നെയ്യാറ്റികരയിലെ ഗോപന്റേത് സ്വാഭാവികമരണം ; ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കാത്ത് പോലീസ്

ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിവരങ്ങള്‍ ലഭ്യമാവുകയുളളൂ

കല്ലറയ്ക്കുള്ളില്‍ നിന്ന് പുറത്തെടുത്ത നെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവികമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി.

ഗോപന്‍ സ്വാമിയുടെ ഇന്‍ക്വസ്റ്റില്‍ അസ്വഭാവികമായൊന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ഗോപന്‍ സ്വാമിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇന്ന് രാവിലെയാണ് ഗോപന്‍ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തത്. ശരീരം മുഴുവന്‍ തുണി കൊണ്ട് പൊതിഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു ഗോപന്‍സ്വാമിയുടെ മൃതദേഹം.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലാണ് കൊലപാതകമല്ലെന്ന തരത്തിലുള്ള ആദ്യ സൂചനകളുള്ളത്. അതേസമയം, ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കൂടി ലഭിച്ച ശേഷമേ വിവരങ്ങള്‍ ലഭ്യമാവുകയുളളൂ.

പൊലീസ് ആദ്യം കല്ലറ അളവെടുക്കുകയും ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ സ്ലാബ് നീക്കുകയും ചെയ്തു. കല്ലറയ്ക്കകത്ത് മുഴുവന്‍ ഭസ്മം നിറഞ്ഞിരുന്നു. പൂജാദ്രവ്യങ്ങളും കല്ലറയ്ക്കുള്ളിലുണ്ടായിരുന്നു. മൃതദേഹത്തിന്റെ വായ് ഭാഗം തുറന്നനിലയിലായിരുന്നു കണ്ടെത്തിയത്. നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും നിറഞ്ഞിരുന്നു. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥരും സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡും കുടുംബവുമായി സംസാരിച്ചിരുന്നു.

This post was last modified on January 16, 2025 3:04 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment