വിദ്യാസമ്പന്നര്‍ ഏറെയുള്ള നാടാണ് കേരളം. ഒപ്പം വിശ്വാസികളും. വിശ്വാസങ്ങളും ഭക്തിയും മലയാളിയെ കൊണ്ടെത്തിച്ചിരിക്കുന്നത് അന്ധവിശ്വാസങ്ങളുടെ പടുക്കുഴിയിലേക്കാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങള്‍ തടയാന്‍ ശക്തമായ നിയമങ്ങള്‍ ഇല്ലെന്നതാണ് പല സംഭവങ്ങളും ആവര്‍ത്തിക്കപ്പെടാന്‍ കാരണം. എന്നാല്‍ അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ കരട് ബില്ലുകള്‍ പലതും ആവിഷ്‌കരിക്കപ്പെട്ടെങ്കിലും ഒന്നിന് പോലും അംഗീകാരം നല്‍കാന്‍ മാറിമാറി വന്ന ഗവണ്‍മെന്റുകള്‍ക്ക് കഴിഞ്ഞില്ല.government is not interested the anti superstition bill is still on paper
2021 ലായിരുന്നു അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തടയുന്നതിനായി കേരളസര്‍ക്കാരിന് മുന്നിലേക്ക് അവസാനമായി കരട് ബില്ല് സമര്‍പ്പിക്കപ്പെട്ടത്. എംഎല്‍എ കെഡി പ്രസേനന്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെ സര്‍ക്കാര്‍ സമാനമായ കരട് ബില്ല് തയ്യാറാക്കുകയായിരുന്നു. നിയമ പരിഷ്‌കാര കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു കരട് ബില്ല് തയ്യാറാക്കിയത്. മന്ത്രി കെ രാധാകൃഷ്ണനായിരുന്നു ബില്ല് സംബന്ധിച്ച് നിയമസഭയില്‍ സംസാരിച്ചത്.
‘ദ കേരള പ്രിവന്‍ഷന്‍ ആന്‍ഡ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍ഡ് ബ്ലാക് മാജിക് ബില്‍ 2021 എന്ന് പേരിട്ട ബില്ല് നിയമ വകുപ്പ് സങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആഭ്യന്തരവകുപ്പിന്റെ പരിഗണയാക്കായി കൈമാറി. വര്‍ഷം നാല് പിന്നിട്ടിട്ടും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിലുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുമെന്ന എല്‍എഡിഎഫ് സര്‍ക്കാരിന്റെ വാഗ്ദാനമാണ് കടലാസില്‍ മാത്രമായിരിക്കുന്നത്. ഒപ്പം ദുരൂഹമായ കാരണങ്ങളാല്‍ അന്ധവിശ്വാസ നിരോധന നിയമത്തിനുവേണ്ടിയുള്ള മുറവിളികളും നിശ്ശബ്ദമാക്കപ്പെട്ടിരിക്കുകയാണ്.
1954-ല്‍ പാര്‍ലമെന്റ് പാസാക്കിയ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ് ആക്റ്റ്- 1954) നിയമം അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന പരസ്യങ്ങളും ഉല്‍പ്പന്നങ്ങളും കുറ്റകരമാക്കുന്നതാണ്. രോഗങ്ങളുടെ പ്രവചനം, അശാസ്ത്രീയ ചികിത്സ, വ്യാജ മരുന്നുകള്‍ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാല്‍, ഇന്നും മലയാള പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും മാന്ത്രിക ഏലസ്സുകളുടെയും രോഗശാന്തി ചികിത്സകളുടെയും ഭാഗ്യനക്ഷത്രക്കല്ലുകളുടെയും മറ്റും പരസ്യങ്ങള്‍ വ്യാപകമായി തന്നെ കാണാം.
2014-ല്‍ യുഡിഎഫിന്റെ ഭരണകാലത്താണ് സംസ്ഥാനത്ത് ആദ്യമായി അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമ നിര്‍മാണം വേണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയില്‍ എത്തിയത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവരുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന്‍ ബില്ലിന്റെ കരട് തയാറാക്കി (‘അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ ബില്‍- 2014) സമര്‍പ്പിക്കുകയും ചെയ്തു. ഈ ബില്ല് പ്രകാരം അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പാക്കുന്നതായിരുന്നു. നിയമം കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയില്‍ പ്രഖ്യാപിച്ചതോടെ ആ ബില്ലിന്മേലുള്ള നടപടിയും അതോടെ കഴിഞ്ഞു.
2018-ല്‍ എം.എല്‍.എയായിരുന്ന പി.ടി. തോമസ്, ആള്‍ദൈവങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശിക്കുന്ന അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവന്നു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ദുര്‍മന്ത്രവാദവും അന്ധവിശ്വാസ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചും അവയുടെ കാരണങ്ങളും അത് നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിക്കുക, ഇവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളായിരുന്നു ബില്ലിലുണ്ടായിരുന്നത്. എന്നാല്‍ സമഗ്ര നിയമം കൊണ്ടുവരുമെന്ന സര്‍ക്കാരിന്റെ ഉറപ്പില്‍ പി.ടി. തോമസിന്റെ ബില്ലും വെളിച്ചം കണ്ടില്ല.
2019-ല്‍ ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്‌കാര കമീഷനും ഒരു കരട് ബില്ല് തയാറാക്കിയിരുന്നു. ‘ദ കേരള പ്രിവന്‍ഷന്‍ ആന്റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യുമന്‍ ഈവിള്‍ പ്രാക്ടീസസ്, സോര്‍സെറി ആന്റ് ബ്ലാക് മാജിക് ബില്‍- 2019’ എന്ന കരട് ബില്ലായിരുന്നു അത്.
മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തല്‍, പ്രേതബാധ ഒഴിപ്പിക്കല്‍, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയല്‍, മന്ത്രവാദത്തിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ശിക്ഷാര്‍ഹമാക്കുന്നതായിരുന്നു ഈ ബില്‍. എന്നാല്‍, ഈ കരടില്‍ പറഞ്ഞിരിക്കുന്ന ആചാരങ്ങള്‍ സംബന്ധിച്ച് മതസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ സര്‍ക്കാരും പിന്‍വലിഞ്ഞു.
അവസാനമായി 2021-ല്‍ നിയമസഭയില്‍ കെ.ഡി. പ്രസേനന്‍ നോട്ടീസ് നല്‍കി, ‘കേരള അന്ധവിശ്വാസ- അനാചാര നിര്‍മാര്‍ജന ബില്‍-2021’ അവതരിപ്പിച്ചു. അനാചാരം, അന്ധവിശ്വാസം, മന്ത്രവാദം തുടങ്ങിയ കാര്യങ്ങളെ നിര്‍വചിക്കുന്നതും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഇവയില്‍ ഏതിനെയൊക്കെ ഉള്‍പ്പെടുത്തണമെന്നും സൂചിപ്പിക്കുന്ന ബില്ലായിരുന്നു അത്. എന്നാല്‍ ഈ ബില്ലും ചുവപ്പുനാടയില്‍ കുരുങ്ങി.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 50,000 രൂപ വരെ പിഴയും ഈ കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. അനാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനിടെ ശാരീരികമായ പരുക്കുകളോ മരണമോ സംഭവിച്ചാല്‍ കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ഐപിസി 300, 326 വകുപ്പുകള്‍ അനുസരിച്ച് കേസ് എടുക്കുന്നതിനും ബില്ല് വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മതസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നടന്ന് വരുന്ന ജീവഹാനിയാകാത്ത പ്രവര്‍ത്തനങ്ങളെ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മതാചാരങ്ങളെ ബില്ലിലെ വ്യവസ്ഥകള്‍ ബാധിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സമഗ്രമായി പരിശോധിക്കുന്ന ഒരു ബില്ലായിരുന്നു കെ.ഡി. പ്രസേനന്റേത്. അതുകൊണ്ടുതന്നെ, ബില്‍ അവതരിപ്പിച്ചതിനുശേഷം, വിവിധ കോണുകളില്‍നിന്ന് എം.എല്‍.എക്ക് നിരവധി ഭീഷണി സന്ദേശങ്ങള്‍ വരെ വന്നിരുന്നു. ഈ ബില്‍, സര്‍ക്കാര്‍ പരിഗണനയിലുള്ള സമാന ബില്ലുകളുടെ ഭാഗമാക്കാമെന്നും തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്നുമായിരുന്നു പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം. എന്നാല്‍ ഒന്നും നടന്നില്ലെന്നതാണ് ആവര്‍ത്തിക്കപ്പെടുന്ന സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം ഇലന്തൂരില്‍ രണ്ട് സ്ത്രീകളുടെ നരബലിയെ തുടര്‍ന്ന് ബില്ല് വീണ്ടും പൊടിതട്ടിയെടുത്ത് മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയെങ്കിലും പിന്നീടത് വീണ്ടും ഫയലിലേക്ക് തന്നെ ഒതുക്കപ്പെട്ടു.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അന്ധവിശ്വാസത്തിനും അനാചാരങ്ങള്‍ക്കുമെതിരെ നിയമം പാസാക്കിയിട്ടുണ്ട്. 2013 ആഗസ്റ്റില്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്- എന്‍.സി.പി സര്‍ക്കാര്‍ നിയമം പാസാക്കിയത്. 2017 ല്‍ കര്‍ണാടക ഗവണ്‍മെന്റും ‘മനുഷ്യത്വരഹിതമായ ദുരാചാരങ്ങളും ദുര്‍മന്ത്രവാദവും നിരോധിക്കാനുള്ള നിയമം’ കൊണ്ടുവന്നു. ആഭിചാര കൊലകള്‍, എച്ചിലിലയില്‍ താഴ്ന്ന ജാതിക്കാരുടെ ഉരുളുനേര്‍ച്ച തുടങ്ങിയ ദുരാചാരങ്ങളെ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ കൊണ്ടുവരുന്നതായിരുന്നു നിയമം.
വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നേരെ മുഖം തിരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിച്ചിട്ടും എന്തുകൊണ്ട് അന്ധവിശ്വാസത്തിനെതിരെ നിയമം പാസാക്കാന്‍ കഴിയുന്നില്ല എന്നത് വലിയൊരു ചോദ്യം തന്നെയാണ്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി ഉള്‍പ്പെടെ അന്ധവിശ്വാസത്തിന്റെ ഭാഗമായി വരും. ആരേയും അറിയിക്കാതെ ഒരാളുടെ മരണം സര്‍ട്ടിഫൈ പോലും ചെയ്യാതെ മൃതദേഹം സംസ്‌കരിക്കുന്നത് വലിയ രീതിയിലുള്ള അന്ധവിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. government is not interested the anti superstition bill is still on paper
Content Summary: government is not interested the anti superstition bill is still on paper