടാരവുമായി ബന്ധപ്പെട്ട ഒരു വാർത്ത തെറ്റിദ്ധാരണയുണ്ടാക്കി. കൊച്ചി രാജ്യത്തെ വലിയൊരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇളമന കൃഷ്‌ണമേനോൻ്റെ മരുമകളുടെ വിവാഹം ഗംഭീരമായി നടന്നു. കൊച്ചി മഹാരാജാവ് വിവാഹത്തിൽ പങ്കെടുത്തില്ല. പകരം കൊട്ടാരത്തിൽ നിന്ന് സമ്മാനങ്ങൾ കൊടുത്തയച്ചു. എന്നാൽ തൃപ്പൂണിത്തുറയിൽ നിന്ന് തൃശ്ശൂരിലെ  ‘ഗോമതി’ പത്രമാഫീസിലേക്ക് വന്ന വാർത്ത ടെലിഗ്രാമിൽ ‘ഹിസ് ഹൈനസ് പ്രസൻ്റ്’ എന്നായിരുന്നു. അയച്ച ആളുടെ പിഴവോ ടെലിഗ്രാമിൽ വന്ന പിശകോ കാരണം അർത്ഥം മാറിപ്പോയി. മനയ്ക്കലാത്ത് തർജ്ജമ  ചെയ്ത വാർത്തയിൽ മഹാരാജാവ് തിരുമനസ്സ് വിവാഹത്തിന് സന്നിധനായി അനുഗ്രഹിച്ചു എന്നൊരു വരിയുണ്ടായിരുന്നു. കൊച്ചി മഹാരാജാവ് ഒരു നായരുടെ കല്യാണത്തിന് പോയി എന്ന് പറഞ്ഞാൽ പോലും അന്നത്  രാജ്യദ്രോഹമാണ്. ഈ വാർത്ത കണ്ട് തൃപ്പൂണിത്തുറ കൊട്ടാരത്തിൽ പൊട്ടിത്തെറിയുണ്ടായി. കാര്യം ഗുരുതരമാണെന്ന് കണ്ട ഇളമന കൃഷ്ണമേനോൻ ‘ഗോമതി’ എഡിറ്ററായ കെ. വി. രാഘവൻ നായരെ  ഫോണിൽ വിളിച്ച് തട്ടിക്കയറി. ക്ഷുഭിതനായ മേനോൻ പത്രം പൂട്ടിക്കെട്ടുമെന്ന്  ഭീഷണിപ്പെടുത്തി.

പരിഭ്രാന്തനായ രാഘവൻ നായർ പ്രശ്‌നം പരിഹരിക്കാനായി മനയ്ക്കലാത്ത് തന്നെ നേരിട്ടു പോയി ഇളമന കൃഷ്ണമേനോനെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിക്കണം എന്നു നിർദ്ദേശിച്ചു. അതനുസരിച്ച് മനയ്ക്കലാത്ത് ‘ഗോമതി’യുടെ ഔദ്യോഗികവാഹനമായ റിക്ഷയിൽ കയറി പൂങ്കുന്നത്തുള്ള  ഇളമന മേനോൻ്റെ വീട്ടിലേക്ക് പോയി. മനയ്ക്കലാത്ത് അകത്ത് കയറി. വളരെ നേരം ഉമ്മറത്ത് കാത്തു നിന്നു. വീട്ടിലെ നെടുനീളൻ വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന ഇളമന കൃഷ്ണ മേനോൻ മനയ്ക്കലാത്തിനെ കണ്ട ഭാവം നടിക്കാതെ പിന്നെയും ഉലാത്തൽ തുടർന്നു. ഒടുവിൽ ക്ഷമ നശിച്ച മനയ്ക്കലാത്ത് പോക്കറ്റിൽനിന്ന് തീപ്പെട്ടിയെടുത്ത് ഒരു കൊള്ളി മൂക്കിൽ കയറ്റി ഒരുഗ്രൻ തുമ്മു തുമ്മി.

ഉടനെ ഇളമന കൃഷ്ണ മേനോൻ വളരെ ഗൗരവത്തിൽ ദേഷ്യത്തോടെ ചോദിച്ചു, “താനാരാ, എന്താ കാര്യം, എവിടുന്നാ?” കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തിട്ടാണ് കാവൽക്കാരൻ മനയ്ക്കലാത്തിനെ അകത്തേക്കു കടത്തിവിട്ടിരിക്കുന്നത്. എന്നാലും അദ്ദേഹം വിനയത്തോടെ പറഞ്ഞു, “ഞാൻ ഗോമതി പത്രത്തിൽ നിന്ന് എഡിറ്റർ പറഞ്ഞതനുസരിച്ച് വന്നതാണ്…” മുഴുവൻ പറയാൻ മേനോൻ സമ്മതിച്ചില്ല. മേനോൻ ക്ഷുഭിദ്ദനായി പൊട്ടിത്തെറിച്ച്‌, ‘’കള്ള റാസ്ക്കൽസ്, നായ്ക്കൾ, നിങ്ങളെയെല്ലാം വിയ്യൂർ സെൻട്രൽ ജയിലിൽ കൊണ്ടടയ്ക്കും. നോക്കിക്കോ…” എന്നുപറഞ്ഞു.  ഈ തോന്ന്യാസം കേട്ടു നിൽക്കാൻ സ്വതവേ ധിക്കാരിയായ മനയ്ക്കലാത്തിനു കഴിഞ്ഞില്ല. അദ്ദേഹം മേലും കീഴും നോക്കാതെ വരാവുന്ന ഭവിഷ്യത്തുക്കൾ ഓർക്കാതെ അതേ ഭാഷയിൽത്തന്നെ തിരിച്ചു പറഞ്ഞു: “മേനോനെ… സെൻട്രൽ ജയിൽ പശുക്കളെ കെട്ടാനുള്ള സ്ഥലമല്ല, ഇനി നമുക്ക് അവിടെ വെച്ചു കാണാം. “മനയ്ക്കലാത്തിൻ്റെ പ്രതീക്ഷിക്കാത്ത ഈ മറുപടി കേട്ട് കൃഷ്ണമേനോൻ തരിച്ചുനിന്നുപോയി. കൃഷ്‌ണ മേനോൻ എന്തെങ്കിലും തിരിച്ച് പറയും മുൻപ് മനക്കലാത്ത് സ്ഥലം വിട്ടു. അദ്ദേഹം നേരെ ‘ഗോമതി’ പത്രാഫീസിൽ ചെന്ന് രാജിക്കത്ത് എഴുതിക്കൊടുത്തു. എന്നിട്ട് അന്നു തന്നെ വീട്ടിലേക്ക് പോന്നു. ഈ സംഭവത്തോടെ മനയ്ക്കലാത്ത് എന്ന ചെറുപ്പക്കാരൻ രാജവാഴ്‌ചയുടെ നിതാന്തശത്രുവായി മാറി. അങ്ങനെ ധിക്കാരിയും കടന്നാക്രമണകാരനുമായ ഒരു ചെറുപ്പക്കാരൻകൂടി നാടുവാഴിത്തത്തിൻ്റെ എതിർചേരിയിൽ അണിനിരന്നു.

ആർ. എം. മനയ്ക്കലാത്തിൻ്റെ പിന്നീടുള്ള പൊതുജീവിതം കേരള രാഷ്ട്രീയചരിത്രത്തിൻ്റെ തിളക്കമാർന്ന അദ്ധ്യായമാണ്. ഏകദേശം ഒരു വർഷക്കാലത്തോളമുണ്ടായിരുന്ന ‘ഗോമതി’യിലെ പത്രപ്രവർത്തനം 1940 മെയ് മാസത്തിൽ മനയ്ക്കലാത്ത് അവസാനിപ്പിച്ചു. കൊച്ചി രാജാവിനോടും രാജകുടുംബത്തോടും പൂർണ്ണ വിധേയത്വം പുലർത്തിയ പത്രമായിരുന്നു ‘ഗോമതി’. അതുകൊണ്ടുതന്നെ അതിന് അതിന്റേതായ ശക്തിയും ദൗർബല്യങ്ങളും ധാരാളമുണ്ടായിരുന്നു. പേരും പേരുദോഷവും ഏറെ കെട്ടിയേൽപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തേയും അന്നത്തെ പുരോഗമന പ്രസ്ഥാനങ്ങളേയും ‘ഗോമതി’ ഒട്ടും വകവെച്ചിരുന്നില്ല. രാജാവിനും ദിവാനും വേണ്ടി നിലകൊള്ളാനും അവയെ നഖശിഖാന്തം എതിർക്കാനും ‘ഗോമതി’ക്ക് യാതൊരു മടിയുമില്ലായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ മറ്റ്  പത്രങ്ങളായ, ‘നവജീവ’നോടും ‘ദീനബന്ധു’വിനോടും ‘എക്‌സ്പ്രസ്സി’നോടും ഒട്ടും സൗഹാർദമല്ലാത്ത നിലപാടാണ് ‘ഗോമതി’ സ്വീകരിച്ചിരുന്നത്. 

‘ഗോമതി’യുടെ എഡിറ്റർ കെ. വി. രാഘവൻ നായരുടെ മരണത്തോടെ ഗോമതി പത്രത്തിൻ്റെ  പ്രസിദ്ധീകരണം എന്നെന്നേക്കുമായി അവസാനിച്ചു. രാഷ്ട്രീയം ഒഴിച്ച് നിർത്തിയാൽ മൂന്ന് പതിറ്റാണ്ട് തൃശ്ശൂരിന്റെ സമകാലീന സംഭവങ്ങൾ പ്രതിഫലിപ്പിച്ച ഒരു കണ്ണാടിയായിരുന്നു ‘ഗോമതി’. ഇന്നത്തെ ‘ഗോമതി’യും നാളത്തെ ‘ഗോമതി’യും എന്തെഴുതുമെന്ന് തൃശ്ശൂരിലെ സാധാരണക്കാർ ചോദിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് തൃശ്ശൂർ പ്രസ്സ് ക്ലബ് തൃശ്ശൂരിലെ വിദ്യാലയങ്ങളിൽ 10 ാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്ക്  ‘ഗോമതി’ പത്രാധിപരായിരുന്ന കെ.വി. രാഘവൻ നായരുടെ സ്മരണക്കായി ഒരു പുരസ്കാരം എർപ്പെടുത്തി. ഒരു പവൻ്റെ സ്വർണ്ണ മെഡൽ ആണ് ഈ  പുരസ്‌കാരം. തൃശ്ശൂർ നഗരത്തിൻ്റെ പോയ കാല പത്രപാരമ്പര്യത്തിൻ്റെ സ്‌മരണയായി മലയാള പത്രപ്രവർത്തന ചരിത്രത്തിൽ ‘ഗോമതി’ ദിനപത്രത്തെ രേഖപ്പെടുന്ന ഏക വസ്തുത ഇന്ന് ഇതു മാത്രമാണ്.

മഹാകവി ജി. ശങ്കരക്കുറുപ്പ് ‘ഗോമതി’യെക്കുറിച്ച് എഴുതിയ ഒരു വാക്യം മതി ആ ദിനപത്രത്തിൻ്റെ അന്നത്തെ  പ്രസക്തിയും പ്രാധാന്യവും മനസ്സിലാക്കാൻ. ജി. എഴുതി: “കാലത്ത് ചൂടുള്ള ഒരു ഇഡ്ഡലി വാങ്ങാൻ കയ്യിൽ കാശ് തികയാതിരുന്ന അന്നത്തെ റിക്ഷാക്കാർ തൃശ്ശിവപേരൂരിലെ വീഥികളിൽ വണ്ടിയിൽ ചാരി നിന്നുകൊണ്ട് ‘ഗോമതി’ പത്രം വാർത്താഗ്രഹണതൃഷ്ണയോടെ വായിക്കുന്നത് ദർശനീയമായൊരു കാഴ്ചയായിരുന്നു, അന്നെനിക്ക്”.

Content Summary: An 87-year-old copy of the newspaper Gomathi was accidentally discovered hidden behind an antique mirror in Thrippunithura.
The paper, published from Thrissur, was once a major daily that documented the region’s social and political life before Kerala was formed.
Though known for supporting the Cochin royal administration, Gomathi remains an important part of Kerala’s journalism history.

Leave a Reply

Your email address will not be published. Required fields are marked *

×