മണ്ണിനും മനുഷ്യര്‍ക്കും വെല്ലുവിളി; വിശാഖപട്ടണത്തെ ഗൂഗിള്‍-അദാനി ഡാറ്റ സെന്റര്‍ പദ്ധതി

1.44 ലക്ഷം കോടിയുടെ എ.ഐ പദ്ധതി: ആവേശത്തോടൊപ്പം അവഗണിക്കാനാകാത്ത തൊഴില്‍-പരിസ്ഥിതി ആശങ്കകളും

Visakhapatnam Google-Adani data center

ശാന്തമായൊരു തീരദേശ നഗരമായ വിശാഖപട്ടണം, ഇന്ന് ഇന്ത്യയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തിന്റെ സങ്കീര്‍ണതകളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. നഗരാതിര്‍ത്തിയിലെ താര്‍ലുവാഡ ഗ്രാമത്തില്‍, പച്ചപ്പ് നിറഞ്ഞൊരു കുന്നിന്‍ചെരുവില്‍ കഴിഞ്ഞ മാസമാണ് ബുള്‍ഡോസറുകള്‍ മണ്ണുമാന്തി നിലം നികത്താന്‍ തുടങ്ങിയത്. ഗൂഗിളിന്റെ 15 ശതകോടി ഡോളര്‍((ഏകദേശം 1.44 ലക്ഷം കോടി) പദ്ധതിയുടെ ഭാഗമായുള്ള ഒരു ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റര്‍ നിര്‍മ്മിക്കുന്നതിനാണിത്. എ.ഐ യുഗത്തിലേക്ക് ഇന്ത്യയെ നയിക്കാന്‍ ഡാറ്റാ സെന്ററുകള്‍ അനിവാര്യമാണെന്ന് കരുതുന്ന മോദി സര്‍ക്കാരുമായി അടുത്ത ബന്ധമുള്ള അദാനിയാണ്‌ ഈ പദ്ധതിയില്‍ ഗൂഗിളിന്റെ പങ്കാളി. ഡാറ്റാ സെന്ററില്‍ മാത്രം ലക്ഷ്യം ഒതുങ്ങുന്നില്ലെന്നും, എയര്‍കണ്ടീഷണറുകള്‍, ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ നിര്‍മ്മിക്കുന്ന അനുബന്ധ വ്യവസായങ്ങളെ മുഴുവന്‍ സംസ്ഥാനത്തേക്ക് എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നുമാണ് ആന്ധ്രാപ്രദേശ് ഐ.ടി മന്ത്രി നാര ലോകേഷ് പറയുന്നത്.

ഗൂഗിള്‍ പദ്ധതിക്ക് പുറമെ, ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്മെന്റും റിലയന്‍സും ചേര്‍ന്നുള്ള മറ്റൊരു വന്‍കിട ഡാറ്റാ സെന്ററും വിശാഖപട്ടണത്ത് ഉയരുന്നുണ്ട്. ഇവ രണ്ടും പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഇന്ത്യയുടെ ഡാറ്റാ സെന്റര്‍ ശേഷി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികമാകും. എന്നാല്‍ ഈ വന്‍കിട വികസന പദ്ധതികള്‍ക്ക് പിന്നില്‍ പ്രാദേശിക തലത്തിലും പരിസ്ഥിതി മേഖലയിലും വലിയ ആശങ്കകള്‍ പുകയുകയാണ്. വന്‍തോതില്‍ ഊര്‍ജ്ജവും ജലവും ഉപയോഗിക്കുന്ന ഇത്തരം ‘ഹൈപ്പര്‍സ്‌കെയില്‍’ ഡാറ്റാ സെന്ററുകള്‍ വലിയ അളവില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. ഭൂമി, ഊര്‍ജ്ജം, ജലം എന്നിവ കുറഞ്ഞ നിരക്കില്‍ നല്‍കുന്നതിനൊപ്പം വന്‍ നികുതി ഇളവുകളും ഗൂഗിളിനും പങ്കാളികളായ അദാനി ഗ്രൂപ്പിനും നല്‍കുന്നതിനെ എതിര്‍ക്കുന്നവരും കുറവല്ല.

വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമവും വൈദ്യുതി തടസ്സവും നേരിടുന്ന ഈ മേഖലയില്‍, പരിസ്ഥിതി അനുമതികള്‍ കാറ്റില്‍പ്പറത്തിയാണ് നിര്‍മ്മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആവശ്യമായ വൈദ്യുതിയും ജലവും എവിടെ നിന്ന് ലഭ്യമാക്കുമെന്നതിലോ, സബ്സിഡികളുടെ സാമ്പത്തിക ഭാരം ആര് ചുമക്കുമെന്നതിലോ യാതൊരു സുതാര്യതയുമില്ലെന്ന് ഹ്യൂമന്‍ റൈറ്റ്സ് ഫോറം പ്രതിനിധി വി.എസ് കൃഷ്ണ ആരോപിക്കുന്നു. പൊതുസമൂഹത്തില്‍ യാതൊരു ചര്‍ച്ചയും കൂടാതെ സുതാര്യതയില്ലാതെയാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാല്‍ സര്‍ക്കാര്‍ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും സങ്കീര്‍ണ്ണമായ നിയമനടപടികള്‍ ലളിതമാക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി നാര ലോകേഷ് വാദിക്കുന്നു.

പദ്ധതി നിര്‍മ്മാണ ഘട്ടത്തില്‍ 1,20,000 തൊഴിലവസരങ്ങളും, അത് പൂര്‍ത്തിയായ ശേഷം 60,000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ലോകത്തെമ്പാടുമുള്ള സമാനമായ ഡാറ്റാ സെന്ററുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ കണക്കുകള്‍ അതിശയോക്തിപരമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 140 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ യന്ത്രവല്‍കൃത വ്യവസായങ്ങള്‍ വളരുന്നത് തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുമെന്ന ഭയവുമുണ്ട്. എ.ഐ സാങ്കേതികവിദ്യയുടെ കടന്നുവരവ് ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ലായ ഐ.ടി, ടെക്-സപ്പോര്‍ട്ട് മേഖലകളിലെ തൊഴിലുകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പരിസ്ഥിതി അനുമതികളിലെ വീഴ്ചയാണ് മറ്റൊരു പ്രധാന പ്രശ്‌നം. വന്യജീവി സങ്കേതത്തിന് സമീപത്തും കുടിവെള്ള സ്രോതസ്സിന്റെ വൃഷ്ടിപ്രദേശത്തുമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ ആവശ്യമായ എല്ലാ നിയമപരമായ അനുമതികളും ലഭിച്ചിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധികള്‍ വ്യക്തമാക്കി. തദ്ദേശീയര്‍ക്ക് യാതൊരുവിധ കുടിവെള്ള, ഊര്‍ജ്ജ ക്ഷാമവും ഉണ്ടാകാത്ത രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഗൂഗിള്‍ എക്‌സിക്യൂട്ടീവ് അലക്‌സാണ്ടര്‍ സ്മിത്ത് അറിയിച്ചു. ശുദ്ധമായ പുനരുപയോഗ ഊര്‍ജ്ജത്തിലാണ് കമ്പനി നിക്ഷേപം നടത്തുന്നതെന്നും, അധികച്ചെലവുകള്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എങ്കിലും, വന്‍കിട വികസന പദ്ധതിയുടെ ആകെച്ചെലവ് അതിന്റെ ഗുണങ്ങളേക്കാള്‍ കൂടുതലായിരിക്കുമെന്ന് മുന്‍ ധന-ഊര്‍ജ്ജ മന്ത്രാലയ ഉദ്യോഗസ്ഥനായ ഇ.എ.എസ് ശര്‍മ്മ മുന്നറിയിപ്പ് നല്‍കുന്നു. പദ്ധതിക്കായി നിര്‍മ്മിക്കുന്ന പുതിയ വൈദ്യുതി വിതരണ ശൃംഖലകളുടെ ചെലവ് ഒടുവില്‍ സാധാരണക്കാരുടെ കറന്റ് ബില്ലുകളിലാണ് എത്തുകയെന്നും, നല്‍കുന്ന ഓരോ സബ്സിഡിയും അന്തിമമായി സമൂഹത്തിന് വലിയ സാമ്പത്തിക ബാധ്യതയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. വന്‍കിട ഡിജിറ്റല്‍ വിപ്ലവത്തിന്റെ പാതയില്‍ ഇന്ത്യ മുന്നേറുമ്പോള്‍, പ്രാദേശിക പരിസ്ഥിതിയും ജനങ്ങളുടെ ജീവിതസുരക്ഷയും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്ന ചോദ്യമാണ് ഈ വികസന പദ്ധതികള്‍ ഉയര്‍ത്തുന്നത്.

കടപ്പാട്; The Hamilton Spectator


Content Summary; Google and Adani Group’s $15 billion data center project in Visakhapatnam faces scrutiny over high energy use, water strain, environmental clearances, and job generation doubts

This post was last modified on July 27, 2026 3:02 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment