സമൂഹമാധ്യമങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ 12 വയസ്സുകാരൻ ഉൾപ്പെടെ പതിനാല് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. കാഠ്മണ്ഡുവിൽ ആരംഭിച്ച യുവാക്കളുടെ പ്രതിഷേധം രാജ്യത്തിൻ്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധക്കാർ മരച്ചില്ലകളും കുപ്പികളും വലിച്ചെറിയുകയും സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തതോടെ പൊലീസ് ജലപീരങ്കികളും കണ്ണീർവാതകവും റബ്ബർ ബുള്ളറ്റുകളും ഉപയോഗിച്ച് തിരിച്ചടിക്കുകയായിരുന്നു. പ്രതിഷേധക്കാരിൽ ചിലർ പാർലമെൻ്റ് വളപ്പിലേക്ക് കടന്നുകയറിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതിഷേധം രൂക്ഷമായതോടെ കാഠ്മണ്ഡു ജില്ല ഭരണകൂടം നിരോധനാജ്ഞ വ്യാപിപ്പിച്ചു. ബാനേശ്വറിൽ മാത്രമായിരുന്ന നേരത്തെ നിരോധനാജ്ഞ നിലവിലുണ്ടായിരുന്നത്. പ്രസിഡൻ്റിൻ്റെ വസതി, വൈസ് പ്രസിഡൻ്റിൻ്റെ വസതി, സിംഗ് ദർബാർ, പ്രധാനമന്ത്രിയുടെ വസതി എന്നിവിടങ്ങൾ ഉൾപ്പെടെ നിരവധി അതീവ സുരക്ഷാ മേഖലകളിലേക്ക് പുതിയ നിയന്ത്രണങ്ങളും വ്യാപിപ്പിച്ചു.
ഉച്ചയ്ക്ക് 12:30 മുതൽ രാത്രി 10:00 വരെ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂ തുടരുമെന്ന് ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ ഛബിലാൽ റിജാൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഈ മേഖലകളിൽ പൊതുജനങ്ങളുടെ സഞ്ചാരം, ഒത്തുകൂടൽ, പ്രതിഷേധം, വളയൽ തുടങ്ങിയ പ്രവർത്തനങ്ങൾ കർശനമായി നിരോധിച്ചിട്ടുണ്ട്.
പ്രതിഷേധം എന്തിന്?
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അംഗീകാരമില്ലാത്ത 26 പ്ലാറ്റ്‌ഫോമുകൾക്ക് നേപ്പാൾ സർക്കാർ വിലക്കേർപ്പെടുത്തിയത്. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ കീഴിൽ രജിസ്റ്റർ ചെയ്യാത്ത ഫേസ്ബുക്ക്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ നിരവധി സോഷ്യൽ മീഡിയ സൈറ്റുകൾക്ക് ഇതോടെ വിലക്ക് ലഭിച്ചു. ഇത് ഉപയോക്താക്കളെ രോഷാകുലരും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തു. വിനോദം, വാർത്ത, ബിസിനസ്സ് എന്നിവയ്ക്കായി ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് പോലുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് നേപ്പാളിലുള്ളത്. ഈ നടപടി പൊതുജനങ്ങളിൽ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ വലിയ രോഷത്തിനിടയാക്കി. അഴിമതിക്ക് പരിഹാരം കാണാതെ സർക്കാർ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നാണ് പ്രതിഷേധിക്കുന്നവർ ആരോപിക്കുന്നത്. ആയിരക്കണക്കിന് യുവജനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാനും രാജ്യത്ത് നിലനിൽക്കുന്ന അഴിമതി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് കാഠ്മണ്ഡുവിൽ മാർച്ച് നടത്തി.
നേപ്പാളിലെ പുതിയ നിയമപ്രകാരം, വിവിധ കമ്പനികൾക്ക് നേപ്പാളിൽ രജിസ്റ്റർ ചെയ്യാനും ഒരു കോൺടാക്റ്റ് പേഴ്സണെയും, പരാതികൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെയും നിയമിച്ച് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനും മന്ത്രിസഭ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഈ തീരുമാനം വന്നത്. രജിസ്റ്റർ ചെയ്യാൻ ഏഴുദിവസത്തെ സമയം അനുവദിച്ചെങ്കിലും കമ്പനികൾ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പറഞ്ഞു. ഇതിന് പിന്നാലെയാണ് നിരോധനം നിലവിൽ വന്നത്.
Content Summary: Government bans social media Nepal in turmoil; 14 killed in protest
This post was last modified on September 8, 2025 6:13 pm
Leave a Comment