സാധാരണക്കാരന്റെ ഭാഗ്യപരീക്ഷണവും സർക്കാരിന്റെ പ്രധാന വരുമാന മാർഗ്ഗവുമാണ് ലോട്ടറി വ്യവസായം. രാജ്യത്ത് ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ ലോട്ടറി തൊഴിലാളികൾ. ജിഎസ്ടി വർദ്ധനവ് ലോട്ടറി മേഖലയെ തകർക്കുമെന്നും ജിഎസ്ടി കൂട്ടിയാൽ ടിക്കറ്റ് വില ഗണ്യമായി ഉയർത്താൻ സർക്കാർ നിർബന്ധിതരാകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.
ജിഎസ്ടി നിരക്ക് വർദ്ധിച്ചാൽ അത് കേരളത്തിലെ ലോട്ടറി മേഖലയെ സാരമായി ബാധിക്കുമെന്നും ജിഎസ്ടി അഞ്ച് ശതമാനമാക്കിയാൽ എല്ലാവർക്കും ഗുണം ലഭിക്കുമെന്നും ലോട്ടറി ഏജന്റും ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) അംഗവുമായ സിജോ അഴിമുഖത്തോട് പ്രതികരിച്ചു.
‘ഇപ്പോൾ ഞാനൊരു ലോട്ടറി ഏജന്റാണ്. എനിക്ക് നാല് കടകളുണ്ട്. അവയിൽ 20 ഓളം തൊഴിലാളികൾ പണിയെടുക്കുന്നുമുണ്ട്. അതിന് മുൻപ് സാധാരണ ലോട്ടറിക്കാരെ പോലെ 50 ടിക്കറ്റുമായി റോഡിലൂടെ ലോട്ടറി വിറ്റ് നടന്നിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം തൊഴിലാളികൾ നേരിട്ട് ജോലി ചെയ്യുന്നൊരു മേഖലയാണ് ലോട്ടറി വിൽപ്പന. രണ്ട് ലക്ഷത്തോളം പേർ നേരിട്ടല്ലാതെയും ഇതിൽ പങ്കാളികളാണ്. അസുഖബാധിതരായ ആളുകൾക്ക് എല്ലാ ദിവസവും ലോട്ടറി വിൽക്കാൻ കഴിയില്ല. അവരാണ് ഈ രണ്ട് ലക്ഷം പേരിൽ ഉൾപ്പെടുന്നത്.
2020 മാർച്ചിലാണ് ജിഎസ്ടി 28 ശതമാനമാക്കിയത്. അന്ന് പകുതി കേരള സർക്കാരിനും പകുതി കേന്ദ്ര സർക്കാരിനുമായിരുന്നു. സർക്കാർ നേരിട്ട് നടത്തുന്ന മേഖലയായതിനാൽ ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറയ്ക്കാനുള്ള അവസരമുണ്ട്.
ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കുന്നില്ല, അല്ലെങ്കിൽ സമ്മാനത്തുക കുറവാണ് എന്നതാണ് പൊതുവായി പറയുന്ന ഒരു പ്രശ്നം. ടിക്കറ്റിൻ്റെ തുകയിൽ 28 ശതമാനം ജിഎസ്ടി പോവുകയാണ്. അതിൽ നിന്നും ബാക്കിയായാണ് ഏജന്റ് കമ്മീഷൻ, സമ്മാനത്തുക, ലോട്ടറി അച്ചടിക്കാനുള്ള തുക എന്നിവ വരുന്നത്. അങ്ങനെ നോക്കുമ്പോൾ വളരെ ചുരുങ്ങിയ ഒരു തുകയിൽ മാത്രമാണ് ലാഭം ലഭിക്കുന്നത്.
ലോട്ടറി മേഖലയെ മുന്നോട്ട് കൊണ്ടുവരാനുള്ള മികച്ച ഒരു അവസരമാണ് നിലവിൽ സംസ്ഥാന സർക്കാരിന്റെ മുന്നിലുള്ളത്. കാരണം 28 ശതമാനം എന്നുള്ളത് അഞ്ച് ശതമാനമാക്കുകയാണെങ്കിൽ സർക്കാർ നേരിട്ട് നടത്തുന്നത് കൊണ്ട് തന്നെ 23 ശതമാനം മിച്ചം വരും. ആ തുക സമ്മാനത്തിൽ ചേർക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ബാക്കി വരുന്ന 23 ശതമാനം ലോട്ടറി വാങ്ങുന്നയാൾക്ക് നൽകിയാൽ സർക്കാരിന് തന്നെ ഇത് നികുതിയായി തിരിച്ച് ലഭിക്കും. ലോട്ടറിയുടെ കമ്മീഷനായി വരുമ്പോൾ കച്ചവടക്കാർക്കും അത് ഗുണകരമായി വരും. കാരണം 12 ശതമാനം സമ്മാനത്തുകയിൽ നിന്ന് കമ്മീഷൻ ലഭിക്കാറുണ്ട്. മാത്രമല്ല, സമ്മാനത്തുക കൂടുമ്പോൾ ജനങ്ങൾക്ക് ലോട്ടറി വാങ്ങാനുള്ള താൽപര്യവും കൂടും.
ഒരു കടലാസ് കഷ്ണത്തിനാണ് ജനങ്ങൾ ഞങ്ങൾക്ക് പണം നൽകുന്നത്. മൂന്ന് മണി കഴിഞ്ഞാൽ ഒന്നുമല്ലാതാകുന്ന കടലാസ് കഷ്ണമാണത്. 12 സീരിയലിൽ ഒരേ നമ്പറിൽ 12 ടിക്കറ്റാണ് ബഹുഭൂരിപക്ഷം പേരും എടുക്കുന്നത്. 12 ടിക്കറ്റ് എടുക്കുമ്പോഴുള്ള ഗുണമെന്ന് പറയുന്നത് സീരിയൽ മാറിയാലും പ്രൈസ് കിട്ടും. അങ്ങനെ വരുമ്പോൾ 12 ടിക്കറ്റാണ് പരമാവധി ജനങ്ങൾ എടുക്കുന്നത്. പണ്ട് എടുക്കുമ്പോൾ 480 ന്റെ ടിക്കറ്റ് 450, 460 എന്ന വിലയ്ക്ക് നൽകിയിരുന്നു. ഇപ്പോൾ 12 ടിക്കറ്റിന് 600 രൂപയാണ് വരുന്നത്. കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളുമൊക്കെയാണ് ലോട്ടറി ടിക്കറ്റ് കൂടുതലായും എടുക്കുന്നത്. വില കൂടുന്നത് സാധാരണ ജനങ്ങളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ്. ചെയ്യുന്ന ജോലിക്ക് ശമ്പളം കൂട്ടി ലഭിക്കാതെ വരുമ്പോൾ എങ്ങനെയാണ് അവർ വില കൂടുന്ന ലോട്ടറി ടിക്കറ്റ് വാങ്ങുന്നത്?
40 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഇപ്പോൾ ലഭിക്കുന്നത് 14 ശതമാനമാണെങ്കിൽ ഇനി 20 ശതമാനമാകും സർക്കാരിന് ലഭിക്കുക. 40 ശതമാനമാകുമ്പോൾ 20 കേന്ദ്ര സർക്കാരിനും 20 കേരള സർക്കാരിനുമാണല്ലോ ലഭിക്കുന്നത്. സർക്കാർ തങ്ങളുടെ ലാഭം മാത്രമാണ് നോക്കുന്നത്. വർഷവും 5000 കോടിയോളം രൂപ സർക്കാരിന് വരുമാനമുള്ള ഒരു മേഖലയാണിത്. ക്ലെയിം ചെയ്യാതെ പോകുന്ന പണത്തിന്റെ കണക്ക് പറയുന്നുമില്ല.
ജിഎസ്ടി കൂട്ടിയാൽ ടിക്കറ്റിന് വില കൂടുമെന്നത് ഉറപ്പാണ്. ഈ വർദ്ധനവ് ലോട്ടറി മേഖലയെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കും. ലോട്ടറി കട വെച്ചുകൊണ്ട് ഞങ്ങൾക്ക് ഒരു ലോൺ പോലും ലഭിക്കില്ല. സമയമാണ് ലോട്ടറി കച്ചവടക്കാരന്റെ ജീവിതത്തിലെ പ്രധാന ഘടകം. രാവിലെ മൂന്ന് മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയാണ് ആയുസുള്ളത്. ഈ സമയത്തിനുള്ളിൽ ടിക്കറ്റ് വിറ്റ് പോയില്ലെങ്കിൽ അത് മുഴുവൻ കച്ചവടക്കാരൻ്റെ കൈയിലിരിക്കും. പിന്നീട് അവ നമ്മുടെ ഉത്തരവാദിത്തമായി മാറുകയാണ് ചെയ്യുന്നത്. ഒരു ദിവസത്തെ ടിക്കറ്റിന്റെ പണം ശരിയായി വരണമെങ്കിൽ പിന്നീട് മാസങ്ങളെടുക്കും. പേപ്പർ വിലയ്ക്ക് വിറ്റാൽ പോലും ഞങ്ങൾക്ക് വളരെ തുച്ഛമായ വിലയാണ് ലഭിക്കുന്നത്.
365 ദിവസത്തിൽ അഞ്ച് ദിവസമാണ് കേരളത്തിൽ അവധിയുള്ളത്. ഹർത്താൽ വന്നാലും ലോട്ടറി തിരഞ്ഞെടുപ്പ് മാറ്റി വെയ്ക്കില്ല. ലോട്ടറി മേഖലയിലുള്ളവരെ തൊഴിലാളികളായി പോലും സർക്കാർ കാണുന്നില്ല. ഓണത്തിന് മുൻപ് ക്ഷേമ പെൻഷൻ നൽകണമെന്ന് പറയുന്നുണ്ട്. എന്നാൽ ഇതുവരെയായിട്ടും അത് നടപടിയായിട്ടില്ല. ബിവറേജിൽ ലക്ഷം രൂപയാണ് ഇപ്പോൾ ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്. അവർക്ക് വെയിലും മഴയുമൊന്നും കൊള്ളാതെയിരുന്ന് പണിയെടുത്തിട്ടും ഇത്രയും വലിയ തുക ലഭിക്കുന്നു. ലോട്ടറി തൊഴിലാളികൾ റോഡിലൂടെ നടന്ന് ടിക്കറ്റ് വിൽപ്പന നടത്തിയിട്ടും വെറും 7000 രൂപയാണ് ലഭിച്ചത്. 12000 രൂപയെങ്കിലും നൽകണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഇത് സർക്കാരിന്റെ കൈയിൽ നിന്ന് എടുത്ത് തരുന്നതല്ലല്ലോ. ഓരോ ദിവസവും ടിക്കറ്റ് നറുക്കെടുക്കുമ്പോൾ ഒരു ശതമാനം ക്ഷേമനിധി ബോർഡിലടയ്ക്കണം. എന്നാൽ വർഷങ്ങളായി സർക്കാർ അത് അടയ്ക്കുന്നില്ല. ഇത്തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ ടിക്കറ്റ് വില വർദ്ധിക്കുന്നത് മേഖലയെ വലിയ രീതിയിൽ ഇല്ലാതാക്കും,’ സിജോ അഴിമുഖത്തോട് പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയപ്പോൾ സർക്കാർ ലോട്ടറിക്ക് 12 ശതമാനവും സർക്കാർ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവുമായിരുന്നു നികുതി. 38-ാമത് ജിഎസ്ടി കൗൺസിൽ യോഗമാണ് രണ്ട് വിഭാഗങ്ങളുടെയും നികുതി 28 ശതമാനമായി ഏകീകരിച്ചത്.
Content Summary: GST hike to 40 percentage on lotteries ; Kerala lottery industry faces crisis
This post was last modified on August 26, 2025 12:08 pm
Leave a Comment