March 26, 2025 |
സുമ സണ്ണി
സുമ സണ്ണി
Share on

വിശ്വാസം കൂടി പോയോ? ഞാനും നിങ്ങളും വളര്‍ത്തി വലുതാക്കുന്ന ടെക് ഭീമന്മാര്‍

ഇലോണ്‍ മസ്‌ക്കും, ട്രംപും ചേര്‍ന്നുള്ള കളികള്‍ ലോകം കാണാന്‍ പോകുന്നതേയുള്ളൂ

ഇന്റര്‍നെറ്റില്‍ എന്തെങ്കിലും തിരയാന്‍ തുടങ്ങുമ്പോള്‍ ഗൂഗിള്‍ മാത്രം തുറക്കുന്ന ആളാണോ നിങ്ങള്‍? എന്തുകൊണ്ടാണ് അറിയാതെ തന്നെ നമുക്ക് ‘തിരയലുകള്‍’ ഗൂഗിളില്‍ മാത്രം ഒതുക്കാന്‍ എപ്പോഴും തോന്നുന്നത്? ഇത് അറിയാതെ വന്ന സ്വഭാവം ആണോ? അല്ലെങ്കില്‍ എങ്ങനെ ഇത് ശീലം ആയി പോയി എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ ചിന്തിച്ചിട്ടില്ലെങ്കിലും ടെക് കമ്പനികള്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ നാളുകളോളം ചിന്തിച്ചിട്ടുണ്ട്. അങ്ങനെയാണ് നമ്മള്‍ അറിയാതെ തന്നെ ഇന്റര്‍നെറ്റ് തിരയലിന് ഗൂഗിള്‍ തന്നെ ഉപയോഗിച്ച് പോകുന്നത്. ഗൂഗിള്‍ മറ്റ് സെര്‍ച്ച് എഞ്ചിനുകളെ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന് പലപ്പോഴും നമ്മള്‍ അറിയാറില്ല. ഗൂഗിള്‍ അല്ലാതെയുള്ള സെര്‍ച്ച് എന്‍ജിനുകള്‍ വേറെ ഏതൊക്കെ ഉണ്ടെന്നുള്ള വിവരം പോലും കോളേജ് വിദ്യാര്‍ത്ഥികളോട് ചോദിച്ചാല്‍ പോലും മിക്കവര്‍ക്കും പറയാന്‍ ബുദ്ധിമുട്ടായിരിക്കും. ആഗോളതലത്തില്‍ തന്നെ ഇന്റര്‍നെറ്റ് തിരയലുകളുടെ 91.9 ശതമാനമാണ് ഗൂഗിള്‍ കൈയടക്കി വെച്ചിരിക്കുന്നത്. ‘ഗൂഗിള്‍ ഇറ്റ്’ എന്ന പദം പോലും ഇങ്ങനെ ഉരുത്തിരിഞ്ഞു വന്നതല്ലേ?google algorithmic play; the games are not unknowingly played by google 

വിശ്വാസം കൂടിപോയോ?

ഗൂഗിള്‍ തിരയലുകളില്‍ മാത്രം നമ്മള്‍ നിര്‍ത്താറില്ല. മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതെല്ലാം ഗൂഗിള്‍ നല്‍കുന്ന ഇമെയില്‍ വഴിയാണ്. കാലങ്ങളായി എടുത്തു കൂട്ടിയിരിക്കുന്ന ഫോട്ടോകള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത് ഗൂഗിളിനെയാണ്. മറ്റു ഡോക്യുമെന്റ്റുകളും ഗൂഗിളിന്റെ കൈയ്യില്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്. ആ രേഖകളില്‍ വളരെ വിലപ്പെട്ടതും, രഹസ്യാത്മക സ്വഭാവം ഉള്ളതുമായവ ഉണ്ടെങ്കിലും നമുക്ക് ഒട്ടും പേടി തോന്നാറില്ല അല്ലെ? ഗൂഗിള്‍ ചാറ്റും, ഗൂഗിള്‍ മീറ്റും ഉപയോഗിക്കുന്ന കാരണം ആരോടൊക്കെ ഓണ്‍ലൈനില്‍ ചാറ്റ് ചെയ്യുന്നു, ഏതൊക്കെ ഓണ്‍ലൈന്‍ മീറ്റിങ്ങുകളില്‍ എന്തൊക്കെ പറയുന്നു എന്ന കാര്യവും ഗൂഗിളിന് അറിയാം. ഓണ്‍ലൈന്‍ മീറ്റിംഗ് എല്ലാം കഴിഞ്ഞ് വെറുതെ ഒന്ന് വിശ്രമിക്കുമ്പോള്‍ യു ട്യൂബ് നോക്കാതിരിക്കാന്‍ പറ്റുമോ? അപ്പോഴും ഗൂഗിളിന് അറിയാം നമുക്ക് എന്തുതരം വീഡിയോകള്‍ ആണ് കാണാന്‍ ഇഷ്ടം എന്ന കാര്യം. വീഡിയോ കണ്ട് കാര്യങ്ങള്‍ മറന്നു പോകാതിരിക്കാന്‍ ഗൂഗിള്‍ കലണ്ടറില്‍ എല്ലാ റിമൈന്‍ഡറുകളും ‘മറക്കാതെ’ ഇടാറുണ്ട്. കുറച്ചുനേരം നടക്കാന്‍ പോകുമ്പോഴൊക്കെയും ‘ഗൂഗിള്‍ ഫിറ്റ്’ എത്ര ദൂരം നടന്നു, എത്ര ഊര്‍ജം കത്തിച്ചു, എത്ര സ്പീഡിലാണ് നടന്നത് എന്ന കാര്യം നോക്കിക്കൊള്ളും. നടക്കാന്‍ മടിയാണെങ്കില്‍ കാറില്‍ ഒരു ഡ്രൈവ് പോകാന്‍ തീരുമാനിച്ചാലോ ഉടനെ ഗൂഗിള്‍ മാപ് വഴികാട്ടിയാകും. പോകുന്ന വഴിക്കുള്ള റെസ്റ്റോറന്ററുകളും അവരുടെ റിവ്യൂകളും അടക്കം ഗൂഗിള്‍ മാപ് കാണിച്ചു തരും. പിന്നെ എവിടെയെങ്കിലും കാര്‍ നിറുത്തി എന്തെങ്കിലും വാങ്ങിയാലും ഗൂഗിള്‍ പേ ഉള്ളത് കാരണം പണവും കൈയ്യില്‍ കരുതേണ്ടി വരാറില്ല. ഇത്രയും കാര്യങ്ങള്‍ ഒക്കെ ഗൂഗിളിന്റെ കൂടെ ചെയ്യുന്നത് കൊണ്ട്, നമ്മുടെ ഇമെയില്‍ വേറെ ഏതെങ്കിലും ലാപ്‌ടോപ്പില്‍ നിന്ന് സാധാരണ ഉപയോഗിക്കാത്ത സ്ഥലത്ത് തുറന്നാല്‍ അപ്പോള്‍ തന്നെ വിവരം അറിയിക്കാന്‍ ഗൂഗിള്‍ അമാന്തം വിചാരിക്കാറില്ല. ബയോമെട്രിക് ഓതെന്റ്‌റിക്കേഷന്‍ കൂടി ഗൂഗിള്‍ കൊണ്ടുവന്നതിനാല്‍ ഇപ്പോള്‍ വേറെ ഒന്നും ഗൂഗിളില്‍ നിന്നും മറച്ചുവെക്കാനില്ല എന്ന അവസ്ഥയായി.

രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം

ഒബാമ രണ്ടു പ്രാവശ്യം അധികാരത്തില്‍ വന്നപ്പോഴും തെരഞ്ഞെടുപ്പ് ചെലവുകളില്‍ ഗൂഗിള്‍ കൈ അയച്ചു നടത്തിയ സഹായങ്ങള്‍ അന്വേഷിക്കണമെന്ന് അതുകൊണ്ടാണ് ചില രാജ്യാന്തര മാധ്യമങ്ങളും എന്‍ ജി ഒകളും, സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകരും, ഗവേഷകരും ആവശ്യപ്പെടുന്നത്. ഇലോണ്‍ മസ്‌ക്കും, ട്രംപും ചേര്‍ന്നുള്ള കളികള്‍ ലോകം കാണാന്‍ പോകുന്നതേയുള്ളൂ. തങ്ങളുടെ എതിരാളികളുടെ ഉത്പന്നങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ നാലാം പേജിലേക്കോ, അഞ്ചാം പേജിലേക്കോ ‘ഒതുക്കുന്നതു’ മുതല്‍ ഗൂഗിള്‍ സേവനങ്ങളും ഉത്പന്നങ്ങളും ഒന്നാം പേജില്‍ തന്നെ പ്രത്യക്ഷപ്പെടുന്നത് വരെ അല്‍ഗോരിതം നടത്തുന്ന കളികള്‍ ഗൂഗിള്‍ അറിയാതെ നടത്തുന്നതല്ല.

google

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഗൂഗിള്‍ നടത്തിയ ‘ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍’ ലംഘനങ്ങളില്‍ പിഴ ചുമത്തിയപ്പോള്‍, അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് പിഴ ചുമത്താന്‍ മറ്റ് രാജ്യങ്ങള്‍ക്ക് അവകാശമില്ല എന്ന് ട്രംപ് പറഞ്ഞതും ഇവിടെ കൂട്ടി വായിക്കാം. ഇന്ത്യയില്‍ ഏത് കമ്പനികളും സ്വകാര്യ ഡാറ്റ ചോര്‍ത്തിയാലും ആരും ചോദ്യം ചെയ്യാനില്ലാത്തതും ടെക് ഭീമന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. പരോക്ഷമായി ടെക് കമ്പനികളെ അതാത് രാജ്യത്തെ ഭരണകൂടങ്ങള്‍ ചേര്‍ത്ത് പിടിക്കുന്നുണ്ട് എന്ന് ചുരുക്കം. തിരിച്ച് ടെക് കമ്പനികള്‍ ആര് അധികാരത്തില്‍ വരണമെന്ന് പോലും പരോക്ഷമായി നിയന്ത്രിക്കുമ്പോള്‍ സര്‍ക്കാരുകളും, കമ്പനികളും തമ്മിലുള്ള അവിശുദ്ധ ബന്ധം പൂര്‍ണമാകുന്നു. ഗള്‍ഫ് ഓഫ് മെക്‌സികോയെ ഗള്‍ഫ് ഓഫ് അമേരിക്ക എന്ന് ട്രംപ് ഒദ്യോഗികമായി പേര് മാറ്റിയാല്‍ ഉടന്‍ തന്നെ ഗൂഗിള്‍ മാപ്പുകളിലും ഉടന്‍ തന്നെ ഈ പേര് പ്രത്യക്ഷപ്പെടില്ലേ? ഭാവിയിലെ കാര്യങ്ങളെ കൈപ്പിടിയില്‍ ഒതുക്കാന്‍ രാഷ്ട്രീയം മാത്രം പോരാ, ഈ കാലത്ത് ടെക് കമ്പനികളും കൈപ്പിടിയില്‍ വേണം എന്ന ബോധ്യം ഉള്ളതുകൊണ്ട് തന്നെയാണ് സര്‍ക്കാരുകള്‍ നേരിട്ട് ടെക് കമ്പനികളെ വളര്‍ത്തുന്നതും. ഇവര്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കിലെ കളികളും ഒരിക്കലും ഇതൊക്കെകൊണ്ട് തന്നെ പുറത്തു വരാറില്ല എന്നതാണ് യാഥാര്‍ഥ്യം.

പണമൊഴുക്കിയുള്ള കളികള്‍

സാമ്പത്തിക യുദ്ധങ്ങള്‍, അധിനിവേശം, കോളനിവല്‍ക്കരണം, നയതന്ത്ര തീരുമാനങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ ഇവയെല്ലാം ടെക് കമ്പനികള്‍ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു കാലത്തേക്കല്ലേ നമ്മള്‍ എത്തിയിരിക്കുന്നത്? ചൈനയുടെ ‘ഡീപ്‌സീക്’, ചൈനീസ് സര്‍ക്കാരിന്റെ അജണ്ട നടപ്പിലാക്കുകയാണ് എന്ന വിമര്‍ശങ്ങള്‍ ഉയരുമ്പോള്‍ അമേരിക്കന്‍ കമ്പനികള്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ തന്നെയല്ലേ സംരക്ഷിക്കുന്നത്? ഇലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ ട്വിറ്റര്‍ വാങ്ങി എക്‌സ് ആക്കിയപ്പോള്‍ അതൊരു മണ്ടന്‍ തീരുമാനം ആണെന്ന് ശബ്ദമുയര്‍ത്തിയ ബുദ്ധിജീവികളുടെ പൊടിപോലും ഇപ്പോള്‍ കാണാനില്ല. അധികാരമേല്‍ക്കുമ്പോള്‍ തന്നെ ചൈനയെ ഇറക്കുമതി ചുങ്കം ചുമത്തി ശ്വാസം മുട്ടിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് ചൈന കൊടുത്ത നല്ലൊരു തിരിച്ചടിയായി ‘ഡീപ്‌സീക്’.

tech

ആല്‍ഫബെറ്റ് (ഗൂഗിളിന്റെ മാതൃ കമ്പനി), ആമസോണ്‍, ആപ്പിള്‍, മെറ്റ, മൈക്രോസോഫ്റ്റ്, എന്‍വിഡിയ തുടങ്ങിയ കമ്പനികളുടെ വിപണി മൂല്യം പല രാജ്യങ്ങളുടെ ജി ഡി പിയെക്കാളും ഉയര്‍ന്നതാണ് എന്ന് കേള്‍ക്കുമ്പോള്‍ ഇനി അത്ഭുതപ്പെടേണ്ട കാര്യമില്ലല്ലോ.

എവിടെയെങ്കിലും ആധാര്‍ കാര്‍ഡ് കൊടുത്താല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു പോകുമെന്ന് പേടിക്കുന്ന ഇന്ത്യക്കാര്‍ എല്ലാം മറന്ന് പേടിയില്ലാതെ എന്തും ഏല്‍പ്പിക്കുന്ന ഗൂഗിളിനെ ഇനിയെങ്കിലും സംശയിക്കാന്‍ തുടങ്ങണോ ?google algorithmic play; the games are not unknowingly played by google 

Content Summary: google algorithmic play; the tech giants we nurtured and grew

സുമ സണ്ണി

സുമ സണ്ണി

സാമ്പത്തിക വിദഗ്ധ

More Posts

×