സത്പുരയുടെ കിഴക്കേയറ്റത്തുള്ള മൈകല്‍ ഗിരിനിരകള്‍ മുതല്‍ അറബിക്കടല്‍ വരെയൊഴുകുന്ന നര്‍മ്മദാനദിയുടെ ഇരുവശങ്ങളും ഇന്ത്യയിലെ ആദിമമനുഷ്യരുടെ പ്രധാനപ്പെട്ട താവളമായിരുന്നെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടാവും. പ്രശസ്തമായ ബിംബേഡ്കയൊക്കെ അതിന്റെ തെളിവുകളാണ്. പക്ഷെ, അതിനും എത്രയോ മുമ്പ്, ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഗംഭീരമായ മറ്റൊരദ്ധ്യായത്തിന്റെ നിശ്ശബ്ദസാക്ഷി കൂടിയായിരുന്നു ഈ നര്‍മ്മദാ താഴ് വര എന്നെത്രപേര്‍ക്കറിയാം? ഏഴുകോടി വര്‍ഷങ്ങള്‍ക്ക് പുറകിലേക്കാണത് നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നത്. ഈ ഭൂമിയില്‍ പിറവിയെടുത്തിട്ടുള്ള ഏറ്റവും വലിയ ജീവികളായ ഡൈനസോറുകളുടെ കാലത്തേക്ക്. ‘ഡൈനസോറുകളോ? ഇന്ത്യയിലോ?’ എന്നൊക്കെ ചിലപ്പോള്‍ ചിലരെങ്കിലും ചോദിച്ചേക്കാം. പക്ഷെ, തീര്‍ത്തും സത്യമാണത്. അവിചാരിതമായിരുന്നു ആ തിരിച്ചറിവ്. നര്‍മ്മദാനദിയുടെ ഇരുകരകളിലുമായി പരന്നുകിടക്കുന്ന ലാമെറ്റാശിലകളില്‍ നിന്നുള്ള അത്ഭുതകരമായ കണ്ടുപിടുത്തം! ആ പ്രാചീനകാലത്ത് ഇവിടം അടക്കിവാണിരുന്ന പുരാജീവികളുടെ നിരവധി ഫോസിലുകളാണ് ഗവേഷകര്‍ ഇവിടെനിന്നു ഇതിനകം കണ്ടെത്തിയിരിക്കുന്നത്.

ലാമെറ്റ ശിലകളെന്നാല്‍ മണല്‍ക്കല്ല്, ചുണ്ണാമ്പുകല്ല്, ഉരമണ്ണ്, കളിമണ്ണ് എന്നിവ ചേര്‍ന്ന ഒരു വമ്പന്‍ നിക്ഷേപമാണ്. ഉഷ്ണമേഖലാപ്രദേശങ്ങളിലെ നദീ-തടാകപ്രദേശങ്ങളിലാണിത് കാണപ്പെടുക. നര്‍മ്മദാ താഴ് വരയുടെ പലയിടങ്ങളിലും ഈ നിക്ഷേപങ്ങള്‍ ഉയര്‍ന്നുനില്ക്കുന്നതു പണ്ടു മുതലേ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഡെക്കാന്‍ പീഠഭൂമിയില്‍ യഥേഷ്ടം കാണുന്ന ആഗ്‌നേയശിലകള്‍ക്കു കാരണമായ വമ്പന്‍ അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കും മുമ്പിവിടെയുണ്ടായിരുന്നതാണ് ഈ ലാമെറ്റ ശിലകള്‍. അതുതന്നെയാണതിന്റെ പ്രാധാന്യവും. കാരണം, വലിയൊരു ജീവനാശത്തിലേക്കു നയിച്ചതാവാം ആ അഗ്‌നിപര്‍വതസ്‌ഫോടനങ്ങള്‍ എന്നതിനാല്‍, ശാസ്ത്രജ്ഞന്മാര്‍ക്കു അതിനു മുമ്പുള്ള കാലത്തിലേക്കു നയിക്കുന്ന അറിവിന്റെ വഴി ഈ ലാമെറ്റ ശിലകളിലൂടെയാണ് തുറന്നുകിട്ടുന്നത്. 660 വര്‍ഷങ്ങള്‍ക്കു മുമ്പ്, അതായത് ക്രെറ്റേഷ്യസ് അഥവാ ചോക്കുയുഗത്തിന്റെ ഒടുവിലായിരുന്നല്ലോ ഈ ഭൂമി അവസാനമായി കണ്ട മഹാവംശനാശം. അതിനു തൊട്ടുമുമ്പ് ഇന്ത്യയിലെ ജന്തുലോകം എങ്ങനെയായിരുന്നുവെന്നുള്ള ചോദ്യങ്ങള്‍ ഏറെക്കാലം ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ ഉയര്‍ന്നുനിന്നിരുന്നു. അതേസമയം ഈ നര്‍മദാപരിസരത്തെ ലാമെറ്റ ശിലകള്‍ കാണപ്പെടുന്ന ചതുപ്പു നിറഞ്ഞ തണ്ണീര്‍പ്രദേശങ്ങള്‍ ചരിത്രാതീതകാലത്തെ അസ്ഥികളും മുട്ടകളും ജീര്‍ണ്ണതകളില്ലാതെയിരിക്കാന്‍ പര്യാപ്തമായ ഒരിടമാണെന്നു അവര്‍ക്കു തോന്നിയിരിക്കാനും മതി. അതിനാലാവണം പണ്ടേ ശാസ്ത്രകുതുകികള്‍ക്ക് ഇവിടേക്കൊരു കണ്ണുണ്ടായിരുന്നത്.
മധ്യപ്രദേശില്‍ അങ്ങു കിഴക്ക് ജബല്‍പൂര്‍ മുതല്‍ പടിഞ്ഞാറ് ബാഘ്, ധാര്‍ ജില്ലകള്‍ വരേയും, ഗുജറാത്തിലെ ബലാസിനോര്‍ വരേയും നീണ്ടുകിടക്കുന്ന ആയിരത്തോളം കിലോമീറ്ററുകള്‍ ദൂരത്താണ് അഭൂതപൂര്‍വമായ ചരിത്രം ഉറങ്ങിക്കിടക്കുന്നത്. ഇവിടെനിന്നുള്ള ആദ്യത്തെ കണ്ടുപിടുത്തം നടന്നതാകട്ടെ ഒന്നര നൂറ്റാണ്ടു മുമ്പും. കൃത്യമായി പറഞ്ഞാല്‍ 1828-ല്‍. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന വില്യം സ്ലീമാനായിരുന്നു അതിനു പിന്നില്‍. ജബല്‍പൂരിനടുത്തുള്ള ലാമെറ്റ ഘാട്ടില്‍നിന്നു ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ ഡൈനൊസോറിന്റെ എല്ലുകള്‍ അദ്ദേഹത്തിന്റെ സംഘം കണ്ടെടുത്തു. സൗരൊപോഡ് എന്നയിനത്തില്‍ പെട്ടതായിരുന്നു അത്. ആ തുടക്കത്തിനു ശേഷം കുറേക്കാലം ഇവിടെ ഉദ്ഖനനമൊന്നും നടന്നില്ല. പിന്നീട് ഇരുപതാം നൂറ്റാണ്ടിലാണ് വീണ്ടും അന്വേഷണങ്ങള്‍ പുനരാരംഭിക്കുന്നത്. പലതരം പുരാജീവികളുടെ അവശിഷ്ടങ്ങള്‍ അന്നു ലഭിക്കുകയുണ്ടായി.
ചോക്കുയുഗത്തിന്റെ അവസാനകാലത്ത്, അതായത് ഇന്നേക്കു മുമ്പ് പത്തുകോടി വര്‍ഷങ്ങള്‍ക്കും ആറരക്കോടി വര്‍ഷങ്ങള്‍ക്കും ഇടയിലുള്ള കാലത്ത്, ഈ നര്‍മ്മദയുടെ തീരങ്ങളില്‍ വിഹരിച്ചിരുന്ന മഹാജീവികളില്‍ പ്രധാനി സൗരൊപോഡുകളില്‍പ്പെട്ട ടൈറ്റനൊസോര്‍ എന്ന വമ്പനായിരുന്നു. ടൈറ്റനൊസോറസ് ഇന്‍ഡിക്കസ് എന്ന സ്പീഷീസിനെയായിരുന്നു അക്കൂട്ടത്തില്‍ ആദ്യമായി തിരിച്ചറിഞ്ഞത്. വളരെ നീണ്ട കഴുത്തുള്ള, രാക്ഷസാകാരത്തോടുകൂടിയ ഒന്ന്. ഈ ലോകത്തില്‍ ഇതുവരെയുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലുതാണത്രെ ടൈറ്റനൊസോറുകള്‍. ഇരുപതോ മുപ്പതോ മീറ്റര്‍ പൊക്കമുള്ള വലിയ തൂണുപോലുള്ള കാലുകളുമായാണ് ഇവയുടെ സഞ്ചാരം. സസ്യഭുക്കുകളായിരുന്നു ടൈറ്റനൊസോറുകള്‍. അക്കാലത്ത് ഇന്നത്തെപ്പോലെയുള്ള സസ്യങ്ങളേ ആയിരുന്നില്ല ഭൂമിയില്‍. പ്രധാനമായും ഉയര്‍ന്ന സ്തൂപികാഗ്രവൃക്ഷങ്ങള്‍, പിന്നെ പന്നല്‍ച്ചെടികള്‍ എന്നിവയ്ക്കായിരുന്നു മേല്‌ക്കൈ. അവയുടെ ഇലകള്‍ ചവച്ചിറക്കിക്കൊണ്ട് കൂട്ടംകൂട്ടമായി പലയിനം ടൈറ്റനൊസോറുകള്‍ നര്‍മ്മദാതാഴ് വരയില്‍ ഏറെക്കാലം കഴിഞ്ഞു.
ടൈറ്റനൊസോര്‍ ഇന്‍ഡിക്കസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരിക്കുന്നതിനാലും, അതിന്റെ ഫോസിലുകള്‍ക്ക് മറ്റു ടൈറ്റനൊസോര്‍ സ്പീഷീസുകളുമായി അടുത്ത സാമ്യമുണ്ടെന്നു ശ്രദ്ധിക്കപ്പെട്ടതിനാലും, ആധുനിക ഫോസില്‍ ശാസ്ത്രകാരന്മാര്‍ ഈ പേരും സ്പീഷീസും സംശയാസ്പദമാണെന്നൊരു വാദം മുന്നോട്ടുവെച്ചിട്ടുണ്ട്. എങ്കിലും, ടൈറ്റനൊസോര്‍ കുടുംബത്തില്‍പ്പെട്ട മറ്റു രണ്ടു സ്പീഷീസുകളുടെ ഫോസിലുകള്‍കൂടി നര്‍മ്മദാപരിസരത്തുനിന്നു കണ്ടുകിട്ടി. ദോംഗര്‍ഗാവില്‍നിന്നു ലഭിച്ച ഇസിസോറസ് കോല്‍ബെര്‍ട്ടൈ എന്ന ഡൈനൊസോറിന്റെ കശേരുക്കള്‍, വാരിയെല്ലുകള്‍, ഇടുപ്പെല്ല്, മുന്‍കാലുകളിലെ എല്ലുകള്‍, പിന്നെ ബാരാ സിംല കുന്നിനടുത്തുനിന്നു കിട്ടിയ ജൈനൊസോറസ് സെപ്‌റ്റെന്‍ട്രിയൊനാലിസിന്റെ തലയോട് എന്നിവയായിരുന്നു അവ. ഈ എല്ലുകളുടെ വലിപ്പം വെച്ചു കണക്കാക്കുമ്പോള്‍ ടൈറ്റനോസോറുകള്‍ ഓരോന്നിനും പത്തിലധികം ടണ്‍ ഭാരമെങ്കിലും ഉണ്ടായിരുന്നിരിക്കണം. അന്നത്തെ മാംസഭുക്കുകളായ വേട്ടക്കാരന്‍ മൃഗങ്ങള്‍ക്ക് ആ വലിപ്പം തന്നെ മതിയായിരുന്നു ഒന്നു ഭയന്നുമാറാന്‍. ഒരു പക്ഷെ, ഈ ഭൂമിയില്‍ പേടികൂടാതെ നടന്ന ഒരേയൊരു സസ്യഭുക്കും ടൈറ്റനൊസോര്‍ ആയിരുന്നിരിക്കും. എങ്കിലും അവയേയും കീഴ്‌പ്പെടുത്താന്‍ പോന്നവരും ഇവിടെയുണ്ടായിരുന്നു എന്നു പിന്നീടു മനസ്സിലായി.
ഇരുപത്തൊന്നാം നൂറ്റാണ്ടു പിറന്നതിനുശേഷം വലിയ അത്ഭുതങ്ങളുടെ തുടര്‍ച്ച ഇവിടെ സംഭവിച്ചു. അത്രമേല്‍ വിശേഷതരമായിരുന്നു പുതിയ ഓരോ കണ്ടുപിടുത്തങ്ങളും. 2017-ലും, 2020-ലുമായി നര്‍മ്മദാതീരത്തു ദില്ലി സര്‍വ്വകലാശാലയിലെ പുരാഗവേഷകര്‍ നടത്തിയ വിസ്മയനിരീക്ഷണങ്ങള്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഡൈനസോര്‍ മുട്ടകളുടെ വമ്പനൊരു ശേഖരമായിരുന്നു അത്. ധാര്‍ ജില്ലയിലെ ബാഘ്-കുക്ഷി പ്രദേശത്തു കണ്ടെത്തിയ 92 ഡൈനൊസോര്‍ നീഡങ്ങളിലായി 256 മുട്ടകള്‍. അവയോരോന്നിനുമാകട്ടെ അരയടിയിലധികം വ്യാസവും. അധികം ആഴമില്ലാത്ത കുഴികളില്‍ നിക്ഷേപിച്ച വിധത്തിലായിരുന്നു അവയെല്ലാം. ചിലതില്‍ ഇരുപതോളം എണ്ണം വരെ ഒരുമിച്ചുണ്ടായിരുന്നു. ഒരൊറ്റത്തവണയില്‍ ടൈറ്റനൊസോര്‍ അത്രയും മുട്ടകളിടുമെന്നര്‍ത്ഥം. ആ മുട്ടകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ കൂടുതല്‍ അത്ഭുതങ്ങളിലേക്കാണു നയിച്ചത്. മെഗലൊലിഥസ് സിലിന്‍ഡ്രിക്കസ്, മെഗലൊലിഥസ് ജബല്‍പുരെന്‍സിസ്, മെഗലൊലിഥസ് ധോരിധുംഗ്രിയെന്‍സിസ്, മെഗലൊലിഥസ് മെഗാഡെര്‍മസ്, മെഗലൊലിഥസ് കെമ്പുരെന്‍സിസ്. ഫ്യൂസിയൊവോലിഥസ് ബാഘെന്‍സിസ്, ഫ്യൂസിയൊവോലിഥസ് മൊഹാബേയി, ഫ്യൂസിയൊവോലിഥസ് പാഡിയാലെന്‍സിസ്, ഫ്യൂസിയൊവോലിഥസ് ധോലിയെന്‍സിസ് എന്നിങ്ങനെ ഒമ്പതു സ്പീഷീസുകളുടെ പൂര്‍വസാന്നിദ്ധ്യം കൂടി അതിലൂടെ സ്ഥിരീകരിക്കപ്പെട്ടു. എല്ലാം ടൈറ്റനൊസോറുകള്‍ തന്നെ. അതായത്, മുമ്പു വിചാരിച്ചിരുന്നതിലും വൈവിധ്യമാര്‍ന്ന ഒരു ഡൈനൊസോര്‍ സമൂഹം ഇവിടെയുണ്ടായിരുന്നു എന്ന്.
അതിലേറെ വിസ്മയിപ്പിച്ചത് ഡൈനസോറുകളും പക്ഷികളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ തെളിവുകളായിരുന്നു. 2023-ല്‍ കണ്ടെത്തിയ ഡൈനസോര്‍ മുട്ടകളുടെ പരിശോധനയ്ക്കിടയിലാണ് ഈ അത്ഭുതം കണ്ടെത്തിയത്. ടൈറ്റാനൊസോറുകളുടെ മുട്ടകള്‍ക്കു പക്ഷികളുടേതിനോടു കണ്ട അടുത്ത സാമ്യം അതിലൊന്നായി. രണ്ടു മഞ്ഞക്കുരുകളുണ്ടായിരുന്നു അതില്‍. ചിലയിനം പക്ഷികളിലും അങ്ങനെ കാണാറുണ്ട്. മറ്റൊന്ന് മുട്ടയ്ക്കുള്ളിലെ മുട്ട എന്ന അവസ്ഥയായിരുന്നു. വിവിധഖണ്ഡങ്ങളായ അണ്ഡവാഹിനിക്കുഴല്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു അപൂര്‍വത സംഭവിക്കൂ. അതും പക്ഷികളില്‍ കാണുന്നതു തന്നെ. മുതലകളില്‍നിന്നും ആമകളില്‍നിന്നും വ്യത്യസ്തമായി ഒറ്റയടിക്കു മുട്ടകളിടാതെ, തുടര്‍ച്ചയായി മുട്ടയിട്ടു തീര്‍ക്കുന്നവരാണ് ഈ ഡൈനൊസോറുകള്‍ എന്നത് ഇതിലൂടെ വ്യക്തമായി. പക്ഷികളിലും ഇതേ രീതിയാണ് കണ്ടുവരുന്നത്. അതുപോലെ കൂട്ടംചേര്‍ന്നു മുട്ടയിടുന്ന രീതിയും ഈ രണ്ടുകൂട്ടരിലുമുണ്ട്. ഡൈനൊസോറുകളില്‍ നിന്നാണ് പക്ഷികളുടെ പരിണാമം എന്ന വാദത്തിനു ശക്തിപകരുന്നതായി ഈ കണ്ടുപിടുത്തങ്ങള്‍.

ഡൈനസോര്‍ മുട്ടകളുടെ കൂട്ടങ്ങളാണ് ധാര്‍ ജില്ലയില്‍നിന്നു കണ്ടെടുക്കപ്പെട്ടത്. അതിലൊരിടത്ത് മുട്ടകള്‍ മുകള്‍ഭാഗത്തു പൊട്ടി വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തിറങ്ങിപ്പോയതുപോലെയായിരുന്നു. മുട്ടവിരിഞ്ഞയുടനെ നടന്നുതുടങ്ങുന്നവരാണ് ഈ കുഞ്ഞുങ്ങള്‍. ഇവര്‍ക്കു കാര്യമായ സംരക്ഷണം മാതാപിതാക്കന്മാരില്‍നിന്നു കിട്ടുകയുമില്ല. ഭീമന്മാരായ മുതിര്‍ന്നവര്‍ കുഞ്ഞുങ്ങളെ പ്രത്യേകിച്ചൊന്നും പഠിപ്പിക്കുന്നില്ല. അപകടങ്ങള്‍ നിറഞ്ഞ ലോകത്തില്‍ അതിജീവിതം തേടുന്നതവര്‍ മിക്കപ്പോഴും ഒറ്റയ്ക്കായിരിക്കും. എങ്കിലും വിരിയാത്ത ചില മുട്ടകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുവത്രെ. എന്തായാലും, ജബല്‍പൂര്‍ മുതല്‍ ബലാസിനോര്‍ വരെ പരന്നുകിടക്കുന്ന ഈ നര്‍മ്മദാതടത്തിനു ലോകത്തില്‍ താരതമ്യങ്ങളില്ല. കാരണം ഇതാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡൈനസോര്‍ മുട്ടനിക്ഷേപകേന്ദ്രം.
എന്നാല്‍ നര്‍മ്മദയിലെ ഡൈനസോറുകള്‍ എല്ലാം സസ്യഭുക്കുകളായിരുന്നോ? ഒരിക്കലുമല്ല. മറ്റു മൃഗങ്ങളെ കടിച്ചുകീറിയിരുന്ന ഇരപിടിയന്‍ ഡൈനസോറുകളും ഇവിടെ ധാരാളം. ജുറാസിക് പാര്‍ക്ക് സിനിമകളിലൂടെ നമ്മെ ഭയപ്പെടുത്തിയ ടിരനൊസോര്‍ റെക്‌സിന്റെ ഇന്ത്യന്‍ പതിപ്പുകളുടെ വിഹാരഭൂമിയും ഇതുതന്നെ. നല്ല വലിപ്പവും, കുറുകിയ മുന്‍കാലുകളുമുള്ള അബെലിസോറിഡുകള്‍ എന്ന ഇക്കൂട്ടരുടെ ഭീഷണസാന്നിദ്ധ്യത്തിനു തെളിവുകള്‍ ഏറെ കണ്ടുകിട്ടിയിട്ടുണ്ട് ഇവിടെനിന്ന്. വമ്പന്‍ അബെലിസോറിഡുകളുടെ താടിയെല്ലുകള്‍ എന്തിനേയും തകര്‍ത്തെറിയാന്‍ ശേഷിയുള്ളവയാണ്. അതാണവരെ അപകടകാരികളായ വേട്ടക്കാരാക്കുന്നത്.
അക്കൂട്ടത്തിലെ താരമായിരുന്നു രാജാസോറസ് നര്‍മ്മദെന്‍സിസ് എന്നയിനം. ഒമ്പതടി പൊക്കവും മുപ്പതടി നീളവുമുള്ള ബൃഹദ്കായന്മാര്‍. രഹിയോലിയിലെ അമ്പലക്കുന്നില്‍ വെച്ച് ഈ വമ്പന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു. അതു സാധിച്ചതിന്റെ കഥ രസകരമാണ്. ഏസീസീ സിമന്റ് കമ്പനിയ്ക്കുവേണ്ടി ഭൂമി തുരന്നിരുന്ന ജോലിക്കാരുടെ വകയായിരുന്നുവത്രെ ആ കണ്ടുപിടുത്തം. അസ്ഥിപഞ്ജരം പൂര്‍ണ്ണമായിരുന്നില്ല. എങ്കിലും, അതിലുണ്ടായിരുന്ന തലയ്ക്കു മുകളിലെ കിരീടം പോലത്തെ ഭാഗങ്ങള്‍, കവിളെല്ല്, കപാലാവശിഷ്ടങ്ങള്‍, കശേരുകികള്‍, ഇടുപ്പെല്ല്, കൈകാലുകളിലെ അസ്ഥികള്‍ എന്നിവ കാണിക്കുന്നത് രാജാസോറസ് അതിശക്തനായ ഒരു ജന്തുവായിരുന്നുവെന്നാണ്. വലിപ്പംകൊണ്ട് എത്രയോ മുന്നിലായിരുന്ന ടൈറ്റനൊസോറസിനെപ്പോലും രാജാസോറസ് ചിലപ്പോഴെങ്കിലും വേട്ടയാടി വീഴ്ത്തിയിരിക്കണം എന്നാണ് ശാസ്ത്രജ്ഞന്മാര്‍ ഊഹിക്കുന്നത്. അത്രയും ഭയങ്കരമായിരുന്നിരിക്കാമത്രെ ആ മാംസഭുക്കിന്റെ കടി. 3500 ന്യൂട്ടന്‍ ആണ് കടിയുടെ ശക്തിയെന്നും കണക്കാക്കപ്പെട്ടു. ആ തുറന്ന വായ്ക്കു മുന്നില്‍ ഇരയുടെ വലിപ്പം തീര്‍ത്തും നിഷ്പ്രഭം. ഒരു കണക്കിനു ഈ നര്‍മ്മദാതാഴ് വരയുടെ കിരീടം വെയ്ക്കാത്ത രാജാവു തന്നെയായിരുന്നു ഏറെക്കാലം ഈ ഭീകരന്‍. വെറുതെയല്ല, രാജാസോറസ് എന്ന പേരതിനു ചാര്‍ത്തിക്കൊടുത്തതും.

അക്കാലത്ത് ഗോണ്ട്വാന മഹാഭൂഖണ്ഡത്തില്‍നിന്നു വേറിട്ട് ഇന്ത്യ ഒരു ദ്വീപായി മാറിത്തുടങ്ങിയിട്ടുണ്ടാവണം. എങ്കിലും, ഇതിന്റെ പരിണാമം ആ വേറിടലിനും മുമ്പെ തുടങ്ങിയിരിക്കണം. ഒരു പക്ഷെ, ആഫ്രിക്കയില്‍നിന്നു വിട്ടുമാറിയതിനുശേഷം. കാരണം രാജാസോറസിന്റെ അടുത്ത ബന്ധുക്കളായ മറ്റു ഡൈനൊസോറുകളെ തെക്കെ അമേരിക്കയിലും മഡഗാസ്‌കറിലുമാണ് കാണുന്നത്. അക്കാലത്ത് ഇന്ത്യയും തെക്കേ അമേരിക്കയും മഡഗാസ്‌കറും അന്റാര്‍ട്ടിക്കയിലൂടെ പരസ്പരം കരബന്ധം പുലര്‍ത്തിയിരുന്നു എന്നോര്‍ക്കണം. എന്തായാലും തെക്കെ അമേരിക്കയിലെ കാര്‍നൊടോറസിനേക്കാളും, മഡഗാസ്‌കറിലെ മജുംഗാസോറസ് ആണ് രാജാസോറസിന്റെ ഏറ്റവും അടുത്ത ബന്ധു. മഡഗാസ്‌കറും ഇന്ത്യയും ഏറെക്കാലം ഭൂമിശാസ്ത്രചരിത്രപാതയില്‍ ഒരുമിച്ചായിരുന്നല്ലോ.
അബെലിസോറിഡുകളില്‍ പലരുടേയും സാന്നിദ്ധ്യം നര്‍മ്മദാതീരത്തു വെളിവാക്കപ്പെട്ടിട്ടുണ്ട്. രഹിയോലിസോറസ് ഗുജറാറ്റെന്‍സിസ് എന്ന സ്പീഷീസിന്റെ നിരവധി കശേരുക്കളും, കാലസ്ഥികളും ഇടുപ്പെല്ലുമെല്ലാം രഹിയോലി ഗ്രാമത്തില്‍നിന്നു കണ്ടെടുക്കുകയുണ്ടായി. ഗ്രാമത്തിന്റെ പേരാണ് ആ ഡൈനസോറിനു പതിഞ്ഞത്. വേറെയുമുണ്ടായിരുന്നു സ്പീഷീസുകള്‍. ഇന്‍ഡൊസൂക്കസ് റാപ്‌റ്റോറിയസ്, ഇന്‍ഡൊസോറസ് മാറ്റ്‌ലേയി, ലീവിസൂക്കസ് ഇന്‍ഡിക്കസ് എന്നിവ ഇക്കൂട്ടത്തില്‍ പെടും. അത്ര വലിപ്പമില്ലാത്തതും, എന്നാല്‍ അതേ സമയം മികച്ച നായാട്ടുകാരുമായ മാംസഭുക്കുകളായിരുന്നു ഇവര്‍. ഇതിനെല്ലാം പുറമെ ഓര്‍നിത്തിഷിയനുകള്‍ എന്നീ വിഭാഗക്കാരുടേയും ഫോസിലുകള്‍ ഇവിടെനിന്നു കണ്ടെടുക്കുകയുണ്ടായി. ആമകള്‍, മുതലകള്‍, പാമ്പുകള്‍, എന്നിവയുമുണ്ടായിരുന്നു അന്നത്തെ മൃഗരാജന്മാര്‍ക്കിടയില്‍. മാത്രമല്ല, ഇവിടെയുണ്ടായിരുന്ന നദീവ്യവസ്ഥ വൈവിധ്യമാര്‍ന്ന ജന്തുജാലസാന്നിദ്ധ്യത്തിനു പിന്തുണയേകിയുമിരുന്നിരിക്കണം.
ഈ ഡൈനൊസോര്‍ സമൃദ്ധി പാടെ അവസാനിച്ചത് മറ്റെവിടേയുമെന്നപോലെ 660 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണെന്നു സൂചിപ്പിച്ചല്ലോ. എങ്കിലും ചിലര്‍ പറയുന്നതു ഡൈനൊസോറുകളുടെ മഹാവംശനാശത്തിനും മുപ്പത്തയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പെങ്കിലും ഇന്ത്യയിലെ ഡൈനസോറുകള്‍ നാമാവശേഷമായിരിക്കാം എന്നാണ്. അക്കാലത്ത് ഡെക്കാന്‍ പ്രദേശത്ത് തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരുന്ന അഗ്‌നിപര്‍വതസ്‌ഫോടനങ്ങളാവാം അതിലേക്കു നയിച്ചതെന്നും അവര്‍ സംശയിക്കുന്നു. ഇവിടെ കൗതുകപരമായ വസ്തുത എന്തെന്നുവെച്ചാല്‍ ഈ വംശനാശം സംഭവിക്കുന്ന സമയത്തൊക്കെ ഇന്ത്യ ഒരു ദ്വീപായിരുന്നു എന്നതാണ്. സമുദ്രത്തിലൂടേയുള്ള അതിന്റെ വടക്കന്‍ യാത്ര നടന്നുകൊണ്ടിരിക്കുകയായിരുന്നിരിക്കണം. പിന്നേയും എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്ത്യന്‍ ഭൂപാളിയും ഏഷ്യന്‍ ഭൂപാളിയും കൂട്ടിയിടിക്കുന്നതും, തെറ്റിസ് സമുദ്രം അപ്രത്യക്ഷമാവുന്നതും, ഇന്ത്യ ദ്വീപല്ലാതാവുന്നതും, ഹിമാലയം പ്രത്യക്ഷപ്പെടുന്നതും.
അതിനൊക്കെ മുമ്പ് ഇന്ത്യന്‍ ദ്വീപിലെ പ്രധാനനദിയായിരുന്ന നര്‍മ്മദയുടെ കരയിലെ സമതലങ്ങളിലൂടെ നീണ്ട ഭീമന്‍ കഴുത്തുകളാട്ടി ഭൂമികുലുക്കമെന്നുപോലും സംശയിപ്പിച്ചുകൊണ്ടു നടന്നിരുന്ന ടൈറ്റനൊസോറസുകളും, മറ്റു ചെറു തെരൊപോഡുകളും അവരെ കീഴ്‌പ്പെടുത്തിയിരുന്ന അബെലിസോറുകളുമെല്ലാം ഒരിക്കലും വിചാരിച്ചിരുന്നിരിക്കില്ല, ഈ ലോകം ഒരൊറ്റ നിമിഷത്തില്‍ കീഴ്‌മേല്‍ മറിയുമെന്ന്. അമ്മമാര്‍ മുട്ടകളെ മണ്ണിനടിയിലൊളിപ്പിച്ച് ഏവരും രക്ഷപ്പെടുമെന്നോ മറ്റോ വിചാരിച്ചു മുന്നോട്ടു പോയിരിക്കാം. അതോ വിഭ്രാന്തിയില്‍ ലക്ഷ്യമില്ലാതെ ഓടി പലയിടങ്ങളിലായി മരിച്ചുവീണോ? അറിയില്ല എങ്ങനെയായിരുന്നു, അല്ലെങ്കില്‍ എത്ര ഭീകരമായിരുന്നു ആ അന്ത്യദിനങ്ങളെന്ന്. ഒരു കാര്യം ഉറപ്പാണ്. പ്രളയങ്ങളും, ഡെക്കാനില്‍ നിന്നുയരുന്ന അഗ്‌നിപര്‍വതചാരങ്ങളും ഈ താഴ്വരയില്‍ ഒരിക്കലും അപൂര്‍വമായിരുന്നില്ല. അപകടങ്ങളെ നേരിട്ടുതന്നെയാണ് അവരെപ്പോഴും ജീവിച്ചിരുന്നത്. അതിജീവനം ഒരു കലയും, സ്ഥിരംരീതിയുമായി മാറിക്കഴിഞ്ഞിട്ടുണ്ടാവണം. പക്ഷെ, ഇപ്രാവശ്യം പ്രകൃതിയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റി. സര്‍വവും മണ്ണടിഞ്ഞു. ചെറുതും വലുതും കുഞ്ഞുങ്ങളും മുതിര്‍ന്നവരുമെല്ലാം. ഡൈനസോറുകള്‍ കൂട്ടത്തോടെ മരിച്ചുവീണു. ആ ജന്തുവംശമേ ഇല്ലാതായി. ഭൂമിയിലെ ഒരു മഹായുഗം അവസാനിക്കുകയും ചെയ്തു. എങ്കിലും മണ്ണിനടിയില്‍പ്പെട്ട ആ മുട്ടകള്‍ ഇക്കാലമത്രയും അവിടെത്തന്നെയിരുന്നു. മനുഷ്യന്റെ കണ്ണുകള്‍ക്കു കാഴ്ചയായി. ആ പഴയകാലത്തിന്റെ തെളിവുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊണ്ട്.

ബാഘ് ജില്ലയില്‍ ഇന്നൊരു ഡൈനൊസോര്‍ ഫോസില്‍ ദേശീയോദ്യാനമുണ്ട്. 89 ഹെക്റ്റര്‍ ചുറ്റളവില്‍ ചരിത്രാതീതകാലത്തെ അതിവിശിഷ്ട അണ്ഡങ്ങളേയും അക്കാലത്തെ ഭീമാകായന്മാരുടെ അസ്ഥികളും പല്ലുകളും മറ്റു ജൈവാശിഷ്ടങ്ങളും സംരക്ഷിക്കുന്ന പ്രദേശം. ഇന്ത്യയില്‍ ഇങ്ങനെയൊന്നു മറ്റെവിടേയുമില്ല. നമ്മുടെ സ്വന്തം ജുറാസിക് പാര്‍ക്കാണിത്. ഇതിനു യുനെസ്‌കോയുടെ ആഗോളഭൗമോദ്യാനപദവി ലഭിക്കുമെന്ന പ്രതീക്ഷ ശാസ്ത്രജ്ഞന്മാര്‍ കൈവിട്ടിട്ടില്ല. മികച്ചൊരു മ്യൂസിയവും ഇതിന്റെ ഭാഗമായി കാണാം. ഒരുകാലത്ത് ദിവ്യശിലകളായി ഗ്രാമീണര്‍ ആരാധിച്ചുപോന്നിരുന്ന ഒന്നാണ് ഈ ഡൈനസോര്‍ മുട്ടകളെന്ന് ആലോചിക്കുമ്പോഴാണ് കൗതുകം ഒന്നു വര്‍ദ്ധിക്കുക. പര്യവേക്ഷണങ്ങളും ഗവേഷണങ്ങളും ഇവിടെ തുടരുന്നുണ്ട്. ചരിത്രത്തെളിവുകള്‍ ഇനിയുമേറെ ഇവിടെനിന്നു ലഭിക്കുമെന്നത് ഉറപ്പുമാണ്.
ഭേഡാഘാട്ടിലെ മാര്‍ബിള്‍ ശിലകളും, നര്‍മ്മദയുടെ മനോഹാരിതയും, ബിംബേഡ്കയിലെ പുരാലിഖിതങ്ങളും കണ്ടുനടക്കുമ്പോള്‍ ഇങ്ങനേയുമൊരു അത്ഭുതലോകം കൂടി തൊട്ടടുത്തുണ്ടെന്നു പലരും മനസ്സിലാക്കിയിരിക്കില്ല. ഇവിടെ നദി അനന്തമായി ഒഴുകുകയാണ്. സഹസ്രാബ്ദങ്ങള്‍ക്കുമുമ്പ് ഇവിടെ തലയുയര്‍ത്തി നടന്നിരുന്ന സൗമ്യഭീമന്മാരായ ടൈറ്റനൊസോറസുകളുടേയും, എന്തിനേയും തകര്‍ക്കാന്‍പോന്ന ശൗര്യവും ശക്തിയുമുണ്ടായിരുന്ന രാജാസോറസുകളുടേയും ബൃഹദ്പാദധ്വനികള്‍ ഇന്നുമിവിടെ അലയടിക്കുന്നുണ്ടെന്നു കാറ്റും മണ്ണും മന്ത്രിക്കുന്നതു നമുക്കനുഭവപ്പെടും. കാതില്‍ മുഴങ്ങുന്ന ചരിത്രം നമ്മെ മാടിവിളിക്കുന്നത് ഈ പ്രാചീനഭൂമിയിലെ വിസ്മയങ്ങളിലേക്കാണ്. അതു വെറും ഫോസിലുകള്‍ മാത്രമല്ല; ജീവിതം അവശേഷിപ്പിക്കുന്ന തെളിവുകളുടേയും, കല്ലിലെഴുതിയ കഥകളുടേയും നേര്‍പ്പകര്‍പ്പുകള്‍. ശാരീരികവലിപ്പത്തിന്റെ പാരമ്യത്തിലേക്കു നീങ്ങിയ ഒരു പരിണാമപരമ്പരയുടെ അവസാനകണ്ണികള്‍ ഇവിടെ ചിതറിക്കിടക്കുന്നു. ബൗദ്ധികവലിപ്പത്തിന്റെ ഉത്തുംഗതയിലേക്കു നീങ്ങുന്ന മറ്റൊരു ജീവിയ്‌ക്കൊരു പാഠമായി.
Content Summary: The lost giants of India: discovering the real Jurassic Park of the Narmada Valley