June 26, 2026 |
Share on

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി നാനോ ബനാന; എഐ 3 ഡി ചിത്രങ്ങൾ എങ്ങനെ നിർമ്മിക്കാം ?

ഇൻസ്റ്റാഗ്രാമിലും എക്‌സിലും ദശലക്ഷക്കണക്കിന് പേരാണ് പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിൽ ത​രം​ഗമായി മാറുകയാണ് നാനോ ബനാന ട്രെൻഡ്. എഐ പ്ലാറ്റ്‌ഫോമുകൾ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കാലത്തെ ഏറ്റവും പുതിയ അത്തരമൊരു അപ്ഡേറ്റാണ് ഗൂഗിളിന്‍റെ നാനോ ബനാന. അതായത് ഫോട്ടോകളെ 3D പ്രതിമകളാക്കി മാറ്റുന്ന രീതി. ഇൻസ്റ്റാഗ്രാമിലും എക്‌സിലും ദശലക്ഷക്കണക്കിന് പേരാണ് പുതിയ അപ്ഡേറ്റ് പരീക്ഷിക്കുന്നത്. ഓരോ ദിവസവും കൂടുതല്‍ ആളുകൾ ഈ ട്രെന്‍റ് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നവെന്നതാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്ന നാനോ ബനാന ശില്പങ്ങളും വ്യക്തമാക്കുന്നത്.

ആകര്‍ഷകമായ റിയലിസ്റ്റിക് ഫിഗറൈൻ ഇമേജുകളാണ് ഇതുവഴി ക്രിയേറ്റ് ചെയ്യുന്നത്. ഗൂഗിളിന്‍റെ എഐ അസിസ്റ്റന്‍റായ ജെമിനി 2.5 ഫ്ലാഷ് ഇമേജ് ഉപയോഗിച്ചാണ് ഈ ഫിഗറൈൻ ഇമേജുകള്‍ സൃഷ്‌ടിക്കുന്നത്. ആയിരക്കണക്കിന് ആളുകളാണ് നാനോ ബനാന ട്രെൻഡ് തിരഞ്ഞ് ഗൂഗിളിലെത്തുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അൻപതിനായിരത്തിലധികം ആളുകളാണ് നാനോ ബനാന എഐ ഫിഗറൈൻ തിരഞ്ഞ് ഗൂഗിളിലെത്തിയത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ നാലാം സ്ഥാനത്താണ്.

ഫോട്ടോയിൽ എന്താണോ ഉള്ളത് അത് അതേപടി പ്രതിമയായി ലഭിക്കും. സ്വന്തം ചിത്രങ്ങളും കുടുംബ ചിത്രങ്ങളും ഇത്തരത്തില്‍ ചെറിയ ശില്പങ്ങളാക്കി മാറ്റുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. ഗൂഗിൾ ജെമിനിയുടെ ഔദ്യോഗിക X ഹാൻഡിൽ നിന്നുള്ള ഒരു ട്വീറ്റിൽ പറയുന്നത്, ഒരു പ്രോംപ്റ്റിൽ ഫോട്ടോയിൽ നിന്ന് പ്രതിമയുടെ ശൈലിയിലേക്ക് മാറാം എന്നാണ്.

ആളുകൾക്ക് അവരുടെ ഫോട്ടോകൾ ഇഷ്ടാനുസൃത മിനിയേച്ചർ രൂപങ്ങളുടെ ചിത്രങ്ങളാക്കി മാറ്റാന്‍ കഴിയുന്നു. നിങ്ങളുടെ ഒരു ചിത്രം, ഒരു രസകരമായ പ്രകൃതി ഫോട്ടോ, ഒരു കുടുംബ ഫോട്ടോ, അല്ലെങ്കിൽ നിങ്ങളുടെ നായ്ക്കുട്ടിയുടെ ഒരു ചിത്രം ഇങ്ങനെ എന്തും നാനോ ബനാനയിലൂടെ പരീക്ഷിക്കാന്‍ കഴിയുമെന്നാണ്. ഫോട്ടോകളില്‍ നിന്നും ജീവന്‍ തുടിക്കുന്ന ശില്പങ്ങളിലേക്കുള്ള കൂടുമാറ്റും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇങ്ങനെ നിര്‍മ്മിക്കുന്ന പ്രതിമകള്‍ ആകർഷകമായ പാക്കിംഗില്‍ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നു.

ആർക്കും സൗജന്യമായി തങ്ങളുടെ കയ്യിലുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ഈ ത്രീഡി രൂപങ്ങൾ സൃഷ്ടിക്കാനാവും. സാധാരണ ഫോട്ടോകൾ ജെമിനിയുടെ സഹായത്തോടെ ആകർഷകമായ 3ഡി മോഡലാക്കി മാറ്റുകയാണ് ഇവിടെ. എങ്ങനെയാണ് ഫിഗറൈൻ ഇമേജുകള്‍ സൃഷ്ടിക്കുന്നത് എന്നു നോക്കാം.

ആദ്യപടിയായി നിങ്ങൾ മൊബൈൽ ആപ്പിലോ വെബ്‌സൈറ്റിലോ ഗൂഗിൾ ജെമിനി തുറന്ന് ലോഗിൻ ചെയ്യുക. പിന്നീട് നിങ്ങൾക്ക് പ്രതിമയാക്കേണ്ട ചിത്രം അതില്‍ അപ്‍ലോഡ് ചെയ്യുക. ചിത്രം അപ്‌ലോഡ് ചെയ്‌ത് കഴിഞ്ഞാൽ, പ്രോംപ്റ്റ് നൽകുക. പ്രോംപ്റ്റിനായി ‘ചിത്രത്തിലെ കഥാപാത്രങ്ങളുടെ 1/7 സ്കെയിലിലുള്ള ഒരു പ്രതിമ ചെയ്ത് തരാന്‍ ആവശ്യപ്പെടുക.’ പിന്നാലെ നമ്മൾ നല്‍കിയ പ്രോംപ്റ്റിന് അനുസരിച്ചുള്ള പ്രതിമയുടെ ഒരു രൂപം സ്ക്രീനില്‍ തെളിയുന്നു.

പിന്നാലെ ജനറേറ്റ് ക്ലിക്ക് ചെയ്ത് കഴിഞ്ഞാൽ എഐ ടൂൾ നിമിഷങ്ങൾക്കുള്ളിൽ ഒരു 3D ശില്പം സൃഷ്ടിക്കുന്നതുവരെ കാത്തിരിക്കുക. നിങ്ങൾക്ക് തൃപ്തിയില്ലെങ്കിൽ, അതിനെ പരിഷ്ക്കരിക്കുന്നതിന് ആവശ്യമായ കൂടുതല്‍ നിർദ്ദേശങ്ങൾ നല്‍കാം. മികച്ച ഫലങ്ങൾക്കായി നല്ല തെളിമയുള്ളതും ഉയർന്ന നിലവാരമുള്ളതുമായ ചിത്രങ്ങൾ വേണം ഉപയോഗിക്കാന്‍. നിങ്ങളുടെ 3D പ്രതിമ ഏതെങ്കിലും പ്രത്യേക രീതിയിൽ വേണെന്നുണ്ടെങ്കില്‍ അതിന് അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങൾ വേണം നല്‍കാന്‍. നിലവില്‍ നാനോ ബനാന സൗജന്യമാണ്.

content summary: Nano banana the latest trend taking over social media, how you can create AI-generated 3D images of it

 

Leave a Reply

Your email address will not be published. Required fields are marked *

×