June 04, 2026 |
Share on

ഗ്രീന്‍ലന്‍ഡ് തര്‍ക്കം മുറുകുന്നു; ട്രംപിന്റെ പുതിയ കൊളോണിയലിസത്തിനെതിരേ യൂറോപ്പ്‌

ആര്‍ട്ടിക് ദ്വീപിനുമേലുള്ള ട്രംപിന്റെ ഭീഷണിക്കെതിരേ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ശക്തമായി പ്രതികരിച്ചിട്ടുണ്ട്

ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതോടെ, അമേരിക്കന്‍ പ്രസിഡന്റിന്റെ ‘പുതിയ കൊളോണിയലിസത്തെ’ അപലപിച്ച് യൂറോപ്യന്‍ നേതാക്കള്‍ രംഗത്തെത്തി. യൂറോപ്പ് ഒരു നിര്‍ണായക സന്ധിയിലാണെന്നാണ് നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.

ആര്‍ട്ടിക്ക് ദ്വീപിനു മേലുള്ള ട്രംപിന്റെ ഭീഷണിയോട് ചൊവ്വാഴ്ച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായി പ്രതികരിച്ചിരുന്നു. ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ആര്‍ട്ടിക് ദ്വീപ് പിടിച്ചെടുക്കുമെന്ന് ആഴ്ചകളായി ട്രംപ് ഭീഷണി മുഴക്കി കൊണ്ടിരിക്കുകയാണ്. താന്‍ ‘ഗുണ്ടായിസത്തേക്കാള്‍ ബഹുമാനത്തിനും’, ‘ക്രൂരതയേക്കാള്‍ നിയമവാഴ്ചയ്ക്കും’ മുന്‍ഗണന നല്‍കുന്നുവെന്നായിരുന്നു ട്രംപിനെ ലക്ഷ്യം വച്ച് മാക്രോണ്‍ പറഞ്ഞു.

സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. ഇത് ‘പുതിയ സാമ്രാജ്യത്വത്തിന്റെയോ പുതിയ കൊളോണിയലിസത്തിന്റെയോ സമയമല്ല’ എന്നാണ് മാക്രോണ്‍ വ്യക്തമാക്കിയത്. ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കുന്നതിനെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ നികുതി ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ ‘അനാവശ്യമായ ആക്രമണോത്സുകത’ എന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.

അമേരിക്കന്‍ വിദേശനയം യൂറോപ്പിനെ ദുര്‍ബലപ്പെടുത്താനും കീഴ്‌പ്പെടുത്താനും ശ്രമിക്കുകയാണെന്ന് മാക്രോണ്‍ ആരോപിച്ചു. പരമാധികാരത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനായി നികുതികള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണിനുള്ള അസുഖം കാരണം സണ്‍ഗ്ലാസ് ധരിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.

ഗ്രീന്‍ലന്‍ഡിനായുള്ള ട്രംപിന്റെ നീക്കങ്ങള്‍ സമീപ ആഴ്ചകളിലായി ശക്തമായിരിക്കുകയാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അമേരിക്ക ദ്വീപിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ സമയമായിരിക്കുന്നു, അത് നടപ്പിലാക്കുക തന്നെ ചെയ്യും’ എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ബുധനാഴ്ച അദ്ദേഹം ദാവോസില്‍ പ്രസംഗിക്കാനിരിക്കുകയാണ്. അവിടെ എന്തു പറയുമെന്നതില്‍ ലോകം ആകാംക്ഷയിലാണ്.

ഗ്രീന്‍ലന്‍ഡ് പദ്ധതിയെ എതിര്‍ത്താല്‍ ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10% നികുതി ചുമത്തുമെന്ന ട്രംപിന്റെ ഭീഷണി ഒരു ‘തെറ്റാണെന്ന്’ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. ട്രംപിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ട്, കഴിഞ്ഞ ജൂലൈയില്‍ ഇരുപക്ഷവും ഒരു വ്യാപാര കരാറില്‍ ഒപ്പിട്ടിരുന്നുവെന്നും രാഷ്ട്രീയത്തിലും ബിസിനസ്സിലും ‘ഒരു കരാര്‍ എന്നാല്‍ അതൊരു കരാറാണ്’ എന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.

അമേരിക്കന്‍ ജനതയെ സഖ്യകക്ഷികളായി മാത്രമല്ല, സുഹൃത്തുക്കളായിട്ടുമാണ് യൂറോപ്യന്മാര്‍ കാണുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബന്ധങ്ങള്‍ വഷളാകുന്നതിനെതിരെ അവര്‍ മുന്നറിയിപ്പ് നല്‍കി, എന്നാല്‍ ആവശ്യമെങ്കില്‍ യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം ‘ശക്തവും ഐക്യമുള്ളതും ആനുപാതികവും’ ആയിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

ബെല്‍ജിയം പ്രധാനമന്ത്രി ബാര്‍ട്ട് ഡി വെവര്‍ പറഞ്ഞത് യൂറോപ്പ് ഒരു ‘തിരിച്ചറിവിന്റെ പാതയിലാണ്’ എന്നാണ്. ട്രംപ് നിരവധി ചുവപ്പ് രേഖകള്‍ ലംഘിക്കുന്നുവെന്നും ജനാധിപത്യത്തിലെ ഏറ്റവും വിലപ്പെട്ട കാര്യമായ ‘അന്തസ്സ്’ സംരക്ഷിക്കാന്‍ യൂറോപ്പ് നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഒരു നാറ്റോ രാജ്യം മറ്റൊരു നാറ്റോ രാജ്യത്തെ സൈനിക അധിനിവേശത്തിലൂടെ ഭീഷണിപ്പെടുത്തുന്നത് 80 വര്‍ഷത്തെ അറ്റ്ലാന്റിക് സഖ്യത്തിന്റെ അന്ത്യത്തിന് കാരണമായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടയുമായി നടത്തിയ സംഭാഷണത്തില്‍, ഗ്രീന്‍ലന്‍ഡ് ദേശീയ-ലോക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് താന്‍ വ്യക്തമാക്കിയതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ചേര്‍ന്ന് ഗ്രീന്‍ലന്‍ഡില്‍ യുഎസ് പതാക നാട്ടുന്ന ‘2026-ല്‍ സ്ഥാപിതമായ യുഎസ് ടെറിട്ടറി’ എന്നെഴുതിയ എഐ ചിത്രം അദ്ദേഹം പങ്കുവെച്ചു. കാനഡയും ഗ്രീന്‍ലന്‍ഡും അമേരിക്കയുടെ ഭാഗമായി കാണിക്കുന്ന മറ്റൊരു ഭൂപടവും അദ്ദേഹം പോസ്റ്റ് ചെയ്തു.

മാക്രോണ്‍ അയച്ച സന്ദേശവും ട്രംപ് പരസ്യപ്പെടുത്തി. ഗ്രീന്‍ലന്‍ഡ് വിഷയത്തില്‍ ട്രംപ് എന്താണ് ചെയ്യുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മാക്രോണ്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു. തന്റെ സമാധാന സമിതി(‘ബോര്‍ഡ് ഓഫ് പീസ്) എന്ന ക്ഷണത്തില്‍ ചേര്‍ന്നില്ലെങ്കില്‍ ഫ്രഞ്ച് വൈനിനും ഷാംപെയ്നിനും 200% നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ഈ തര്‍ക്കം യൂറോപ്പും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്കും ഇത് കാരണമായേക്കാം. ചൈനയുമായി പുതിയ പങ്കാളിത്തമുണ്ടാക്കാന്‍ ബീജിംഗ് സന്ദര്‍ശിച്ച ശേഷം ദാവോസിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ലോകത്തെ ‘മധ്യശക്തികള്‍’ പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. പഴയ നിയമങ്ങള്‍ ഇല്ലാതാകുകയാണെന്നും സങ്കടപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറുടെ പ്രതികരണം ഫ്രാന്‍സിനെയോ കാനഡയെയോ അപേക്ഷിച്ച് മിതമായിരുന്നു. അമേരിക്കന്‍ നികുതികള്‍ ‘തെറ്റായ കാര്യമാണെന്ന്’ അദ്ദേഹം മന്ത്രിസഭയില്‍ പറഞ്ഞു. ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് വിട്ടുകൊടുക്കാനുള്ള സ്റ്റാമറുടെ നീക്കത്തെ ‘മണ്ടത്തരം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അമേരിക്കയുമായുള്ള ബന്ധം വഷളാക്കാതിരിക്കാനാണ് സ്റ്റാമര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വക്താക്കള്‍ സൂചിപ്പിച്ചു.

അമേരിക്കയില്‍ നിന്നുള്ള 93 ബില്യണ്‍ യൂറോയുടെ ഇറക്കുമതിക്ക് നികുതി ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞത് യൂറോപ്യന്‍ രാജ്യങ്ങള്‍ ‘പരിഭ്രാന്തരാകേണ്ടതില്ല’ എന്നാണ്. കാര്യങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യണമെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സൈനിക ശക്തി ഉപയോഗിക്കാന്‍ സാധ്യത കുറവാണെങ്കിലും അത് തള്ളിക്കളയാനാവില്ലെന്ന് ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു. ‘ഏറ്റവും മോശമായ അവസ്ഥ ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ എന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, 58 ഡാനിഷ് സൈനികര്‍ കൂടി ഗ്രീന്‍ലന്‍ഡില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ട്ടിക് മേഖലയില്‍ സ്ഥിരമായ ഒരു സൈനിക സാന്നിധ്യം ഉറപ്പാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആലോചിക്കുന്നുണ്ട്.

യുക്രെനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി നിലവില്‍ ദാവോസിലേക്ക് പോകുന്നില്ലെങ്കിലും സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായാല്‍ തീരുമാനം മാറ്റിയേക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Content Summary; Greenland crisis grows; European leaders condemn Donald Trump’s new colonialism

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×