ഗാസ വീണ്ടും യുദ്ധഭൂമിയാകുമോ? കാര്യങ്ങള്‍ വഷളാക്കി ട്രംപും

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് ഹമാസും ഇസ്രയേലും പരസ്പരം ആരോപിക്കുന്നത്

ഗാസ വീണ്ടും അശാന്തിയിലേക്കോ? ഇസ്രയേലും ഹമാസും അംഗീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടാനുള്ള സാഹചര്യങ്ങളിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നു എന്നാണ് രണ്ട് കൂട്ടരും പരസ്പരം ആരോപിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായി ലംഘിച്ചിരിക്കുകയാണ് ഹമാസ് എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. ഗാസയില്‍ വീണ്ടും പോരാട്ടം തുടരുമെന്ന സൂചനയാണ് മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ഏജന്‍സി-ഫ്രാന്‍സ് പ്രസ്സിനോട് പ്രതികരിച്ചത്. ഏതൊരു സാഹചര്യത്തെയും നേരിടാന്‍ തയ്യാറായി നില്‍ക്കാന്‍ ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഗാസയില്‍ സ്ഥിതിഗതികള്‍ മാറാന്‍ സാധ്യതയുള്ളതിനാല്‍ തങ്ങളുടെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് ഇസ്രയേല്‍ സൈന്യവും അറിയിച്ചിരിക്കുന്നത്.

വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടത്തെക്കുറിച്ച് ഖത്തറില്‍ മധ്യസ്ഥ ചര്‍ച്ച തുടങ്ങാനിരിക്കെയാണ് രണ്ട് ഭാഗത്ത് നിന്നും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. ഒന്നാംഘട്ട വെടിനിര്‍ത്തലിന്റെ നടപ്പാക്കല്‍ വിലയിരുത്താനും, ഇതുവരെ അന്തിമരൂപത്തില്‍ എത്താത്ത രണ്ടാം ഘട്ടം വെടിനിര്‍ത്തല്‍ കരാര്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തയ്യാറെടുക്കുന്നത്. എന്നാല്‍ തങ്ങളുടെ പ്രതിനിധികളെ ചര്‍ച്ചയ്ക്ക് അയക്കുന്ന കാര്യത്തില്‍ ഇസ്രയേല്‍ ഇതുവരെ തീരുമാനം പറയാതിരിക്കുന്നത്, മുന്നോട്ടുള്ള സാഹചര്യത്തെ അപകടകരമാക്കുന്നുണ്ട്.

വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്നാണ് ഹമാസും ആരോപിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് പുനര്‍വിചിന്തനം നടത്തേണ്ടി വരുമെന്നാണ് ഹമാസ് ഭീഷണി മുഴക്കിയിരിക്കുന്നത്. പലസ്തീന്‍ തടവുകാരെ വിട്ടുകൊടുക്കുന്നതിന് പകരമായി മൂന്ന് ഇസ്രയേലി ബന്ദികളെ ഹമാസും ശനിയാഴ്ച്ച മോചിപ്പിക്കുമെന്നായിരുന്നു തീരുമാനം. ഇക്കാര്യമാണ് ഇപ്പോള്‍ സംശയത്തിലായിരിക്കുന്നത്.

ഈ പ്രശ്‌നത്തിലേക്ക് അമേരിക്ക കടന്നു വന്നതോട സാഹചര്യം കൂടുതല്‍ വഷളായിട്ടുണ്ട്. ശനിയാഴ്ച്ച ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടുകൊടുക്കാത്ത പക്ഷം വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കപ്പെടുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ശനിയാഴ്ച്ച 12 മണിക്ക് ബന്ദികള്‍ തിരിച്ചെത്തിയിരിക്കണം. ഒന്നോ രണ്ടോ പേരായോ ചെറിയ സംഘങ്ങളായോ അല്ല, എല്ലാവരും തന്നെ തിരിച്ചെത്തിയിരിക്കണം എന്നാണ് ട്രംപ് ഹമാസിനെ ഭീഷണിപ്പെടുത്തുന്നത്. ഇത് തന്റെ മാത്രം അഭിപ്രായമെന്നും ഇസ്രയേലിന് അവരുടെതായ തീരുമാനം ഇക്കാര്യത്തില്‍ എടുക്കാമെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. എന്നാല്‍ ട്രംപ് ആവര്‍ത്തിച്ചു പറയുന്നത്, ഇസ്രയേലി ബന്ദികളെ ഹമാസ് വിട്ടയക്കാത്ത പക്ഷം, എല്ലാം പഴയതുപോലെ തന്നെയാകുമെന്നാണ്. അതായത് ഗാസ വീണ്ടും യുദ്ധഭൂമിയാകുമെന്ന്.

ഇസ്രയേല്‍ തിരിച്ചടിക്കുമെന്നാണോ യു എസ് പ്രസിഡന്റ് ഉദ്ദേശിച്ചതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന്, ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഇസ്രയേലും മനസിലാക്കും അതുപോലെ ഹമാസും മനസിലാക്കും എന്നായിരുന്നു ട്രംപിന്റെ നാടകീയമായ മറുപടി.  Hamas and Israel accuse each other of violating the ceasefire agreement and Trump’s threat

Content Summary; Hamas and Israel accuse each other of violating the ceasefire agreement and Trump’s threat

This post was last modified on February 11, 2025 12:13 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment