‘ഒരു സമ്പൂര്‍ണ ബൗളര്‍’ എന്ന് നിരവധി പേര്‍ വിശേഷിപ്പിക്കുന്ന ഡെന്നീസ് ലില്ലി ഒരു ദശാബ്ദത്തോളം ഓസ്ട്രലിയന്‍ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു. 1971 ജനുവരി 29ന് അഡലൈഡില്‍ നടന്ന ആറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ജെഫ്രി ബോയ്‌കോട്ട്, കീത്ത് ഫ്‌ളച്ചര്‍, അലന്‍ നോട്ട് എന്നിവര്‍ അണിനിരന്ന വിഖ്യാത ബാറ്റിംഗ് നിരയ്‌ക്കെതിരെ 5-84 എന്നതായിരുന്നു ആ ടെസ്റ്റില്‍ ലില്ലിയുടെ നേട്ടം. കഴിവും പ്രകടനപരതയും കഠിനാദ്ധ്വാനവും കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം ബൗള്‍ ചെയ്യാന്‍ ഓടുമ്പോള്‍ ജനക്കൂട്ടം ലില്ലി, ലില്ലി എന്ന് ആര്‍ത്തുവിളിച്ചു. ആ വിശ്വാസത്തിന് അദ്ദേഹം പലിശ സഹിതം പ്രതിഫലം നല്‍കുകയും ചെയ്തു. ദീര്‍ഘമായ സ്‌പെല്ലുകള്‍ക്കൊടുവില്‍ ‘ഒരു ഓവര്‍ കൂടി’ എറിയിക്കാന്‍ ക്യാപ്റ്റന്മാരെ പ്രേരിപ്പിക്കുന്ന ബൗളറായിരുന്നു അദ്ദേഹം. വിജയം അകലെയാവുന്ന ഘട്ടങ്ങിലൊക്കെ അദ്ദേഹം വിക്കറ്റുകള്‍ കൊയ്തു. കോപ്പി ബുക്ക് ശൈലിയില്‍ ബൗള്‍ ചെയ്തിരുന്ന അദ്ദേഹം വെറും 70 ടെസ്റ്റുകളില്‍ നിന്നും 355 വിക്കറ്റുകള്‍ നേടിക്കൊണ്ട് ലാന്‍സ് ഗിബ്‌സിന്റെ 309 വിക്കറ്റെന്ന ടെസ്റ്റ് റെക്കോഡ് ഭേദിക്കുകയും എല്ലാക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് താനെന്ന് തെളിയിക്കുകയും ചെയ്തു.
അന്താരാഷ്ട്ര രംഗത്ത് എത്തിയ ശേഷം പേടിപ്പെടുത്തുന്ന വേഗതയിലാണ് ലില്ലി പന്തെറിഞ്ഞത്. 1971 ഡിസംബറില്‍ ശക്തരായ ലോക ഇലവനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ 29 റണ്‍സിന് എട്ട് വിക്കറ്റ് നേടിയ ലില്ലി, 1972-ലെ ആഷസ് പരമ്പരയില്‍ 17.67 എന്ന ശരാശരിയില്‍ 31 ടെസ്റ്റ് വിക്കറ്റുകള്‍ നേടുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം നട്ടെല്ലിന് ക്ഷമമേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കായിക ജീവിതം അവസാനിച്ചതായി പലരും കരുതി. എന്നാല്‍ കടുത്ത ഫിസിയോതെറാപ്പിയിലൂടെ പരിക്കിനെ അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 1970-കളുടെ പകുതിയില്‍ അതിവേഗത്തിന്റെ പര്യായമായിരുന്ന ജെഫ് തോംസണ്‍ ലില്ലിക്ക് കൂട്ടായി എത്തി. കാലഘട്ടത്തിലെ ഏറ്റവും ഭീതിതമായ ബൗളിംഗ് കൂട്ടായ്മയായി മാറിയ ഇരുവരും ചേര്‍ന്ന് 1974-75 പരമ്പരയില്‍ ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തിയ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാരെ നിലംപെരിശാക്കുകയും തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക്് ശേഷം മാക്‌സ് വാല്‍ക്കറോടൊപ്പം ചേര്‍ന്ന് ബ്രിംമിംഗാം ടെസ്റ്റില്‍ വിദേശ വിജയം കൊയ്യുകയും ചെയ്തു.
തന്റെ കായികജീവിതത്തിലുടനീളം വിക്കറ്റിന് പിന്നില്‍ റോഡ് മാര്‍ഷ് എന്നൊരു വിശ്വസ്തന്‍ ലില്ലിക്ക് കൂട്ടായി ഉണ്ടായിരുന്നു. ‘ലില്ലിയുടെ പന്തില്‍ മാര്‍ഷ് പിടിച്ച് പുറത്താക്കി,’ എന്ന് 95 തവണ ടെസ്റ്റ് രേഖകളില്‍ കുറിക്കപ്പെട്ടു. ഇപ്പോഴും ഭേദിക്കപ്പെടാത്ത ഒരു നേട്ടമായി അത് തുടരുന്നു. 1977-ല്‍, ഇംഗ്ലണ്ടിനെതിരായ നൂറാം ടെസ്റ്റില്‍ കളിയുടെ ഗതിനിര്‍ണയിച്ച പ്രകടനത്തിന് ശേഷം ലോക സീരിസ് ക്രിക്കറ്റില്‍ ലില്ലിയുടെ സേവനം ഓസ്ട്രലിയയ്ക്ക് താല്‍ക്കാലികമായി നഷ്ടമായി. ഈ സമയത്ത് ശാരീരികക്ഷമത നിലനുറുത്താന്‍ യത്‌നിച്ച ലില്ലി, തന്റെ സമീപനത്തിലെ കാര്യക്ഷമതയും പന്ത് എറിയുന്ന ചലനത്തിലെ കൃത്യതയും വര്‍ദ്ധിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ലില്ലി, തന്റെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുകയും 1980-കള്‍ വരെ ബാറ്റ്‌സ്മാന്മാരെ കബളിപ്പിക്കുന്ന മികവ് തുടരുകയും ചെയ്തു. ചെറുപ്പത്തിലുണ്ടായിരുന്ന വേഗത നഷ്ടമായെങ്കിലും, ദൈര്‍ഘ്യത്തിലും വേഗതയിലും ചലനത്തിലും വ്യതിയാനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യുന്ന രീതി തുടര്‍ന്നുകൊണ്ടേയിരുന്നു.
1981-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം. എംസിജിയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്ക് വിരുന്നൊരുക്കിക്കൊണ്ട്, ഓപ്പണര്‍ ഡെസ്മണ്ട് ഹെയ്ന്‍സിനെയും നൈറ്റ് വാച്ച്മാന്‍ കോളിന്‍ ക്രോഫ്റ്റിനെയും പുറത്താക്കിയ ലില്ലി, പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്‌സിനെയും പുറത്താക്കിക്കൊണ്ട് കളിയവസാനിക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് പത്തുറണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.