തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുസ്ലിംവിരുദ്ധത ആളിക്കത്തിച്ചതിന്റെ തുടര്‍ച്ചയായി ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. യുഎന്നും ഫ്രാന്‍സും ജര്‍മ്മനിയും തീരുമാനത്തില്‍ ആശങ്കയറിയിച്ചപ്പോള്‍ ഗൂഗിള്‍, ഫേസ്ബുക്ക് അടക്കമുള്ള സ്ഥാപനങ്ങളും മേധാവികളും ഉത്തരവിനെതിരെ രംഗത്ത് വന്നു.
പ്രതിഭകള്‍ അമേരിക്കയിലെത്തുന്നത് ഈ ഉത്തരവ് മൂലം തടയപ്പെടുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അറിയിച്ചു. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലുള്ള ജീവനക്കാരോട് ഗൂഗിള്‍ അടിയന്തരമായി മടങ്ങിയെത്താന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ ഉത്തരവ് ഗൂഗിളിന്റെ 187 ജീവനക്കാരെയാണ് ബാധിക്കുക. ഇതിനിടെ ഉത്തരവ് പുറത്തിറങ്ങിയ ഉടന്‍ തന്നെ മധ്യപൂര്‍വ ദേശത്ത് നിന്നുള്ള യാത്രക്കാരെ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ തടഞ്ഞ് തിരിച്ചത് പ്രതിഷേധത്തിനിടയാക്കി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ സിറിയന്‍ അഭയാര്‍ത്ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല. ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും വിസ നല്‍കുന്നത് പുതിയ ഉത്തരവ് പ്രകാരം നിര്‍ത്തി വച്ചിരിക്കുകയാണ്.
മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി ലോബിയിംഗ് നടത്തുന്നതും ട്രംപ് വിലക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ലോബിയിംഗ് നടത്തുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് അഞ്ച് വര്‍ഷം വരെ വിലക്ക് നേരിടേണ്ടി വരും. ഐക്യരാഷ്ട്രസഭ, ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി എന്നിവരാണ് ഉത്തരവിനെതിരെ രംഗത്തെത്തിയ മറ്റ് പ്രമുഖര്‍.
ജനറല്‍ ജെയിംസ് മാറ്റിസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ ചടങ്ങിലാണ് ട്രംപ് വിവാദ ഉത്തരവ് ഒപ്പിട്ടത്. ഇസ്ലാമിക ഭീകരത അമേരിക്കയില്‍ നിന്നും പൂര്‍ണമായും തുടച്ചു നീക്കാനാണ് പുതിയ നടപടിയെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
This post was last modified on January 29, 2017 10:21 am
Leave a Comment