UPDATES

അതിഥി തൊഴിലാളികളും മനുഷ്യരാണ്; അത് മറക്കരുതേ മലയാളി…

500 രൂപ വാടകയ്ക്ക് പട്ടിക്കൂട്

                       

കേരളത്തിലേക്ക് തൊഴിൽ തേടിയെത്തുന്ന അതിഥി തൊഴിലാളികൾ നേരിടേണ്ടി വരുന്ന സാമൂഹിക, സാംസ്കാരിക അരക്ഷിതാവസ്ഥകൾ കേരളം കുറച്ചധികം കാലങ്ങളായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഏറ്റവമൊടുവിലായി അതിഥി തൊഴിലാളിക്ക് താമസസൗകര്യം ഒരുക്കിയത് പഴയ പട്ടിക്കൂട്ടിലാണെന്ന വാർത്തയാണ് ഈ ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. പിറവം പൊലീസ് സ്റ്റേഷനുസമീപത്താണ് സംഭവം.Kerala Guest Worker’s Living in a Kennel

അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിന്റെ വാടക തന്നെ കൊണ്ട് കൂട്ടിയാൽ കൂടാതായപ്പോഴാണ് ശ്യാം സുന്ദറിന് ഇത്തരമൊരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്. ഒരാൾ പൊക്കത്തിൽ മേൽക്കൂരയും ഇരുമ്പുമറയുമുള്ള കൂട്ടിൽ കിടക്കാനും സമീപത്ത് ഭക്ഷണം പാകംചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ടായിരുന്നു. മഴയും തണുപ്പും അടിക്കാതിരിക്കാൻ നാലുചുറ്റുമുള്ള ഗ്രില്ലുകൾ കാർഡ്ബോർഡ്‌ വച്ചായിരുന്നു മറച്ചിരുന്നത്. ഉടമയിൽനിന്ന് 500 രൂപയ്ക്ക് പഴയ പട്ടിക്കൂട് വാടകയ്‌ക്ക് എടുക്കുകയായിരുന്നുവെന്ന് ശ്യാം സുന്ദർ പോലീസിനോട് പറയുന്നത്. പിറവം പത്താംവാർഡിൽ കുരിയിൽ ജോയിയാണ് 500 രൂപ നൽകി പട്ടിക്കൂട് വാടകയ്‌ക്ക് നൽകിയത്. ജോയി സമീപത്തു തന്നെ പുതിയ വീട് പണിത് താമസം മാറിയപ്പോൾ പഴയ വീട് അതിഥി തൊഴിലാളികൾക്ക് വാടകക്ക് നൽകി.ഇവിടെ ഒരാൾക്ക് താമസിക്കാൻ രണ്ടായിരം രൂപയാണ്. വാടക നൽകാൻ കൈയ്യിൽ പണമില്ലാതെ വന്നതോടെയാണ് 37 കാരനായ ശ്യാം സുന്ദർ പട്ടികൂടിലേക്ക് താമസം മാറിയത്.

ബംഗാൾ മുർഷിദാബാദ് സ്വദേശി ശ്യാം സുന്ദറിനെ സുഹൃത്തിന്റെ താമസസ്ഥലത്തേക്ക് മാറ്റിപാർപ്പിച്ചതായി വാർഡ് മെമ്പർ ഗിരീഷ് കുമാർ പറയുന്നു. കൺസ്ട്രക്ഷൻ ഉൾപ്പെടെ എല്ലാ തൊഴിലുകളും ചെയ്യുന്ന ശ്യാം സുന്ദർ, ദൂര കൂടുതലുള്ള സ്ഥലങ്ങളിൽ താമസിക്കുമ്പോൾ കൃത്യ സമയത്ത് ജോലിക്കെത്താനും, ജോലി കിട്ടാനും ബുദ്ധിമുട്ടാറുള്ളതായി പറയുന്നു. ചെറിയ ജോലികൾക്കായി ഇവിടെത്തുന്ന അതിഥി തൊഴിലാളികൾക്ക് കോൺട്രാക്ടമാർ താമസസൗകര്യം ഒരുക്കി നൽകാറുണ്ടെന്നും, ഈ സംഭവം ശ്രദ്ധയിൽ പ്പെടാൻ വൈകിയെന്നും ഗിരീഷ് പറയുന്നു. ” ധനികന്റെ പാപ്പരത്വം എന്ന് തന്നെ ഇതിനെ വിളിക്കാം, ഈ ഒരു പരിതാപകരമായ സാഹചര്യത്തിൽ താമസസൗകര്യം ഒരുക്കി നൽകിയത് തന്നെ തെറ്റാണ്, അപ്പോൾ വാടക ഈടാക്കിയതിനെ പാപ്പരത്വം എന്ന് തന്നെയല്ലേ വിളിക്കേണ്ടത്? ” ഗിരീഷ് ചോദിക്കുന്നു.

കൊടിയ ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും മോചനം തേടിയാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ ജോലി തേടി കേരളത്തിലെത്തുന്നത്. ഉത്തരേന്ത്യൻ തൊഴിലാളികളുടെ കുടിയേറ്റം ഒരു സാമൂഹിക സാഹചര്യമാണ്. തങ്ങളുടെ നാട്ടിലും ഉയർന്ന ശബളം ലഭിക്കുമായിരുന്നെങ്കിൽ ” ബംഗാളി, ഭായ്, അന്യസംസ്ഥാന തൊഴിലാളി’ എന്നീ പേരുകളിലേക്ക് ഇവർ എത്തില്ലായിരുന്നു. മലയാളിക്ക് കിട്ടുന്ന കൂലി അതിഥി തൊഴിലാളിക്ക് ഇന്നും കൊടുക്കുന്നില്ല. അവരെ ചേർത്തു പിടിക്കാൻ ഇപ്പോഴും നമ്മുടെ മാനസികാവസ്ഥയ്ക്കായിട്ടില്ല. ആ മനോഭാവം തന്നെയാണ് ശ്യാം സുന്ദറിനെ പട്ടിക്കൂട്ടിൽ വാടകയ്ക്ക് താമസിപ്പിക്കുന്നതിൽ വീട്ടുടമസ്ഥന് സങ്കോചമില്ലാതിരുന്നത്. കേരളത്തിന്റെ ഇക്കോണമിയെ താങ്ങിനിർത്തുന്നതിൽ കുടിയേറ്റ തൊഴിലാളികൾ വഹിക്കുന്ന ഭീമമായ പങ്ക് നമ്മൾ കണ്ടില്ലെന്ന് നടിക്കുന്നുമുണ്ട്.

തൊഴിലുടമകളും കോൺട്രാക്ടർമാരും മാത്രമല്ല അതിഥി തൊഴിലാളികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. സാധാരണക്കാരായ മലയാളികൾ കൂടിയാണ്. ഇവരാണ് തൊഴിൽ തേടി എത്തുന്നവർക്ക് താമസ സൗകര്യം ഒരുക്കുന്നത്. ആട്ടിൻകൂടുപോലുള്ള റൂമുകളിൽ തലയെണ്ണി കാശുവാങ്ങിയാണ് ആ ലാഭവും മലയാളികൾ ഉറപ്പാക്കുന്നത്. ഇവരുടെ വാടക ജീവിതം നരകതുല്യമായിരിക്കും. കുടുംബവുമായി എത്തുന്നവരാണെങ്കിൽ ഈ വാടക പേടിച്ച് ഏറ്റവും ചുരുങ്ങിയ ജീവിത സാഹചര്യമാണ് തെരഞ്ഞെടുക്കുക. പത്തും ഇരുപതും പേർ താമസിക്കുന്ന ഇടുങ്ങിയ മുറികളും സുലഭമാണ്. മലയാളി തനിക്ക് മാത്രമായി ഒരു മുറി വേണമെന്ന് നിർബന്ധം പിടിക്കുമ്പോൾ ഒരു ഇതരസംസ്ഥാനക്കാരന് വേണ്ടത് കിടക്കാൻ ഒരിടമാണ്. ഏകദേശം മുപ്പത്തിനായിരത്തിന് അടുത്താണ് ഇത്തരം മുറികളിൽ നിന്ന് വാടക ലഭിക്കുക. മുറികൾ തിരിച്ച ലൈൻ കെട്ടിടങ്ങൾ നിർമിച്ചിടുകയാണ്. ആകെ ഒരു കക്കൂസും ഒരു കുളിമുറിയും ആയിരിക്കും പത്തും അമ്പതുംപേർക്ക് കൂടിയുള്ളത്. അവർക്ക് അതിലൊന്നും ഒരു പരാതിയുമുണ്ടാകില്ല. കൃത്യമായ തിരിച്ചറിയൽ രേഖകൾ പോലും പരിശോധിക്കാതെയാണ് പലയിടത്തും താമസമൊരുക്കുന്നത്. അവിടെ ലാഭത്തിന് മാത്രമാണ് പ്രാധാന്യം, ബാക്കിയെല്ലാം പിന്നീടാണ്. ഇനിയെങ്കിലും അതിഥി തൊഴിലാളികളെ കൂടെ നിർത്തുകയാണ് കേരളം ചെയ്യേണ്ടത്.

Content sumamry; Guest Worker’s Struggle in Kerala, Living in a Kennel Next to Wealthy HomeKerala Guest Worker’s Living in a Kennel 

Share on

മറ്റുവാര്‍ത്തകള്‍