കോണ്‍ഗ്രസില്‍ ചാണ്ടി ഉമ്മന്റെയും പിസി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് സജീവമാകുന്നു. ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും ഒഴിവാക്കിക്കൊണ്ട് പഴയ എ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാനാണ് നീക്കം. ഷാഫി പറമ്പിലിനെയും രാഹുല്‍ മാങ്കൂട്ടത്തിലിനെയും ഒഴിവാക്കിക്കൊണ്ടുള്ള ഗ്രൂപ്പ് ഉണ്ടാക്കാനാണ് നീക്കം. മുതിര്‍ന്ന നേതാക്കളുടെ കൂടി പിന്തുണയോടെയാണ് ഗ്രൂപ്പ് ശക്തിപ്പെടുത്തുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും കാര്യം കാണാനുള്ള പബ്ലിസിറ്റി രാഷ്ട്രീയമാണ് നടത്തുന്നതെന്ന അത്യപ്തിയും മുന്നണിയില്‍ ശക്തമാണ്. കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശനില്‍ കൂടുതല്‍ അധികാരം ഉണ്ടാക്കിയെടുത്ത് അനര്‍ഹരെ ഉള്‍പ്പെടുത്തി എന്തും ചെയ്യാമെന്ന തരത്തിലേക്ക് ഇവര്‍ മാറിയതാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനങ്ങളുണ്ട്. കൂടാതെ ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ വിഡി സതീശന്റെ പക്ഷത്തേക്കും കെസി വേണുഗോപാല്‍ പക്ഷത്തേക്കും ഇരുവരും കാലുമാറിയതായും എ ഗ്രൂപ്പില്‍ വിമര്‍ശനമുണ്ട്.
ഇരുവരുടെയും റീല്‍സ് രാഷ്ട്രീയത്തിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങളുമുണ്ട്. നിലമ്പൂര്‍ അതിന് ഉദാഹരണമാണ്. നിലമ്പൂരില്‍ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും ലീഗ് നേതാവ് പികെ ഫിറോസും നിരവധി റീല്‍സുകളായിരുന്നു ചെയ്തത്. പക്ഷേ ഒന്നില്‍ പോലും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്യാടന്‍ ഷൗക്കത്ത് ഉണ്ടായിരുന്നില്ല എന്നതാണ് മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നിലമ്പൂരില്‍ ചാണ്ടി ഉമ്മന്‍ 3,000 ത്തിലധികം വീടുകളില്‍ കയറിയിറങ്ങിയപ്പോള്‍ രാഹുലും ഷാഫിയും ഫിറോസും റീല്‍സ് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രാഹുലിനും ഷാഫിക്കും ഒപ്പം നില്‍ക്കുന്നത് കൊണ്ടുതന്നെ ചാണ്ടി ഉമ്മന്റെ അധ്വാനവും തഴയപ്പെട്ടതായാണ് വിമര്‍ശനം ഉയരുന്നത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ തന്നെ യൂത്ത് കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എതിര്‍പ്പുകള്‍ സജീവമായിരുന്നു. വയനാട് ദുരിതബാധിതര്‍ക്കായി വീടുകള്‍ നിര്‍മിച്ച് നല്‍കുന്നതിലെ ഫണ്ട് വിവാദം കൂടി ആയതോടെ എതിര്‍പ്പ് രൂക്ഷമായിരിക്കുകയാണ്. നിലമ്പൂരില്‍ രാഹുല്‍ ഇലക്ഷന്‍ കമ്മീഷനോട് പെരുമാറിയതും അന്‍വറിനെ കാണാന്‍ പോയതുമൊക്കെ കോണ്‍ഗ്രസില്‍ എതിര്‍പ്പിന് കാരണമായി. ഈ രണ്ട് വിഷയങ്ങള്‍ കൊണ്ട് തന്നെ കെസി വേണുഗോപാലിനും അടൂര്‍ പ്രകാശിനുമൊക്കെ രാഹുലിനോട് അതൃപ്തി ഉണ്ടെന്ന് തന്നെയൊണ് മുന്നണിയിലെ സംസാരം. മുമ്പ് പിസി വിഷ്ണുനാഥ് ഇവര്‍ക്കൊപ്പം ചേര്‍ന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് വിഷ്ണുനാഥിന് താക്കീതും നേരിടേണ്ടി വന്നിരുന്നു.
കൂടാതെ പികെ ഫിറോസിന്റെ യൂത്ത് കോണ്‍ഗ്രസിലെ അമിതമായ ഇടപെടലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ലീഗ് നേതാവായ പികെ ഫിറോസ് യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ കയറി കളിക്കേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അങ്ങനെയെങ്കില്‍ പികെ ഫിറോസിന് യൂത്ത് കോണ്‍ഗ്രസില്‍ അംഗത്വമെടുത്താല്‍ പോരെയെന്നാണ് മുന്നണിയ്ക്ക് അകത്ത് ഉയരുന്ന ചോദ്യം.
ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പ് നാഥനില്ലാ കളരിയാവുകയായിരുന്നു. പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ മരണത്തിന് പിന്നാലെ കെസി ജോസഫും ബെന്നി ബെഹനാനുമൊക്കെ ഒത്തൊരുമയില്ലാതെ വഴിപിരിഞ്ഞു. എന്നാല്‍ എ ഗ്രൂപ്പ് വീണ്ടും സജീവമാക്കി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് അണിയറ നീക്കങ്ങള്‍. പിസി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ ചാണ്ടി ഉമ്മനെ മുന്‍നിര്‍ത്തിയാണ് പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. ബെന്നി ബെഹനാന്‍, കെസി ജോസഫ്, എംഎം ഹസന്‍, ഡീന്‍ കുര്യാക്കോസ്, റോജി എം ജോണ്‍, സി ആര്‍ മഹേഷ് തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണയും ഗ്രൂപ്പ് ശക്തിപ്പെടുത്തലിന് പിന്നിലുണ്ട്.
ഉമ്മന്‍ ചാണ്ടിയെപ്പോലെ തന്നെ കരുത്തനായ നേതാവ് തന്നെയാണ് ചാണ്ടി ഉമ്മനും എന്നാണ് മുന്നണി നേതാക്കള്‍ പറയുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കണ്ടതും അത് തന്നെയാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ പോലും മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിന് മുമ്പ് തന്നെ ചാണ്ടി ഉമ്മന്‍ സഹായം വാഗ്ദാനം ചെയ്യുക മാത്രമല്ല നല്‍കുക കൂടി ചെയ്തൂവെന്നാണ് മുന്നണിക്കുള്ളിലെ വിലയിരുത്തല്‍.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പ് നിര്‍ജീവമായിരുന്നു. എന്നാല്‍ ചാണ്ടി ഉമ്മനിലൂടെ വീണ്ടും എ ഗ്രൂപ്പ് സജീവമാകുന്നുവെന്ന വിവരങ്ങളെ ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. അത്തരമൊരു വിജയം ആവര്‍ത്തിച്ചാല്‍ ചാണ്ടി ഉമ്മനിലൂടെ ശക്തിപ്രാപിക്കുന്ന എ ഗ്രൂപ്പിനും വ്യക്തമായ സ്വാധീനം അധികാരത്തില്‍ ഉണ്ടാകുമെന്നതും ഗ്രൂപ്പ് പുനഃസംഘടനയിലൂടെ ലക്ഷ്യംവയ്ക്കുന്നുണ്ട്. Group A is becoming active in Congress, Chandy Oommen and PC Vishnunath are behind it
Content Summary: Group A is becoming active in Congress, Chandy Oommen and PC Vishnunath are behind it
This post was last modified on July 13, 2025 11:26 am
Leave a Comment