July 12, 2025 |
Share on

ട്രെന്‍ഡിങ്ങാവുന്ന ഗ്രേ ഡിവോഴ്‌സുകളും; പുതുക്കപ്പെടുന്ന കപ്പിള്‍സ് ഡിക്ഷണറിയും

ഗ്രേ ഡിവോഴ്സിന്റെ അഭികാമ്യ പ്രായം 50 ആണെങ്കിലും 40-45 മുതല്‍ പിടിക്കാവുന്നതാണ്

ഗ്രേ ഡിവോഴ്സിന്റെ മലയാളം നരച്ച വിവാഹമോചനം എന്നാണോ? അല്ലെങ്കില്‍ ഇടയിലെ നരച്ചുപോയ ജീവിതം ദമ്പതികളെ പിരിക്കുന്നു എന്നാണോ? വല്ലാത്തൊരു അവസ്ഥയാണ്. ഒരു നിര്‍വചനത്തിന് പോലും ക്ലാരിറ്റി ഇല്ല. അല്ലെങ്കില്‍ തന്നെ നൂറു ശതമാനം ഉറപ്പോടു കൂടി നമ്മള്‍ ആരെയെങ്കിലും പിന്നിട്ട ജീവിതവഴികളില്‍ ഉപേക്ഷിച്ചിട്ടുണ്ടോ? ഒരു തീരുമാനത്തിന്റെ കടുപ്പത്തിലേക്ക് എത്താന്‍ പ്രേരിപ്പിച്ച ഒരുപാട് അനുഭവങ്ങള്‍ ആ കാലഘട്ടത്തിലുള്ള ബുദ്ധിവികാസവും ലോകപരിചയവും വെച്ച് പ്രോസസ്സ് ചെയ്തിട്ടുണ്ടാവും. അതില്‍ത്തന്നെ ഒരാളെ വേദനിപ്പിച്ച കാര്യങ്ങള്‍ ആണ് ആദ്യം അയാള്‍ തിരഞ്ഞെടുക്കുന്നത്. മറ്റേ ആള്‍ പറയുന്നത് അത്ര പ്രസക്തമല്ല. തിരിച്ചും. തീര്‍ത്തും അസഹ്യമായി തോന്നി പരസ്പരം പിരിഞ്ഞ ആളുകളെ ഈ കാറ്റഗറിയില്‍ പെടുത്തിയിട്ടില്ല. നമ്മളാരും ഒറ്റയ്ക്ക് ജനിച്ചവരോ വളര്‍ന്നവരോ അല്ല. ചെറുപ്പം മുതല്‍ ചുറ്റപ്പെട്ട ആ ‘mileu’ വളരുമ്പോള്‍ കണ്ട ബന്ധങ്ങളിലെ സ്നേഹം നിര്‍വചിക്കുന്ന രീതി, പതിയെ ഉടലെടുക്കുന്ന ഏറ്റക്കുറച്ചിലുകള്‍, കണക്കുപറച്ചിലുകള്‍, സ്വന്തമാക്കി വെക്കുക എന്ന പരമ്പരാഗത സങ്കല്പത്തില്‍ അടഞ്ഞു പോകുന്ന വ്യക്തിത്വങ്ങള്‍, തള്ളിക്കയറി വരുന്ന പുതുമുഖങ്ങളോടുള്ള അനാദിയായ ആകര്‍ഷണം, പഴുത്ത് തനിയെ അടര്‍ന്നു വീഴുന്ന പഴയ പ്രണയ ഉടമ്പടികള്‍… എല്ലാം മനുഷ്യസഹജം എന്ന തിരുവചനം. എവിടെയാണ് നിങ്ങളുടെ ‘ആ ആള്‍’? അങ്ങനൊരാളുണ്ടോ?grey divorce and new trends in gen z relationships

ബോളിവുഡ് നടി കാജോള്‍ ഒരു ഇന്റര്‍വ്യൂയില്‍ പറയുന്നത് കേട്ടതാണ്. അജയ് അടക്കം വീട്ടില്‍ ഉള്ളവരെല്ലാം വിഭിന്ന സ്വഭാവം ഉള്ളവരാണ്. അതുകൊണ്ടു തന്നെ എല്ലാവരെയും മാനേജ് ചെയ്തു, കുടുംബം കൊണ്ടുപോവുന്നത് അവരാണ് എന്ന്. നല്ല കഷ്ടപാടുണ്ടത്രെ അതിന്. ഏതാണ്ട് ഇതിന്റെ മറ്റൊരു വേര്‍ഷന്‍ നടി ജോമോള്‍, ജോണ്‍ ബ്രിട്ടാസ്സിനോട് പറയുന്നുണ്ട്. എഴുതി പഠിക്കും എന്ന് – പുറത്തു എന്ത് പറയണമെന്ന്. ഇത് പറയുമ്പോള്‍ ഈ രണ്ടു സ്ത്രീകളുടെ മുഖത്തും അഭിമാനമാണ്. ഇതേ അദ്ധ്വാനത്തോടെ കുടുംബം എന്ന ഭാരതീയ സങ്കല്‍പം കൊണ്ട് പോകുന്നവരാണ് മിക്കവരും. നാട്ടുനടപ്പനുസരിച്ച് അവര്‍ക്കാണ് ഇപ്പോഴും അന്തസ്സ്. പുതിയ തലമുറ വഴി മാറുന്നുണ്ട്. എങ്കിലും ‘കുടുംബത്ത് പിറന്ന പെണ്‍കുട്ടികള്‍’ മുറ തെറ്റാതെ സിസ്റ്റത്തെ പോറ്റുന്നുണ്ട്. അങ്ങനെയല്ലാത്തവര്‍ പഴി കേള്‍ക്കുന്നുമുണ്ട്. ഇപ്പോ അങ്ങനെയങ്ങ് ആരും മൈന്‍ഡ് ചെയ്യാറില്ലെന്നേ ഉള്ളു.

ഇങ്ങനെ പോയി പോയി മധ്യവയസെത്തുന്നു. ഗ്രേ ഡിവോഴ്സിന്റെ അഭികാമ്യ പ്രായം 50 ആണെങ്കിലും 40-45 മുതല്‍ പിടിക്കാവുന്നതാണ്. പാതിമുക്കാലും ജീവിതം കഴിഞ്ഞു എന്ന തിരിച്ചറിവ് വരുന്നു. കുട്ടികള്‍ എന്ന പാലം തകരുന്നു. ‘എംപ്റ്റിനെസ്റ്റ് സിന്‍ഡ്രോം’ തല പൊക്കുന്നു. ആരോഗ്യകരമായി ഇത് മനസിലാക്കുന്നവര്‍ സ്വന്തം ഹോബികളിലേക്കും, മറന്നുവെന്നു കരുതിയ മറ്റു കഴിവുകളിലേക്കും, യൂട്യൂബ് പോലെയുള്ള സ്വയം പ്രകടന വേദികളിലേക്കും തിരിയുന്നു. ലോകവുമായുള്ള സമ്പര്‍ക്കം അഥവാ സോഷ്യല്‍ ഇന്ററാക്ഷന്‍ അവരെ രക്ഷിക്കുന്നു. പക്ഷെ വിവിധ രംഗങ്ങളില്‍ ലോകമറിയുന്ന പണക്കാര്‍ക്കും, സെലിബ്രിറ്റികള്‍ക്കും ഇത് അത്ര എളുപ്പമല്ല. മറ്റൊന്ന് അവരുടെ ഹൈ പ്രൊഫൈല്‍സ് വളരെ പെട്ടെന്ന് മറ്റ് ഹൈ പ്രൊഫൈല്‍ തേനീച്ചകളെ ആകര്‍ഷിക്കുന്നു.

ഇലോണ്‍ മസ്‌ക് ഉറ്റസുഹൃത്തായ, ഗൂഗിള്‍ ഫൗണ്ടേഴ്‌സില്‍ ഒരാളായ സെര്‍ഗി ബ്രിന്നെ വിവാഹമോചിതനാക്കിയ കഥ അറിയാലോ. ഒബാമയെ കണ്ടതും അവരുടെ ആദ്യത്തെ സാധാരണ ജീവിതവും, ദൈവവിശ്വാസവും, ദാമ്പത്യത്തില്‍ ഉള്ള അകമഴിഞ്ഞ വിശ്വാസവും മിഷേല്‍ ഒബാമ ‘Becoming’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യൂമെന്ററിയില്‍ വിവരിക്കുന്നുണ്ട്. അവരുടെ ആത്മകഥ കൂടിയാണ് ‘ദി ബികമിങ്’. ഇപ്പോള്‍ മിഷേല്‍-ഒബാമ ഡിവോഴ്‌സ് റൂമറുകള്‍ തള്ളിക്കളയാന്‍ പറ്റാത്ത വിധം വളരുകയാണ്. ട്രംപിന്റെ ബിഗ് ഡേയ്ക്കും, ജിമ്മി കാര്‍ട്ടറിന്റെ മരണാനന്തര ചടങ്ങിലും ഒബാമ തനിച്ചാണ് വന്നത്. എല്ലാ കഥകളും നീളുന്നത് ഹോളിവുഡ് നടി ജെന്നിഫര്‍ അനിസ്റ്റണിലേക്കാണ്.

gates family

മുന്‍പ് കണ്ട ബില്‍ ഗേറ്റ്‌സ് ഡോക്യൂമെന്ററിയും ഓര്‍മ വരുന്നു. സത്യം പറഞ്ഞാല്‍ അതില്‍ ഗേറ്റ്‌സ് മറ്റൊരു ലോകത്ത് ജീവിക്കുന്ന പോലെ ഒരു പ്രതീതി തോന്നിയിരുന്നു. വിജയത്തിന്റെ കൊടുമുടിയില്‍ കയറി വരാവുന്ന ഒരു ഫിലോസോഫിക്കല്‍ ശ്യൂന്യത ഗേറ്റ്‌സിനെ ബാധിച്ച പോലെ. ഇവിടെ വില്ലന്‍ അവിഹിതം ആണെന്ന് ഗേറ്റ്‌സ് തന്നെ കുമ്പസാരിക്കുന്നു. ഒരു മൈക്രോസോഫ്ട് ജീവനക്കാരിയുമായുണ്ടായ പ്രണയം മെലിന്‍ഡയെ വേദനിപ്പിച്ചു. തമ്മില്‍ അകന്നു. മിഷെലും മെലിന്‍ഡയുമൊക്കെ അവരുടെ പങ്കാളികളുടെ വളര്‍ച്ചയില്‍ നല്ല പങ്ക് ഉള്ളവരാണ്. കട്ടയ്ക്ക് കൂടെ നിന്നവരാണ്.

ഇതേ ഗണത്തില്‍ പെടുത്താവുന്ന മറ്റൊരു വാര്‍ത്തയാണ് ഓസ്‌കാര്‍ വിന്നര്‍ ആയ എ.ആര്‍ റഹ്‌മാന്റെ ഡിവോഴ്‌സ്. ലോകം ഞെട്ടി. സ്വന്തം ആരോഗ്യപ്രശ്‌നമാണ് സൈറാബാനു കാരണം പറഞ്ഞത്. ‘ഇമോഷണല്‍ സ്ട്രെയിന്‍’ എന്ന ആ ചെറിയ, വലിയ വാക്കിന്റെ പരിധിയില്‍ എന്തൊക്കെ വരാം! ലിസി-പ്രിയദര്‍ശന്‍ ഗ്രേ ഡിവോഴ്‌സ് ഒരു വേള നമ്മള്‍ കേട്ട ആദ്യത്തേതാവാം. അന്നത് ആര്‍ക്കും ദഹിച്ചില്ല, ഇത് കൂടുതല്‍ ബാധിച്ചത് അതിന്റെ കാരണം ഏറ്റെടുക്കുന്ന പ്രിയദര്‍ശനെയാണ് എന്ന് തോന്നാറുണ്ട്. ഋത്വിക് റോഷന്‍ -കങ്കണ റനൗട് ബന്ധം ഒരു കാലത്തു മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. അവരും പിരിഞ്ഞു. ഒപ്പം ഋത്വികും ഭാര്യയും. മൊത്തം നഷ്ടക്കച്ചവടം. ഇതും ഇവരുടെ മാത്രം കഥയല്ല.

ഗ്രേ ഡിവോഴ്സിന്റെ വൈകാരിക തലങ്ങള്‍ തീര്‍ച്ചയായും ഇവരെ ബാധിക്കാം. പക്ഷേ സാമ്പത്തികമായി ഒരു കുറവും വരുന്നില്ല. ഇതല്ല സാധാരണക്കാരുടെ സ്ഥിതി. അവര്‍ സാമ്പത്തികമായി കഷ്ടപ്പെടും. അതുവരെ ഒന്നിച്ചുണ്ടാക്കിയ പലതും, തുല്യമായി പകുത്തെടുക്കാന്‍ ബുദ്ധിമുട്ടും. വികാരം പോലെ അമൂര്‍ത്തമായ ഒന്നല്ലലോ പണം. ഒരു വാശിക്ക് ചെയ്താലും ഇവിടെ വരുമാനം കുറഞ്ഞവര്‍ അല്ലെങ്കില്‍ ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യാത്തവര്‍ ഒക്കെ കദനകഥകള്‍ പറയാന്‍ തുടങ്ങും. മറുവശത്ത് നിന്നും ചതിയുടെയും വഞ്ചനയുടേയും കഥകള്‍ ഒഴുകും. അങ്ങനെ വീടിനകത്ത് നിന്നും അവ സോഷ്യല്‍ മീഡിയ മതിലുകളില്‍ സ്ഥാനം പിടിക്കും. എല്ലാം തുറന്നു പറയുമ്പോള്‍ കിട്ടുന്ന ആശ്വാസമൊന്നും സാമ്പത്തിക, വൈകാരിക പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നില്ലെങ്കിലും ആത്മരതി മുഖ്യം ബിഗിലെ! പുതിയ ട്രെന്‍ഡ് ‘ഹാപ്പിലി ഡിവോഴ്സ്ഡ്’ ആണ്. എല്ലാ ചളിവാരി തേയ്ക്കലുകളും കഴിഞ്ഞ് പിരിഞ്ഞ ദമ്പതികള്‍ മറ്റൊരു ഇമേജ് സൃഷ്ടിച്ച് അത് മാര്‍ക്കറ്റ് ചെയ്യുന്നു. മാറ്റങ്ങള്‍ അസംഭവ്യമല്ലലോ. ഒരുമിച്ച് ആലോചിച്ച് തീരുമാനം എടുത്ത് ഗ്രേ ഡിവോഴ്‌സ് നിശബ്ദമായി എടുക്കുന്നവരുണ്ട്. ശിഷ്ടകാലം സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് മാത്രം ജീവിക്കാനുള്ള ലൈസന്‍സ്. പരസ്പര ബഹുമാനം കളയാതെ പിന്നീടുള്ള ജീവിതത്തെ റീഡിസൈന്‍ ചെയ്യുന്നു.

ഗ്രേ ഡിവോഴ്സിന്റെ മറ്റൊരു കാരണം സാമൂഹ്യപരമായ മാറ്റവും സ്വയം മാറുന്നതുമാണ്. അതായത് കാലം മാറുമ്പോള്‍ വല്ലാതെ കോലം മാറുന്ന ദമ്പതികള്‍. ഇതുവരെ ജീവിച്ചതല്ല ജീവിതം എന്നവര്‍ക്ക് തോന്നുന്നു. ഡിജിറ്റല്‍ മീഡിയയുടെ വളര്‍ച്ചയും, വിവാഹേതര ബന്ധങ്ങളോടുള്ള മാറിയ സമീപനവും, മി -മൈസ്‌പേസ് വാദവും, സിനിമകളുമൊക്കെ ഒരാളിലേക്ക് ചുരുങ്ങേണ്ടതല്ല ജീവിതം എന്ന തോന്നല്‍ ശക്തമാക്കുന്നു. സത്യത്തില്‍ Genz പറയുന്ന situationship, cushioning, ghosting, soft launch ഇതൊക്കെ ആദ്യം തുടങ്ങിയത് മധ്യവയസ്‌കരാണ്. തലയില്‍ മുണ്ടിടുന്ന പഴയ ശീലം കൊണ്ട് ‘ഇന്‍സ്റ്റ’യില്‍ ഇട്ട് ആഘോഷിച്ചില്ല എന്നെയുള്ളു. കാലക്രമേണ ഇതര ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ തിരിച്ചുവരവിന് പ്രേരിതമാക്കുമ്പോള്‍, ഇമേജില്‍ അരയാലിന്റെ വേരുകളുള്ള പഴയ ഇടത്തിലെ ചില ഇക്വേഷനുകള്‍ വല്ലാതെ മാറിയിട്ടുണ്ടാകും. ശാരീരികമായും മാനസികമായും. ഡിവോഴ്‌സ് ആര് ഉന്നയിക്കുന്നു എന്നത് മാത്രമേ ഇവിടെ ഇനി ബാക്കിയുള്ളു.

വേറിട്ട് നില്‍ക്കുന്ന മറ്റൊരു വലിയ പ്രശ്‌നം ഐഡന്റിറ്റി ക്രെസിസ് ആണ്. നരച്ച് തുടങ്ങുമ്പോള്‍ അത്രയ്ക്കും ലോകം കണ്ടല്ലോ. വിവരം കൂടുന്നു. അല്ലെങ്കില്‍ അങ്ങനെ സ്വയം തോന്നുന്നു. മറ്റു മനുഷ്യരെ, അവരുടെ ബന്ധങ്ങളെ, അവിടെ നിലനില്‍ക്കുന്ന വ്യവസ്ഥിതികളെ ഒക്കെ വിലയിരുത്തി താന്‍ എവിടെ നില്ക്കുന്നു എന്ന് വിശകലനം ചെയ്യുന്നു. ജോലിപരമായി പൊസിഷന്‍ ഉണ്ട്. പക്ഷെ ആ ബഹുമാനം വീട്ടില്‍ ഇല്ല. മാനിപുലേഷനുകളും, അനീതികളും, അസമത്വവും, കണ്ണില്‍ പെടും. സെല്ഫ് ലവ്, സോളോ ട്രിപ്പുകള്‍ തുടങ്ങിയ പുതിയ കീവേര്‍ഡുകള്‍ പ്രയോഗികമാവും. കീഴ്വഴക്കങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ആണല്ലോ ‘കുടുംബഭദ്രത’ തകര്‍ക്കുന്ന ഇന്‍സ്റ്റന്റ് ബോംബുകള്‍. ഇതൊന്നും ഇല്ലെങ്കില്‍ ആവര്‍ത്തന വിരസത തന്നെ ഈ പ്രായത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിക്കും. ഉറപ്പാണ്. പുതുമ ഉണ്ടെന്നു തോന്നിപ്പിക്കുന്ന എവിടേക്കും ചായാം. പ്രണയത്തിലൊക്കെ മധ്യവയസ് മറ്റൊരു കൗമാരം ആണ്. ഇത് സെക്‌സിലേക്കും പടരും. വര്‍ഷങ്ങളായി തുടരുന്ന വെറും അനുഷ്ഠാനങ്ങള്‍ അസ്ത്വിത്വ പ്രശ്‌നങ്ങള്‍ നേരിടും. മൂര്‍ച്ച കൂടുന്ന വഴക്കുകളും, മാനസിക സമ്മര്‍ദങ്ങളും കോടതിയില്‍ എത്തിക്കും.

ആരോഗ്യം വഷളാവുന്നതും ഈ പ്രായത്തിന്റെ അടയാളം ആണല്ലോ. ചിലര്‍ ഒരു ഉത്തരവാദിത്തബോധം കൊണ്ട് നോക്കും. പക്ഷെ ബോറടിക്കും. ഈ അവസ്ഥയുടെ പാതി വഴിയിലോ അല്ലെങ്കില്‍ കര കയറി എന്ന് തോന്നുമ്പോഴോ അത് പറഞ്ഞുപിരിയുന്നവരും കൂടുകയാണ്. ഈ വിഷയത്തില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ല എന്നാണ് പഠനം. ശ്രുതി ശരണ്യയുടെ ‘ബി 32 മുതല്‍ 42 വരെ’ എന്ന സിനിമയില്‍ രമ്യ നമ്പീശന്‍ ചെയ്ത മാലിനി എന്ന കഥാപാത്രം ഇത് സ്വയം തിരിച്ചറിയുന്നുണ്ട്.

hrithik family

ദീര്‍ഘകാലം തുടരുന്ന ലോങ്ങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പുകളില്‍ പങ്കാളികള്‍ അവരുടേതായ ഇക്കോസിസ്റ്റം ഉണ്ടാക്കിയാണ് ജീവിക്കുന്നത്. തിരിച്ചുവരുമ്പോള്‍ അവര്‍ വീണ്ടും ദ്വീപുകളായി തുടരാം. കുട്ടികളും ഇതേ അവസ്ഥയില്‍ പെരുമാറാം. ഇവിടെ ഗ്രേ ഡിവോഴ്‌സ് ഒരു ചലനവും സൃഷ്ടിക്കുന്നില്ല. ഏകാന്തതയും, നല്ല കാലത്തിന്റെ ഓര്‍മകളും ഗ്രേ ഡിവോഴ്സിന്റെ ബാക്കിപത്രങ്ങളാണ്. ഒരുപാട് കാലം ഒരുമിച്ചു നിന്നതിന്റെ ആശ്രയത്വവും, വികാരപരമായ അടുപ്പവും അവരെ പെട്ടെന്ന് സ്വതന്ത്രരാക്കില്ല. ചിലരെ ഇത് മാനസികമായി തകര്‍ക്കും. കൗണ്‍സിലിങ് ആവശ്യമായി വരും. മുതിര്‍ന്ന മക്കളും മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണ്ടി വരും. ഇത് അവരുടെ ജീവിതത്തിലും പ്രശ്ങ്ങള്‍ ഉണ്ടാക്കുന്നു. ആരും ആര്‍ക്കും പകരം ആവില്ലലോ. എന്നാലോ പ്രതീക്ഷകള്‍ പഴയ പോലെ തുടരും.

വിദേശത്തൊക്കെ ഗ്രേ ഡിവോഴ്‌സ് 70കളില്‍ തുടങ്ങിയതാണ്. ഓരോ ദശകത്തിലും അതിന്റെ ശതമാനം കൂടുന്നുണ്ട്. പണ്ട് അടക്കി വെച്ചു. ഇപ്പോള്‍ അത് ട്രെന്‍ഡിങ് ആയി. ലോകവും മനുഷ്യരും കസ്റ്റമൈസ്ഡ് ആയി ഓപ്പണ്‍ ആവുന്ന സമയമാണ്. ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആവുന്നു എന്ന് തോന്നുന്ന നിമിഷം പിങ്ക് സ്ലിപ് കിട്ടും ഇനിയങ്ങോട്ട്. Genz ആകട്ടെ ദിനംപ്രതി ഓരോ തരം ‘ഷിപ്’കള്‍ ഉണ്ടാക്കി ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു ‘കപ്പിള്‍സ് ഡിക്ഷ്ണറി’ പുതുക്കുകയാണ്. ഇനി ആല്‍ഫ, ബീറ്റ തലമുറ എന്തായിരിക്കും?! അപ്പോള്‍ പിന്നെ ഗ്രേ ഡിവോഴ്‌സ് കുറയുമായിരിക്കും. അവിടെ വരെയൊക്കെ ആര് എത്താനാ, അല്ലെ ?grey divorce and new trends in gen z relationships

Content Summary: grey divorce and new trends in gen z relationships

Leave a Reply

Your email address will not be published. Required fields are marked *

×