June 04, 2026 |
Share on

ട്രംപിന്റെ ഭീഷണികള്‍ അമേരിക്കന്‍-യൂറോപ്പ് ബന്ധത്തില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് നേതാക്കള്‍

അമേരിക്കയുമായുള്ള 80 വര്‍ഷത്തെ നല്ല ബന്ധം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങള്‍ വലിയ ആഘാതമുണ്ടാക്കിയെന്ന് യൂറോപ്യന്‍ നേതാക്കള്‍

ട്രാന്‍സ്-അറ്റ്ലാന്റിക് ബന്ധങ്ങള്‍(അറ്റ്‌ലാന്റിക് സമുദ്രത്തിന് അപ്പുറവും ഇപ്പുറവുമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള സഖ്യത്തെ സൂചിപ്പിക്കുന്നു. ഒരു വശത്ത് അമേരിക്കയും കാനഡയും മറുവശത്ത് യൂറേപ്യന്‍ യൂണിയനും ബ്രിട്ടനും ഉള്‍പ്പെടുന്നതാണ് ഈ സഖ്യം. ഇവര്‍ തന്നെയാണ് നാറ്റോ സഖ്യവും.) കഴിഞ്ഞ ഒരാഴ്ചയായി വലിയ തിരിച്ചടി നേരിടുകയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ്. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ ഭീഷണികളും പിന്നീട് ആര്‍ട്ടിക് സുരക്ഷ സംബന്ധിച്ച ഒരു അവ്യക്തമായ കരാര്‍ ഉയര്‍ത്തിക്കൊണ്ടു വരികയും പിന്നാലെ അതു പിന്‍വലിച്ചതുമെല്ലാം സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ നേതാക്കള്‍ അടിയന്തര ഉച്ചകോടിക്കായി ഒത്തുചേര്‍ന്നപ്പോഴായിരുന്നു വിദേശനയ മേധാവിയുടെ അഭിപ്രായം.

കാജ കല്ലാസ് നിലവിലെ സാഹചര്യത്തെ അപ്രവചനീയം എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കയുമായുള്ള 80 വര്‍ഷത്തെ നല്ല ബന്ധം ഉപേക്ഷിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കിലും കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങള്‍ വലിയ ആഘാതമുണ്ടാക്കിയെന്ന് അവര്‍ വ്യക്തമാക്കി. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ത്ത എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ ബുധനാഴ്ച ഈ ഭീഷണി അദ്ദേഹം പിന്‍വലിച്ചു. എങ്കിലും, ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര ഉച്ചകോടി ആവശ്യമാണെന്ന് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിക്കുകയായിരുന്നു.

അമേരിക്കയ്ക്കും പ്രസിഡന്റ് ട്രംപിനും വ്യക്തമായ മറുപടികളാണ് ഉച്ചകോടിയില്‍ വച്ച് യൂറോപ്യന്‍ നേതാക്കളില്‍ നിന്നുണ്ടായത്.

ഡെന്മാര്‍ക്കിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ ചെയ്തത്. യൂറോപ്പിന്റെ ഐക്യവും ഉറച്ച നിലപാടുമാണ് അമേരിക്കയെ ഭീഷണിയില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നായിരുന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞത്.

യൂറോപ്പ് അതീവ ജാഗ്രത പാലിക്കണമെന്നും ഭീഷണികള്‍ നേരിടാന്‍ സജ്ജമായിരിക്കണമെന്നുമായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുന്നറിയിപ്പ് നല്‍കിയത്.

ട്രംപിന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്താണ് ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സ് സംസാരിച്ചത്. ഉച്ചകോടിയില്‍ സംസാരിച്ച പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് ഓര്‍മിപ്പിച്ചത്, രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളില്‍ ആധിപത്യമോ ബലപ്രയോഗമോ അല്ല, മറിച്ച് വിശ്വാസവും ബഹുമാനവുമാണ് വേണ്ടതെന്നായിരുന്നു.

അതേസമയം യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡമിര്‍ സെലന്‍സ്‌കി, വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ യൂറോപ്പിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യൂറോപ്പ് ‘ഗ്രീന്‍ലാന്‍ഡ് മോഡില്‍’ നിന്ന് പുറത്തുവരണമെന്നും സ്വന്തമായി പ്രതിരോധ ശേഷി ആര്‍ജ്ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക എപ്പോഴും കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചിരിക്കാതെ, സ്വന്തം സൈന്യത്തെക്കുറിച്ച് യൂറോപ്പ് ചിന്തിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

ട്രംപ് പുതുതായി അവതരിപ്പിച്ച സമാധാന സമിതി (ബോര്‍ഡ് ഓഫ് പീസ്) സംവിധാനത്തെക്കുറിച്ചും യൂറോപ്പ് ആശങ്കപ്പെടുന്നുണ്ട്. ഇത് ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി മാറുമോ എന്നാണ് നേതാക്കള്‍ ഭയപ്പെടുന്നത്.

ഗാസയിലെ പുനര്‍നിര്‍മ്മാണത്തിന് ഈ ബോര്‍ഡ് സഹായിക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, നിലവില്‍ ഹംഗറിയും ബള്‍ഗേറിയയും മാത്രമാണ് ഇതില്‍ ചേരാന്‍ സമ്മതിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍. ബ്രിട്ടനും ഫ്രാന്‍സും ഇതിനോട് വിമുഖത കാട്ടി.

അമേരിക്കയുടെ താരിഫ് ഭീഷണിക്ക് മറുപടിയായി 93 ബില്യണ്‍ യൂറോയുടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്താനും ശക്തമായ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനും യൂറോപ്പ് ആലോചിച്ചിരുന്നു. എന്നാല്‍ നിലവില്‍ അമേരിക്കയുമായുള്ള വ്യാപാര കരാറുകള്‍ പുനഃപരിശോധിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുകയാണ്.

Content Summary; Greenland crisis and trump threats; Transatlantic relations have taken a big blow over the last week says EU foreign policy chief

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×